Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നീ എന്താടാ ഇന്ത്യൻ ടീമിന് വേണ്ടി ആണോ കളിക്കാൻ പോയത്; ഒരു കൊല്ലം കൂടി ആ ക്ലാസ്സിൽ ഇരിക്കടാ... ടീച്ചർ ആക്ഷേപിച്ച് ഇറക്കി വിട്ടപ്പോൾ സ്റ്റാഫ് റൂമിൽ നിന്ന് ഇറങ്ങി വന്നത് മൂകനായി; അതേ ക്രിക്കറ്റ് കളിച്ച് രാജ്യത്തിന്റെയും കോളേജിന്റെയും യശസ്സ് ഉയർത്തി ഇടുക്കിക്കാരൻ: ഫിസിക്കൽ ഡിസബിലിറ്റി ടി20യിൽ മിന്നും താരം ഈ മലയാളി; ഇടങ്കയ്യൻ സ്പിന്നറുടെ കൃത്യതയിൽ ബാറ്റ്‌സ്മാന്മാർ വിറയ്ക്കുമ്പോൾ ചർച്ചയാകുന്നത് കോലഞ്ചേരിയിലെ കോളേജ് കാലം; 'ഇത് അനീഷിന്റെ പ്രതികാരം'

നീ എന്താടാ ഇന്ത്യൻ ടീമിന് വേണ്ടി ആണോ കളിക്കാൻ പോയത്; ഒരു കൊല്ലം കൂടി ആ ക്ലാസ്സിൽ ഇരിക്കടാ... ടീച്ചർ ആക്ഷേപിച്ച് ഇറക്കി വിട്ടപ്പോൾ സ്റ്റാഫ് റൂമിൽ നിന്ന് ഇറങ്ങി വന്നത് മൂകനായി; അതേ ക്രിക്കറ്റ് കളിച്ച് രാജ്യത്തിന്റെയും കോളേജിന്റെയും യശസ്സ് ഉയർത്തി ഇടുക്കിക്കാരൻ: ഫിസിക്കൽ ഡിസബിലിറ്റി ടി20യിൽ മിന്നും താരം ഈ മലയാളി; ഇടങ്കയ്യൻ സ്പിന്നറുടെ കൃത്യതയിൽ ബാറ്റ്‌സ്മാന്മാർ വിറയ്ക്കുമ്പോൾ ചർച്ചയാകുന്നത് കോലഞ്ചേരിയിലെ കോളേജ് കാലം; 'ഇത് അനീഷിന്റെ പ്രതികാരം'

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ക്രിക്കറ്റിന്റെ ജന്മദേശമായ ഇംഗ്ലണ്ടിൽ രാജ്യത്തിനായി കളിക്കുകയാണ് അനീഷ് രാജൻ. ഇംഗ്ലണ്ടിലെ ഓൾഡ് എലിസബത്ത് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വച്ച് നടന്ന ഫിസിക്കൽ ഡിസബിലിറ്റി ടി20 വേൾഡ് കപ്പ് മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ തൂത്ത് എറിഞ്ഞപ്പോൾ അതിന്റെ ചുക്കാൻ പിടിച്ച് 5 വിക്കറ്റ് എടുത്ത് കളിയിലെ കേമൻ ആയത് അനീഷാണ്. ഇന്ത്യ അഫ്ഗാനിസ്ഥാന് എതിരെ മികച്ച വിജയം നേടിയപ്പോൾ ബാറ്റിങ്ങിലൂടെയും ബൗളിംഗിലൂടെയും മികച്ച പ്രകടനം നടത്തിയും കളിയിലെ കേമൻ പട്ടം സ്വന്തമാക്കി. അങ്ങനെ മലയാളികളുടെ മനസ്സിലെ പുതു താരമാകുകയാണ് അനീഷ് രാജൻ.

പരിമിതികളെ സാധ്യതകളാക്കി ക്രിക്കറ്റിന്റെ ലോകം കീഴടക്കുകയാണ് ഇടുക്കിക്കാരൻ അനീഷ്. ഏതു പ്രതിരോധത്തെയുംതകർക്കാനുള്ള കഴിവുണ്ട് അനീഷിന്റെ മാന്ത്രികവിരലുകൾക്ക്. ജന്മനാ വലത് കൈപ്പത്തി ഇല്ല. പക്ഷേ ക്രിക്കറ്റ് കളിയുടെ ആവേശത്തിൽ ഈ 27 വയസുകാരൻ തന്റെ പോരായ്മകൾ ഒക്കെ മറക്കും. കളിക്കളം വിട്ടൊരു ജീവിതമില്ല ഈ ക്രിക്കറ്റ് സ്നേഹിക്ക്. ക്രിക്കറ്റിൽ മാത്രമല്ല പഠിക്കാനും ഇടുക്കി ഡാമിന്റെ ആഴങ്ങളിൽ ഊളി ഇടാനും തെങ്ങിൽ കയറി തേങ്ങ ഇടാനും നല്ല രുചിയോടു കൂടിയ ആഹാരം പാകം ചെയ്യാനും മിടുക്കൻ ആണെന്ന് അമ്മ ശാരദ പറയുന്നു. എവിടെയും കട്ടക്ക് നില്ക്കും കട്ട എന്ന വിളിപ്പേരുള്ള അനീഷ്.

ഭിന്നശേഷിക്കാരുടെ ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടതോടെയാണ് ഇടങ്കയ്യൻ സ്പിന്നറായ ഇന്ത്യൻ താരം ചർച്ചകളിൽ എത്തുന്നത്. ഇംഗ്ലണ്ടിൽ നടക്കുന്ന ആറ് രാഷ്ട്രങ്ങളുടെ ട്വന്റി 20 ടൂർണമെന്റിനുള്ള ദേശീയ ടീമിലെ ഏക മലയാളി താരമാണ് അനീഷ്. ആദ്യമായിട്ടാണ് ഇത്തരമൊരു ടൂർണമെന്റിന് ഇന്ത്യ ടീമിനെ അയക്കുന്നത്. ആതിഥേയരായ ഇംഗ്ലണ്ടിനും, ഇന്ത്യയ്ക്കും പുറമേ പാക്കിസ്ഥാൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, സിംബാബ്വെ ടീമുകളാണ് പങ്കെടുക്കുന്നത്. 16 അംഗ ഇന്ത്യൻ ടീമിനെ വിക്രാന്ത് കേനിയാണ് നയിക്കുന്നത്.

മുൻ ഇന്ത്യൻ ടീം നായകനും ഓൾ ഇന്ത്യ ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദി ഫിസിക്കലി ചലഞ്ചിന് (എ.ഐ.സി.എ.പി.സി.) രൂപംനൽകിയ അജിത് വഡേക്കറോടുള്ള ആദരമായി 'വഡേക്കർ വാരിയേഴ്സ്' എന്നാണ് ഇന്ത്യന് ടീമിന് പേര് നൽകിയിരിക്കുന്നത്. ഓഗസ്റ്റ് അഞ്ചിന് ബംഗ്ലാദേശിന് എതിരെയായിരുന്നു ആദ്യ മത്സരം. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ് അംഗമായ അനീഷ് ഇടുക്കി പാറേമാവ് പടിയത്തറയിൽ രാജന്റെയും ശ്യാമളയുടെയും മകനാണ്. മെക്കനിക്കൽ എൻജിനീയറായ അനീഷിന് ജന്മനാ വലതുകൈപ്പത്തിയില്ല. ഈ കുറവ് ക്രിക്കറ്റ് കളിക്കുമ്പോൾ അനീഷിലെ പ്രതിഭയ്ക്ക് കോട്ടമായില്ല. ഇടതു കൈയുമായി പന്തെറിഞ്ഞു. അങ്ങനെ ഇംഗ്ലണ്ടിൽ നടക്കുന്ന ആറ് രാഷ്ട്രങ്ങളുടെ ട്വന്റി 20 ടൂർണമെന്റിൽ ഇതുവരെ നേടിയത് രണ്ട് മാൻ ഓഫ് ദി മാച്ച് പട്ടങ്ങൾ.

ഇങ്ങനെ അനീഷ് താരമാകുമ്പോൾ കൂട്ടുകാർ ആവേശത്തിലാണ്. ' നീ ഇന്ത്യൻ ടീമിൽ കളിക്കാൻ പോയിട്ടാണോ ഡാ ഇപ്പൊ അറ്റന്റൻസ് ചോദിച്ചു വരുന്നത്. പോയി ഒന്ന് കൂടെ ഒരു കൊല്ലം പഠിക്കഡാ...'-എന്ന് പറഞ്ഞ് കളിയാക്കിവർക്കുള്ള മറുപടിയായാണ് അനീഷിന്റെ നേട്ടങ്ങളെ കൂട്ടുകാർ കാണുന്നത്. എൻ എസ് യു നേതാവ് കൂടിയായ അബിൻ വർക്കി കോടിയേട്ടാണ് അനീഷിന്റെ നേട്ടം സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയത്.

2006 ൽ തൊടുപുഴ, മുതലക്കോടം സ്‌കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ക്ലിനിക്കിലൂടെയാണ് അനീഷിന്റെ ഇടംകൈയുടെ വേഗത അന്നത്തെ ക്യാമ്പിന് നേതൃത്വം വഹിച്ച പരിശീലകൻ പി.ബാലചന്ദ്രൻ മനസിലാക്കിയത്. എസ്.എസ്.എൽ.സിക്ക് മികച്ച വിജയം കരസ്ഥമാക്കി. തുടർന്ന് കളിയോടുള്ള അമിത താല്പര്യം മൂലം മുതലക്കോടം സെന്റ്.ജോർജ് സ്‌കൂളിൽ പ്ലസ് ടു പഠനം പൂർത്തിയാക്കി. സ്‌കൂൾ ടീമുകളിലും ഇടുക്കി അണ്ടർ 19 ടീമിലും മികവുറ്റ പ്രകടനം കാഴ്‌ച്ച വെച്ച്. അണ്ടർ 19 സെന്റർ സോൺ ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. പ്ലസ്ടുവിന് ശേഷം മെക്കാനിക്കൽ എൻജിനീയറിങ് പഠനത്തിനായി കോലഞ്ചേരി ശ്രീനാരായണ ഗുരുകുലം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ചേർന്നു . അവിടെ ക്രിക്കറ്റിൽ മാത്രമല്ല, ഫുട്ബോളിലും വോളിബോളിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാൻ അനീഷിന് കഴിഞ്ഞു.

ഇന്ത്യൻ ജേഴ്‌സി അണിയുക അതാണ് എന്റെ സ്വപ്നം ' അനീഷ് പറയുന്നു.മികച്ച ബൗളറാണ് ഈ ചെറുപ്പക്കാരൻ. മൂന്ന് വർഷമായി തൃപ്പുണിത്തുറ ക്രിക്കറ്റ് ക്ലബ്ബിലാണ് കളി. ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ കേരള ടീം ക്യാപ്റ്റനുമാണ്. റോബിൻ മേനോനാണ് കോച്ച്. 

അബിൻ വർക്കി കോടിയാട്ട് എഴുതിയ കുറിപ്പിന്റെ പൂർണ്ണ രൂപം

അനീഷിന്റെ പ്രതികാരം
************************
' നീ ഇന്ത്യൻ ടീമിൽ കളിക്കാൻ പോയിട്ടാണോ ഡാ ഇപ്പൊ അറ്റന്റൻസ് ചോദിച്ചു വരുന്നത്. പോയി ഒന്ന് കൂടെ ഒരു കൊല്ലം പഠിക്കഡാ...'

പ്രിയപ്പെട്ട അനീഷ് രാജൻ. എന്റെ സഹപാഠി. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലെ ഓൾഡ് എലിസബത്ത് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വച്ച് നടന്ന ഫിസിക്കൽ ഡിസബിലിറ്റി T20 വേൾഡ് കപ്പ് മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ തൂത്ത് എറിഞ്ഞപ്പോൾ അതിന്റെ ചുക്കാൻ പിടിച്ച് 5 വിക്കറ്റ് എടുത്ത് കളിയിലെ കേമൻ ആയ നമ്മുടെ ഇടുക്കിക്കാരൻ ചങ്ങായി. ഇന്ത്യ അഫ്ഗാനിസ്ഥാന് എതിരെ മികച്ച വിജയം നേടിയപ്പോൾ ബാറ്റിങ്ങിലൂടെയും ബൗളിംഗിലൂടെയും മികച്ച പ്രകടനം നടത്തി കളിയിലെ കേമനായ മലയാളികളുടെ അഭിമാനം. ക്രിക്കറ്റിനോടുള്ള കടുത്ത അഭിനിവേശത്തിൽ എഞ്ചിനീറിങ് പഠനം പലപ്പോഴും നഷ്ടപ്പെടുത്തി പിന്നീട് നേടിയെടുത്ത മെക്കാനിക്കൽ എഞ്ചിനിയർ.

ഇന്നും ഞാൻ ഓർക്കുന്നു ആ ദിനം. ക്ലബ്ബ് ക്രിക്കറ്റ് കളിക്കാൻ കോളേജിന്റെ അനുമതിയോട് കൂടി പോയി തിരിച്ച് കളിക്കാൻ പോയതിന്റെ അറ്റന്റ്റനസ് ചോദിച്ചു വന്നപ്പോൾ ' നീ എന്താടാ ഇന്ത്യൻ ടീമിന് വേണ്ടി ആണോ കളിക്കാൻ പോയത്. പോയി ഒരു കൊല്ലം കൂടി ആ ക്ലാസ്സിൽ ഇരിക്കടാ ' എന്നും പറഞ്ഞ് മെക്കാനിക്കൽ ഡിപ്പാർട്‌മെന്റിലെ ആ 'പ്രമുഖ ' ടീച്ചർ ആക്ഷേപിച്ച് ഇറക്കി വിട്ടപ്പോൾ സ്റ്റാഫ് റൂമിൽ നിന്ന് മൂകനായി ഇറങ്ങി വന്ന അനീഷിന്റെ മുഖം.

ഇത് ഒരു പ്രതികാരത്തിന്റെ കഥ മാത്രമല്ല , ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്. ഇടുക്കിക്കാരൻ പയ്യൻ എറണാകുളം ജില്ലയിലെ കൊലഞ്ചേരിയിൽ പഠിക്കാൻ വന്ന് , ക്രിക്കറ്റ് കളിക്കാൻ പോയതിന്റെ പേരിൽ ആക്ഷേപം നേരിട്ട് , ഇന്ന് അതേ ക്രിക്കറ്റ് കളിച്ച് രാജ്യത്തിന്റെയും അവൻ പഠിച്ച കോളേജിന്റെയും യശസ്സ് ഉയർത്തിയ താരം ആയി മാറുമ്പോൾ അന്ന് അവനെ കുറ്റപ്പെടുത്തി ഇറക്കി വിട്ട അതേ അദ്ധ്യാപകർക്ക് ഇന്ന് അഭിമാനഭാരത്താൽ തല കുനിഞ്ഞു പോകുന്നു.

അതേ ഇത് അവർക്ക് മാത്രം അല്ല വിദ്യാഭ്യാസ കാലത്ത് കളിക്കാനും , അഭിനയിക്കാനും , പാട്ട് പാടാനും ഒക്കെ പോകുമ്പോൾ ആവരെ ചേർത്ത് നിർത്തി പ്രചോദനം കൊടുക്കേണ്ടവർ അകറ്റി നിർത്തി ആക്ഷേപിക്കുമ്പോൾ ഓർക്കുക അനീഷ് രാജൻ അവർക്കുള്ള ഒരു ഓർമ്മപ്പെടുത്തൽ ആണ്. മറ്റ് അനേകം ആളുകൾക്ക് അത് ചെയ്യാതിരിക്കാനുള്ള ഓർമ്മപ്പെടുത്തൽ.

പ്രിയ സുഹൃത്തിന് എല്ലാ വിധ ആശംസകളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP