Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രതിഷേധ റാലി നടത്തിയ പാക്കിസ്ഥാനികൾക്കും ബംഗ്ലാദേശികൾക്കുമെതിരെ നിയമനടപടി സ്വീകരിച്ച് ബഹ്‌റൈൻ ഭരണകൂടം; ഈദ് പ്രാർത്ഥനയ്ക്ക് ശേഷം റാലി നടന്നത് മതചടങ്ങ് നടക്കുന്ന സ്ഥലങ്ങൾ രാഷ്ട്രീയ കാര്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന നിയമം നിലനിൽക്കെ; കശ്മീരിലെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബഹ്‌റൈൻ ഭരണാധികാരി; ഇസ്ലാമിക രാജ്യങ്ങളും ഇന്ത്യക്കൊപ്പം

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രതിഷേധ റാലി നടത്തിയ പാക്കിസ്ഥാനികൾക്കും ബംഗ്ലാദേശികൾക്കുമെതിരെ നിയമനടപടി സ്വീകരിച്ച് ബഹ്‌റൈൻ ഭരണകൂടം; ഈദ് പ്രാർത്ഥനയ്ക്ക് ശേഷം റാലി നടന്നത് മതചടങ്ങ് നടക്കുന്ന സ്ഥലങ്ങൾ രാഷ്ട്രീയ കാര്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന നിയമം നിലനിൽക്കെ; കശ്മീരിലെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബഹ്‌റൈൻ ഭരണാധികാരി;  ഇസ്ലാമിക രാജ്യങ്ങളും ഇന്ത്യക്കൊപ്പം

മറുനാടൻ ഡെസ്‌ക്‌

മനാമ: കശ്മീർ വിഷയത്തിൽ ഇസ്ലാമിക രാജ്യങ്ങളും ഇന്ത്യക്കൊപ്പമെന്നതിന്റെ വ്യക്തമായ സൂചന നൽകി, ഇന്ത്യാ വിരുദ്ധ പ്രകടനം നടത്തിയവർക്കെതിരെ ബഹറൈൻ സർക്കാർ നടപടിയെടുത്തു. കശമീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ ബഹ്‌റൈനിൽ പ്രതിഷേധ റാലി സംഘടിപ്പിച്ച പാക്കിസ്ഥാനികൾക്കും ബംഗ്ലാദേശികൾക്കുമെതിരെ ബഹ്‌റൈൻ ഭരണകൂടം നിയമ നടപടി സ്വീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഈദ് പ്രാർത്ഥനയ്ക്ക് ശേഷം കശ്മീരിന് വേണ്ടി റാലി നടത്തിയെന്നതാണ് കേസ്.

മതപരമായ ചടങ്ങുകൾ നടക്കുന്ന സ്ഥലങ്ങൾ രാഷ്ട്രീയ കാര്യങ്ങൾക്കായി ഉപയോഗിക്കരുതെന്ന് ബഹ്‌റൈൻ ഭരണകൂടം ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുള്ളതാണ്. ഇത് നിലനിൽക്കുമ്പോഴാണ് നിയമത്തിന് വിപരീതമായി ചട്ടലംഘനം നടത്തി പ്രതിഷേധ റാലി കൂടിയത്. എന്തായാലും നിയമവിരുദ്ധമായി നടന്ന റാലിക്കെതിരെ പൊലീസ് നിയമ നടപടികൾ ആരംഭിച്ചതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തിട്ടുണ്ട്.

അതേസമയം കശ്മീർ വിഷയത്തിൽ നിലവിലെ സാഹചര്യം അറിയിക്കാൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ബഹ്‌റൈൻ ഷെയ്ഖ് ഹമദ് ബിൽ ഈസ അൽ ഖലീഫയെ വിളിച്ചിരുന്നതായാണ് പുറത്ത് വരുന്ന വിവരങ്ങൾ. ഇതിന് പിന്നാലെയായാണ് പ്രതിഷേധ റാലി നടത്തിയവർക്കെതിരെ ബഹ്‌റൈൻ ഭരണകൂടം നിയമ നടപടികൾ സ്വീകരിച്ചത്. എന്നാൽ കശ്മീരിലെ സാഹചര്യങ്ങളിൽ ബഹ്‌റൈൻ സർക്കാരിന് കടുത്ത ആശങ്കയുണ്ടെന്നും ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്‌നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് ബഹ്‌റൈൻ ഭരണാധികാരി ഈ വിഷയത്തിൽ പ്രതികരിച്ചതെന്നാണ് ഇതിന് ശേഷം ഇമ്രാൻ ഖാന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്.

കശമീരിനുള്ള പദവി എടുത്ത് മാറ്റിയതും കശ്മീരിനെ രണ്ടായി വിഭജിച്ചതും കശ്മീരികൾക്കിടയിലും പാക്കിസ്ഥാനികൾക്കിടയിലും വലിയ ചലനമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ നടപടിക്കെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. അതിന്റെ ഒരു ഭാഗമെന്നോളമാണ് ഇപ്പോൾ ബഹ്‌റൈനിൽ പ്രതിഷേധ റാലിയുണ്ടായിരിക്കുന്നത്.

ഇന്ത്യ നേടിയത് നയതന്ത്രവിജയവും

നേരത്തെ കശ്മീരിൽ ഇന്ത്യയുടെ നയതന്ത്ര വിജയത്തെ പാക്കിസ്ഥാനും തുറന്ന് സമ്മതിച്ചിരുന്നു. കശ്മീരിനെ അന്താരാഷ്ട്ര വിഷയമായി ഉയർത്തിക്കൊണ്ട് വരാനുള്ള ശ്രമങ്ങൾക്ക് പിന്തുണ ലഭിച്ചില്ലെന്ന് പാക് വിദേശകാര്യ മന്ത്രി തുറന്ന് സമ്മതിച്ചത് ഈയിടെയാണ്. കശ്മീരിന് പ്രത്യേക അധികാരങ്ങൾ നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ കശ്മീർ വിഷയം അന്താരാഷ്ട്ര വേദികളിൽ ഉയർത്താൻ പാക്കിസ്ഥാൻ ശ്രമിച്ചിരുന്നു. എന്നാൽ, യു.എൻ രക്ഷാസമിതി അംഗങ്ങളോ ഇസ്ലാമിക രാജ്യങ്ങളോ പാക്കിസ്ഥാനെ പിന്തുണയ്ക്കാൻ തയ്യാറായില്ല.

രക്ഷാസമിതി അംഗങ്ങൾ പൂക്കളുമായല്ല നിൽക്കുന്നത്. എപ്പോൾ വേണമെങ്കിലും അവരിലൊരാൾ തടസ്സമായി തീരാം അതുകൊണ്ട് അവർ സഹായിക്കുമെന്നുള്ള വിഡ്ഢികളുടെ സ്വർഗത്തിൽ കഴിയേണ്ടതില്ല''- എന്നായിരുന്നു പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞത്. അവിടെ ആരും നമ്മെ കാത്തിരിക്കുന്നില്ല. ആരും നിങ്ങളുടെ ക്ഷണം പ്രതീക്ഷിക്കുന്നുമില്ല. ഇക്കാര്യം അറിഞ്ഞിരിക്കണമെന്നും പാക് വിദേശകാര്യ മന്ത്രി വാർത്താ സമ്മേളനത്തിൽ പറയുന്നു.

നിരവധി രാജ്യങ്ങൾക്ക് ഇന്ത്യയിൽ താൽപര്യങ്ങളുണ്ട്. ഇക്കാര്യം താൻ നേരത്തെ സൂചിപ്പിച്ചിരുന്നതാണ്. ഇന്ത്യ എന്നത് നൂറുകോടിയോളം ജനങ്ങൾ വരുന്ന വലിയൊരു കമ്പോളമാണ്. നിരവധി ആളുകൾ ഇന്ത്യയിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഷാ മെഹമൂദ് ഖുറേഷി പറഞ്ഞു. മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയിലും ഇക്കാര്യം ഉന്നയിച്ചു. എന്നാൽ അവർക്കും ഇന്ത്യയിൽ നിരവധി നിക്ഷേപങ്ങളുണ്ട്. അവർക്കെല്ലാം ഇന്ത്യയിൽ അവരുടേതായ താത്പര്യങ്ങളുണ്ട്. അദ്ദേഹം പറഞ്ഞു.

അമേരിക്ക, റഷ്യ, ഫ്രാൻസ്, യു.കെ, ചൈന എന്നീ രാജ്യങ്ങളാണ് രക്ഷാസമിതി സ്ഥിരാംഗങ്ങൾ. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ച ഇന്ത്യയുടെ നടപടിയെ പരസ്യമായി പിന്തുണച്ച ആദ്യ രക്ഷാസമിതി സ്ഥിരാംഗം റഷ്യയാണ്. ആർട്ടിക്കിൾ 370 റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നാണ് റഷ്യ സ്വീകരിച്ച നിലപാട്. അമേരിക്കയും ഇന്ത്യയെ പിണക്കാതെ അത്തരമൊരു നടപടി തങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇന്ത്യയുടെ ആഭ്യന്തരകാര്യമാണിതെന്ന് അവർ വിശദീകരിച്ചിട്ടുണ്ടെന്നുമാണ് അവർ പ്രതികരിച്ചത്.

മറ്റ് രാജ്യങ്ങൾ ഇക്കാര്യത്തിൽ അധികം പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ഓഗസ്റ്റ് ആറിന് വിഷയം ഉന്നയിച്ച് പാക്കിസ്ഥാൻ നൽകിയ കത്ത് പരിഗണിക്കില്ലെന്ന് രക്ഷാസമിതി വ്യക്തമാക്കിയിരുന്നു. ഇതും അവർക്ക് തിരിച്ചടിയായിരുന്നു. മാത്രമല്ല ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയിലെ അംഗങ്ങളായ യു.എ.ഇ, മാലദ്വീപ് എന്നീ രാജ്യങ്ങളും ഇന്ത്യയുടെ നീക്കത്തിന് പിന്തുണ നൽകിയിരുന്നു. വിഷയം ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്ന നിലപാടാണ് അവർ സ്വീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP