Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർക്കാർ ധൂർത്തിനെ വിമർശിക്കുന്നവർക്കെതിരെ കള്ളക്കേസ് എടുക്കൽ തുടരുന്നു; ദുരിതാശ്വാസ ധൂർത്തിനെ വിമർശിച്ച 28 പേർക്കെതിരെ ഇതുവരെ കേസെടുത്തു; ഒരാളെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു; നാണക്കേട് മാറ്റാൻ പ്രത്യേക ക്യാമ്പൈൻ നടത്തി സിപിഎമ്മുകാർ തന്നെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് എത്തിക്കുന്നു; ഫണ്ട് തട്ടിക്കാൻ സംഘടിത നീക്കവും സജീവം; വെള്ളപ്പൊക്ക ദുരന്തത്തിൽ ജനം വലയുമ്പോൾ പിണറായിയെ ക്യാപ്ടനാക്കാൻ ദുരിതാശ്വാസ ഫണ്ടിന്റെ പേരിൽ സൈബർ പോരാട്ടം

സർക്കാർ ധൂർത്തിനെ വിമർശിക്കുന്നവർക്കെതിരെ കള്ളക്കേസ് എടുക്കൽ തുടരുന്നു; ദുരിതാശ്വാസ ധൂർത്തിനെ വിമർശിച്ച 28 പേർക്കെതിരെ ഇതുവരെ കേസെടുത്തു; ഒരാളെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു; നാണക്കേട് മാറ്റാൻ പ്രത്യേക ക്യാമ്പൈൻ നടത്തി സിപിഎമ്മുകാർ തന്നെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് എത്തിക്കുന്നു; ഫണ്ട് തട്ടിക്കാൻ സംഘടിത നീക്കവും സജീവം; വെള്ളപ്പൊക്ക ദുരന്തത്തിൽ ജനം വലയുമ്പോൾ പിണറായിയെ ക്യാപ്ടനാക്കാൻ ദുരിതാശ്വാസ ഫണ്ടിന്റെ പേരിൽ സൈബർ പോരാട്ടം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർക്കാർ ധൂർത്തിനെതിരെ പ്രതികരിക്കുന്നവർക്കെതിരെയുള്ള നിയമ നടപടികൾ തുടരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് ധൂർത്തിനെതിരെ പ്രതികരിക്കുന്നവരെ കേസിൽ കുടുക്കുന്നത്. ഇപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 28 ആയി. ഒരാളെ അറസ്റ്റു ചെയ്തു. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ അന്വേഷണവും നിയമനടപടികളും ഊജിതപ്പെടുത്തിയതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. നേരത്തെ മറുനാടൻ മലയാളിക്കെതിരേയും കേസ് എടുത്തിരുന്നു. സമ്പത്തിന്റെ കേരളത്തിന്റെ അംബാസിഡറായി ഡൽഹിയിൽ നിയമിച്ചതിനെ ചോദ്യം ചെയ്ത വീഡിയോയിൽ സർക്കാരിന്റെ ധൂർത്തിനെ മറുനാടൻ ചോദ്യം ചെയ്തിരുന്നു. ഇതാണ് കേസെടുക്കാൻ ആധാരമാക്കിയ വീഡിയോ.

കേരളം പ്രളയത്തിൽ പെട്ടുഴലുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനെ വീണ്ടും പ്രളയനായകനാക്കാനും സംഘടിത നീക്കമുണ്ട്. സർക്കാരിൽ വിശ്വാസം കുറഞ്ഞതു കൊണ്ട് തന്നെ ദുരിതാശ്വാസ നിധിയിലേക്ക് പഴയതു പോലെ ഫണ്ട് എത്തുന്നില്ല. ഇതിനിടെയാണ് ധൂർത്തിനെതിരെ വാർത്ത കൊടുത്തവരെ കേസിൽ കുടുക്കുന്നതും. ഇതിനൊപ്പം ഫണ്ടൊഴുക്ക് പഴയതു പോലെയായെന്ന് വരുത്താനും ശ്രമമുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ടെത്തിച്ച് വീണ്ടും പിണറായിയെ ദുരിതാശ്വാസത്തിന്റെ ക്യാപ്ടൻ പദവിയിൽ എത്തിക്കാനാണ് നീക്കം. ഇതിന് വേണ്ടി സിപിഎമ്മിലെ ഒരു വിഭാഗം സജീവ ഇടപെടൽ നടത്തുന്നുണ്ട്. ഇതിലൂടെ ഫണ്ട് ഒഴുക്കും കൂടി. ഇതിനിടെയാണ് കള്ളക്കേസുകളും വിമർശന വിധേയമാകുന്നത്.

തൃശൂർ സിറ്റിയിൽ മൂന്ന്, തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറൽ, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട് എന്നിവിടങ്ങളിൽ രണ്ടു വീതവും കൊല്ലം സിറ്റി, കൊല്ലം റൂറൽ, ഇടുക്കി, എറണാകുളം സിറ്റി, എറണാകുളം റൂറൽ, തൃശൂർ റൂറൽ, പാലക്കാട്, കോഴിക്കോട് സിറ്റി, കോഴിക്കോട് റൂറൽ, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ ഒന്നു വീതവും കേസുകളാണ് രജിസ്റ്റർ ചെയ്തത്. സർക്കാരിനെതിരെ പ്രതികരിച്ചാൽ കേസെടുക്കുമെന്ന സന്ദേശം നൽകാനാണ് ശ്രമം. അതിനിടെ ധനസഹായം പ്രവഹിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ പേരിൽ തട്ടിപ്പിനു ശ്രമവും ചർച്ചയാകുന്നുണ്ട്. യുപിഐ (യുണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റർഫേസ്) വഴിയാണു തട്ടിപ്പിനു ശ്രമം നടന്നത്. keralacmdrf@sbi എന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ഔദ്യോഗിക ഐഡി. അതിനു പകരം kerelacmdrf@sbi എന്ന ഐഡി നിർമ്മിച്ചാണ് തട്ടിപ്പ്.

ഒരു അക്ഷരത്തിൽ വ്യത്യാസം വരുത്തിയാണ് വലിയ തട്ടിപ്പിന് അരങ്ങൊരുക്കിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. ബാങ്ക് അക്കൗണ്ട് വിവരങ്ങൾക്കു പകരം ഒരു പ്രത്യേക ഐഡി (യുപിഐ) ഉപയോഗിച്ച് പണമിടപാട് നടത്താൻ ഇപ്പോൾ സൗകര്യമുണ്ട്. ഭീം ആപ്, ഗൂഗിൾ പേ, ഫോൺ പേയ് തുടങ്ങിയവയിൽ യുപിഐ സംവിധാനമുണ്ട്.

'ഡൊണേഷൻ ചാലഞ്ച്'

ഇലക്ട്രോണിക് പെയ്‌മെന്റ് സംവിധാനങ്ങളിലൂടെ ദുരിതാശ്വാസ നിധിയിലേക്ക് ചൊവ്വാഴ്ച വൈകിട്ട് 8 വരെ എത്തിയത് 1.61 കോടിയാണ്. കഴിഞ്ഞവർഷം ഓഗസ്റ്റ് 18 മുതൽ ഇലക്ട്രോണിക് പെയ്‌മെന്റ് സംവിധാനങ്ങളിലൂടെ നിധിയിലേക്ക് എത്തിയത് 205.51 കോടി. നിധിയിലേക്ക് ആകെ ലഭിച്ച തുക 4359.68 കോടിരൂപ. സർക്കാർ ജീവനക്കാർ സാലറി ചാലഞ്ചിലൂടെ സമാഹരിച്ചതും ഇതര സംസ്ഥാന സർക്കാരുകളും ജനങ്ങളും സംഭാവന നൽകിയതുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. വീടു വയ്ക്കാനും ചികിൽസയ്ക്കും ആശ്വാസധനമായും നിധിയിൽനിന്ന് ഇതുവരെ നൽകിയത് 2008 കോടി രൂപയാണ്.

സാധാരണ രീതിയിൽ ശരാശരി 25 മുതൽ 35 ലക്ഷംവരെയാണ് ദുരിതാശ്വാസനിധിയിലേക്ക് ഒരു ദിവസം ലഭിക്കാറുള്ളത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകരുതെന്ന പ്രചാരണം കഴിഞ്ഞ ദിവസങ്ങളിലുണ്ടായതോടെയാണു ജനം 'ഡൊണേഷൻ ചാലഞ്ച്' ഏറ്റെടുത്തത്. സിപിഎം അണികളാണ് ഇതിന് നേതൃത്വം നൽകിയത്. അപ്പോഴും കഴിഞ്ഞ പ്രളയകാലത്തെ സഹായം കിട്ടുന്നുമില്ല. കഴിഞ്ഞ പ്രളയകാലത്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് ശതകോടികൾ സഹായമായി പ്രവഹിച്ചു. ഈ സ്ഥാനത്താണ് ഇത്തവണ രണ്ട് കോടി രൂപ വരെ പരമാവധി എത്തുന്നത്. കഴിഞ്ഞ വർഷം ഒരു മാസം കൊണ്ട് എത്തിയത് 205.51 കോടിയായിരുന്നു. ഈ ആവേശം ഇത്തവണ ഇല്ലെന്നതും കണക്കുകൾ തന്നെ വ്യക്തമാക്കുന്നു.

മറുനാടനെതിരെയുള്ള കേസ് ഇങ്ങനെ

ദുരിതാശ്വാസവുമായുള്ള വ്യാജ പരാതി കിട്ടിയപ്പോൾ തന്നെ യാതൊരു അന്വേഷണവുമില്ലാതെ പൊലീസ് കേസെടുത്തു. എഫ് ഐ ആർ പ്രകാരം സോമകുമാർ എന്ന ആളാണ് പരാതിയുമായി എത്തിയത്. തിരുവനന്തപുരത്ത് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ 1857/2019 എന്ന നമ്പറിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേരളാ പൊലീസ് ആക്ടിലെ 118(ബി), 120(എ) വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. മറുനാടൻ മലയാളിയുടെ ന്യൂസ് എഡിറ്റർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ചുമത്തിയിരിക്കുന്ന വകുപ്പുകളിൽ നിന്നാണ് സർക്കാരിന്റെ ധൂർത്തിനെ വിമർശിച്ചാൽ കേസ് എടുക്കുമെന്ന് വ്യക്തമാക്കുന്നത്.

ജൂലൈ 5ന് മറുനാടൻ ഫെയ്സ് ബുക്ക് പേജിൽ വന്ന വീഡോയോയാണ് പരാതിക്ക് ആധാരം. ഇനി പറയൂ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ ഫണ്ടിൽ കാശ് കൊടുക്കണോ?കൊടുക്കരുത് ... 5 നയാ പൈസ കൊടുക്കരുത് എന്ന തലക്കെട്ടോടു കൂടി ഫെയ്സ് ബുക്ക് പോസ്റ്റ് വഴി കേരളാ മുഖ്യമന്ത്രിയുടെ അവശ്യ സേവന/ സർവ്വീസായ സിഎംഡിആർഎഫിനെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ചുവെന്നാണ് എഫ് ഐ ആർ വിശദീകരിക്കുന്നത്. ഇതിനാണ് കേരളാ പൊലീസ് ആക്ടിലെ 118(ബി), 120(എ) വകുപ്പുകൾ ചുമത്തുന്നത്. ബോധപൂർവ്വമാണ് ഈ നീക്കമെല്ലാം നടക്കുന്നത്. കേരളാ സർക്കാരിന്റെ ധൂർത്താണ് മറുനാടൻ വീഡിയോയ്ക്ക് ആധാരമായത്. സമ്പത്തിനെ കേരളത്തിന്റെ വക്താവായി ഡൽഹിയിൽ നിയമിച്ചതായിരുന്നു വിർശനത്തിന് ആധാരം. ഇതിനെ പ്രളയത്തിന് ശേഷമുള്ള പ്രതികരണമെന്നോണം സൈബർ സഖാക്കർ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സോമകുമാറിന്റെ പരാതി എത്തുന്നത്. പരാതിക്കാരന്റെ അഡ്രസോ ഫോൺ നമ്പറോ പോലും വ്യാജമാണെന്ന് വ്യക്തമാക്കുന്നതാണ് പരാതി.

സോമകുമാർ ടിവിപിഎം, പേരൂർക്കട, തിരുവനന്തപുരം സിറ്റി, കേരള, ഇന്ത്യ... എന്ന മേൽവിലാസമാണ് പരാതിക്കാരന്റേതായി നൽകിയിട്ടുള്ളത്. ഫോൺ നമ്പറും വിചിത്രമാണ്. 97-1502800561-എന്നതാണ് ഫോൺ നമ്പർ. പേരൂർക്കട ജംഗ്ഷനിൽ താമിക്കുന്ന ആളിന്റെ ഫോൺ നമ്പരാണ് ഇത്. പേരൂർക്കട എസ് ഐ സഞ്ജു ജോസഫാണ് കേസെടുത്തിരിക്കുന്നത്.

എഫ് ഐ ആറിലുള്ളത് നിലനിൽക്കാത്ത വകുപ്പുകൾ

കേരളാ പൊലീസ് ആക്ടിലെ 118 വകുപ്പിലെ ബി ഉപ വകുപ്പ് പ്രകാരമാണ് ഒരു കേസ്. ഗുരുതരമായ ക്രമസമാധാന ലംഘനമോ അപായമോ ഉണ്ടാക്കുന്നതിനുള്ള ശിക്ഷയാണ് ഇതിൽ പറയുന്നത്. ഏതെങ്കിലും വ്യക്തി അറിഞ്ഞു കൊണ്ട് പൊലീസിനെയോ ഫയർ സർവ്വീസിനേയോ മറ്റേതെങ്കിലും അവശ്യ സർവ്വീസിനേയോ വഴി തെറ്റിക്കാൻ കിംവദന്തി പരത്തുകയോ വ്യാജമായി അപകട സൂചന നൽകുകയോ ചെയ്താൽ അയാൾ കുറ്റസ്ഥാപനത്തിന്മേൽ മൂന്ന് വർഷം വരെയാകാവുന്ന തടവോ പതിനായിരം രൂപയിൽ കവിയാത്ത പിഴയോ ഇവ രണ്ടും കൂടിയോ നൽകി ശിക്കപ്പെടേണ്ടതാണ്-ഇതാണ് 118(ബി) വകുപ്പിന്റെ നിർവ്വചനം.

കേരളാ പൊലീസ് ആക്ടിലെ 120(ഒ)യാണ് മറ്റൊരു വകുപ്പ്. ശല്യം ഉണ്ടാക്കൽ, ക്രമസമാധാന ലംഘനം എന്നിവയ്ക്കുള്ള ശിക്ഷയാണ് ഇത്. ഏതൊരാളും ഏതെങ്കിലും തരത്തിലുള്ള വിനിമയോപാധിയിലൂടെ ആവർത്തിച്ചുള്ളതോ അനഭിമതമായോ അജ്ഞാതമായതോ ആയ വിളി, കത്ത്, എഴുത്ത്, സന്ദേശം,. ഇമെയിൽ എന്നിവ വഴിയോ ദൂതൻ വഴിയോ സ്വയം ഏതെങ്കിലും ഒരാളിന് ശല്യമായി തീരുന്നുവെങ്കിൽ കുറ്റ സ്ഥാപനത്തിന്മേൽ ഒരു വർഷം വരെയാകുവെന്ന തടവോ 5,000 രൂപയാകാവുന്ന പിഴയോ രണ്ടും കൂടിയോ നൽകി ശിക്ഷിക്കപ്പെടേണ്ടതാണ്.

അതായത് കേരളാ പൊലീസ് ആക്ടിലെ 120(ഒ) പ്രകാരം ആരെയെങ്കിലും അറസ്റ്റ് ചെയ്താൽ സ്റ്റേഷൻ ജാമ്യം നൽകേണ്ടി വരും. ഇത് മനസ്സിലാക്കിയാണ് കേരളാ പൊലീസ് ആക്ടിലെ 118 വകുപ്പിലെ ബി ഉപവകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. ഏതെങ്കിലും വ്യക്തി അറിഞ്ഞു കൊണ്ട് പൊലീസിനെയോ ഫയർ സർവ്വീസിനേയോ മറ്റേതെങ്കിലും അവശ്യ സർവ്വീസിനേയോ വഴി തെറ്റിക്കാൻ കിംവദന്തി പരത്തുകയോ വ്യാജമായി അപകട സൂചന നൽകുകയോ ചെയ്താൽ അയാൾ കുറ്റസ്ഥാപനത്തിന്മേൽ മൂന്ന് വർഷം വരെയാകാവുന്ന തടവോ പതിനായിരം രൂപയിൽ കവിയാത്ത പിഴയോ ഇവ രണ്ടും കൂടിയോ നൽകി ശിക്കപ്പെടേണ്ടതാണ്-ഇതാണ് 118(ബി) വകുപ്പിന്റെ നിർവ്വചനം ഇതിനൊപ്പിച്ച് ഒന്നും മറുനാടൻ വീഡിയോയിലില്ല.

പൊലീസിനെയോ ഫയർ സർവ്വീസിനേയോ മറ്റേതെങ്കിലും അവശ്യ സർവ്വീസിനേയോ വഴി തെറ്റിക്കാൻ കിംവദന്തി പരത്തുന്നതാണ് ഇവിടെ പ്രതിപാദിക്കുന്ന കുറ്റം. ഇതൊന്നു മറുനാടന്റെ വീഡിയോയിൽ ഉണ്ടായിട്ടില്ല. എന്നാൽ ഈ വകുപ്പിന് 3 വർഷം വരെ തടവ് ലഭിക്കാം. അതുകൊണ്ട് തന്നെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാനുള്ള തന്ത്രമാണ് ഇത്. അറസ്റ്റ് ചെയ്താൽ ജാമ്യം നൽകാൻ മജിസ്ട്രേട്ടിന് മുമ്പിലേക്ക് കൊണ്ടു പോകണം. ഇത്തരം ഊരാക്കുടുക്കുകൾക്ക് വേണ്ടിയാണ് എഫ് ഐ ആറിലെ വ്യാജ നിർമ്മിതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP