Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സെക്രട്ടറിയേറ്റിലെ ലീഗൽ അസിസ്റ്റന്റ് നിയമന നീക്കം പൊളിഞ്ഞതിന് പിന്നാലെ ഓഫീസ് അസിസ്റ്റന്റുമാരെ തിരുകി കയറ്റാൻ ശ്രമം; ഭരണാനുകൂല സർവീസ് സംഘടന നടത്തുന്നത് പി എസ് സിയെ നോക്കുകുത്തിയാക്കി ഇഷ്ടക്കാരെ ഉറപ്പിക്കാൻ; ഉള്ളവർക്ക് തന്നെ പണിയില്ലാതിരിക്കുമ്പോൾ സംഘടന ശ്രമിക്കുന്നത് മുഴുവൻ സമയ സംഘടനാ പ്രവർത്തനത്തിന് ആളെ കൂട്ടാൻ

സെക്രട്ടറിയേറ്റിലെ ലീഗൽ അസിസ്റ്റന്റ് നിയമന നീക്കം പൊളിഞ്ഞതിന് പിന്നാലെ ഓഫീസ് അസിസ്റ്റന്റുമാരെ തിരുകി കയറ്റാൻ ശ്രമം; ഭരണാനുകൂല സർവീസ് സംഘടന നടത്തുന്നത് പി എസ് സിയെ നോക്കുകുത്തിയാക്കി ഇഷ്ടക്കാരെ ഉറപ്പിക്കാൻ; ഉള്ളവർക്ക് തന്നെ പണിയില്ലാതിരിക്കുമ്പോൾ സംഘടന ശ്രമിക്കുന്നത് മുഴുവൻ സമയ സംഘടനാ പ്രവർത്തനത്തിന് ആളെ കൂട്ടാൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ വിവിധ തസ്തികകളിലേക്ക് പിൻവാതിൽ നിയമനം നടത്തുന്നതിനുള്ള ശ്രമങ്ങളുമായി ഭരണകക്ഷിസർവീസ് സംഘടന. ലീഗൽ അസിസ്റ്റന്റ് നിയമനത്തിനും ഓഫീസ് അസിസ്റ്റന്റ് നിയമനത്തിനുമാണ് സംഘടനയുടെ ഒത്താശയോടെ ശ്രമം നടക്കുന്നത്. പിഎസ്‌സി പരീക്ഷയിൽ മിനിമം മാർക്ക് ഇല്ലാത്തവരെ സെക്രട്ടേറിയറ്റിൽ ലീഗൽ അസിസ്റ്റന്റുമാരായി തിരുകിക്കയറ്റുന്നതിനുള്ള ശ്രമം പൊളിഞ്ഞതിന് പിന്നാലെയാണ് ഓഫീസ് അസിസ്റ്റന്റുമാരുടെ ഓപ്പൺ ക്വോട്ട തട്ടിയെടുക്കാനുള്ള ശ്രമം. ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ കൃത്രിമ ഒഴിവുകൾ ഉണ്ടാക്കി നിയമനം നടത്താനാണ് ശ്രമം നടക്കുന്നത്. ഓഫിസ് അസിസ്റ്റന്റ് (ഒഎ) വിഭാഗത്തിൽ നടക്കുന്ന ക്രമക്കേട് ഭരണപരിഷ്‌കാര വിഭാഗത്തിലെ വിജിലൻസ് കണ്ടെത്തി പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്തു.

ലീഗൽ അസിസ്റ്റന്റ് നിയമനത്തിൽ പിഎസ്‌സി മിനിമം 40 മാർക്ക് നിഷ്‌കർഷിച്ചിരിക്കെയാണ് എട്ടും ഒൻപതും പത്തും മാർക്കു നേടിയ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ പിഎസ്‌സിയെ നോക്കുകുത്തിയാക്കി സംഘടനയുടെ സഹായത്തോടെ പുതിയ തസ്തികകളിൽ കയറിപ്പറ്റുന്നത്. അതും സുപ്രധാന കേസുകളിൽ സർക്കാരിനു നിയമോപദേശം നൽകേണ്ട തസ്തികകളിൽ. ഒഎ വിഭാഗത്തിൽ നിന്നുള്ളവരാണു സെക്രട്ടേറിയറ്റിലെ ഭരണാനുകൂല സംഘടനയുടെ തലപ്പത്ത് എന്നതും നിയമനങ്ങൾ അട്ടിമറിക്കാൻ സാഹചര്യമൊരുക്കി. കൃത്രിമമായി സൃഷ്ടിച്ച ഒഴിവുകളിലേക്കു പിഎസ്‌സിയെ ക്കൊണ്ട് പ്രത്യേക പരീക്ഷ നടത്തി നിയമനം നടത്താനും അങ്ങനെ മിനിമം മാർക്ക് എന്ന കടമ്പ ഒഴിവാക്കാനും നീക്കമുണ്ടായി.

ഈ നിയമനം നടന്നാൽ പൊതു പരീക്ഷയിൽ ഓപ്പൺ വിഭാഗത്തിൽ ജോലി ലഭിക്കേണ്ടവരുടെ സാധ്യത നഷടപ്പെടുമെന്ന് ഭരണപരിഷ്‌കാര വിജിലൻസ് വിഭാഗം പിഎസ്‌സിയെ അറിയിച്ചു. വിജിലൻസ് വിഭാഗം ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിലും പെടുത്തി. പരാതി നൽകിയതിനെത്തുടർന്ന് മുഖ്യമന്ത്രി ഇടപെട്ടു തൽക്കാലം ആ നീക്കം തടഞ്ഞു.

ഇതിനിടെ സെക്രട്ടേറിയറ്റ് ഒഎ വിഭാഗത്തിൽ ഓഫിസ് അറ്റൻഡർമാരുടെ തസ്തികയിലേക്കും നിയമനത്തിനു നീക്കം. ഉള്ളവർക്കുതന്നെ പണിയില്ലാതിരിക്കുമ്പോഴാണ് സാമ്പത്തിക ബാധ്യത വരുത്തുന്ന പുതിയ നടപടി. അറ്റൻഡർമാരായി 791 പേർ ഇപ്പോൾത്തന്നെ സെക്രട്ടേറിയറ്റിലുണ്ട്. വിവിധ ഓഫിസുകളിലേക്കു ഫയൽ എത്തിക്കുകയും പകർപ്പ് എടുക്കുകയുമാണ് അറ്റൻഡർമാരുടെ പ്രധാന ജോലി.കംപ്യൂട്ടർവൽക്കരണത്തെത്തുടർന്ന് 90% ഫയൽ നീക്കവും ഓൺലൈൻ ആയതിനാൽ ഇവരിൽ ഭൂരിപക്ഷത്തിനും സംഘടനാ പ്രവർത്തനം അല്ലാതെ പണിയൊന്നുമില്ല. ഇതിനിടെ, പ്രത്യേക പണിയൊന്നുമില്ലാത്ത ഈ 791 പേരെ സബോർഡിനേറ്റ് സർവീസിൽപെടുത്തി എൽഡി ക്ലാർക്കിന്റെ ശമ്പളത്തിലേക്ക് ഉയർത്തുന്നതിലും സംഘടന വിജയിച്ചു.

ധന സെക്രട്ടറി എതിർത്തതിനെത്തുടർന്നു തീരുമാനം പുനഃപരിശോധിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ സെക്രട്ടറിമാരുടെ യോഗത്തിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ 'ജോലിയില്ലായ്മ' ചർച്ച ചെയ്തിരുന്നു. പക്ഷേ, അവരുടെ പുനർവിന്യാസത്തിനു വഴിയൊന്നും തെളിഞ്ഞില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP