Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭൂമിക്ക് ഏറ്റവുമടുത്തെത്തിയ സമയം പേടകത്തിലെ ദ്രവീകൃത ഇന്ധന എൻജിൻ 1,203 സെക്കൻഡ് ജ്വലിപ്പിച്ച് പൂർത്തിയാക്കിയത് ട്രാൻസ് ലൂണാർ ഇൻജക്ഷൻ എന്ന പ്രക്രിയ; 22 ദിവസം ഭൂമിയുടെ വലയത്തിൽ തുടർന്ന ശേഷം മുൻ നിശ്ചയിച്ച പ്രകാരം ഗതിമാറ്റം; ഇനി ചന്ദ്രനെ ചുറ്റുന്ന പേടകം ഈ മാസം 20ന് ചന്ദ്രോപരിതലത്തിലുമെത്തും; ചാന്ദ്രവലയത്തിലേക്ക് ചന്ദ്രയാൻ 2 കുതിക്കുമ്പോൾ തെളിയുന്നത് ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്റെ കരുത്ത്

ഭൂമിക്ക് ഏറ്റവുമടുത്തെത്തിയ സമയം പേടകത്തിലെ ദ്രവീകൃത ഇന്ധന എൻജിൻ 1,203 സെക്കൻഡ് ജ്വലിപ്പിച്ച് പൂർത്തിയാക്കിയത് ട്രാൻസ് ലൂണാർ ഇൻജക്ഷൻ എന്ന പ്രക്രിയ; 22 ദിവസം ഭൂമിയുടെ വലയത്തിൽ തുടർന്ന ശേഷം മുൻ നിശ്ചയിച്ച പ്രകാരം ഗതിമാറ്റം; ഇനി ചന്ദ്രനെ ചുറ്റുന്ന പേടകം ഈ മാസം 20ന് ചന്ദ്രോപരിതലത്തിലുമെത്തും; ചാന്ദ്രവലയത്തിലേക്ക് ചന്ദ്രയാൻ 2 കുതിക്കുമ്പോൾ തെളിയുന്നത് ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്റെ കരുത്ത്

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: ഭൂമിക്കു ചുറ്റുമുള്ള ഭ്രമണപഥത്തിൽ നിന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ചന്ദ്രയാൻ 2. ഈ ഗതിമാറ്റം വിജയകരമായി പൂർത്തിയാക്കി ഐ എസ് ആർ ഒ ലക്ഷ്യത്തിലേക്ക് കൂടുതൽ അടുക്കുകയാണ്. ഭൂമിയെ വലയം ചെയ്യുന്നതിനിടെ ഭൂമിക്ക് ഏറ്റവുമടുത്തെത്തിയ സമയം(പെരിജി എന്നു ശാസ്ത്രനാമം) പേടകത്തിലെ ദ്രവീകൃത ഇന്ധന എൻജിൻ 1,203 സെക്കൻഡ് ജ്വലിപ്പിച്ചാണ് ട്രാൻസ് ലൂണാർ ഇൻജക്ഷൻ(ടിഎൽഐ) എന്ന ഈ പ്രക്രിയ ഐഎസ്ആർഒ ശാസ്ത്രജ്ഞർ വിജയകരമായി പൂർത്തിയാക്കിയത്. 22 ദിവസം ഭൂമിയുടെ വലയത്തിൽ തുടർന്ന ശേഷമാണ് മുൻനിശ്ചയിച്ച പ്രകാരം ബുധനാഴ്ച പുലർച്ചെ 2.21 ന് ഗതിമാറ്റം വിജയകരമായി പൂർത്തിയാക്കിയത്.

ചന്ദ്രയാൻ 2 പേടകം നിർണായക ഘട്ടത്തിൽ. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള ഗതിമാറ്റം വിജയകരമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. നേരത്തെ തീരുമാനിച്ച പ്രകാരം ഇന്ന് പുലർച്ചെ 2.21നായിരുന്നു ചന്ദ്രയാൻ 2വിന്റെ നിർണായ ഗതിമാറ്റം. അതുവരെ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുകയായിരുന്നു പേടകം. 1203 സെക്കന്റ് നേരം യന്ത്രം പ്രവർത്തിപ്പിച്ചാണ് പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള നിർണായക ഘട്ടത്തിലേക്ക് പ്രവേശിപ്പിച്ചതെന്ന് ഐ.എസ്.ആർ.ഒ വ്യക്തമാക്കി. ഇനി ചന്ദ്രനെ ചുറ്റുന്ന പേടകം ഈ മാസം 20ന് ചന്ദ്രോപരിതലത്തിൽ പ്രവേശിക്കും. അന്ന് രാവിലെ 8.30നും 9.30നും ഇടക്കായിരിക്കും ഈ പ്രക്രിയയെന്നാണ് കണക്കുകൂട്ടൽ. ഭൂമിയിൽ നിന്നും അഞ്ച് തവണ ഭ്രമണപഥം ഉയർത്തിയ ശേഷമാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പോകുന്നത്. നാല് തവണ ചന്ദ്രനിലേക്കുള്ള ഭ്രമണപഥത്തിലും മാറ്റം വരുത്തും. ഇന്നത്തെ പോലെ വീണ്ടും യന്ത്രം പ്രവർത്തിപ്പിച്ചാണ് പിന്നീട് ചന്ദ്രോപരിതലത്തിൽ പ്രവേശിക്കുക.

ജൂലൈ 22 നാണ് ചന്ദ്രയാൻ 2 വിക്ഷേപിച്ചത്. ജൂലൈ 23 നും ഓഗസ്റ്റ് ആറിനുമിടയിൽ അഞ്ചു തവണ ഘട്ടംഘട്ടമായി ഭ്രമണപഥം ഉയർത്തി. അതിന് ശേഷമാണ് ബുധനാഴ്ച പുലർച്ചെ ചന്ദ്രയാൻ 2 ന്റെ ഭ്രമണഗതിമാറ്റത്തിലേക്ക് ശാസ്ത്രജ്ഞർ കടന്നത്. വിക്ഷേപണവേളയിൽ 3,850 കിലോ ഭാരമുണ്ടായിരുന്ന ചന്ദ്രയാൻ 2 ലെ 2,542 കിലോ ഭാരവും അതു വഹിക്കുന്ന ഇന്ധനത്തിന്റേതാണ്. ആറു ദിവസം കൂടിക്കഴിഞ്ഞ് ഓഗസ്റ്റ് 20 ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ചന്ദ്രയാൻ 2 എത്തും. തുടർന്ന് പേടകത്തിന്റെ വേഗവും അകലവും പടിപടിയായി കുറച്ച് ഉദ്ദേശം 100 കിലോമീറ്റർ അകലത്തിൽ ചന്ദ്രന്റെ ചുറ്റും പേടകം വലയം വയ്ക്കും. തുടർന്നാണ് മുൻനിശ്ചയപ്രകാരം സെപ്റ്റംബർ ഏഴിന് പേടകത്തിലെ റോവർ ഉൾപ്പെടെയുള്ള ലാൻഡർ മൊഡ്യൂൾ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറക്കുക.

ചന്ദ്രന്റെ ഉപരിതലത്തിലേക്ക് 15 മിനിറ്റ് ദൈർഘ്യമെടുത്ത് 30 കിലോമീറ്റർ ഇറക്കുന്ന പ്രക്രിയയാണ് ദൗത്യത്തിലെ ഏറ്റവും നിർണായക നിമിഷം. പേടകത്തിന്റെ വേഗം കുറയ്ക്കാൻ പ്രത്യേകതരത്തിൽ എതിർദിശയിലേക്ക് മർദ്ദം ചെലുത്തേണ്ട ഈ ഘട്ടമാണ് സെപ്റ്റംബർ ഏഴിന് ഏറെ നിർണായകം. ചാന്ദ്രയാൻ 2 ദൗത്യസംഘത്തിന് ലൂണാർ സോഫ്റ്റ് ലാൻഡിങ് എന്ന ഈ പ്രക്രിയ കൂടി പൂർത്തിയാക്കാനായാൽ ബഹിരാകാശപേടകം വിജയകരമായി ചന്ദ്രനിൽ ഇറക്കാൻ സാധിച്ച ലോകത്തെ നാലാം രാജ്യമെന്ന ചരിത്രമാകും ഇന്ത്യ ബഹിരാകാശത്ത് കുറിക്കുക. 'സോഫ്റ്റ് ലാൻഡിങ്' സാങ്കേതികവിദ്യയിലൂടെ ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങുന്ന 'ലാൻഡറി'ൽനിന്നു 'റോവർ' പുറത്തിറങ്ങി ഉപരിതലത്തിൽ സഞ്ചരിച്ച് ഗവേഷണം നടത്തും. ഓർബിറ്റർ, ലാൻഡർ(വിക്രം), റോവർ(പ്രഗ്യാൻ) എന്നിവ അടങ്ങുന്നതാണ് ചന്ദ്രയാൻ-2. എല്ലാ ഘടകങ്ങളും നല്ലനിലയിലാണ് പ്രവർത്തിക്കുന്നതെന്നും ശരിയായ ദിശയിലാണ് പേടകം നീങ്ങുന്നതെന്നും ഇസ്രോ വ്യക്തമാക്കി.

ചന്ദ്രയാൻ 1ൽ ഉണ്ടായിരുന്നപോലെ ചന്ദ്രനെ ചുറ്റിക്കറങ്ങുന്ന ഒരു ഉപഗ്രഹമാണ് ഓർബിറ്റർ. ചന്ദ്രനിലിറങ്ങുന്ന വാഹനത്തിൽനിന്നും ലാൻഡറിൽനിന്നുമുള്ള വിവരത്തെ ഭൂമിയിലെത്തിക്കുക എന്ന പ്രധാന ദൗത്യം ഓർബിറ്ററിന് നിറവേറ്റാനുണ്ട്. ഇതുകൂടാതെ പലവിധ പരീക്ഷണങ്ങൾ നടത്താനുള്ള ഉപകരണങ്ങളും ഈ ഓർബിറ്ററിലുണ്ടാവും. 2,379 കെജി ഭാരം വരുന്ന ഈ ഓർബിറ്റർ സൂര്യപ്രകാശത്തിൽനിന്നുള്ള ഊർജ്ജമുപയോഗിച്ചാവും പ്രവർത്തിക്കുക. ഒരു കിലോവാട്ട് വൈദ്യുതിയാണ് ഓർബിറ്ററിന് പ്രവർത്തിക്കാൻ ആവശ്യം. ഇന്ത്യയുടെ ഡീപ് സ്‌പേസ് നെറ്റ്‌വർക്കുമായി ആശയവിനിമയം നടത്താനുള്ള ശേഷി ഓർബിറ്ററിനുണ്ട്. ഒരു വർഷമാണ് ഓർബിറ്ററിന്റെ പ്രവർത്തനകാലാവധി പ്രതീക്ഷിക്കുന്നത്. ആകെ എട്ട് ഉപകരണങ്ങളാണ് ഓർബിറ്ററിൽ ഉണ്ടാവുക.

വിക്രം സാരാഭായിയുടെ പേരിലുള്ള ലാൻഡറാണ് ചന്ദ്രയാൻ 2ൽ എല്ലാവരും ഉറ്റുനോക്കുന്ന ഭാഗം. ചന്ദ്രോപരിതലത്തിൽ ഓടിക്കാനുള്ള വാഹനത്തെയും വഹിച്ച് ചന്ദ്രനിൽ സുരക്ഷിതമായി ഇറങ്ങുക എന്നതാണ് വിക്രത്തിന്റെ ദൗത്യം. ഭൂമിയുമായും ചന്ദ്രനു ചുറ്റുമുള്ള ഓർബിറ്ററുമായും ആശയവിനിമയം നടത്താൻ വിക്രത്തിനാവും. ഇതുകൂടാതെ മൂന്ന് ശാസ്ത്രീയോപകരണങ്ങളും ഈ ലാൻഡറിൽ ഉണ്ട്. ചന്ദ്രന്റെ മണ്ണിൽ പത്തുസെന്റിമീറ്ററോളം ആഴത്തിൽ കുഴിച്ച് താപനിലയുടെ വ്യതിയാനത്തെക്കുറിച്ചു പഠിക്കാനുള്ള തെർമോ ഫിസിക്കൽ എക്‌സിപിരിമെന്റാണ് ഇതിൽ പ്രധാനം. ഭൂമികുലുക്കംപോലെ ചന്ദ്രനിൽ ഉണ്ടായേക്കാവുന്ന ചാന്ദ്രകമ്പനങ്ങളെ പഠിക്കാൻ ഉള്ള ഉപകരണവും വിക്രത്തിന്റെ ഭാഗമാണ്. 14 ദിവസമാണ് വിക്രത്തിന്റെ പ്രവർത്തനകാലാവധി.

ചന്ദ്രനിൽ ഓടി നടക്കാൻ ഇന്ത്യക്ക് സ്വന്തമായി ഒരു വാഹനം. അതാണ് പ്രഗ്യാൻ എന്ന റോവർ. ഓടി നടക്കുക മാത്രമല്ല, പ്രധാനപ്പെട്ട പല പരീക്ഷണങ്ങളും പ്രഗ്യാൻ ചന്ദ്രനിൽ നടത്തും. ക്യൂരിയം 244 എന്ന റേഡിയോ ഐസോടോപ്പും പേറിയാണ് പ്രഗ്യാൻ ചന്ദ്രനിലെത്തുക. ഈ റേഡിയോ ഐസോടോപ്പിൽനിന്നും തുടർച്ചയായി ആൽഫാ കണികകളും എക്‌സ്-റേയും പുറത്തുവരും. ഈ കണങ്ങളെയും എക്‌സ്-റേയും ചന്ദ്രോപരിതലത്തിൽ വീഴ്‌ത്തി ഉപരിതലത്തിലെ മൂലകങ്ങളെക്കുറിച്ചു പഠിക്കാൻ സഹായിക്കുന്ന ആൽഫാ പാർട്ടിക്കിൾ എക്‌സ്-റേ സ്‌പെക്ട്രോമീറ്ററാണ് പ്രഗ്യാനിലെ പ്രധാന ഉപകരണം.

ശക്തിയേറിയ ഒരു ലേസറും പ്രഗ്യാനിലുണ്ട്. ലാൻഡിങ് ഇടത്തെ മണ്ണിൽ പലയിടങ്ങളിലേക്ക് ഈ ലേസർ അടിക്കും. വിക്രത്തെപ്പോലെ 14 ദിവസം തന്നെയാണ് റോവറിന്റെയും കാലാവധി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP