Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മൂന്ന് ദിവസം കൂടി കേരളത്തിൽ കനത്ത മഴ; മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 100 ആയി; ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത് 2,21,286 ആളുകൾ; അർഹരായ എല്ലാവരിലും സഹായമെത്തിക്കാൻ നടപടികളുമായി സർക്കാരും; മരിച്ചവരുടെ ആശ്രിതർക്ക് ലഭിക്കുക നാല് ലക്ഷം രൂപ; വീടും സ്ഥലവും നഷ്ടമായവർക്ക് പത്തു ലക്ഷം രൂപയും

മൂന്ന് ദിവസം കൂടി കേരളത്തിൽ കനത്ത മഴ; മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 100 ആയി; ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത് 2,21,286 ആളുകൾ; അർഹരായ എല്ലാവരിലും സഹായമെത്തിക്കാൻ നടപടികളുമായി സർക്കാരും; മരിച്ചവരുടെ ആശ്രിതർക്ക് ലഭിക്കുക നാല് ലക്ഷം രൂപ; വീടും സ്ഥലവും നഷ്ടമായവർക്ക് പത്തു ലക്ഷം രൂപയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ മൂന്ന് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ കേരളത്തിൽ ഇന്ന് ശക്തമായ മഴയുണ്ടാകുമെന്നും പ്രവചനമുണ്ട്. കനത്ത മഴയുടെ സാധ്യത പരിഗണിച്ച് രണ്ട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലർട്ട് നൽകിയിരിക്കുന്നത്. മലപ്പുറം ജില്ലയിൽ ഇന്ന് അതിതീവ്ര മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ചതാണ് സംസ്ഥാനത്ത് കനത്ത മഴ തുടരാൻ കാരണം.

ബുധനാഴ്ച കനത്ത മഴ പെയ്യാനുള്ള സാധ്യത പരിഗണിച്ച് വയനാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർമാർ അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.സ്.ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്‌കൂളുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ, അംഗൻവാടികൾ, പ്രൊഫഷണൽ കോളജുകൾക്കും അവധി ബാധകമായിരിക്കും. കണ്ണൂർ ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. അതേസമയം കോട്ടയം ജില്ലയിൽ മഴ കനക്കുകയാണ്. ഇതേ തുടർന്ന്, മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയർന്നു. പാലാ നഗരത്തിലും വെള്ളം കയറി തുടങ്ങി. പാല-ഈരാറ്റുപേട്ട റോഡിൽ വെള്ളം കയറി.

മഴക്കെടുതിയിൽ സംസ്ഥാനത്ത് ആകെ മരണം 100 ആയി. കവളപ്പാറയിൽ നിന്ന് ഇന്ന് നാല് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. വിഴിഞ്ഞത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ ഒരാൾ ബോട്ട് മറിഞ്ഞ് മരിച്ചു. സംസ്ഥാനത്ത് ഇതുവരെ 1206 ദുരിതാശ്വാസ കേന്ദ്രങ്ങളാണ് തുറന്നിട്ടുള്ളത്. 67562 കുടുംബങ്ങളിൽ നിന്നായി 221286 പേരാണ് ദുരിതാശ്വാസ കേന്ദ്രങ്ങളിലുള്ളത്. 1057 വീടുകൾ പൂർണമായും 11159 വീടുകൾ ഭാഗികമായും തകർന്നെന്നാണ് സർക്കാർ കണക്ക്. 59 പേരെ കാണാനില്ലെന്നും 34 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

സഹായവുമായി സർക്കാർ

അതിനിടെ, സംസ്ഥാനത്ത് മഴക്കെടുതിയിൽ വലയുന്നവർക്ക് അടിയന്തര സഹായമെത്തിക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചു. മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപയും, മഴക്കെടുതിയിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് പത്ത് ലക്ഷം രൂപ വീതവും ധനസഹായം നൽകാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ദുരിതബാധിതരുടെ പട്ടിക അടിയന്തരമായി തയ്യാറാക്കാൻ വില്ലേജ് ഓഫീസർമാർക്കും പഞ്ചായത്ത് സെക്രട്ടറിമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

മഴക്കെടുതി ദുരിതാശ്വാസ സഹായം കുറ്റമറ്റ രീതിയിൽ എല്ലാവരിലേക്കും എത്തിക്കണമെന്നാണ് മന്ത്രിസഭായോഗ തീരുമാനം. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് പട്ടിക തയ്യാറാക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. അടിയന്തര സഹായമെന്ന നിലയിൽ പതിനായിരം രൂപ നൽകാനും തീരുമാനിച്ചിട്ടുണ്ട്, ധനസഹായ വിതരണത്തിന് ശേഷം പരാതികളും ആക്ഷേപങ്ങളും ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന കർശന നിർദ്ദേശവും സർക്കാർ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്.

കഴിഞ്ഞ പ്രളയകാലത്തെ അതേ ദുരിതാശ്വാസ പാക്കേജാണ് സർക്കാർ ഇത്തവണയും മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ ഇതിലുള്ള പ്രധാന വ്യത്യാസം വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും ചേർന്ന് പട്ടിക തയ്യാറാക്കുന്നു എന്നതാണ്. ഇത്തരത്തിൽ തയ്യാറാക്കുന്ന പട്ടിക ആദ്യം സർക്കാർ പ്രസിദ്ധീകരിക്കും. അതിൽ ആക്ഷേപം ഉണ്ടെങ്കിൽ അത് അറിയിക്കാൻ സംവിധാനം ഉണ്ടായിരിക്കും . അത്തരം ആക്ഷേപങ്ങളും പരാതികളും പരിഹരിച്ച ശേഷമായിരിക്കും അന്തിമ പട്ടിക തയ്യാറാക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP