Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിളർന്നൊഴുകിയെത്തിയ മല കിടപ്പാടം കൊണ്ടുപോയതിന്റെ വിഷമം പറയാൻ തടഞ്ഞു നിർത്തിയത് മുഖ്യമന്ത്രിയെ; തിരികെ പോകാൻ ഇടമില്ലാത്ത ആയിഷക്കും കുടുംബത്തിനും പുതിയ വീട് വെച്ച് കൊടുക്കാൻ തയ്യാറായി എത്തിയത് ഹായ് ഫൗണ്ടേഷനിലെ പെൺകുട്ടികൾ; കോഴിക്കോട് അൽഹംറ ഇന്റർനാഷനൽ ഗേൾസ് ക്യാംപസിലെ ബിഎസ്സി സൈക്കോളജി വിദ്യാർത്ഥിനികൾ കണ്ണീരൊപ്പുന്നത് സ്വപ്നങ്ങൾ പുത്തുമലയിൽ അനാഥമായി പോയ ഒരു കുടുംബത്തിന്റെ

പിളർന്നൊഴുകിയെത്തിയ മല കിടപ്പാടം കൊണ്ടുപോയതിന്റെ വിഷമം പറയാൻ തടഞ്ഞു നിർത്തിയത് മുഖ്യമന്ത്രിയെ; തിരികെ പോകാൻ ഇടമില്ലാത്ത ആയിഷക്കും കുടുംബത്തിനും പുതിയ വീട് വെച്ച് കൊടുക്കാൻ തയ്യാറായി എത്തിയത് ഹായ് ഫൗണ്ടേഷനിലെ പെൺകുട്ടികൾ; കോഴിക്കോട് അൽഹംറ ഇന്റർനാഷനൽ ഗേൾസ് ക്യാംപസിലെ ബിഎസ്സി സൈക്കോളജി വിദ്യാർത്ഥിനികൾ കണ്ണീരൊപ്പുന്നത് സ്വപ്നങ്ങൾ പുത്തുമലയിൽ അനാഥമായി പോയ ഒരു കുടുംബത്തിന്റെ

മറുനാടൻ മലയാളി ബ്യൂറോ

മേപ്പാടി: പുത്തുമലയിൽ മല എടുത്തു പോയത് വെറുമൊരു വീടും മൂന്ന് സെന്റുമായിരുന്നില്ല. ആയിഷയുടെയും മുഹമ്മദിന്റെയും മകൾ നസീമിന്റെയും സ്വർഗ്ഗവും സ്വപ്നവും ജീവിതവുമായിരുന്നു. ദുരിതാശ്വാസ ക്യാമ്പിൽ നിന്നും ഇറങ്ങേണ്ടി വന്നാൽ എങ്ങോട്ടു പോകും എന്ന ചോദ്യം തീയായി മനസ്സിൽ ഉയർന്നപ്പോൾ തങ്ങളുടെ അവസ്ഥ പറയാൻ തടഞ്ഞു നിർത്തിയത് സാക്ഷാൽ മുഖ്യമന്ത്രിയുടെ വാഹനം. മുഖ്യമന്ത്രിയോട് അവസ്ഥകൾ വിവരിച്ച് തിരിഞ്ഞതോടെ ഒരു കുടുംബത്തിന്റെ കണ്ണുനീർ കണ്ണുനീർ തുടയ്ക്കാൻ കാത്തുനിന്നത് ഒരു കൂട്ടം പെൺകുട്ടികൾ. പച്ചക്കാട് കിളിയൻകുന്നത്ത് മുഹമ്മദിനും കുടുംബത്തിനും ഇഷ്ടമുള്ളിടത്ത് വീടുവെച്ച് കൊടുക്കാൻ സന്നദ്ധമായി എത്തിയത് വിദ്യാർത്ഥിനികളുടെ കൂട്ടായ്മയും.

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് കണ്ണീരോടെ ദുരിതം പറഞ്ഞ ആയിഷയെ കാത്തു നിന്നത് നൂറിലേറെ പെൺകുട്ടികളുടെ കൂട്ടായ്മയാണ്. പിന്നിൽ കാത്തുനിന്ന ഒരുകൂട്ടം പെൺകുട്ടികൾ ആയിഷയുടെയും മകൾ നസീമയുടെയും കണ്ണുതുടച്ച ശേഷം പറഞ്ഞു, 'നഷ്ടമായ വീട് ഞങ്ങൾ പണിതുതരാം. അതും നിങ്ങൾക്ക് എവിടെയാണോ വേണ്ടത് അവിടെ'. അമ്പരന്നുപോയ ആയിഷയ്ക്കും മുഹമ്മദിനും കുട്ടികൾ കളി പറയുകയല്ലെന്ന് ബോധ്യമാകാൻ പിന്നെയും കുറെ നേരമെടുത്തു. പുത്തുമല ദുരന്തത്തിൽ ആകെയുള്ള വീടും 3 സെന്റ് ഭൂമിയുമാണ് ഈ കുടുംബത്തിന് നഷ്ടമായത്. അന്ന് മുതൽ വേവലോടെ ഓട്ടത്തിലാണ് ഈ കുടുംബം. ദുരിതാശ്വാസ ക്യാംപ് തീർന്നാൽ പോകാനിടമില്ല. ജീവിക്കാൻ ഒരുവഴിയും മുന്നിലില്ല.

മുഖ്യമന്ത്രി ഇന്നലെ ഒട്ടേറെ ദുരിതബാധിതരെ കണ്ടെങ്കിലും ആയിഷയ്ക്ക് അടുത്തെത്താൻ കഴിഞ്ഞില്ല. വാഹനത്തിൽ കയറിയ അദ്ദേഹത്തെ തടഞ്ഞപ്പോൾ കാറിന്റെ ചില്ല് താഴ്‌ത്തി മുഖ്യമന്ത്രി പറഞ്ഞു 'നമുക്കു ശരിയാക്കാം, ഞങ്ങളെല്ലാം കൂടെത്തന്നെയുണ്ട്'. ശേഷം മുഖ്യമന്ത്രി നീങ്ങിയതോടെ കോഴിക്കോട് അൽഹംറ ഇന്റർനാഷനൽ ഗേൾസ് ക്യാംപസിലെ 11 ബിഎസ്സി സൈക്കോളജി വിദ്യാർത്ഥിനികൾ ആശ്വാസ വാർത്തയുമായെത്തി. നൂറിലേറെ അംഗങ്ങളുള്ള ഹായ് ഫൗണ്ടേഷനിലെ സന്നദ്ധ പ്രവർത്തകരാണ് ഇവർ.

പുത്തുമലയെന്ന ചെറുഗ്രാമത്തെ നിമിഷങ്ങൾക്കുള്ളിൽ മുഴുവനായും തൂത്തെറിഞ്ഞത് പച്ചക്കാട്ടിൽ നിന്നു പൊട്ടിയടർന്ന പാറക്കല്ലുകളാണ്. മേലെ പച്ചക്കാട്, പച്ചക്കാട് എന്നിവിടങ്ങളിലായി എൺപതോളം വീടുകളുണ്ടായിരുന്നതിൽ ഇപ്പോൾ പുറത്തുകാണുന്നത് പതിനൊന്നെണ്ണം മാത്രം. ബാക്കിയെല്ലാം മണ്ണിനടിയിലായി. ഇവിടെ താമസിച്ചിരുന്ന മുന്നൂറിലധികം ആളുകൾ ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്.പ്രാഥമിക കണക്കുകളനുസരിച്ച് പച്ചക്കാട് മേഖലയിൽ 54 വീടുകൾ പൂർണമായി തകർന്നു. ഭാഗികമായി തകർന്നവയും ഉപയോഗ ശൂന്യമാണ്. ഇനിയൊരിക്കലും ജനവാസം സാധ്യമാകാത്ത വിധം പച്ചക്കാട് ഓർമയായി.

ദുരന്തം ഉരുൾപൊട്ടലല്ലെന്നും പൈപ്പിങ് പ്രതിഭാസവും തുടർന്നുണ്ടായ വൻ മണ്ണിടിച്ചിലുമാണെന്നാണ് കണ്ടെത്തൽ. ജില്ലാ മണ്ണ് ഗവേഷണ കേന്ദ്രം നടത്തിയ പഠനത്തിലാണ് ഈ വിലയിരുത്തൽ. പുത്തുമലയുടെ മുകൾ ഭാഗത്തുള്ള കുന്നുകളിലെ ഒൻപത് ഇടങ്ങളിൽനിന്ന് ഇരുപത് ഹെക്ടറോളം മണ്ണ് ഒലിച്ചു വന്നു. 1980കളിൽ മുറിച്ചു മാറ്റപ്പെട്ട വൃക്ഷങ്ങളുടെ വേരുകൾ ദ്രവിച്ചതിനെ തുടർന്നാണ് മണ്ണിനടിയിൽ പൈപ്പിങ് പ്രതിഭാസം രൂപപ്പെട്ടത്. വർഷങ്ങൾക്ക് മുൻപ് തന്നെ തോട്ടങ്ങളുണ്ടാക്കാൻ മരങ്ങൾ വ്യാപകമായി മുറിച്ചു മാറ്റിയ പ്രദേശത്തു അതി തീവ്ര മഴയാണ് കഴിഞ്ഞ ബുധനും വ്യാഴവും രേഖപ്പെടുത്തിയത്. മുറിച്ചു മാറ്റപ്പെട്ട മരങ്ങളുടെ വേരുകൾ ദ്രവിച്ചു കാലക്രമേണ വൻ മാളങ്ങൾ രൂപപ്പെട്ടിരുന്നു . ഇങ്ങനെയാണ് മണ്ണിനടിയിലൂടെ വെള്ളം കുത്തിയൊലിച്ചു വരുന്ന പൈപ്പിങ് പ്രതിഭാസമുണ്ടായത്.

ഏലം കൃഷിക്കായി മണ്ണിളക്കിയത് പ്രതിഭാസത്തെ ത്വരിതപ്പെടുത്തുകയും മണ്ണ് പാറയിൽ നിന്ന് വേർപെടുന്നതിനു ഇടയാക്കുകയും ചെയ്തു. മേൽമണ്ണ് വ്യാപകമായി ഒലിച്ചു പോയി. ഒൻപത് ഇടങ്ങളിൽ നിന്നായി ഒന്നര മീറ്ററോളം ആഴത്തിലുള്ള മണ്ണ് ഒരിടത്തേക്ക് ഒലിച്ചെത്തി. അഞ്ചു ലക്ഷം ടണ് മണ്ണും അഞ്ചു ലക്ഷം ഘന മീറ്റർ വെള്ളവുമാണ് ഒഴുകിയെത്തിയത്. പുത്തുമല ഉൾപ്പെടുന്ന 150 ഹെക്ടർ നീർത്തട പ്രദേശത്താണ് ആഘാതമേറ്റത്. മണ്ണ് സംരക്ഷണകേന്ദ്രം ജില്ലാ കലക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വിദഗ്ധ പഠനം വേണമെന്നും ശുപാർശ ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP