Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ദുരിതം കാണാൻ ബൈക്കിലും കാറിലും കവളപ്പാറയിൽ എത്തി ട്രാഫിക് ബ്ലോക്കുണ്ടാക്കുന്നവർ ഒരുഭാഗത്ത്; ടിവിയിലും സോഷ്യൽ മീഡിയയിലും മതവും രാഷ്ട്രീയവും പറഞ്ഞ് തമ്മിലടിക്കുന്നവർ വേറെ; എല്ലാം മറന്ന് മനുഷ്യരും നന്മയും മാത്രം കാണുന്നവരെ കാണുന്നില്ലേ? മലബാറിലെ ദുരിതാശ്വാസ ക്യാമ്പുകളിലും വീടുകളിലെ ശുചീകരണത്തിലും ഒറ്റക്കെട്ടായ പ്രവർത്തനം; നിങ്ങൾ ഒറ്റയ്ക്കല്ല ഞങ്ങളുണ്ട് കൂടെയെന്ന ആശ്വാസവാക്കുകളുമായി ഈ കൂട്ടായ്മ ഇങ്ങനെ

ദുരിതം കാണാൻ ബൈക്കിലും കാറിലും കവളപ്പാറയിൽ എത്തി ട്രാഫിക് ബ്ലോക്കുണ്ടാക്കുന്നവർ ഒരുഭാഗത്ത്; ടിവിയിലും സോഷ്യൽ മീഡിയയിലും മതവും രാഷ്ട്രീയവും പറഞ്ഞ് തമ്മിലടിക്കുന്നവർ വേറെ; എല്ലാം മറന്ന് മനുഷ്യരും നന്മയും മാത്രം കാണുന്നവരെ കാണുന്നില്ലേ? മലബാറിലെ ദുരിതാശ്വാസ ക്യാമ്പുകളിലും വീടുകളിലെ ശുചീകരണത്തിലും ഒറ്റക്കെട്ടായ പ്രവർത്തനം; നിങ്ങൾ ഒറ്റയ്ക്കല്ല ഞങ്ങളുണ്ട് കൂടെയെന്ന ആശ്വാസവാക്കുകളുമായി ഈ കൂട്ടായ്മ ഇങ്ങനെ

ജംഷാദ് മലപ്പുറം

മലപ്പുറം: കടുത്ത ദുരിതങ്ങൾക്കിടയിലും മനുഷ്യ നന്മയുടേയും സഹോദര്യത്തിന്റേയും വാർത്തകളാണു മലബാറിൽ നിന്നുള്ളത്. ഇവിടെ ഇപ്പോൾ രാഷ്ട്രീയമോ, ജാതിയോ, മതമോ ഇല്ല. മനുഷ്യരും, നന്മയും മാത്രമാണുള്ളത്. ദുരിത ബാധിതരെ സഹായിക്കാൻ മുഴുവൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും യുവജന സംഘടനകളും രംഗത്തുള്ളപ്പോൾ തങ്ങളുടെ പാർട്ടിക്കാരെ നോക്കി മാത്രമല്ല, മറിച്ച് കൂടുതൽ ദുരിതംപേറുന്നവർ ആരോണോ അവർക്കാണ് ആദ്യ പരിഗണന. അതുപോലെ തന്നെ മത സംഘടനകളുടേ പ്രവർത്തനവും തങ്ങളുടെ വിശ്വാസികളുടെ വീട്ടിൽ മാത്രമല്ല. വലിയ ദുരന്തമുണ്ടായ കവളപ്പാറയിലേക്ക് ആദ്യ ദിവസങ്ങളിൽ ആവശ്യമായ സഹായങ്ങൾ എത്താൻ ബുദ്ധിമുട്ടിയിരുന്നെങ്കിലും നിലവിൽ മുഴുവൻ രാഷ്ട്രീയ പാർട്ടികളുടേയും യുവജന സംഘടനകളും, മറ്റു സന്നദ്ധ സംഘടനകളും, ക്ലബ്ബ് ഭാരവാഹികളും, സ്‌കൂൾ, കോളജ് വിദ്യാർത്ഥികളും കൂടുതൽ കവളപ്പാറ കേന്ദ്രീകരിച്ചാണു ശുചീകരണ പ്രവർത്തനത്തിനും, ദുരിതാശ്വാസ ക്യാമ്പുകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കാനും എത്തിയിട്ടുണ്ട്.

മുസ്ലിംലീഗ് പ്രവർത്തകർ ഒറ്റക്കെട്ടായി വിവിധ കേന്ദ്രങ്ങളിൽ തമ്പടിച്ച് ഇതിനോടകം നൂറിലധികം വീടുകൾ ശുചീകരിച്ചു നൽകി. യൂത്ത്ലീഗ്, എം.എസ്.എഫ്, കെ.എം.സി.സി അടക്കമുള്ള ലീഗിന്റെ പോഷക സംഘടനാഭാരവാഹികളും സജീവമായി ശുചീകരണ പ്രവർത്തനത്തിനുണ്ട്. രാഷ്ട്രീയമോ, മതമോ നോക്കിയുള്ള ശുചീകരണങ്ങൾക്ക് മുൻഗണന കൊടുക്കുന്നത് ഇവിടെയൊന്നും കാണാൻ കഴിയുന്നില്ല. ഇതുപോലെ തന്നെ സിപിഎമ്മിന്റെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ, എസ്.എഫ്.ഐ, മറ്റു പോഷക സംഘടനകളും ചേർന്ന് ഇതിനോടകം വൃത്തിയാക്കി നൽകിയ വീടുകളുടേയും, ഓഫീസുകളുടേയും എണ്ണത്തിന് കണക്കില്ല. പലപ്രവർത്തകരും വീടുകളിൽ പോലും പോകാതെ ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായിക്കാൻ സന്നദ്ധരായി പ്രവർത്തിക്കുന്ന കാഴ്ചകളും ഇവിടെ കാണാം. നിങ്ങൾ ഒറ്റക്കല്ല, ഞങ്ങളുണ്ട് കൂടെയെന്ന ആശ്വാസവാക്കുകൾ കെടുതിക്കിടയിലും ദുരിതബാധിതരുടേയും മനംനിറക്കുന്ന അവസ്ഥയാണ്.

യുവനിര രംഗത്ത്

പ്രളയബാധിത പ്രദേശങ്ങളിൽ വെള്ളം ഇറങ്ങിയതോടെ ശുചീകരണ പ്രവർത്തനങ്ങളുമായി യുവാക്കൾ രംഗത്തെത്തി. മലപ്പുറം കക്കാട് യുവ കൂട്ടായ്മയുടെ നേതൃത്വത്തിൽ നാൽപതോളം യുവാക്കളാണ് കക്കാട്, തിരൂരങ്ങാടി, കരിമ്പിൽ, കൂരിയാട് പ്രദേശങ്ങൾക്ക് ആശ്വാസമേകി ഇവർ രംഗത്തെത്തിയത്. വെള്ളം ഇറങ്ങുമ്പോൾ തന്നെ ശുചീകരണത്തിന് ആവശ്യമായ ക്ലിനിങ്ങ് കിറ്റുകളും, വെള്ളം അടിച്ചു ഒഴിവാക്കുന്നതിന് ആവശ്യമായ മോട്ടോർ, പൈപ്പ് എന്നിവ ഉപയോഗിച്ചാണ് വീടും, പരിസരവും വീട്ടുപകരണങ്ങളും ശുചീകരണം നടത്തുന്നത്. വെള്ളം ഇറങ്ങിയ ചില പ്രദേശങ്ങളിലേക്ക് എത്തിപ്പെടാൻ സാധിക്കാത്തതിനാൽ തോണി ഉപയോഗിച്ച് വീടുകളിൽ എത്തിയാണ് ശുചീകരണം നടത്തുന്നത്. വീടും പരിസരവും വൃത്തിയാക്കിയ ശേഷം പകർച്ചവ്യാധികൾ തടയുന്നതിന് ആവശ്യമായ ബോധവൽക്കരണം ഇവർ നടത്തുന്നുണ്ട്.

ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള വിഭവങ്ങളുമായി വിദ്യാർത്ഥികൾ

എടപ്പാൾ ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ എൻ എസ് എസ് യൂണിറ്റ് നടത്തിവന്ന കളക്ഷൻ സെന്റിൽ ശേഖരിച്ച വിഭവങ്ങൾ നിലമ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കയറ്റിയയച്ചു. വളാഞ്ചേരി പൊന്നാനി ക്ലസ്റ്ററുകളിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള വിഭവങ്ങളും ഉത്പന്നങ്ങളുമാണ് ചൊവ്വാഴ്ച കാലത്ത് എൻ.എസ് .എസ് യൂണിറ്റുകളുടേയും അദ്ധ്യാപകരുടേയും നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്തിച്ച് നൽകിയത്. പതിനാറോളം വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളാണ് ഇതിൽ പങ്കാളികളായത്. ക്ലസ്റ്റർ കൺവീനർമാരായ മണികണ്ഠൻ, ഷാഹിന, പ്രിൻസിപ്പൽ ഉണ്ണിക്കുട്ടൻ മാസ്റ്റർ, എച്ച് .എം സുനിത ടീച്ചർ, സലാം മാസ്റ്റർ, ഷാജി മാസ്റ്റർ ,എ.ഷാജി മാസ്റ്റർ, പിടിഎ പ്രസിഡണ്ട് റഫീഖ് എടപ്പാൾ പങ്കെടുത്തു.

പ്രളയബാധിതർക്ക് സമാശ്വാസമായി എൻ.എസ്.എസ് വളണ്ടിയർമാർ

ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങൾ സമാഹരിച്ച് നൽകിയും, പ്രളയത്തിലകപ്പെട്ട വീടുകൾ വൃത്തിയാക്കിയും പ്രളയബാധിതർക്ക് സമാശ്വാസമായി മൂന്നിയൂർ ഹയർ സെക്കണ്ടറി സ്‌കൂൾ എൻ.എസ്.എസ് വളണ്ടിയർമാർ. പെരുന്നാൾ ആഘോഷങ്ങൾക്ക് വിട നൽകിയാണ് പ്രളയബാധിതരെ സഹായിക്കാൻ വിദ്യാർത്ഥികൾ രംഗത്തിറങ്ങിയത്. മൂന്നിയൂർ പഞ്ചായത്തിലെ 13, 14, 15 വാർഡുകളിലെ പ്രളയബാധിതർ അധിവസിക്കുന്ന കുന്നത്ത് പറമ്പ് എം.ഐ.എസ്.എം.യു.പി.സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പിലേക്ക് വളണ്ടിയർമാർ ഭക്ഷണ സാധനങ്ങൾ ശേഖരിച്ച് നൽകി. വാർഡ് 13-ലെ വെള്ളമിറങ്ങിയ വീടുകൾ ശുചീകരിച്ച് വാസയോഗ്യമാക്കാനും വിദ്യർത്ഥികൾ മുന്നിട്ടിറങ്ങി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ.പി.അനസ്, വളണ്ടിയർമാരായ നിസാമുദ്ധീൻ, ലബീബ്, സയാൻ, ബി.വിഷ്ണു, നിഖിൽ, എൻ.കെ.മുഹമ്മദ് മിസ്താഹ്, ശാമൽദാസ്, അൻഷിഫ്, അജ്മൽ, ശമീൽ, മുഹമ്മദ് അഫ് ലഹ് തുടങ്ങിയവർ നേതൃത്വം നൽകി.

ദുരിതാശ്വാസ ക്യാമ്പ് ഒരുക്കി ആശ്വാസമേകി

മലപ്പുറം കോടങ്ങാട് വലിയതോടിനു സമീപത്തേ പതിനൊന്ന് കുടുംബാഗങ്ങൾക്ക് കൊടുക്കര പി.പി.എം.ഹൈസ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ഒരുക്കി ആശ്വാസമേകി. സമീപത്തെ മലമുകളിൽ ശക്തമായ മഴവെള്ളം പ്രദേശത്തെ വലിയ തോട് വഴി കരകവിഞ്ഞ് ഒഴുകിയെത്തിയതിനെ തുടർന്നും കുന്നത്തേ ചോലയിലെ വെള്ളമൊഴുക്ക് തടസ്സപ്പെട്ടതിലുമാണ് വലിയതോട് സമീപം വീടിനുള്ളിൽ ഒരു മീറ്ററിലധികം വെള്ളം കയറിയത്. ഹൈവേ റോഡിനു കുറുകെയുള്ള അധിക ഓവുചാലുകൾ ഇപ്പോൾ അപ്രത്യക്ഷമാണെന്നും അരിമ്പ്ര, ചെരുപ്പടി, ചേപ്പിലിക്കുന്ന് എന്നീ മലമുകളിലെ മഴവെള്ളം വലിയതോട് വഴി കടലുണ്ടി പുഴയിലേക്കുള്ള ഒഴുക്ക് തടസ്സപ്പെടുന്നതായും വലിയതോടിനു കുറുകെയുള്ള കോൺക്രീറ്റ് പാലങ്ങളും കാലഹരണപ്പെട്ട വി സി.ബി ഇതെല്ലാം വെള്ളമൊഴുക്കിനെ സാരമായി തടസ്സപ്പെടുത്തുന്നതായി നാട്ടുകാർ ആരോപിക്കപ്പെട്ടു.

ടി.വി.ഇബ്രാഹിം എംഎ‍ൽഎ, കൗൺസിലർമാരായ യു.കെ.മുഹമ്മദ് ഷാ, ഷാഹിത കോയ, പി.മുസ്തഫ, ക്യാമ്പ് കടുംബാംഗങ്ങൾക്ക് വേണ്ട സഹായ നിർദ്ദേശങ്ങൾ നൽകുകയും ക്യാമ്പ് അവസാന ദിവസ ക്ലാസിൽ ആരോഗ്യം പകർച്ചവ്യാധി സംബന്ധിച്ച് ഹെൽത്ത് സൂപ്പർവൈസർ എം.അനിൽകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ കെ.ശിവദാസൻ, പ്രളയ പ്രദേശവുമായി നെടിയിരുപ്പ് വില്ലേജ് ഓഫീസർ സി.കെ.റഷീദ് ക്യാമ്പ് കുടുംബാഗങ്ങൾക്ക് നിർദ്ദേശം നൽകുകയും വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകരെ അഭിനന്ദിക്കുകയും കൗൺസിലർമാരായ കെ.പി.റഹയനത്ത്, പി.അബ്ദുറഹിമാൻ, എ.കെ.അബ്ദുറഹിമാൻ, പി.പി.എം.ഹെയർസെക്കഡറി പ്രിൻസിപ്പാൾ എം.അബ്ദുൽ മജീദ് താലൂക്ക് വിവരാവകാശ സെക്രട്ടറി എൻ.വി.പ്രകാശ് എന്നിവർ സംസാരിച്ചു.

മഹാ ശുചീകരണവുമായി എസ് വൈ എസിന്റെ
അയ്യായിരം വളണ്ടിയർമാർ

മലവെള്ളപ്പാച്ചിലിൽ കല്ലും മണ്ണും വന്നടിഞ്ഞ വീടുകളിൽ മഹാശുചീകരണ പ്രവർത്തനവുമായി എസ്.വൈ.എസ് പ്രവർത്തകർ രംഗത്ത്. അയ്യായിരത്തോളം വോളണ്ടിയർമാരാണ് ദുരന്തഭൂമിയിലും പരിസരങ്ങളിലുമായി ശുചീകരണത്തിലേർപ്പെട്ടത്. കഴിഞ്ഞ ദിവസം മഞ്ചേരി കൺട്രോൾ റൂമിൽ, കേരളമുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ ഫൈസി വണ്ടൂരിന്റെ അധ്യക്ഷതയിൽ കൂടിയ അവലോകന യോഗ തീരുമാനപ്രകാരമാണിന്ന് മഹാ ശുചീകരണ യജ്ഞം നടന്നത്. എസ് വൈ എസ് സാന്ത്വനം, ടീം ഒലീവ്, എസ് എസ്ഫ് വൈപ്പ്‌ലൈൻ ലൻ സന്നദ്ധ പ്രവർത്തകരാണ് ശുചീകരണം നടത്തിയത്. മുട്ടോളം ചെളി നിറഞ്ഞ നിലയിലാണ് ഭൂരിഭാഗം വീടുകളും. ശ്രമകരമായ ജോലിയാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും അതിരാവിലെയെത്തിയ പ്രവർത്തകർ വ്ൃത്തിയാക്കിയത്.

ഇതിനു പുറമെ മലയോര മേഖലയിലെ ദുരിതബാധിതരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും പാലക്കാട്, തൃശൂർ എറണാകുളം ജില്ലകളിൽ നിന്നു എസ് വൈ എസ് ജില്ല, സോൺ, സർക്കിൾ ഭാരവാഹികളുടെ കീഴിൽ സാന്ത്വന വളണ്ടിയർമാരായ നിരവധിയാളുകളും കർമ്മരംഗത്ത് സജീവമാണ്. അരിക്കോട്, എടവണ്ണപ്പാറ, നിലമ്പൂർ എടക്കര സോണുകളിലെ വടശ്ശേരി, മുണ്ടമ്പ്ര പൂങ്കുടി, കീഴുപറമ്പ്, മൈത്ര, കുത്തുപറമ്പ്, താഴത്തങ്ങാടി, തെരട്ടമ്മൽ, എളമരം, മപ്രം, കൊന്നാര്, വാലില്ലാപ്പുഴ, കോലോത്തുംകടവ്, മുണ്ടുമുഴി, വരിപ്പാടം, ആലുങ്ങൽ, പാത്തിപ്പാറ, കരിമ്പൂഴ, പൂച്ചക്കുത്ത്, ഏനാന്തി, മുതീരി, മൈലാടി, നമ്പൂരിപൊട്ടി, ചന്തക്കുന്ന്, നിലമ്പൂർ ടൗൺ, മമ്പാട്, കരുളായി, എടവണ്ണ, കവളപ്പാറ, പാതാർ, കുനിപ്പാല, ഭൂതാനം, വെളുമ്പിയംപാടം, ഞെട്ടിക്കുളംശാന്തിഗ്രാം, ഉപ്പട, പൂച്ചക്കുത്ത്, പനങ്കയം, അംമ്പുട്ടാൻ പൊട്ടി, കൈപ്പിനി, എന്നീ പ്രദേശങ്ങളിലെ നൂറ് കണക്കിന് വീടുകളാണ് വൃത്തിയാക്കിയത്. പെരുന്നാൾ സുദിനത്തിലും മറ്റെല്ലാ ആഘോഷ പരിപാടികളും മാറ്റി വച്ചാണ് പ്രവർത്തകർ ദുരിത പ്രദേശങ്ങളിലെത്തിയത്. ബുധനാഴ്ചയും ദൗത്യം തുടരുമെന്ന് നേതാക്കളായ സി പി സൈതലവി മാസ്റ്റർ, പി എം മുസ്തഫ മാസ്റ്റർ, കെ.പി.ജമാൽ കരുളായി, ബശീർ ചെല്ലക്കൊടി, അസൈനാർ സഖാഫി കുട്ടശ്ശേരി, സിദ്ധീഖ് സഖാഫി വഴിക്കടവ്, ശരീഫ് നിസാമി, യൂസുഫ് പെരിമ്പലം അറിയിച്ചു.

വോളണ്ടിയർമാർക്ക് പരിശീലനം നൽകി

പ്രളയാനന്തര ശുചീകരത്തിന് ഏർപ്പെടുന്ന സാന്ത്വനം വളണ്ടിയർമാർക്കായി തിരൂരങ്ങാടി സോൺ എസ്.വൈ.എസിന്റെ നേതൃത്വത്തിൽ രണ്ട് കേന്ദ്രങ്ങളിൽ പ്രളയാനന്തര ശുചീകരണ യജ്ഞം പരിശീലന ക്ലാസ് നടത്തി. തിരൂരങ്ങാടി വലിയപള്ളി നൂറുൽ ഹുദാ കേന്ദ്ര മദ്റസയിൽ നടന്ന പരിപാടി ഗവ: താലൂക്കാശുപത്രിയിലെ ഡോ: നൂറുദ്ദീൻ റാസി ഉദ്ഘാടനം ചെയ്തു. അബ്ദുറഊഫ് സഖാഫി, സി.കെ. നഗർ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ വി. പ്രശാന്ത്, സി.എച്ച്. മുജീബുറഹ്മാൻ ക്ലാസിന് നേതൃത്വം നൽകി. എൻ.എം. സൈനുദ്ദീൻ സഖാഫി, അബ്ദുൽ മജീദ് സൈനി, മൻസൂർ സഅദി, ഹമീദ് തിരൂരങ്ങാടി സംബന്ധിച്ചു. പരപ്പനങ്ങാടി തഅലീമുൽ ഇസ്ലാം കോംപ്ലക്സിൽ നടന്ന പരിപാടിയിൽ സയ്യിദ് മുഹ്സിൻ സഖാഫി അധ്യക്ഷത വഹിച്ചു. ഡോ :അബൂബക്കർ ക്ലാസിന് നേതൃത്വം നൽകി. ശംസുദ്ദീൻ ഇംദാദി സംസാരിച്ചു.
പ്രളയ ശുചീകരണയജ്ഞ പരിപാടിക്ക് തവനൂരിൽ തുടക്കമായി

പ്രളയ ശുചീകരണയജ്ഞ പരിപാടിക്ക് തവനൂരിൽ തുടക്കമായി.തവനൂർ പഞ്ചായത്തിലെ നരിപ്പറമ്പ് നാല് സെന്റ് ,മാത്തൂർ വെള്ളേ പാടം, നേഡറ്റ് എന്നിവിടങ്ങളിലാണ് പ്രളയം ബാധിച്ചത്.ശുചീയരണ യജ്ഞ പരിപാടി പമ്പ് ഹൗസ് നാല് സെന്റ് കോളനി ശുചീകരിച്ചു കൊണ്ട് പഞ്ചായത്ത് പ്രസിഡണ്ട് പി.പി.അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു. വില്ലേജ് ഓഫീസർ ഇ.ടി.രമണി ,ടി.വി.ശിവദാസ്, പി.മോഹൻദാസ്, ടി.അബ്ദുൾ സെലീം, രാജേഷ് പ്രശാന്തിയിൽ, പി.വി. സെക്കീർ ,കൃഷ്ണകുമാർ ,പി.എസ്‌ഐശ്വര്യ, ടി.ഡി.ജയൻ നേതൃത്വം നൽകി. പഞ്ചായത്തിന്റെ നേതൃത്വത്തിൽ റവന്യു, ആരോഗ്യം, ജനമൈത്രി പൊലീസ് തവനൂർ സർക്കാർ കോളേജ് എൻ.എസ്. എസ് വിദ്യാത്ഥികളും പങ്കെടുത്തു.

കൈതാങ്ങായി ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സിയും

തിമർത്തു പെയ്തിറങ്ങിയ മഴവെള്ളപ്പാച്ചിലിൽ സർവ്വതും നഷ്ടപ്പെട്ടു വിറങ്ങലിച്ചു നിൽക്കുന്ന മലപ്പുറം ജില്ലയിലെ പ്രളയബാധിതരെ സഹായിക്കുന്നതിനായി ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി അടിയന്തര യോഗം ചേർന്നു വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചു. അവധിക്കു നാട്ടിൽ പോയ മലപ്പുറം ജില്ലയിലെ സംസ്ഥാ -ജില്ല - മണ്ഡലം ഭാരവാഹികൾ എത്രയും പെട്ടെന്ന് നാട്ടിൽ അടിയന്തിര യോഗം ചേർന്നു ദുരിതാശ്വാസ കേമ്പുകളിൽ ഏറ്റവും അത്യാവശ്യമായി ചെയ്യേണ്ട ഇടപെടലുകൾ നടത്തുന്നതാണ്. മണ്ഡലം കെ.എം.സി.സി കമ്മിറ്റികളുടെ നേതൃത്യത്തിൽ ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കും. ചെമ്മുക്കൻ യാഹു മോൻ അധ്യക്ഷത വഹിച്ചു. പി.കെ. അൻവർ നഹ യോഗം ഉൽഘടനം ചെയ്തു. വിവിധ മണ്ഡലം കമ്മിറ്റി നേതാക്കൾ പ്രാദേശിക സാഹചര്യങ്ങൾ വിശദീകരിച്ചു.

എതാണ്ട് 10 ലക്ഷം രൂപയുടെ വിവിധ സഹായങ്ങൾ മണ്ഡലം - ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കും.ദുരിതാശ്വാസ കേമ്പുകളിൽ കഴിയന്നവർ വീടുകളിലേക്ക് തിരിച്ചു പോകുമ്പോൾ അവരുടെ പുനരധിവാസ വേളയിൽ അത്യാവശ്യമായ സഹായങ്ങൾ നൽകുന്നത് ഉൾപ്പെടെ മലപ്പുറം ജില്ലാ കെ.എം.സി.സി നടത്തുന്ന പ്രവർത്തനങ്ങൾ മലപ്പുറം ജില്ലാ യൂത്ത് ലീഗുമായി കൈകോർത്തായിരിക്കും നടപ്പിലാക്കുക. പ്രളയബാധിതർക്കൊപ്പം കൈത്താങ്ങായി ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി.പദ്ധതി കോഡിനേറ്റ് ചെയ്യുന്നതിനായി ജലീൽ കൊണ്ടോട്ടി, എ.പി.നൗഫൽ, ശിഹാബ് ഏറനാട് എന്നിവരെ ജില്ലാ കമ്മിറ്റി ചുമതലപ്പെടുത്തി. ആവയിൽ ഉമ്മർഹാജി, സിദ്ധീഖ് കാലൊടി, ഫഖറുദ്ദീൻ മാറാക്കര, സി.വി.അഷ്റഫ് എന്നിവരെ നാട്ടിലും കോ.ഓർഡിനേറ്റർമാരായി ചുമതലപ്പെടുത്തി.പ്രയാസമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ നമുക്ക് പ്രയത്നിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP