Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കഴിഞ്ഞ പ്രളയം തകർത്തെറിഞ്ഞതെല്ലാം തിരിച്ചുപിടിക്കാൻ കൈത്താങ്ങുനൽകുമെന്ന വാഗ്ദാനം വീൺവാക്ക്; ഭൂമിക്കോ തുടർകൃഷിക്കോ സഹായം അനുവദിക്കാതെ സർക്കാരിന്റെ കടുത്ത അവഗണന; ആകെ ആശ്വാസം ഇത്തവണ കാലവർഷം വെറുതെ വിട്ടത് മാത്രം; കൊട്ടിയൂരിലെ മലയോരമേഖലയിലെ കുടിയേറ്റ കർഷകർ കുടിയിറക്കിലേക്ക്; വരാൻ പോകുന്നത് തനത് ഭക്ഷ്യവിളകളുടെ ക്ഷാമം

കഴിഞ്ഞ പ്രളയം തകർത്തെറിഞ്ഞതെല്ലാം തിരിച്ചുപിടിക്കാൻ കൈത്താങ്ങുനൽകുമെന്ന വാഗ്ദാനം വീൺവാക്ക്; ഭൂമിക്കോ തുടർകൃഷിക്കോ സഹായം അനുവദിക്കാതെ സർക്കാരിന്റെ കടുത്ത അവഗണന; ആകെ ആശ്വാസം ഇത്തവണ കാലവർഷം വെറുതെ വിട്ടത് മാത്രം; കൊട്ടിയൂരിലെ മലയോരമേഖലയിലെ കുടിയേറ്റ കർഷകർ കുടിയിറക്കിലേക്ക്; വരാൻ പോകുന്നത് തനത് ഭക്ഷ്യവിളകളുടെ ക്ഷാമം

രഞ്ജിത്ത് ബാബു

കണ്ണൂർ: കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ കഴിഞ്ഞ 7 ാം തീയ്യതി മുതൽ പെയ്ത പേമാരി കൊട്ടിയൂർ മേഖലയെ കാര്യമായി ബാധിച്ചില്ല. കഴിഞ്ഞ വർഷത്തെ ഉരുൾ പൊട്ടലിലും വെള്ളപ്പൊക്കത്തിലും വീടുകളും കൃഷിഭൂമികളും നഷ്ടപ്പെട്ട ജനത്തിന് പ്രകൃതി ആശ്വാസം നൽകുകയായിരുന്നു. എന്നാൽ 2018 ലെ പ്രളയ ദുരന്തം കൊട്ടിയൂർ മേഖലയെ ആകെ മാറ്റി മറിച്ചിരിക്കയാണ്. നെല്ലിയോടി മലയിലും ചപ്പമലയിലുമുണ്ടായ വൻ ഉരുൾ പൊട്ടലും മലവെള്ളപ്പാച്ചിലിലും വീടുകൾ നഷ്ടപ്പെടുകയും കൃഷിഭൂമി ഒലിച്ചു പോവുകയും ചെയ്ത ജനത കുടിയിറക്കത്തിന്റെ പാതയിലാണ്.

ഈ മേഖലയിൽ ഒരു കോടിയിലേറെ രൂപയുടെ കാർഷിക നഷ്ടം മാത്രമാണ് അധികൃതർ കണക്കാക്കിയിട്ടുള്ളത്. ഇത് കാർഷിക വിളകളുടെ മാത്രം നാശനഷ്ടമാണ്. ഒലിച്ചു പോയ കൃഷിഭൂമികളുടെ നഷ്ടം ഔദ്യോഗികമായി തിട്ടപ്പെടുത്തുകയോ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ജീവിതോപാധികൾ പൂർണ്ണമായും തകർത്തെറിയപ്പെട്ട നൂറുക്കണക്കിന് കർഷകർ ഈ മലയോര മേഖലയിലുണ്ട്. നശിപ്പിക്കപ്പെട്ട കൃഷിഭൂമിക്ക് നഷ്ടപരിഹാരമോ അത് തുടർന്ന് കൃഷി ഭൂമിയാക്കാനുള്ള സഹായമോ നൽകാനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചിരുന്നുമില്ല.

ബാവലി പുഴ മാറിയൊഴുകിയതിന്റെ ദുരിതം അനുഭവിക്കുന്ന കർഷകർ ഒട്ടേറെയാണ്. ചുങ്കക്കുന്ന് പാലം മുതൽ പാമ്പറപ്പാൻ പാലം വരെ കൃഷിഭൂമി ഒഴുകിയ കർഷകർ നിരവധിയാണ്. തെങ്ങിൻ തോട്ടം പൂർണ്ണമായും നഷ്ടപ്പെട്ട ഷാജു പൗലോസ് മുതൽ നഷ്ടങ്ങളുടെ കണക്ക് പറയാൻ നിരവധി പേരുണ്ടിവിടെ. വർഷങ്ങൾക്ക് മുമ്പ് കുടിയേറിയ കർഷകർക്ക് കൃഷിയെന്നു പറയാൻ ഇനിയൊന്നുമില്ല. കൃഷിയെന്ന തൊഴിൽ മേഖലയിൽ നിന്നും തിരിച്ചിറങ്ങാനുള്ള പ്രവണതക്ക് ആവർത്തിച്ചുള്ള പ്രളയവും സർക്കാർ ഭാഗത്തു നിന്നുള്ള അവഗണനയും ആക്കം കൂട്ടുകയാണ്. മലയോര മേഖലകളിൽ നിന്നും വിപണിയിലെത്തുന്ന പച്ചക്കറിയുൾപ്പെടെയുള്ള സാധനങ്ങൾക്ക് കഴിഞ്ഞ ഒരു വർഷത്തോളമായി ക്ഷാമം നേരിടുകയാണ്. പകരം അന്യ സംസ്ഥാനങ്ങളായ കർണാടകത്തിന്റേയും തമിഴ്‌നാടിന്റേയും പച്ചക്കറികൾ വിപണി കീഴടക്കുകയും ചെയ്യുന്നു. കർഷകരെ തുടർ കൃഷിയിലേക്ക് തിരിച്ച് കൊണ്ടു വരുവാനുള്ള യാതൊരു ശ്രമവും സർക്കാർ ഭാഗത്തു നിന്നും ഉണ്ടാകുന്നുമില്ല. അതുകൊണ്ടു തന്നെ കേരളത്തിന്റെ തനത് ഭക്ഷ്യ വിളകൾക്ക് ഗുരുതരമായ ക്ഷാമം ഉണ്ടാകുമെന്ന തിരിച്ചറിവ് അധികാരികൾക്ക് ഇനിയുമുണ്ടായിട്ടില്ല.

വാഴ, കപ്പ, മറ്റ് പച്ചക്കറികൾ എന്നീ ഹ്രസ്വകാല കൃഷികൾക്ക് പോലും കർഷകർ താത്പര്യം കാട്ടാനാവാത്ത വിധം അകലുകയാണ്. നിലവിൽ ഇത്തരം പച്ചക്കറികൾക്ക് അന്യ സംസ്ഥാനങ്ങളെ ആശ്രയിച്ചു കഴിയുന്ന കേരളത്തിന് ഇത് കനത്ത തിരിച്ചടിയായി മാറും. ഉരുൾപൊട്ടി ഒഴുകിയ പ്രളയ ജലത്തിൽ നിന്നും രക്ഷപ്പെട്ടവർ താമസ യോഗ്യമല്ലാത്ത വീടുപേക്ഷിച്ച് മറ്റൊരിടത്തേക്ക് താമസം മാറാനുള്ള ശ്രമത്തിലാണ്. ഇനി കൃഷിയിറക്കിയാലും അടുത്ത വിളവെടുക്കാനാവുമോ എന്ന് ഒരു ഉറപ്പുമില്ല. പതിറ്റാണ്ടുകളായി കൃഷി ചെയ്തു പോന്നിരുന്നവർ ദീർഘകാല കൃഷികളായ തെങ്ങും കവുങ്ങും ഉപേക്ഷിച്ചു കഴിഞ്ഞു.

മലയോരം ഉപേക്ഷിച്ച് സുരക്ഷിത കേന്ദ്രങ്ങളിൽ താമസിക്കാനുള്ള വ്യഗ്രതയിലാണ് കുടിയേറ്റ കർഷകർ. പ്രകൃതി ക്ഷോഭം ഇത്തവണ കൊട്ടിയൂരിനെ ബാധിച്ചില്ലെങ്കിലും സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ ഒരു ഉറപ്പുമില്ല. ഭൂമി വിണ്ടു കീറിയതും ഗർത്തങ്ങൾ രൂപപ്പെട്ടതും എല്ലാം ജനങ്ങൾ ദുസ്സൂചനയോടെയാണ് കാണുന്നത്. അതുപോലെ തന്നെ കർണ്ണാടക വനത്തിൽ നിന്നുള്ള ഉരുൾ പൊട്ടൽ ഭീഷണിയും കൊട്ടിയൂർ മേഖലയിലുള്ളവരുടെ ഉറക്കം കെടുത്തും. അഞ്ച് പതിറ്റാണ്ട് മുമ്പ് തിരുവിതാംകൂറിൽ നിന്ന് കുടിയേറിയവർ മലബാറിൽ അവരുടേതായ ഒരു കാർഷിക സംസ്‌ക്കാരത്തിന് തുടക്കം കുറിച്ചിരുന്നു. അതിന് പരിസമാപ്തിയാകുമോ ഇത്തരം പ്രകൃതി ദുരന്തങ്ങൾ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP