Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സേനകളുടെ ഏകോപനത്തിന് പ്രതിരോധ മേധാവി; സ്വാതന്ത്ര്യദിന സന്ദേശത്തിനിടെ സുപ്രധാനമായ പുതിയ സൈനിക തസ്തിക പ്രഖ്യാപിച്ച് നരേന്ദ്ര മോദി; കര, വ്യോമ, നാവിക സേനാ മേധാവികൾക്ക് മുകളിലായിരിക്കും പുതിയ പ്രതിരോധ മേധാവിയുടെ പദവിയെന്ന് സൂചന; സുരക്ഷാസേനകൾ നമ്മുടെ അഭിമാനമാണെന്നും സേനാ നവീകരണത്തിലേക്ക് കടക്കേണ്ട സമയമെന്നും മോദി; കാർഗിൽ യുദ്ധത്തിന് ശേഷം ഉയർന്ന ആവശ്യം നടപ്പിലാക്കാൻ ഒരുങ്ങി ബിജെപി സർക്കാർ

സേനകളുടെ ഏകോപനത്തിന് പ്രതിരോധ മേധാവി; സ്വാതന്ത്ര്യദിന സന്ദേശത്തിനിടെ സുപ്രധാനമായ പുതിയ സൈനിക തസ്തിക പ്രഖ്യാപിച്ച് നരേന്ദ്ര മോദി; കര, വ്യോമ, നാവിക സേനാ മേധാവികൾക്ക് മുകളിലായിരിക്കും പുതിയ പ്രതിരോധ മേധാവിയുടെ പദവിയെന്ന് സൂചന; സുരക്ഷാസേനകൾ നമ്മുടെ അഭിമാനമാണെന്നും സേനാ നവീകരണത്തിലേക്ക് കടക്കേണ്ട സമയമെന്നും മോദി; കാർഗിൽ യുദ്ധത്തിന് ശേഷം ഉയർന്ന ആവശ്യം നടപ്പിലാക്കാൻ ഒരുങ്ങി ബിജെപി സർക്കാർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ സുപ്രധാന സൈനിക തസ്തിക പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സേനകൾ തമ്മിലുള്ള ഏകോപനം കൂടുതൽ മെച്ചപ്പെടുത്താൻ പ്രതിരോധ മേധാവിയെ(ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്-സി ഡി എസ്) നിയമിക്കുമെന്ന് പ്രധാനമന്ത്രി ചെങ്കോട്ടയിലെ പ്രസംഗത്തിൽ അറിയിച്ചു. സുരക്ഷാ സേനയുടെ നവീകരണത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.

സുരക്ഷാസേനകൾ നമ്മുടെ അഭിമാനമാണ്. സേനകൾ തമ്മിലുള്ള ഏകോപനം കൂടുതൽ മെച്ചപ്പെടുത്താൻ, ഞാൻ ഇന്നൊരു പ്രധാന തീരുമാനം പ്രഖ്യാപിക്കുകയാണ്. ഇന്ത്യക്ക് ഇനിമുതൽ ചീഫ് ഓഫ് ഡിഫൻസ് ഉണ്ടാകും. ഇത് സേനകളെ കൂടുതൽ ശക്തമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കര, വ്യോമ, നാവിക സേനാ മേധാവികൾക്ക് മുകളിലായിരിക്കും പുതിയ പ്രതിരോധ മേധാവിയുടെ പദവി എന്നാണ് സൂചന. ഇത് പ്രാബല്യത്തിലാകുന്നതോടെ ഫലത്തിൽ മൂന്നു സേനാ വിഭാഗങ്ങൾക്കും കൂടി ഒരു പൊതുതലവൻ ഇനി രാജ്യത്തുണ്ടാകും.

കാർഗിൽ യുദ്ധത്തിന് ശേഷം ഏകോപനത്തിനായി പുതിയ സൈനിക മേധാവി വേണമെന്ന ആവശ്യം ഉയർന്നിരുന്നു. ഈ ആവശ്യം വീണ്ടും പൊടിതട്ടി എടുത്തത് മനോഹർ പരീക്കർ പ്രതിരോധമന്ത്രി ആയിരിക്കവേയാണ്. കാർഗിൽ യുദ്ധം അവലോകനം ചെയ്ത് സമിതി സൈനിക ഏകോപനത്തിനായി പുതിയ തസ്തിക വേണെന്ന നിർദ്ദേശം മുന്നോട്ടു വെച്ചിരുന്നു. രാഷ്ട്രീയമായി തീരുമാനങ്ങൾ കൂടുതൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ഇത്തരമൊരു തസ്തിക സൃഷ്ടിക്കുന്നത്.

സൈന്യത്തിന്റെ കാര്യക്ഷമതയും പ്രഹര ശേഷിയും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ആദ്യ ഘട്ട പരിഷ്‌കാരങ്ങൾക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയം അടുത്തിടെ അഗീകാരം നല്കിയിരുന്നു. ഡൽഹിയിലെ സൈനിക ആസ്ഥാനത്തു നിന്ന് 229 ഉദ്യോഗസ്ഥന്മാരെ പാക്കിസ്ഥാൻ, ചൈന അതിർത്തികളിലേക്ക് പുനർവിന്യസിക്കാനുള്ളതാണ് ഏറ്റവും പ്രധാന തീരുമാനം. സേനാ ആസ്ഥാനത്തെ 20 ശതമാനം ഉദ്യോഗസ്ഥരെയാണ് ഒറ്റയടിക്ക് അതിർത്തിയിൽ വിന്യസിക്കുന്നത്.

പുതിയതായി ഡെപ്യൂട്ടി ചീഫ് ഓഫ് ദി ആർമി സ്റ്റാഫ് സ്ട്രാറ്റജി (ഡിസിഒഎഎസ്) എന്ന തസ്തികയും സൃഷ്ടിക്കുന്ന വിവരവും ഈ ശുപാർശയിൽ പറയുന്നുണ്ട്. സൈനിക ഓപ്പറേഷനുകൾ, സൈനിക ഇന്റലിജൻസ്, തന്ത്രപരമായ ആസൂത്രണം, സൈനിക ചരക്ക് നീക്കം എന്നിവയുടെ ചുമതലയാണ് ഡിസിഒഎഎസിൽ നിക്ഷിപ്തമാവുക. നിലവിൽ ഡിജിഎംഒ( ഡയറക്റ്റർ ജനറൽ മിലിട്ടറി ഓപ്പറേഷൻ), ഡിജിഎംഐ (ഡയറക്റ്റർ ജനറൽ മിലിട്ടറി ഇന്റലിജൻസ്) എന്നീ പദവികളാണ് ഉള്ളത്. പുതിയ വിവര സാങ്കേതികതാ യുദ്ധ വിഭാഗം രൂപീകരിക്കാനും പ്രതിരോധ മന്ത്രി അനുമതി നൽകിയിട്ടുണ്ട്. ഭാവിയിലെ സൈബർ യുദ്ധങ്ങളും വെല്ലുവിളികളും സാമൂഹ്യ മാധ്യമ സാഹചര്യങ്ങളും കണക്കിലെടുത്താണ് ഈ വിഭാഗം ആരംഭിക്കുന്നത്. സുതാര്യത ഉറപ്പാക്കാൻ വിജിലൻസ്, മനുഷ്യാവകാശം എന്നീ വിഭാഗങ്ങളുടെ രണ്ട് ബ്രാഞ്ചുകൾ ആരംഭിക്കാനും തീരുമാനമായി.

ഒക്റ്റോബറിൽ ഉന്നത സൈനിക ഉദ്യോഗസ്ഥരാണ് പരിഷ്‌കാര നിർദ്ദേശങ്ങൾ തയാറാക്കിയത്. 12 പഠനങ്ങളാണ് ഇതു സംബന്ധിച്ച് നടത്തിയത്. സുപ്രധാന കമാൻഡുകളിലെ പ്രായപരിധി കുറയ്ക്കുക, ഓഫീസർ കേഡറിന്റെ പുനഃസംഘടന, വൻതോതിൽ ഉയരുന്ന റവന്യൂ ചെലവിന്റെ നിയന്ത്രണം, സൈനികരുടെ എണ്ണം ശരിയായ നിലയിലേക്കെത്തിക്കുക തുടങ്ങി നിർണായക നിർദ്ദേശങ്ങളാണ് നടപ്പാക്കുക. യുദ്ധകാല അടിസ്ഥാനത്തിൽ പരിഷ്‌കാരങ്ങൾ നടപ്പാക്കുക എന്നാണ് സൂചന.

കാശ്മീർ വിഷയത്തിൽ അടക്കം പാക്കിസ്ഥാനുമായി സംഘർഷം ഉടലെടുത്തിരിക്കുന്ന സാഹചര്യത്തിലാണ് സ്വാതന്ത്ര്യദിനത്തിൽ പുതിയ സൈനിക തസ്തിക സൃഷ്ടിക്കുന്ന കാര്യം പ്രധാനമന്ത്രി വെളിപ്പെടുത്തിയത് എന്നതും ശ്രദ്ധേയമാണ്. ഇത് പാക്കിസ്ഥാനുള്ള മുന്നറിയിപ്പായും വ്യാഖ്യാനിക്കപ്പെടുന്നു. അതേസയമം കാലങ്ങളായി തുടരുന്ന സമ്പ്രദായത്തെ പൊളിച്ചെഴുതുമ്പോൾ അത് സേനാ വിഭാഗങ്ങൾക്കിടയിലും എതിർപ്പിന് ഇടയാക്കുമെന്ന ആശങ്കയും സജീവമാണ്.

അതിനിടെ ഉറിയിലേക്കുള്ള പാക് സേനയുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യൻ സൈന്യം തകർത്തതായി റിപ്പോർട്ട്. ചൊവ്വാഴ്ചയാണ് പാക് സേനയുടെ പിന്തുണയോടെ ഭീകരർ ഉറി സെക്ടറിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചത്. സ്വാതന്ത്ര്യദിനാഘോഷത്തിന് രണ്ടുദിവസം മുൻപാണ് പാക്കിസ്ഥാന്റെ പ്രകോപനം.പാക് ഭീകരഗ്രൂപ്പുകളെ ഇന്ത്യയിലേക്ക് കടത്തിവിടാനുള്ള ശ്രമമാണ് പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് എൻ.ഐ.എ വൃത്തങ്ങൾ പറഞ്ഞു. കാശ്‌നീരിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയായിരുന്നു പാക്കിസ്ഥാന്റെ ലക്ഷ്യം. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള ഏതുനീക്കവും നേരിടാൻ തയ്യാറെന്ന് സേനാവൃത്തങ്ങൾ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP