Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രളയം ദുരിതം വിതച്ച ഇടങ്ങളിൽ ടൺ കണക്കിന് സ്‌നേഹം കയറ്റി അയച്ച് ഷൈൻ ചെയ്ത് മേയർ ബ്രോ പ്രശാന്ത്; ഫേസ്‌ബുക്ക് തുറന്നാൽ തിരുവനന്തപുരം കോർപറേഷൻ ദുരിതാശ്വാസ വണ്ടികൾ വയനാട് ചുരം കയറുന്ന കാഴ്ചകൾ മാത്രം; ബ്രോയേക്കാൾ സീനിയറായ കൊച്ചി മേയർ സൗമിനി ജെയിൻ എവിടെ എന്ന ചോദിച്ച് പ്രചാരണവും ട്രോളുകളും; പ്രതികരിക്കാനില്ലെന്നും ദുരിതാശ്വാസപ്രവർത്തനം സജീവമെന്നും സൗമിനി ജെയിൻ

പ്രളയം ദുരിതം വിതച്ച ഇടങ്ങളിൽ ടൺ കണക്കിന് സ്‌നേഹം കയറ്റി അയച്ച് ഷൈൻ ചെയ്ത് മേയർ ബ്രോ പ്രശാന്ത്; ഫേസ്‌ബുക്ക് തുറന്നാൽ തിരുവനന്തപുരം കോർപറേഷൻ ദുരിതാശ്വാസ വണ്ടികൾ വയനാട് ചുരം കയറുന്ന കാഴ്ചകൾ മാത്രം; ബ്രോയേക്കാൾ സീനിയറായ കൊച്ചി മേയർ സൗമിനി ജെയിൻ എവിടെ എന്ന ചോദിച്ച് പ്രചാരണവും ട്രോളുകളും; പ്രതികരിക്കാനില്ലെന്നും ദുരിതാശ്വാസപ്രവർത്തനം സജീവമെന്നും സൗമിനി ജെയിൻ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: തിരുവനന്തപുരം കോർപറേഷന്റെ ദുരിതാശ്വാസ വണ്ടികൾ വയനാട് ചുരം കയറുന്ന കാഴ്ചകളാണ് സിപിഎം സൈബർ കമ്യൂണുകളിൽ മുഴുവൻ. തെക്കനും വടക്കനുമൊനന്നുമല്ല, മലയാളികൾ ഒറ്റക്കെട്ടാണെന്ന പ്രഖ്യാപനത്തോടെ, പ്രളയം ദുരിതം വിതച്ച ഇടങ്ങളിലേക്ക് ടൺ കണക്കിന് സ്‌നേഹം കയറ്റി അയച്ച് താരമായിരിക്കുകയാണ് കോർപറേഷൻ മേയർ വി.കെ.പ്രശാന്ത്. മേയർ ബ്രോ എന്ന ഓമനപ്പേരോടെ പ്രശാന്ത് സോഷ്യൽ മീഡിയയിൽ തിളങ്ങുകയാണ്. ഒപ്പം വിമർശനങ്ങളും ഏറെയാണ്. എന്നാൽ, തിരുവനന്തപുരം മേയറെയും കൊച്ചി മേയർ സൗമിനി ജയിനിനെയും താരമന്യം ചെയ്തുകൊണ്ടാണ് ചില സൈബർ സഖാക്കൾ തന്നെ രംഗത്തിറങ്ങിയിരിക്കുന്നത്.

സൗമിനി ജെയിനിനേക്കാൾ ജൂനിയറായ പ്രശാന്ത് കയറ്റ് അയച്ച ലോഡുകൾ സെഞ്ചുറി തികയ്ക്കാനായി കുതിക്കുമ്പോൾ കൊച്ചി മേയർ എന്താണ് ചെയ്യുന്നതെന്നാണ് ചോദ്യം. ഇതുമായി ബന്ധപ്പെട്ട് സൗമിനി ജയിനിനെതിരെ വ്യാപക പ്രചാരണമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ഓഗസ്റ്റ് ഒന്നിന് ശേഷം മേയറെ ഒന്നുകാണാൻ പോലും കിട്ടുന്നില്ല. നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വത്തിനായി കരുക്കൾ നീക്കുന്ന തിരക്കിലാണ്, കസേര ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്, എന്നിങ്ങനെ പോകുന്നു പരിഹാസങ്ങളും കുത്തുകളും. എന്നാൽ, തനിക്കെതിരെയുള്ള ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് സൗമിനി ജെയിന്റെ പ്രതികരണം.

സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങളോട് പ്രതികരിക്കാനില്ല. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കൊച്ചി നഗരസഭയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നൽകുമെന്നും അവർ പറഞ്ഞു. അതേസമയം, കൊച്ചി മേയർക്കെതിരെയുള്ള സൈബർ ആക്രമണങ്ങളിൽ കുറവൊന്നുമില്ല. കഴിഞ്ഞ ദിവസം, മാധ്യമ പ്രവർത്തക ബീന സണ്ണി ഫേസ്‌ബുക്കിൽ സൗമിനി ജയിനിന് എഴുതിയ തുറന്ന കത്ത് വൈറലാകുകയും ചെയ്തു.

ബീന സണ്ണിയുടെ കത്ത് ഇങ്ങനെ:

ഞങ്ങളുടെ പ്രിയ നഗര മാതാവ് Soumini Jain സൗമിനി മാഡത്തിന്,

മാഡം....

കേരള സംസ്ഥാനത്തിലെ ചില പ്രദേശങ്ങൾ. വിശിഷ്യാ മലപ്പുറം, വയനാട് ജില്ലകളിലെ ചില കേന്ദ്രങ്ങൾ. പ്രകൃതി ക്ഷോഭത്തിൽ കഷ്ടപ്പെടുന്ന വിവരം വാർത്താ മാധ്യമങ്ങൾ മുഖേന താങ്കൾ അറിഞ്ഞ് കാണും എന്ന് കരുതുന്നു.

കഴിഞ്ഞ പ്രളയകാലത്ത് നഗര പ്രദേശത്തെ പ്രളയ ബാധിതരെ ഒന്ന് കാണാൻ പോലും തയ്യാറാവാതിരുന്ന താങ്കൾക്ക്, ആ ന്യൂനത തന്റെ മകളുടെ വിവാഹ സൽക്കാരത്തിനായി മാറ്റി വെച്ച തുക പ്രളയ ദുരിതാശ്വാസത്തിനായി നൽകും എന്ന മാധ്യമങ്ങളുടെ മുന്നിലെ ഒറ്റ പ്രഖ്യാപനം കൊണ്ട് മായ്ക്കാൻ സാധിച്ചു. എന്നാൽ ഈ പ്രളയത്തിന് ശേഷം, വിശിഷ്യാ ഓഗസ്റ്റ് ഒന്നിന് ശേഷം താങ്കളെ കാണാൻ പോലും കിട്ടുന്നില്ല എന്നാണ് ശത്രുക്കൾ പറയുന്നത്.

ഞ്ഞങ്ങൾക്കറിയാം, താങ്കൾ താങ്കളുടെ കസേര ഉറപ്പിച്ച് നിർത്തുന്നതിനായി വലിയ നെട്ടോട്ടത്തിൽ ആണെന്ന കാര്യം. താങ്കൾ ഒന്ന് അയഞ്ഞ് കൊടുത്താൽ ആ ഷൈനി മാത്യു താങ്കളെ താഴെയിറക്കി അവിടെ ഇരിക്കും എന്നും അറിയാം. ഇതിനിടയിൽ വരാൻ പോകുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വത്തിനായി കരുക്കൾ നീക്കുന്ന തിരക്കിൽ ആണെന്നും അറിയാം....

ഇതൊന്നും അറിയാഞ്ഞിട്ടല്ല മാഡം. പക്ഷേ, കേരളത്തിലെ ഏറ്റവും വലിയ, ഏറ്റവും അധികം വരുമാനം ലഭിക്കുന്ന, ഏറ്റവും അധികം വ്യാപാര വ്യവസായ സ്ഥാപനങ്ങൾ ഉള്ള.... എന്നിവയൊക്കെ ആയ കൊച്ചി കോർപറേഷൻ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എന്ത് ചെയ്തു എന്ന തിരുവനന്തപുരംകാരുടെയൊക്കെ ചോദ്യത്തിന് മുന്നിൽ ഞ്ഞങ്ങൾ, താങ്കളുടെ പ്രജകൾ, പരുങ്ങുകയാണ് മാഡം....

അവിടെ, തിരുവനന്തപുരത്ത് താങ്കളേക്കാൾ ജൂനിയറായ ഒരു ചെറുപ്പക്കാരന്റെ നേതൃത്വത്തിൽ പത്തോ അറുപതോ ലോഡ് സാധനങ്ങൾ മലപ്പുറത്തേക്കും വയനാട്ടിലേക്കും കയറ്റി വിട്ടു എന്നാണ് അവന്മാർ വീമ്പ് പറയുന്നത്. ഫേസ്‌ബുക്ക് തുറന്നാൽ ന്യൂസ് ഫീഡിൽ വരുന്നത് മുഴുവൻ ഇവന്മാരുടെ ലോഡിന്റെ കണക്കാണ്.... ഭയങ്കര അഹങ്കാരമായിരിക്കുകയാണ് മാഡം അവിടത്തെ ജനങ്ങൾക്ക്. ആ വി കെ പ്രശാന്ത് എന്ന് പറയുന്ന ഒരു കമ്മിയുടേ കഴിവിന് പുറത്താണ് അവന്മാർ അഹങ്കരിക്കുന്നത്....

നമുക്ക് ഇപ്പോഴും സമയം അതിക്രമിച്ചിട്ടില്ല മാഡം. താങ്കൾ തയ്യാറാണെങ്കിൽ ഞ്ഞാനും എന്റെ സുഹൃത്തുക്കളും ഒരു അഞ്ച് പെട്ടി ഓട്ടോയെങ്കിലും മലപ്പുറം വരെയുള്ള വാടക കൊടുത്ത് റെഡിയാക്കാം. 'നഗര മാതാവ്' എന്ന താങ്കളുടെ വിലയേറിയ പദവി വെച്ച് ആ ബ്രോഡ് വേ, മേനക, എംജി റോഡ് എന്നിവിടങ്ങളിൽ ഒന്ന് കറങ്ങിയാൽ ഈ അഞ്ച് ലോഡ് നമുക്ക് ഇന്ന് തന്നെ കയറ്റി വിടാനാകും. കാരണം നന്മയുടെ ഉറവ വറ്റാത്ത ജനങ്ങൾ കൊച്ചിയിലും ധാരാളമുണ്ട് മാഡം. ബ്രോഡ് വേയിലെ നൗഷാദിന്റെ കഥയൊക്കെ മാഡവും കണ്ട് കാണുമല്ലോ?

ദീർഘിപ്പിക്കുന്നില്ല...

കൊല്ലത്ത് നിന്നുള്ള പിള്ളേര് വരെ തിരുവനന്തപുരം നഗരസഭയുടേ ക്രെഡിറ്റ് പറഞ്ഞ് നമ്മളെ ട്രോളാൻ തുടങ്ങി.

മാഡം മുന്നിട്ടിറങ്ങിയാൽ നമുക്കും വലിയ നാണക്കേടില്ലാതെ മുകളിൽ പറഞ്ഞ രീതിയിൽ ഒരു പൊടിക്കൈ കൊണ്ട് പിടിച്ച് നിൽക്കാം. അതിനായി മാഡം അരയും തലയും മുറുക്കി രംഗത്തെത്തുമെന്ന പ്രതീക്ഷയിൽ നിർത്തട്ടെ....

എന്ന്,
കൊച്ചി നഗരവാസിയായ അങ്ങയുടെ ഒരു പ്രജ

NB: ഈ കത്ത് ഏതെങ്കിലും വിധേന ഞങ്ങളുടെ നഗര മാതാവിന്റെ അടുത്ത് എത്തിക്കാൻ കഴിയുമെങ്കിൽ അതിനുള്ള കനിവ് ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. നേരിട്ട് ആളെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും നടക്കുന്നില്ല. അതൂകൊണ്ടാണ്....ഇത്പുള്ളിക്കാരിയുടെ മുന്നിൽ എത്തിയാൽ...... കമ്മികളേ.... നിങ്ങൾ തീർന്ന്.....

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP