Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അദാനിയുടെ രണ്ട് കേസുകൾ സുപ്രീം കോടതി അവധിക്കാല ബെഞ്ച് വ്യവസ്ഥാ വിരുദ്ധമായി പരിഗണിച്ച് തീർപ്പാക്കിയെന്ന് മുതിർന്ന അഭിഭാഷകൻ; ദുഷ്യന്ത് ദവേ ആരോപണമുന്നയിച്ചത് ചീഫ് ജസ്റ്റീസിനും മറ്റ് ജഡ്ജിമാർക്കും അയച്ച കത്തിൽ; പിഴവ് ആരോപിച്ചത് ജസ്റ്റീസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നടപടികളിൽ

അദാനിയുടെ രണ്ട് കേസുകൾ സുപ്രീം കോടതി അവധിക്കാല ബെഞ്ച് വ്യവസ്ഥാ വിരുദ്ധമായി പരിഗണിച്ച് തീർപ്പാക്കിയെന്ന് മുതിർന്ന അഭിഭാഷകൻ; ദുഷ്യന്ത് ദവേ ആരോപണമുന്നയിച്ചത് ചീഫ് ജസ്റ്റീസിനും മറ്റ് ജഡ്ജിമാർക്കും അയച്ച കത്തിൽ; പിഴവ് ആരോപിച്ചത് ജസ്റ്റീസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നടപടികളിൽ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ഇന്ത്യൻ വ്യവസായ ഭീമനായ അദാനിയുടെ രണ്ട് കേസുകളിൽ അനുകൂല വിധിയുണ്ടായത് വ്യവസ്ഥകൾ ലംഘിച്ചാണെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ. സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ചിനെതിരെയാണ് പരാതി. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ്ക്കും മറ്റ് ജഡ്ജിമാർക്കും അയച്ച കത്തിലാണ് ദവെ ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റീസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നടപടികളിലാണ് ക്രമക്കേട് നടന്നിട്ടുണ്ടെന്ന് പരാതി അറിയിച്ചിരിക്കുന്നത്. സുപ്രീം കോടതി ബാർ അസോസിയേഷനിലെ മുൻ അധ്യക്ഷൻ കൂടിയാണ് ദുഷ്യന്ത് ദവേ.

ഈ നടപടി അദാനി ഗ്രൂപ്പിന് കോടികളുടെ നേട്ടം നൽകുന്നതാണെന്നും തിരുത്തൽ വേണമെന്നുമാണ് ദവേ കത്തിലൂടെ ആവശ്യപ്പെട്ടത്. മുൻപ്, ജസ്റ്റിസ് കെ.എൻ. സിങ് ഒരു കോർപറേറ്റ് സ്ഥാപനത്തിന് അനുകൂലമായി പല വിധികളും നൽകിയപ്പോൾ അറ്റോർണി ജനറലും അഭിഭാഷകരും ചോദ്യമുന്നയിച്ച പശ്ചാത്തലത്തിൽ വിധികൾ പിൻവലിച്ചു സുപ്രീം കോടതിയുടെ പ്രതിഛായയും അന്തസ്സും സംരക്ഷിക്കാൻ അന്നത്തെ ചീഫ് ജസ്റ്റിസ് എച്ച്.ജെ. കനിയ തയാറായെന്നു കത്തിൽ ദവെ ഓർമിപ്പിച്ചു.

ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഉൾപ്പെടെ 4 ജഡ്ജിമാർ കഴിഞ്ഞ വർഷം ജനുവരിയിൽ നടത്തിയ പത്രസമ്മേളനത്തിൽ, യുക്തിക്കു നിരക്കാത്ത രീതിയിൽ ചില കേസുകൾ ചില ബെഞ്ചുകളിലേക്കു വിടുന്ന രീതി ചോദ്യം ചെയ്തിരുന്നുവെന്നും ഇപ്പോൾ സ്ഥിതി അന്നത്തെക്കാൾ മോശമാണെന്നും ദവെ ആരോപിച്ചു. അവധിക്കാല ബെഞ്ചിൽ നിന്ന് അനുകൂല വിധി ലഭിച്ച ഒരു കേസിൽ നേരത്തേ താൻ രാജസ്ഥാൻ ഹൈക്കോടതിയിലുൾപ്പെടെ അദാനിക്കുവേണ്ടി ഹാജരായിട്ടുണ്ടെന്നു കത്തിൽ ദവെ വിശദീകരിച്ചു. അവധിക്കാല ബെഞ്ചിൽ സീനിയർ ജഡ്ജിമാർ ഉൾപ്പെടാറില്ലെന്ന രീതിക്കു വിരുദ്ധമായി ഇത്തവണ ചീഫ് ജസ്റ്റിസും സീനിയോറിറ്റിയിൽ നാലാമതുള്ള ജസ്റ്റിസ് അരുൺ മിശ്രയും ഉൾപ്പെട്ടതിനെയും കത്തിൽ ചോദ്യം ചെയ്യുന്നു.

അദാനി ഗ്രൂപ്പ് സ്ഥാപനമായ പാഴ്‌സ കെന്റ കൊളിയറീസും രാജസ്ഥാൻ രാജ്യ വിദ്യുത് ഉൽപാദൻ നിഗമും തമ്മിലുള്ള കേസ് ജഡ്ജിമാരായ റോഹിന്റൻ നരിമാനും ഇന്ദു മൽഹോത്രയും ഉൾപ്പെട്ട ബെഞ്ച് കഴിഞ്ഞ വർഷം ഓഗസ്റ്റ് 24നു പരിഗണിച്ചു ഫയലിൽ സ്വീകരിച്ചതാണ്. അടിയന്തര സ്വഭാവമില്ലാത്തതും അവധിക്കാല ബെഞ്ച് പരിഗണിക്കാൻ നിർദ്ദേശമില്ലാത്തതുമായിരുന്നു കേസ്. എന്നാൽ, അവധിക്കാല ബെഞ്ചിലെ കേസുകളുടെ പട്ടികയിൽ പാഴ്‌സ കെന്റയും ഉൾപ്പെട്ടു. മെയ്‌ 21നും 22നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിച്ചു വാദം കേട്ട് വിധി പറയാൻ മാറ്റി. അപ്പീൽ ഭാഗികമായി അനുവദിച്ച് മെയ്‌ 29നു വിധിയും നൽകി.

അദാനി പവറും ഗുജറാത്ത് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷനും തമ്മിലുള്ള കേസ് അടിയന്തരമായി പരിഗണിക്കണമെന്ന അപേക്ഷ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് മെയ്‌ 23നു പരിഗണിച്ചു. പിറ്റേന്നുതന്നെ വാദം കേട്ട് വിധി പറയാൻ മാറ്റി. ഈ കേസ് അതിനു മുൻപു പരിഗണിച്ചത് 2017 ഫെബ്രുവരി ഒന്നിനാണ്. അടുത്തയാഴ്ച പരിഗണിക്കാനെന്നാണ് അന്ന് ഉത്തരവുണ്ടായതെങ്കിലും എന്തോ കാരണത്താൽ പിന്നീടു പരിഗണിച്ചില്ല.

അവധിക്കാല ബെഞ്ച് പരിഗണിക്കരുതെന്ന എതിർകക്ഷിയുടെ അഭിഭാഷകന്റെ വാദം അവഗണിച്ചാണു ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ച് കേസ് പരിഗണിച്ചത്. കേസ് പട്ടികയിലുൾപ്പെടുത്താൻ ചീഫ് ജസ്റ്റിസിന്റെ അനുമതി രജിസ്റ്റ്രി തേടിയോയെന്നു വ്യക്തമല്ല.
നേരത്തേ, അദാനി ഗ്രൂപ്പിന്റെ 2 കേസുകൾ സുപ്രീം കോടതിയിൽ നിലവിലുള്ള മാർഗനിർദ്ദേശങ്ങൾക്കു വിരുദ്ധമായി ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ച് പരിഗണിച്ചു വിധി പറഞ്ഞിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP