Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇടങ്കോലിട്ടവരെയെല്ലാം തുരത്തി; ഇടത് പാളയത്തിൽ കൂടിയ പി.കെ.രാഗേഷിനെ പുറത്തുചാടിച്ച് കൈകൊടുത്തു; രാഗേഷിന്റെ കരുത്ത് തിരിച്ചറിഞ്ഞ് ഉമ്മൻ ചാണ്ടി ഒപ്പം നിന്നിട്ടും 'പാരകൾ' ഏറെ; എല്ലാം അതീജീവിച്ച് കണ്ണൂർ കോർപറേഷൻ പിടിക്കുമ്പോൾ ജയിച്ചത് വലിയൊരു വാശി; ലോക്‌സഭ പിടിച്ച ആവേശം കൈവിടാതെ നിയമസഭാസീറ്റും എൽഡിഎഫിൽ നിന്ന് പിടിക്കും; കെ.സുധാകരൻ വീണ്ടും കരുത്തനാകുന്നു

ഇടങ്കോലിട്ടവരെയെല്ലാം തുരത്തി; ഇടത് പാളയത്തിൽ കൂടിയ പി.കെ.രാഗേഷിനെ പുറത്തുചാടിച്ച് കൈകൊടുത്തു; രാഗേഷിന്റെ കരുത്ത് തിരിച്ചറിഞ്ഞ് ഉമ്മൻ ചാണ്ടി ഒപ്പം നിന്നിട്ടും 'പാരകൾ' ഏറെ; എല്ലാം അതീജീവിച്ച് കണ്ണൂർ കോർപറേഷൻ പിടിക്കുമ്പോൾ ജയിച്ചത് വലിയൊരു വാശി; ലോക്‌സഭ പിടിച്ച ആവേശം കൈവിടാതെ നിയമസഭാസീറ്റും എൽഡിഎഫിൽ നിന്ന് പിടിക്കും; കെ.സുധാകരൻ വീണ്ടും കരുത്തനാകുന്നു

രഞ്ജിത്ത് ബാബു

കണ്ണൂർ: കോൺഗ്രസ്സിന് നഷ്ടപ്പെട്ടുപോയ ഓരോ സ്ഥാനങ്ങളും സ്ഥാപനങ്ങളും തിരിച്ച് പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ്സ് നേതാവ്. കെ. സുധാകരൻ വാശിയിൽ പ്രവർത്തനം തുടരുന്നത്. 2014 ൽ കണ്ണൂർ ലോകസഭാ മണ്ഡലത്തിൽ പരാജയത്തിന്റെ കയ്പുനീർ അനുഭവിച്ച് കെ. സുധാകരന് പാർട്ടിക്കകത്തു നിന്നു തന്നെ ഒട്ടേറെ വിമർശനമുയർന്നിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്നും തിളക്കമാർന്ന വിജയം വരിച്ചതോടെ സുധാകരൻ വീണ്ടും പ്രവർത്തകരുടെ ആവേശമായി. എന്നാൽ കണ്ണൂർ കോർപ്പറേഷൻ നഷ്ടപ്പെട്ടതും കണ്ണൂർ നിയമസഭാ മണ്ഡലം എൽ.ഡി.എഫിന് അടിയറ വെച്ചതും സുധാകരന്റെ കുറവുകളായി. ഇത് നികത്തി രണ്ടും പിടിച്ചടക്കൽ അന്നു മുതൽ സുധാകരന്റെ ലക്ഷ്യമായി മാറി.

ലോകസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ കണ്ണൂർ കോർപ്പറേഷൻ തിരിച്ച് പിടിക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു സുധാകരൻ. ഒരു കാലത്ത് തന്റെ പ്രിയപ്പെട്ട അനുയായിയും മനസ്സാക്ഷി സൂക്ഷിപ്പുകാരനുമായ പി.കെ. രാഗേഷിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു സുധാകരൻ. കോൺഗ്രസ്സ് വിമതനായി മത്സരിക്കുകയും കണ്ണൂർ കോർപ്പറേഷൻ എൽ.ഡി.എഫിന് ഭരിക്കാനുള്ള സാഹചര്യമൊരുക്കുകയും ചെയ്ത പി.കെ. രാഗേഷിനെ തിരിച്ചെത്തിക്കാനുള്ള ശ്രമം ശക്തമാക്കി. എന്നാൽ രാഗേഷ് പാർട്ടിയിലെത്തിയാൽ തങ്ങൾ അപ്രസക്തരാകുമെന്ന് ഭയമുള്ള ചില നേതാക്കൾ ഒളിഞ്ഞും തെളിഞ്ഞും ഈ നീക്കത്തിന് എതിര് നിന്നു. എന്നാൽ രാഗേഷിന്റെ അണികളുടെ ശക്തി തിരിച്ചറിഞ്ഞ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കം ചർച്ചചെയ്തപ്പോഴും അതിനിടങ്കോലിടാൻ ചിലർ ശ്രമിച്ചിരുന്നു.

എൽ.ഡി.എഫിന് ഇത്രയും കാലം കണ്ണൂർ കോർപ്പറേഷൻ ഭരിക്കാനായതു തന്നെ കോൺഗ്രസ്സിലെ ഗ്രൂപ്പിന്റെ അതിപ്രസരം കൊണ്ടായിരുന്നു. എന്നാൽ ഇതിനൊക്കെ പേരുദോഷം വഹിക്കേണ്ടി വന്നത് കെ.സുധാകരനും. ലോകസഭാഗത്വവും കോർപ്പറേഷൻ അധികാരവും തിരിച്ച് പിടിച്ചതുകൊണ്ടായില്ല. ഇനി അവശേഷിക്കുന്ന കണ്ണൂർ നിയമസഭാ മണ്ഡലവും കയ്യിലെത്തിയാൽ മാത്രമേ സുധാകരന് വിശ്രമമുള്ളൂ. ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനിയായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിച്ചത്. കോൺഗ്രസ്സ് എസിലെ രാമചന്ദ്രൻ കടന്നപ്പള്ളിയായിരുന്നു എതിരാളി. എൽ.ഡി.എഫിന് ഒരു ആത്മ വിശ്വാസവും ഈ മണ്ഡലത്തിലുണ്ടായിരുന്നില്ല. എന്നാൽ കണ്ണൂരിലെ മുൻ എംഎൽഎ ആയ എ.പി. അബ്ദുള്ളക്കുട്ടിയെ തലശ്ശേരിയിലേക്ക് മത്സരിക്കാൻ നിയോഗിച്ചതോടെയാണ് ഇവിടെ പ്രശ്നമായത്.

തലശ്ശേരിയിലെ സ്ഥാനാർത്ഥിയെങ്കിലും അബ്ദുള്ളക്കുട്ടി കണ്ണൂരിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിക്കെതിരെ രഹസ്യ പ്രചാരണം നടത്തി. അതിന് തടയിടാൻ കോൺഗ്രസ്സ് നേതൃത്വത്തിന് ആയില്ലെന്ന് മാത്രമല്ല കോൺഗ്രസ്സിലെ ഒരു വിഭാഗം അതിന് ആക്കം കൂട്ടുകയും ചെയ്തു. ഇക്കാരണത്താലാണ് ചരിത്രത്തിലാദ്യമായി കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ്സിന് അടിയറവ് പറയേണ്ടി വന്നത്. കോൺഗ്രസ്സിലെ ആര് മത്സരിച്ചാലും ജയിച്ചു കയറാവുന്ന ഈ മണ്ഡലത്തിൽ കടന്നപ്പള്ളി ജയിക്കുകയും മന്ത്രിയാവുകയും ചെയ്തു. ഇതും സുധാകരനേറ്റ കനത്ത തിരിച്ചടിയായി.

മൂന്ന് തലത്തിലുള്ള പരാജയം ഏറ്റുവാങ്ങിയതിനാൽ പാർട്ടിക്കകത്തു നിന്നും സുധാകരന് കടുത്ത വിമർശനം നേരിടേണ്ടി വന്നിരുന്നു. അതിൽ രണ്ടെണ്ണമാണ് ഇപ്പോൾ തിരിച്ച് പിടിച്ചത്. കണ്ണൂർ ലോകസഭയും കണ്ണൂർ കോർപ്പറേഷനും. ഇനി കണ്ണൂർ അസംബ്ലിയിൽ ഇത് ആവർത്തിക്കേണ്ടതുണ്ട്. 2021 ൽ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പ് വരുമ്പോൾ പിടിച്ചെടുത്തിരിക്കുമെന്ന് സുധാകരൻ ഉറപ്പിച്ചിട്ടുണ്ട്. അതു കൂടി ആവർത്തിച്ചാൽ കണ്ണൂർ കോൺഗ്രസ്സിൽ വീണ്ടും സുധാകരയുഗം തിരിച്ചു വരും. പാർട്ടിക്കകത്ത് എതിരാളികളില്ലാത്ത അവസ്ഥ കണ്ണൂർ കോൺഗ്രസ്സിൽ സംജാതമായിരിക്കയാണ്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ അത് തെളിയിക്കപ്പെടുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP