Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെ.എം.ബഷീറിന്റെ മരണം: ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാൻ വിചിത്രവാദവുമായി പൊലീസ്; രക്തപരിശോധന നടത്താൻ വൈകിയത് പരാതി നൽകാൻ വൈകിയതുകൊണ്ട്; സിറാജ് മാനേജ്‌മെന്റ് പരാതി നൽകിയത് സംഭവത്തിന് ഏഴ് മണിക്കൂറിന് ശേഷം; ജനറൽ ആശുപത്രിയിലെ ഡോക്ടർ രക്തപരിശോധനയ്ക്ക് തയ്യാറായില്ല; സ്വയം വെള്ളപൂശി വാദികളെ പ്രതികളാക്കുന്ന റിപ്പോർട്ട് കോടതിയിൽ

കെ.എം.ബഷീറിന്റെ മരണം: ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാൻ വിചിത്രവാദവുമായി പൊലീസ്; രക്തപരിശോധന നടത്താൻ വൈകിയത് പരാതി നൽകാൻ വൈകിയതുകൊണ്ട്; സിറാജ് മാനേജ്‌മെന്റ് പരാതി നൽകിയത് സംഭവത്തിന് ഏഴ് മണിക്കൂറിന് ശേഷം; ജനറൽ ആശുപത്രിയിലെ ഡോക്ടർ രക്തപരിശോധനയ്ക്ക് തയ്യാറായില്ല; സ്വയം വെള്ളപൂശി വാദികളെ പ്രതികളാക്കുന്ന റിപ്പോർട്ട് കോടതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിറാജ് യൂണിറ്റ് ചീഫ് കെ.എം.ബഷീറിനെ ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസ് മദ്യപിച്ച് കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വിചിത്രവാദവുമായി പൊലീസ്. രക്തപരിശോധന നടത്താൻ വൈകിയത് പരാതി നൽകാൻ വൈകിയതുകൊണ്ടാണെന്ന് പൊലീസ് വ്യക്തമാക്കി. സംഭവം നടന്ന് ഏഴ് മണിക്കൂർ കഴിഞ്ഞാണ് സിറാജ് മാനേജ്‌മെന്റ് പരാതി നൽകാൻ തയ്യാറായത്. തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് പൊലീസ് ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകിയത്. ജനറൽ ആശുപത്രിയിലെ ഡോക്ടറെയും റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്. പൊലീസ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും രക്തമെടുക്കാൻ തയ്യാറായില്ലെന്നാണ് റിപ്പോർട്ടിലുള്ളത്.

കേസിന്റെ അന്വേഷണം കോടതി മേൽനോട്ടത്തിൽ വേണമെന്ന ഹർജിയിയിലാണ് നർക്കോട്ടിക് സെൽ അസി. കമ്മീഷണർ ഷീൻ തറയിൽ റിപ്പോർട്ട് സമർപ്പിച്ചത്. അപകട ശേഷം ശ്രീറാമിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചിരുന്നു. അപ്പോൾ ശ്രീറാമിന്റെ ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നതായും മദ്യത്തിന്റെ ഗന്ധം ഉണ്ടായിരുന്നെന്നും ആശുപത്രി രേഖയിൽ ഉണ്ടായിരുന്നു.

ഓഗസ്റ്റ് മൂന്നിനാണ് മാധ്യമപ്രവർത്തകനായ കെ.എം. മുഹമ്മദ് ബഷീർ ഐഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനം ഇടിച്ചു മരിച്ചത്. കേസിൽ ശ്രീറാമിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.

നേരത്തെ പൊലീസ് പറഞ്ഞിരുന്നത് ഇങ്ങനെ:

സംഭവസ്ഥലത്ത് ഉണ്ടായിരുന്ന നാട്ടുകാർ പറഞ്ഞത് കാർ ഓടിച്ചത് ശ്രീറാമെന്നാണ്. ആരെങ്കിലും വ്യക്തമായി കണ്ടോ എന്നു ചോദിച്ചു. ആരും ഒന്നും പറയാൻ തയാറായില്ല. അദ്ദേഹം മദ്യപിച്ചിരുന്നു എന്നു വ്യക്തമായതു കൊണ്ട് അദ്ദേഹത്തെ സ്‌റേറഷനിൽ കൊണ്ടുവന്നു. സ്ത്രീ ഒരു ഊബർ ടാക്‌സി വിളിച്ചു പോയി.
ആരാണ് ഓടിച്ചതെന്നു ചോദിച്ചപ്പോൾ ലേഡിയാണെന്ന് ശ്രീറാം പറഞ്ഞു. തന്റെ പേരിലുള്ള വണ്ടിയാണെന്നും താൻ തന്നെയാണ് ഓടിച്ചതെന്നും ഒപ്പമുണ്ടായിരുന്ന വഫ ഫിറോസും പറഞ്ഞു. അവിടെ കൂടി നിന്നവരൊന്നും സംഭവം കണ്ടതായി പറഞ്ഞില്ല. ശ്രീറാമിനെ ജനറൽ ആശുപത്രിയിലെ ഡോക്ടറുടെ അടുത്തേയ്ക്കു കൊണ്ടു പോയി. ഡോക്ടർ പരിശോധന നടത്തി. മദ്യത്തിന്റെ മണമുണ്ടെന്ന് തോന്നി. ഡോക്ടർ മെഡിക്കൽ കോളജിലേയ്ക്കു റഫർ ചെയ്തു. ശ്രീറാം സുഹൃത്തുക്കൾക്ക് ഒപ്പം മെഡിക്കൽ കോളജിലേയ്‌ക്കെന്നു പറഞ്ഞു പോയി. എന്നാൽ കിംസിലാണ് അഡ്‌മിറ്റായത്.

ശ്രീറാമിന് മദ്യത്തിന്റെ മണം; രക്തപരിശോധന പൊലീസ് ആവശ്യപ്പെട്ടില്ലെന്ന് ഡോക്ടർ രാജേഷ്

''ദേഹപരിശോധനയ്ക്കാണ് ശ്രീറാം വെങ്കിട്ടരാമനെയും കൊണ്ടു രാത്രി പൊലീസ് എത്തിയത്. രക്തസാംപിൾ എടുക്കാൻ പൊലീസ് ആവശ്യപ്പെട്ടില്ല. പൊലീസ് ഇങ്ങോട്ട് ആവശ്യപ്പെട്ടാലേ എനിക്കു രക്തസാംപിൾ എടുക്കാൻ കഴിയൂ. രോഗി അതിനു സമ്മതിക്കുകയും വേണം. കേസ് രജിസ്റ്റർ ചെയ്തതിന്റെ ക്രൈം നമ്പർ സഹിതം പൊലീസ് എത്തിയാൽ രോഗി സമ്മതിച്ചില്ലെങ്കിലും ബലം പ്രയോഗിച്ചു രക്തമെടുക്കാം. എന്നാൽ അത്തരം നടപടി ഉണ്ടായില്ല. മദ്യത്തിന്റെ മണമുണ്ടെന്നു ഞാൻ പൊലീസിന് റിപ്പോർട്ട് നൽകി. കുറേക്കഴിഞ്ഞാണു സ്ത്രീയെ ആശുപത്രിയിൽ എത്തിച്ചത്. അവരുടെ രക്തസാംപിൾ ശേഖരിച്ചു. അവർക്കു മദ്യത്തിന്റെ മണമില്ലായിരുന്നു.'' - ഡോ. രാജേഷ് (ജില്ലാ ജനറൽ ആശുപത്രി)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP