Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'പ്ലസ്ടു പഠനം പൂർത്തിയാക്കണം..കുറഞ്ഞ വാടകയിൽ ഒരു കിടപ്പാടം വേണം'; മാങ്ങോട്ട് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന സീതാലക്ഷ്മിക്കും അമ്മയ്ക്കും പറയാനുള്ളത് കണ്ണീരിന്റെ കഥ; ചെലവു നടത്താൻ തട്ടുകടയിൽ ജോലിക്ക് പോകുന്ന 16കാരിയുടെ പഠനം മുടങ്ങിയിട്ട് നാളുകൾ; ക്യാമ്പിൽ കഴിയുമ്പോൾ ഇവർ നിറകണ്ണുകളോടെ പറയുന്നത് 'അന്നം കിട്ടുന്നുവെന്ന' സന്തോഷം

'പ്ലസ്ടു പഠനം പൂർത്തിയാക്കണം..കുറഞ്ഞ വാടകയിൽ ഒരു കിടപ്പാടം വേണം'; മാങ്ങോട്ട് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന സീതാലക്ഷ്മിക്കും അമ്മയ്ക്കും പറയാനുള്ളത് കണ്ണീരിന്റെ കഥ; ചെലവു നടത്താൻ തട്ടുകടയിൽ ജോലിക്ക് പോകുന്ന 16കാരിയുടെ പഠനം മുടങ്ങിയിട്ട് നാളുകൾ; ക്യാമ്പിൽ കഴിയുമ്പോൾ ഇവർ നിറകണ്ണുകളോടെ പറയുന്നത് 'അന്നം കിട്ടുന്നുവെന്ന' സന്തോഷം

മറുനാടൻ ഡെസ്‌ക്‌

ചാവക്കാട്: കനത്ത മഴയിൽ കേരളം ഒരിക്കൽ കൂടി വിറങ്ങലിക്കുമ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും കേൾക്കുന്നത് ചിരിയും കണ്ണീരും കലർന്ന കഥകളാണ്. ഈ വേളയിലാണ് അഞ്ച് എപ്ലസോടെ പത്താം ക്ലാസ് പാസായിട്ടും ജീവിത പ്രാരാബ്ദങ്ങൾ മൂലം വലയുന്ന സീതാലക്ഷ്മിയുടെ കഥ ഏവരുടേയും കരളുരുക്കുന്നത്. പ്ലസ് വണ്ണിൽ പഠനം നിറുത്തി വീട്ടുചെലവ് നടത്തുന്നതിനായി ദേശീയപാതയോരത്തെ തട്ടുകടയിൽ ജോലി ചെയ്യേണ്ടി വരുന്ന ഈ പതിനാറുകാരിക്ക് ആകെ പറയാനുള്ളത് രണ്ട് ആഗ്രഹം മാത്രമാണ്. പ്ലസ് വൺ പഠനം പൂർത്തിയാക്കണം. കുറഞ്ഞ ചെലവിൽ ഒരു വാടക വീട്ടിൽ കഴിഞ്ഞ് പോണം.

ഒരുമനയൂർ മുത്തമ്മാവ് താണിവിള വീട്ടിൽ സീതാലക്ഷ്മിക്ക് കൂട്ടായുള്ളത് അമ്മ യശോദ മാത്രമാണ്. അച്ഛൻ മോഹനൻ വർഷങ്ങൾക്കുമുമ്പ് മരിച്ചു. മൂത്ത രണ്ട് സഹോദരിമാർ കല്യാണം കഴിച്ചുപോയി. സീതാലക്ഷ്മിയും അമ്മയും ഒരുമനയൂർ മുത്തമ്മാവിലെ വാടകവീട്ടിലാണ് കഴിയുന്നത്. അമ്മ കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റിയിരുന്നത്. ഒരുമനയൂർ ഇസ്ലാമിക് ഹയർ സെക്കൻഡറി സ്‌കൂളിലാണ് പ്ലസ്വണ്ണിന് പഠിച്ചത്. അസുഖം ബാധിച്ച് കുറേനാൾ സ്‌കൂളിൽ പോകാനായില്ല. വീട്ടിലെ ദാരിദ്ര്യവും പഠനത്തിന് തടസ്സമായി. പലപ്പോഴും വീട്ടുവാടകയായ 3000 രൂപ കൊടുക്കാനാകാത്ത സ്ഥിതി.

ചികിത്സയ്ക്കും മറ്റും പണമിടപാടുസ്ഥാപനത്തിൽനിന്ന് വായ്പയെടുത്ത തുക അടയ്ക്കാത്തതും പ്രശ്നമായി. ഒടുവിൽ സീതാലക്ഷ്മി പഠനം നിർത്തി ജോലി തേടിയിറങ്ങി. ദേശീയപാതയോരത്ത് ഒരുമനയൂർ മാങ്ങോട്ട് സ്‌കൂളിന് മുന്നിൽ തട്ടുകട നടത്തുന്ന ഷീജ അവളെ സഹായിയായി ഒപ്പംകൂട്ടി. ഏതാനും മാസങ്ങളായി ഷീജയുടെ തട്ടുകടയിലാണ് സീതാലക്ഷ്മിയുടെ ജീവിതം. വാടകവീട്ടിൽ വെള്ളം കയറിയതിനാൽ ഇപ്പോൾ മാങ്ങോട്ട് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് സീതാലക്ഷ്മിയും അമ്മയും.

ഒരർഥത്തിൽ ക്യാമ്പിലെ ജീവിതം ഇവർക്ക് ആശ്വാസമാണ്. ഈ ദിവസങ്ങളിലെങ്കിലും ഭക്ഷണത്തിന് ബുദ്ധിമുട്ടുണ്ടാവില്ലല്ലോ എന്ന സമാധാനം. എങ്ങനെയും പ്ലസ്ടു പൂർത്തിയാക്കണം, താമസിക്കാൻ കുറഞ്ഞ വാടകയിൽ സുരക്ഷിതമായ ഒരു വീട് വേണം. ഇതിനപ്പുറമൊന്നും തത്കാലം സീതാലക്ഷ്മി സ്വപ്നം കാണുന്നില്ല.

 ദുരിതാശ്വാസ ക്യാമ്പുകളിൽ സൗകര്യങ്ങൾ ഒരുക്കണമെന്ന് ജില്ലാ കളക്ടർമാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയിരുന്നു. ശുചീകരണത്തിന് മുൻഗണന നൽകുന്നതൊപ്പം ക്യാമ്പുകളിൽ ശൗചാലയങ്ങൾ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചർത്തു. 

മലബാറിലെ മലയോര മേഖലകളിൽ നിന്ന് ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകൾ കണക്കിലെടുത്ത് ജനങ്ങളെ ഒഴിപ്പിച്ചതായി വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ കളക്ടർമാർ അറിയിച്ചു. മലയിടിച്ചിൽ ഉണ്ടായ മേഖലകളിൽ രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. ഇതിനാവശ്യമായ സേനാവിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും കളക്ടർമാർ അറിയിച്ചു. വൈദ്യുതി ബന്ധം നഷ്ടപ്പെട്ട സ്ഥലങ്ങളിൽ അവ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും കളക്ടർമാർ അറിയിച്ചു.

ഇതിനൊപ്പം മുഖ്യമന്ത്രി ചില നിർദ്ദേശങ്ങൾ കളക്ടർമാർക്ക് നൽകിയിട്ടുണ്ട്. നിലവിലുള്ള ദുരിതാശ്വാസ ക്യാമ്പുകളിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടാകാതിരിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഭക്ഷണം, മരുന്ന് തുടങ്ങിയവ ഉറപ്പുവരുത്തണം. ഒപ്പം വെള്ളമിറങ്ങിത്തുടങ്ങിയ സ്ഥലങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകണം.

ആദ്യഘട്ടത്തിൽ കിണറുകൾ ശുചീകരിക്കുന്നതിന് മുൻഗണന നൽകണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയും സന്നദ്ധ പ്രവർത്തകരെയും ഏകോപിപ്പിച്ച് വേണം ഇവ നടപ്പിലാക്കാനെന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP