Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശ്രീറാമിനെ വഫ വണ്ടിയിൽ കയറ്റിയ കവടിയാർ കൊട്ടാരത്തിനു സമീപത്ത് അവിടെ നടന്നതിനെല്ലാം സാക്ഷിയായി ബഷീറും ഉണ്ടായിരുന്നിരിക്കാം; ആ ഫോൺ കണ്ടെടുക്കാൻ സാധിച്ചാൽ കേസിന്റെ കഥ മാറും; പൊലീസുകാരൻ രാത്രി 1.56ന് ഫോണിലേക്ക് വിളിച്ചിരുന്നു; മറുതലയ്ക്കൽ ആരോ ഫോൺ എടുക്കുകയും കട്ട് ചെയ്യുകയും ചെയ്തു; അതിനു ശേഷം ആ ഫോൺ ഓൺ ആയിട്ടില്ല: മ്യൂസിയത്തിലെ അപകടത്തിലെ ദുരൂഹത ചർച്ചയാക്കി സോഷ്യൽ മീഡിയ: അന്വേഷണത്തിൽ നിറയുന്നത് കള്ളക്കളികൾ തന്നെ

ശ്രീറാമിനെ വഫ വണ്ടിയിൽ കയറ്റിയ കവടിയാർ കൊട്ടാരത്തിനു സമീപത്ത് അവിടെ നടന്നതിനെല്ലാം സാക്ഷിയായി ബഷീറും ഉണ്ടായിരുന്നിരിക്കാം; ആ ഫോൺ കണ്ടെടുക്കാൻ സാധിച്ചാൽ കേസിന്റെ കഥ മാറും; പൊലീസുകാരൻ രാത്രി 1.56ന് ഫോണിലേക്ക് വിളിച്ചിരുന്നു; മറുതലയ്ക്കൽ ആരോ ഫോൺ എടുക്കുകയും കട്ട് ചെയ്യുകയും ചെയ്തു; അതിനു ശേഷം ആ ഫോൺ ഓൺ ആയിട്ടില്ല: മ്യൂസിയത്തിലെ അപകടത്തിലെ ദുരൂഹത ചർച്ചയാക്കി സോഷ്യൽ മീഡിയ: അന്വേഷണത്തിൽ നിറയുന്നത് കള്ളക്കളികൾ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഐ.എ.എസ്. ഓഫീസർ ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ച് സിറാജ് ദിനപത്രത്തിന്റെ ബ്യൂറോ ചീഫ് കെ.എം. ബഷീർ മരിച്ച സംഭവത്തിലെ ദുരൂഹതകൾക്ക് പുതുമാനം നൽകി റിട്ട.എസ് പി ജോർജ് ജോസഫ് നടത്തിയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കെ.എം.ബി. എന്ന് വിളിക്കപ്പെടുന്ന കെ.എം. ബഷീർ മരിക്കാൻ ഇടയായ അപകടം യാദൃശ്ചികമായി നടന്നതാണോ അതോ സംഭവത്തിൽ ഏതെങ്കിലും തരത്തിലുള്ള ആസൂത്രണം നടന്നിട്ടുണ്ടോ എന്ന സംശയമാണ് ജോർജ് ജോസഫിനുള്ളത്. വളരെ പ്രസക്തമായ നിരീക്ഷണങ്ങളാണ് ജോർജ് ജോസഫ് നടത്തുന്നത്. ഈ സാഹചര്യത്തിൽ ബഷീറിന്റെ അപകടത്തിൽ സിബിഐ അന്വേഷണമെന്ന ആവശ്യം അതിശക്തമാവുകയാണ്.

കവടിയാറിലെ ഐഎഎസ് ക്ലബ്ബിലാണ് ശ്രീറാമിന്റെ മദ്യപാന പാർട്ടി നടന്നത്. ഇവിടെ ഐഎഎസുകാരായ ഉന്നതരും ഉണ്ടായിരുന്നുവെന്നാണ് സൂചന. ഇവരും വഫാ ഫിറോസിന്റെ അടുത്ത സുഹൃത്തുക്കളാണെന്നാണ് പൊലീസിലെ ഉന്നതർ നൽകുന്ന സൂചന. ഇവരുടെ ഇടപെടലാണ് കേസ് അട്ടിമറിച്ചത്. തുടക്കത്തിൽ ആവേശം കാട്ടിയ പത്രപ്രവർത്തക യൂണിയനും ഇപ്പോൾ ഈ കേസിൽ താൽപ്പര്യം കാട്ടുന്നില്ല. അതുകൊണ്ട് തന്നെ ബഷീറിന്റെ കേസിന് പുതുവേഗവും വന്നിട്ടില്ല. ഈ കേസ് സിബിഐയ്ക്ക് വിടണമെന്ന ആവശ്യം സർക്കാരിന് മുമ്പിലുണ്ട്. എന്നാൽ സമ്മർദ്ദം അതിശക്തമായാൽ മാത്രമേ ഇത്തരത്തിലൊരു തീരുമാനം സർക്കാരെടുക്കൂ. ഇതിനൊപ്പമാണ് ജോർജ് ജോസഫിന്റെ വാദങ്ങൾ സജീവ ചർച്ചയാകുന്നത്.

കവടിയാറിൽ നിന്നും വെള്ളയമ്പലത്തേക്ക് വരുന്ന വഴിക്ക് കഫേ കോഫി ഡേയുടെ മുന്നിലെത്തിയപ്പോൾ പെട്ടെന്ന് വഫയെ ഡ്രൈവിങ് സീറ്റിൽ നിന്നും നിർബന്ധപൂർവം മാറ്റിയിരുത്തിയ ശേഷം കാറിന്റെ പിന്നിലൂടെ വന്ന് ശ്രീറാം വണ്ടി എടുത്ത് അമിതവേഗത്തിൽ പോവുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. വെള്ളയമ്പലത്തുനിന്നും ഏകദേശം 140 കിലോമീറ്റർ സ്പീഡിലാണ് ശ്രീറാമിന്റെ വാഹനം മ്യൂസിയം ഭാഗത്തേക്ക് സഞ്ചരിച്ചതെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. എന്നിട്ടും കവടിയാർ മുതൽ മ്യൂസിയം വരെയുള്ള പതിനൊന്ന് സി.സി.ടി.വി. ക്യാമറകളിൽ നിന്നും ശ്രീറാമിന്റെ വാഹനത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. അവിടെയൊക്കെ പൊലീസ് വൻവീഴ്ച സംഭവിച്ചതായാണ് ഞാൻ മനസിലാക്കുന്നത്. ഇതിനു ശേഷമാണ് ഞാൻ അപകടമുണ്ടായ സ്ഥലം സന്ദർശിക്കുന്നത്. അപകടം ഉണ്ടാക്കിയ കാറിന്റെ വലതുവശത്താണ് കൂടുതൽ ഡാമേജുകൾ സംഭവിച്ചിരിക്കുന്നത്. റീ കൺസ്ട്രക്ഷൻ തിയറി വച്ച് നോക്കുമ്പോൾ ഈ അപകടത്തിൽ വണ്ടി വെട്ടിത്തിരിക്കുമ്പോൾ ആദ്യം കാണുന്ന മരത്തിൽ വണ്ടി ഉരഞ്ഞേ പോയിട്ടുള്ളൂ എന്നാണ് ഞാൻ മനസിലാക്കുന്നത്, അവിടെ വണ്ടി ഇടിച്ചിട്ടില്ല.

രാജഭരണകാലത്ത് സ്ഥാപിച്ച, ഏകദേശം ആയിരം കിലോയ്ക്ക് അടുത്തു തൂക്കം വരുന്ന കൽത്തൂൺ ഇടിയുടെ ആഘാതത്തിൽ അഞ്ചു മീറ്ററോളം തെറിച്ചു വീണിരുന്നു. അത്ര ഭയാനകമായ ഒരിടിയാണ് ഉണ്ടായത്. അതിനടുത്ത് നിന്നിരുന്ന മരത്തിലാണ് വണ്ടി പിന്നീട് ഇടിച്ചു നിന്നിരുന്നത്. വഫായുടെ മൊഴി അനുസരിച്ചും, അവർ മറ്റൊരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞതും അനുസരിച്ച് വണ്ടി ഒരു പ്രത്യേക സ്ഥലത്തെത്തിയപ്പോൾ പെട്ടെന്ന് ഇടതുവശത്തേക്ക് വെട്ടിത്തിരിച്ചു എന്നും ബ്രേക്ക് പിടിച്ചിട്ട് കിട്ടിയില്ല എന്നുമാണ് പറഞ്ഞിരിക്കുന്നത്. വളരെ സംശയാസ്പദമായ ഒരു മൊഴിയാണിത്. അതുപോലെ തന്നെ സംശയാസ്പദമായ വഫയുടെ മറ്റൊരു മൊഴിയാണ് ശ്രീറാം മദ്യപിച്ചിരുന്നോ എന്ന് തനിക്കറിയില്ല എന്നത്. വീട്ടിൽ മദ്യപാനശീലമുള്ള ആരും ഇല്ലാത്തതിനാൽ തന്നെ മദ്യത്തിന്റെ മണം അറിയില്ല എന്നും അതുകൊണ്ടുതന്നെ ശ്രീറാം മദ്യപിച്ചിരുന്നോ എന്നു തനിക്ക് അറിയില്ലാ എന്നുമാണ് വഫയുടെ മൊഴി.

സിറാജ് പത്രത്തിന്റെ ഓഫീസ് കഴിഞ്ഞ രണ്ടു മാസമായി പ്രവർത്തിക്കുന്നത് കവടിയാർ ജങ്ഷനിലാണ്. കൊല്ലത്ത് എന്തോ ആവശ്യത്തിന് പോയിട്ട് രാത്രിയോടെ തിരിച്ചു വന്ന കെ.എം. ബഷീർ റയിൽവേ സ്റ്റേഷനിൽ വച്ചിരുന്ന ബൈക്കും എടുത്ത് കവടിയാറിലുള്ള ഓഫീസിലേക്ക് പോകുന്നു. ബ്യൂറോ ചീഫ് എന്ന നിലയിൽ പത്രത്തിന്റെ ആദ്യ പ്രിന്റ് പുറത്തിറങ്ങിയോ ഇല്ലയോ എന്ന് ഉറപ്പാക്കേണ്ടത് ബഷീറിന്റെ ഉത്തരവാദിത്തമാണ്. ഇതിനായി ഏകദേശം അരമണിക്കൂറോളം അയാൾ ഓഫീസിൽ ചിലവഴിച്ചു എന്നു വയ്ക്കുക. സിറാജിന്റെ ഓഫീസിൽ ഇരുന്നാൽ കവടിയാർ ജംഗ്ഷനും പരിസരവും വളരെ വ്യക്തമായി കാണാം. കവടിയാറിലെ കൊട്ടാരത്തിനു മുന്നിലെ വിവേകാനന്ദ പാർക്കിൽ നിന്നാണ് ശ്രീറാമിനെ വാഹനത്തിൽ കയറ്റിയത് എന്നാണ് വഫയുടെ മൊഴി. കെ.എം. ബഷീർ എന്തായാലും ഇത് കണ്ടിരിക്കാം. വളരെ നല്ല ഒരു ഉദ്യോഗസ്ഥനാണ് ശ്രീറാം വെങ്കിട്ടരാമൻ.

അഴിമതിക്കെതിരെ പ്രവർത്തിച്ച ഉദ്യോഗസ്ഥൻ എന്നെല്ലാമുള്ള നിലയിൽ മാധ്യമപ്രവർത്തകരെല്ലാം വളരെയധികം പ്രകീർത്തിച്ച വ്യക്തിയാണ് അദ്ദേഹം. അതുകൊണ്ടുതന്നെ എല്ലാവർക്കും വളരെ പരിചിതമായ മുഖമാണ് ശ്രീറാമിന്റേത്. അങ്ങനെ ഒരാളെ അർധരാത്രി ഒരു മണിക്ക് ഒരു സ്ത്രീയോടൊപ്പം അങ്ങനെ ഒരു സ്ഥലത്തു കണ്ടാൽ ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ ഒന്നുകിൽ അയാൾ ഒരു ഫോട്ടോ എടുത്തേക്കാം അല്ലെങ്കിൽ അവർ വന്ന വണ്ടിയുടെ നമ്പർ നോട്ട് ചെയ്‌തേക്കാം. ബഷീർ ഈ ദൃശ്യത്തിന്റെ ഫോട്ടോ എടുക്കുകയോ വാഹനത്തിന്റെ നമ്പർ നോട്ട് ചെയ്യുകയോ ചെയ്തിട്ടാണ് തന്റെ ബൈക്കെടുത്ത് മുന്നോട്ട് പോയതെങ്കിൽ ആ കാർ അയാളുടെ ബൈക്കിനെ ചെയ്‌സ് ചെയ്തിട്ടുണ്ടാവാം. പക്ഷേ ഇത് ഉറപ്പിക്കണമെങ്കിൽ ബഷീറിന്റെ ഫോണിൽ ഇത്തരത്തിലുള്ള എന്തെങ്കിലും ഫോട്ടോഗ്രാഫോ വഫയുടെ വണ്ടി നമ്പറോ ഉണ്ടോയെന്ന് ഉറപ്പു വരുത്തണം. കൗതുകകരമായ മറ്റൊരു സംഗതി എന്താണെന്നാൽ അപകടസ്ഥലത്തു നിന്നും ബഷീറിന്റെ ഫോൺ അപ്രത്യക്ഷമായിരിക്കുന്നു എന്നതാണ്. കെ.എം. ബഷീറിന്റെ സ്മാർട്ട് ഫോൺ ഇന്നുവരെയും പൊലീസിന് കണ്ടെടുക്കാനായിട്ടില്ല. ബഷീറിന്റെ സ്മാർട്ട് ഫോൺ എവിടെ പോയി?

ഇതിൽ വ്യക്തത വരുത്താനായി എന്റെ നിലയ്ക്ക് അന്വേഷിച്ചപ്പോൾ എനിക്ക് മനസിലാക്കാൻ സാധിച്ചത്, പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസുകാരൻ രാത്രി 1.56-ന് ബഷീറിന്റെ ഈ ഫോണിലേക്ക് വിളിച്ചു നോക്കിയിരുന്നു. മറുതലയ്ക്കൽ ആരോ ഫോൺ എടുക്കുകയും കട്ട് ചെയ്യുകയും ചെയ്തു. അതിനു ശേഷം ഇന്നുവരെ ആ ഫോൺ ഓൺ ആയിട്ടില്ല. വളരെ പ്രാധാന്യമേറിയ ഒരു തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണ് ഇവിടെ നടന്നിരിക്കുന്നത്. ആ ഫോൺ കണ്ടെടുക്കാൻ പൊലീസിന് സാധിച്ചാൽ ഈ കേസിന്റെ കഥ മാറും, മൊബൈൽ ഫോൺ സംസാരിച്ചു തുടങ്ങും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. വഫ ശ്രീറാമിനെ വണ്ടിയിൽ കയറ്റിയ കവടിയാർ കൊട്ടാരത്തിനു മുന്നിലെ വിവേകാനന്ദ പാർക്കിനു സമീപത്തായി തന്നെ അവിടെ നടന്നതിനെല്ലാം സാക്ഷിയായി കൊല്ലപ്പെട്ട് കെ.എം. ബഷീറും ഉണ്ടായിരുന്നു എന്നതാവാം ഒരുപക്ഷേ ഈ കേസിന്റെ ചരിത്രം-ഇതാണ് ജോർജ് ജോസഫിന്റെ നിലപാട് വിശദീകരണം. പൊലീസിലെ പ്രധാനപ്പെട്ട ചിലരും ഇതെല്ലാം ശരിവയ്ക്കുന്നുണ്ട്.

ബഷീർ കാറിടിച്ചു മരിച്ച കേസിൽ ഒരു മാസത്തിനുള്ളിൽ കുറ്റപത്രം നൽകും. ഇതിനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. പൊലീസ് മേധാവിയും ഇതു സംബന്ധിച്ചു നിർദ്ദേശം നൽകിയിരുന്നു. തെളിവെടുപ്പു തുടരുകയാണ്. നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് മോട്ടോർവാഹന വകുപ്പിന് ഔദ്യോഗികമായി കത്തുനൽകി. അപകടസമയത്ത് ഐ.എ.എസ്. ഓഫീസർ ശ്രീറാം മദ്യപിച്ചിരുന്നെന്ന് സാക്ഷിമൊഴികളുണ്ടെങ്കിലും രക്തപരിശോധനാ റിപ്പോർട്ട് എതിരാണ്. ശ്രീറാം, ഒപ്പം കാറിലുണ്ടായിരുന്ന വഫ ഫിറോസ് എന്നിവരാണ് കേസിലെ പ്രതികൾ. മനഃപൂർവമുള്ള നരഹത്യയ്ക്ക്, ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ 304-ാം വകുപ്പ് പ്രകാരമാണ് കുറ്റം ചുമത്തിയിട്ടുള്ളത്. ശ്രീറാമിന്റെ രക്തപരിശോധനാ റിപ്പോർട്ട് കൃത്യസമയത്തു നടത്താത്ത പൊലീസ് നടപടിയാണ് കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനുള്ള വെല്ലുവിളി. കാറിന്റെ വേഗം നിർണയിക്കാൻ ശാസ്ത്രീയപരിശോധന ഉടൻ നടക്കും. മോട്ടോർവാഹന വകുപ്പിന്റെ സഹായം അന്വേഷണസംഘം തേടിയിട്ടുണ്ട്.

കാർ പരിശോധിക്കുന്നതിനായി ഫോക്‌സ് വാഗണിന്റെ സാങ്കേതികവിദഗ്ദ്ധർ തലസ്ഥാനത്തെത്തും. വാഹനത്തിന്റെ സാങ്കേതികപരിശോധന നടത്തി റിപ്പോർട്ട് നൽകും. അപകടത്തിനു ശേഷം സ്ഥലത്തെത്തിയ സിറാജ് പത്രത്തിലെ യൂണിറ്റ് ചെയർമാൻ എ.സെയ്ഫുദ്ദീൻ ഹാജി, ജീവനക്കാരായ ശ്രീജിത്ത് എസ്., മുഹമ്മദ് ഇയാസ് എന്നിവരിൽനിന്ന് പ്രത്യേക അന്വേഷണസംഘം ചൊവ്വാഴ്ച മൊഴി രേഖപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP