Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നയം വ്യക്തമാക്കാതെ ഭൂപിന്തർ സിംങ് ഹൂഡയുടെ പരിവർത്തൻ റാലി; കശ്മീർ വിഷയത്തിൽ ബിജെപിയെ അനുകൂലിച്ചെങ്കിലും സംസ്ഥാന നേതൃത്വത്തിനോട് മമതയില്ല; കോൺഗ്രസിന് തനത് ശൈലി നഷ്ടമായെന്ന ഏറ്റുപറച്ചിലോടെ വ്യക്തമാക്കിയത് പാർട്ടി പിളരും എന്ന സൂചന; ഭാവി കാര്യങ്ങൾ തീരുമാനിക്കുക ഒപ്പം നിൽക്കുന്നവരുമായി ആലോചിച്ച്; നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കെ ഹരിയാനയിൽ കോൺഗ്രസ് നേരിടുന്നത് വലിയ പ്രതിസന്ധി

നയം വ്യക്തമാക്കാതെ ഭൂപിന്തർ സിംങ് ഹൂഡയുടെ പരിവർത്തൻ റാലി; കശ്മീർ വിഷയത്തിൽ ബിജെപിയെ അനുകൂലിച്ചെങ്കിലും സംസ്ഥാന നേതൃത്വത്തിനോട് മമതയില്ല; കോൺഗ്രസിന് തനത് ശൈലി നഷ്ടമായെന്ന ഏറ്റുപറച്ചിലോടെ വ്യക്തമാക്കിയത് പാർട്ടി പിളരും എന്ന സൂചന; ഭാവി കാര്യങ്ങൾ തീരുമാനിക്കുക ഒപ്പം നിൽക്കുന്നവരുമായി ആലോചിച്ച്; നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കെ ഹരിയാനയിൽ കോൺഗ്രസ് നേരിടുന്നത് വലിയ പ്രതിസന്ധി

മറുനാടൻ മലയാളി ബ്യൂറോ

ചണ്ഡീഗഡ്: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും വിഭജിക്കുകയും ചെയ്ത കേന്ദ്ര സർക്കാർ നടപടിയെ പിന്തുണയ്ക്കുകയും അതേസമയം ഹരിയാനയിലെ ബിജെപി നേതൃത്വത്തെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിക്കുകയും ചെയ്തതോടെ കോൺഗ്രസ് നേതാവ് ഭൂപിന്തർ സിംങ് ഹൂഡ പുതിയ പാർട്ടി രൂപീകരിക്കും എന്ന് ഉറപ്പായി. കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന ഹൂഡ പാർട്ടി വിട്ടേക്കും എന്ന അഭ്യൂഹങ്ങൾക്കിടെ ആയിരുന്നു ഇന്ന് പരിവർത്തൻ റാലി സംഘടിപ്പിച്ചത്. റാലിയിൽ കോൺഗ്രസിനെയും ബിജെപിയേയും രൂക്ഷമായി വിമർശിച്ച ഹൂഡ ഭാവി കാര്യങ്ങൾ ഒപ്പമുള്ള നേതാക്കളുമായി ആലോചിച്ച് തീരുമാനിക്കും എന്നും വ്യക്തമാക്കി. കോൺഗ്രസിന് തനത് ശൈലി നഷ്ടമായി എന്ന് പറഞ്ഞ ഹൂഡ, ഹരിയാനയിലെ ബിജെപി കേന്ദ്ര സർക്കാരിന്റെ കശ്മീർ തീരുമാനത്തിന് പിന്നിൽ ഒളിച്ചിരിക്കരുത് എന്ന്ും പറഞ്ഞു. ഇതോടെ ഹരിയാനയിലെ കോൺഗ്രസിനെ തകർത്ത് പുതിയ പാർട്ടി രൂപീകരിക്കും എന്ന് ഏതാണ്ട് ഉറപ്പായി.

കടുത്ത രാഷ്ട്രീയ തീരുമാനങ്ങളൊന്നും പ്രഖ്യാപിക്കാതെയാണ് ഭൂപീന്ദർ സിങ് ഹൂഡയുടെ പരിവർത്തൻ റാലി സമാപിച്ചത്. 'ആർട്ടിക്കിൾ 370 റദ്ദാക്കിയ തീരുമാനത്തെ ഞാൻ പിന്തുണയ്ക്കുന്നു. പക്ഷേ, ഹരിയാനയിലെ ബിജെപി സർക്കാരിനോട് എനിക്കു ചോദിക്കാനുള്ളത് കഴിഞ്ഞ അഞ്ച് വർഷവും എന്തു ചെയ്തു എന്നാണ്. കേന്ദ്രസർക്കാരിന്റെ കശ്മീർ തീരുമാനത്തിന് പിന്നിൽ ഒളിച്ചിരിക്കരുത്. ഹരിയാനയിൽ നിന്നുള്ള സഹോദരന്മാർ കശ്മീരിൽ സൈനികരായുണ്ട്. അതുകൊണ്ടാണ് ഞാൻ ആ തീരുമാനത്തെ പിന്തുണച്ചത്.' ഹൂഡ പറഞ്ഞു.

കേന്ദ്രസർക്കാർ ശരിയായതു ചെയ്താൽ താൻ പിന്തുണ നൽകും. ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള തീരുമാനത്തെ തന്റെ സഹപ്രവർത്തകരിൽ നിരവധി പേർ എതിർത്തു. കോൺഗ്രസ് പഴയ കോൺഗ്രസല്ല. അതിന് അതിന്റെ ശൈലി നഷ്ടപ്പെട്ടുകഴിഞ്ഞു. ദേശീയതയുടെയും ആത്മാഭിമാനത്തിന്റെയും കാര്യം വരുമ്പോൾ ആരുമായും ഒത്തുതീർപ്പിന് താൻ തയ്യാറാവില്ല, 13 എംഎൽഎമാർ തനിക്കൊപ്പമുണ്ട്. രാഷ്ട്രീയഭാവി സംബന്ധിച്ച തീരുമാനം തനിക്കൊപ്പം നിൽക്കുന്ന എംഎൽഎമാരും ജന പ്രതിനിധികളും അടങ്ങുന്ന സമിതി തീരുമാനിക്കുമെന്നും ഹൂഡ അഭിപ്രായപ്പെട്ടു.

ഹരിയാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ അശോക് തൻവറുമായുള്ള ഹൂഡയുടെ അഭിപ്രായ വ്യത്യാസം രൂക്ഷമായതോടെയാണ് നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾക്ക് ഹൂഡ തയ്യാറെടുക്കുന്നത്. പതിനാറ് എംഎൽഎമാരിൽ 13 പേരുടെയും പിന്തുണ ഹൂഡയ്ക്കുണ്ട്. ഹൂഡ എൻസിപിയിൽ ചേരാനാണ് സാധ്യതയെന്നാണ് കോൺഗ്രസ് നേതാക്കൾ തന്നെ അടക്കം പറയുന്നത്. മുമ്പ് കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടി രൂപീകരിക്കാൻ ശ്രമിച്ച മുൻ മുഖ്യമന്ത്രിമാരായ ഭജൻ ലാലിനും ബൻസി ലാലിനും തിരിച്ച് കോൺഗ്രസിലേക്ക് തന്നെ മടങ്ങേണ്ടി വന്നിരുന്നത് കൂടി പരിഗണിച്ചാൽ എൻസിപിയിലേക്ക് ചേക്കേറുന്നതായിരിക്കും ഹൂഡയ്ക്ക് കൂടുതൽ സുരക്ഷിതമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ജമ്മുകശ്മീർ വിഷയത്തിൽ ബിജെപിയെ പിന്തുണച്ച് ഭൂപീന്ദർ ഹൂഡയുടെ മകൻ ദീപേന്ദർ ഹൂഡ രംഗത്തെത്തിയതോടെ ഹൂഡ ബിജെപി പാളയത്തിലേക്കു പോകുമെന്ന് അഭ്യൂഹങ്ങൾ പരന്നിുരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പിൽ വൻ പരാജയം ഏറ്റുവാങ്ങിയ ഹരിയാന കോൺഗ്രസിനെ ഈ വർഷം അവസാനത്തോടെ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനു സജ്ജമാക്കുകയെന്നതാണു ദേശീയ അധ്യക്ഷ സോണിയ ഗാന്ധി നേരിടുന്ന പ്രധാന വെല്ലുവിളി. പാർട്ടിയിലെ വിഭാഗീയത പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ ഹരിയാന പിളർപ്പിനു സാക്ഷ്യം വഹിക്കേണ്ടി വരും. അശോക് തൻവാറിനെ മാറ്റണമെന്ന ആവശ്യത്തിൽ ഹൂഡയും മകൻ ദീപേന്ദർ സിങ് ഹൂഡയും ഉറച്ചു നിൽക്കുന്നതോടെ ദേശീയ നേതൃത്വത്തിനു വ്യക്തമായ നിലപാട് സ്വീകരിക്കേണ്ടി വരും. ലോക്സഭാ തിരഞ്ഞെടുപ്പിൽ ശക്തികേന്ദ്രങ്ങളിൽ ഹൂഡയും മകനും തോറ്റമ്പിയതോടെ ഇവർക്കെതിരെ അശോക് തൻവർ നടത്തിയ അപ്രതീക്ഷിത നീക്കമാണ് ഹൂഡ ക്യാംപിനെ പ്രകോപിച്ചത്. ലോക്സഭയിലേക്കു പരാജയപ്പെട്ടവർ നിയമസഭയിലേക്കു മത്സരിക്കേണ്ടെന്ന തൻവാറിന്റെ നിർദ്ദേശം ഹൂഡയെ ഒതുക്കുക എന്ന ലക്ഷ്യത്തിൽ നിന്ന് ഉടലെടുത്തതാണെന്ന് അനുകൂലികൾ വിശ്വസിച്ചു.

എന്നാൽ ഹൂഡ കോൺഗ്രസ് വിടില്ലെന്നു തന്നെയാണു നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. വിവിധ കേസുകളിൽ സിബിഐ അന്വേഷണം നേരിടുന്ന ഹൂഡ ഈ സാഹചര്യത്തിൽ കോൺഗ്രസ് വിടില്ലെന്നാണു പ്രതീക്ഷയെന്നു മുതിർന്ന നേതാക്കൾ പ്രതികരിക്കുകയും ചെയ്തു. ബിജെപിക്കുള്ള ശക്തമായ മറുപടിയാണ് പരിവർത്തൻ (മാറ്റം) എന്ന ലക്ഷ്യവുമായി ഹൂഡ നടത്തുന്ന റാലിയെന്നാണു വിശദീകരണമെങ്കിലും പാർട്ടിയുമായുള്ള വിലപേശലായി ഹൂഡയുടെ റാലിയെ കാണുന്നവരുണ്ട്. സംസ്ഥാനത്തെ കോൺഗ്രസ് എംഎൽഎമാരിൽ ഭൂരിഭാഗം പേരും ഹൂഡയ്ക്കൊപ്പമാണെന്നും അതിനാൽ തന്നെ ഹൂഡയ്ക്കു മുൻപിൽ ദേശീയ നേതൃത്വത്തിനു മുട്ടുമടക്കേണ്ടി വരുമെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

മനോഹർ ലാൽ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരാണ് ഹരിയാന ഭരിക്കുന്നത്. 2014 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയമാണ് ബിജെപി നേടിയത്. 2005 ൽ രണ്ടും 2009ൽ നാലും മാത്രം സീറ്റുകൾ നേടിയ ബിജെപി 2014 ൽ 90 നിയമസഭാ സീറ്റുകളിൽ 47 സീറ്റിൽ വിജയിച്ച് കേവലഭൂരിപക്ഷം നേടിയിരുന്നു. 2005 ൽ 67 ഉം 2009 ൽ 40 സീറ്റും നേടിയ കോൺഗ്രസ് 2014 ൽ 15 സീറ്റിൽ ഒതുങ്ങി. ബിജെപി 47, ഐഎൻഎൽഡി 19, കോൺഗ്രസ്15, എച്ച്ജെസി2 മറ്റുള്ളവർ 5 എന്നിങ്ങനെയാണു നിയമസഭയിലെ കക്ഷിനില.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP