Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓമനക്കുട്ടൻ ആ പാർട്ടിയെ സംന്ധിച്ചിടത്തോളം ഒരു 'ദളിതനായ പ്രവർത്തകൻ' മാത്രമാണ്; ദളിതനെന്ന് പറയുന്നതുകൊടി കെട്ടാനും, തല്ലു കൊള്ളാനും ആളെ കൂട്ടാനുമൊക്കെയുള്ള വിഭാഗം മാത്രമാണ്; ഇടയ്‌ക്കൊക്കെ പേരുദോഷം കിട്ടാണ്ടിരിക്കാൻ ഒരു ബാലനെയൊക്കെ മന്ത്രിയാക്കിയെന്ന് വരും; സിപിഎമ്മുകാരനായതു കൊണ്ട് മാത്രമാണഅ നിങ്ങൾക്ക് വേണ്ടി 'നിഷ്പക്ഷ മാധ്യമ സിംഹങ്ങൾ ' വിലപിച്ചത്; ഒരു നിമിഷം നിങ്ങൾ ആ ധർമ്മജൻ ബോൾഗാട്ടിയേ പോലെ ഒരു 'വെറും കോൺഗ്രസ്സുകാരനായിരുന്നുവെങ്കിലെന്ന് ഓർത്തു നോക്കിക്കെ...

ഓമനക്കുട്ടൻ ആ പാർട്ടിയെ സംന്ധിച്ചിടത്തോളം ഒരു 'ദളിതനായ പ്രവർത്തകൻ' മാത്രമാണ്; ദളിതനെന്ന് പറയുന്നതുകൊടി കെട്ടാനും, തല്ലു കൊള്ളാനും ആളെ കൂട്ടാനുമൊക്കെയുള്ള വിഭാഗം മാത്രമാണ്; ഇടയ്‌ക്കൊക്കെ പേരുദോഷം കിട്ടാണ്ടിരിക്കാൻ ഒരു ബാലനെയൊക്കെ മന്ത്രിയാക്കിയെന്ന് വരും; സിപിഎമ്മുകാരനായതു കൊണ്ട് മാത്രമാണഅ നിങ്ങൾക്ക് വേണ്ടി 'നിഷ്പക്ഷ മാധ്യമ സിംഹങ്ങൾ ' വിലപിച്ചത്; ഒരു നിമിഷം നിങ്ങൾ ആ ധർമ്മജൻ ബോൾഗാട്ടിയേ പോലെ ഒരു 'വെറും കോൺഗ്രസ്സുകാരനായിരുന്നുവെങ്കിലെന്ന് ഓർത്തു നോക്കിക്കെ...

രാഹുൽ മാങ്കൂട്ടത്തിൽ

രുതെന്ന് പറഞ്ഞാലും രാഷ്ട്രീയം പറയും, പറഞ്ഞു കൊണ്ടേയിരിക്കും.... ചന്ദനം ചാരിയാൽ ചന്ദനം മണക്കും, ചാണകം ചാരിയിൽ ചാണകം മണക്കുമെന്ന് നമ്മൾ കേട്ടിട്ടുണ്ട്, എന്നാൽ CPIM നോട് ഒപ്പമാണെങ്കിൽ ചാണകം മാത്രമല്ല അട്ടിൻ കാഷ്ടം വരെ കസ്തൂരിയാകും.

പറഞ്ഞ് വന്നത് ഇന്നലെ മുതൽ നടക്കുന്ന 'ക്രൂശിലേറ്റപ്പെട്ട ഓമനക്കുട്ടൻ' എന്ന നാടകത്തെ പറ്റിയാണ്. ഓമനക്കുട്ടൻ പണം പിരിച്ചു എന്നുള്ളത് സത്യം തന്നെയാണ് അതു ശരിയായോ അല്ലയോയെന്ന് ചോദിച്ചാൽ, എനിക്കറിയില്ല. പ്രളയത്തിന്റെ പേരിൽ 4369.16 കോടി രൂപ പിരിച്ചിട്ട്, നവകേരളം ഫ്‌ളക്‌സ് ബോർഡിൽ മാത്രം നിലനില്ക്കുന്ന ഒരു സംസ്ഥാനത്ത് ഓമനക്കുട്ടൻ ചെയ്തത് തെറ്റല്ലായെന്ന് നമുക്ക് വാദിക്കാം.

ഇന്നലെ മുതൽ CPIM നേതാക്കളും, അവരുടെ രാഷ്ട്രീയം മാത്രം പറയുകയും എഴുതുകയും ചെയ്യുന്ന 'നിഷ്പക്ഷ മാധ്യമ പ്രവർത്തകരും' സമൂഹത്തെയും മാധ്യമധർമ്മത്തെയും ഏറ്റവും ക്രൂരമായി വിചാരണ ചെയ്യുകയാണ്, ഓമനക്കുട്ടനെ കല്ലെറിഞ്ഞു എന്ന് പറഞ്ഞ്. സത്യത്തിൽ ഇത്തരക്കാർ വിരൽ ചൂണ്ടണ്ടത് സർക്കാരിനും CPIM നും എതിരായല്ലേ? 2500 കോടി രൂപ പ്രളയ ദുരിതാശ്വാസ നിധിയിൽ ചിലവഴിക്കാതെ കിടക്കുമ്പോൾ ചേർത്തല അംബേദ്ക്കർ കമ്മ്യൂണിറ്റി ഹാളിലെ ക്യാംപിലേക്ക് അരി കൊണ്ടു വന്ന ഓട്ടോക്ക് കൂലിയായി 70 രൂപ പിരിവെടുത്തുകൊടുക്കാൻ ഓമനക്കുട്ടൻ നിർബന്ധിതനായെങ്കിൽ അതിനു ഉത്തരവാദി സർക്കാരല്ലേ? ഗൾഫ് രാജ്യങ്ങളിൽ നിന്നു വരെ ആയിരക്കണക്കിനു കോടി രൂപ പിരിച്ചെടുത്ത സർക്കാരിനു എന്തു കൊണ്ട് സമയബന്ധിതമായി അതു അർഹരിലേക്ക് എത്തിക്കാൻ കഴിയുന്നില്ല? തെരഞ്ഞെടുപ്പിൽ തോറ്റയുടൻ തന്നെ സമ്പത്തിനു ഡൽഹിയിൽ തന്നെ ക്യാബിനറ്റ് റാങ്കോടെ വിരാജിക്കാൻ അവസരമുണ്ടാക്കാനറിയുന്ന, CPlM നിയന്ത്രണത്തിലുള്ള റബ്‌കോയുടെ നിലനില്പിനായി 230 കോടി ചിലവഴിക്കുന്ന, വേലപ്പൻ നായരെന്ന കമ്യൂണിസ്റ്റുകാരന്റെ പട്ടിണി മനസിലാക്കി ക്യാബിനറ്റ് റാങ്ക് നല്കി പുനരധിവസിപ്പിക്കുന്ന, ദുരിതാശ്വാസ നിധിയിൽ നിന്നും കെ.കെ രാമചന്ദ്രൻ നായരുടെയും ഉഴവൂർ വിജയന്റെയും കുടുംബത്തിന്റെയും കടാശ്വാസം നല്കുന്ന നിങ്ങൾക്ക്, എന്തുകൊണ്ടാണ് പൊതുജനത്തിനെ മാത്രം യഥാസമയം സഹായിക്കാൻ കഴിയാത്തത്, അതും പ്രളയമുഖത്ത് .

ദുരിതാശ്വാസ ക്യാംപിൽ പണപ്പിരുവ് എന്ന വിഡിയോ സഹിതമുള്ള വാർത്ത വന്നയുടൻ ആദ്യം പൊട്ടിത്തെറിച്ചത് മന്ത്രി ജി സുധാകരനാണ്. അല്ലെങ്കിലും അദ്ദേഹം ക്ഷിപ്രകോപിയും മാടമ്പിയുമാണ്. അദ്ദേഹം ആദ്യമായി മത്സരിച്ചപ്പോൾ വോട്ട് അഭ്യർത്ഥിച്ചെഴുതിയ ചുവരെഴുത്തിൽ ജി. സുധാകരൻ 'നായർ' എന്നായിരുന്നുന്നെന്ന് കേട്ടിട്ടുണ്ട്. ആ ചുവരെഴുത്ത് മാഞ്ഞെങ്കിലും അദ്ദേഹത്തിന്റെ മനസ്സിൽ നിന്നും അത് മാഞ്ഞിട്ടുണ്ടാകില്ല. അതു പോട്ടെ, പിന്നെ നാം കേട്ടത് അന്വേഷണ വിധേയമായി ഓമനക്കുട്ടനെ സസ്‌പെന്റ് ചെയ്തു എന്ന വാർത്തയാണ്. ശരവേഗത്തിലെ ആ നടപടിയുടെ ഒന്നാമത്തെ കാരണം, ഓമനക്കുട്ടൻ ആ പാർട്ടിയെ സംന്ധിച്ചിടത്തോളം ഒരു 'ദളിതനായ പ്രവർത്തകൻ' മാത്രമാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സവർണ്ണ ഹിന്ദു പാർട്ടിയായ CPlM നെ സംബന്ധിച്ചിടത്തോളം ദളിതനെന്ന് പറയുന്നതുകൊടി കെട്ടാനും, തല്ലു കൊള്ളാനും ആളെ കൂട്ടാനുമൊക്കെയുള്ള വിഭാഗം മാത്രമാണ്. ഇടയ്‌ക്കൊക്കെ പേരുദോഷം കിട്ടാണ്ടിരിക്കാൻ ഒരു ബാലനെയൊക്കെ മന്ത്രിയാക്കിയെന്ന് വരും (അതു പട്ടികജാതി ക്ഷേമ വകുപ്പ് കടകംപള്ളി സുരേന്ദ്രനെ ഏല്പിക്കാൻ കഴിയാത്തതു കൊണ്ടു കൂടിയാണ്).

അല്ലെങ്കിൽ പറയു എന്തുകൊണ്ടാണ് ഓമനക്കുട്ടനെതിരെ തെറ്റിന്റെ തീവ്രത അളക്കാതെ നടപടി സ്വീകരിച്ചത്? വാർത്തയുടെയും ആരോപണത്തിന്റെയും പേരിലാണെന്നാണ് മറുപടിയെങ്കിൽ സഖാക്കളെ കേരളത്തിന്റെ മുഖ്യ മന്ത്രി ഇപ്പോഴും ലാവ്‌ലിൻ ആരോപണ വിധേയൻ വിജയനും പാർട്ടി സെക്രട്ടറി കാക്കത്തൊള്ളായിരം ആരോപണങ്ങൾ നേരിടുന്ന ബാലകൃഷ്ണനുമാണ്. P. V അൻവർ, KT ജലീൽ, E P ജയരാജൻ, PK ശ്രീമതി, MM മണി, PK ശശി, P ശശി, തുടങ്ങിയ പേരുകൾ ഞാൻ പറയുന്നില്ല.

ഇതൊക്കെ പറയുമ്പോഴും ഓമനക്കുട്ടാ, നിങ്ങൾ ഭാഗ്യവാനാണ്, പ്രിവിലേജ്ഡ് ആണ്. അതിന്റെ പ്രധാന കാരണം നിങ്ങൾ ഒരു CPIM കാരനാണ് എന്നുള്ളതുകൊണ്ടാണ്. അതു കൊണ്ട് മാത്രമാണ് നിങ്ങൾക്ക് വേണ്ടി 'നിഷ്പക്ഷ മാധ്യമ സിംഹങ്ങൾ ' വിലപിച്ചത്. ഒരു നിമിഷം നിങ്ങൾ ആ ധർമ്മജൻ ബോൾഗാട്ടിയേ പോലെ ഒരു 'വെറും കോൺഗ്രസ്സുകാരനായിരുന്നുവെങ്കിലെന്ന് ' ഓർത്തു നോക്കിക്കെ... ഈ സിംഹങ്ങളുടെ ആദ്യ ഗർജ്ജനം തന്നെ 'ഓ ലവൻ കാംഗ്രസ്സല്ലെ, ജനിച്ചത് തന്നെ കക്കാനാണ്, അവന്റെ സ്ഥിരം ഏർപ്പാടാണിത്, ലവനു സ്വിസ് ബാങ്കിൽ മറ്റെ 2G സ്‌പെക്ട്രത്തിൽ കിട്ടിയ കാശിനൊപ്പം നിക്ഷേപിക്കാനാണ് ' എന്ന് ആകുമായിരുന്നു. നിങ്ങളുടെ ഭാര്യയുടെ മിനിമം അഞ്ച് അവിഹിത കഥകളും നിങ്ങളുടെ രണ്ട് അവിഹിത സന്തതികളെ പറ്റിയും പോരാളി ഷാജിയിൽ പോസ്റ്റ് വരുമായിരുന്നു. ഒരു മനുഷ്യനെങ്ങനെ മൃഗത്തിലും അധ:മമായി പെരുമാറാൻ കഴിയുന്നു കോൺഗ്രസ്സുകാരാ എന്ന് ശാരദക്കുട്ടിയും, കെ. ആർ മീരയും തൊട്ട് ദീപ നിഷാന്ത് വരെ കേഴുമായിരുന്നു.. നിങ്ങൾക്കും കുടുംബത്തിനും പാർട്ടി ലോക്കൽ കമ്മിറ്റിയുടെ ഊര് വിലക്കും കുക്കു വിളിയും ഇടയ്‌ക്കൊക്കെ കൈ പ്രയോഗവും നേരിടെണ്ടി വരുമായിരുന്നു. നിങ്ങൾക്കെതിരെ നാട്ടിൽ ചുവരെഴുത്തും നവമാധ്യമത്തിൽ അസഭ്യമെഴുത്തും ദേശാഭിമാനിയിൽ എഡിറ്റോറിയലും കൈരളിയിലും മറ്റ് ചില അപ്രഖ്യാപിത പാർട്ടി ചാനലുകളിലും നിങ്ങൾ അടുത്തുള്ള പലചരക്ക് കടയിൽ കൊടുക്കാനുള്ള പറ്റിന്റെ 'വഞ്ചനക്കഥകളുടെ' റിപ്പോർട്ടുകൾ വരുമായിരുന്നു. കേരളത്തിലെ 140 നിയോജക മണ്ഡലത്തിലും DYFI യുടെ നേതൃത്വത്തിൽ നിങ്ങടെ കോലം കത്തിക്കലും ഉച്ചഭാഷിണിയുടെ ചെവി പോലും നാണം കൊണ്ട് പൊത്തി പോകുന്ന പൊതുയോഗങ്ങളും നടന്നേനേം. ചുവരായ ചുവരൊക്കെ 'കള്ളൻ ഓമനക്കുട്ടൻ തുലയട്ടെ ' നിറഞ്ഞേനേം.

അന്തിച്ചർച്ചകളിൽ ഭാസുരേന്ദ്രബാബുവും ശക്തിധരനും ചിന്തകരായും, സ്വരാജും റിയാസും റഹീമും ഷംസീറും രാജേഷും ഇടതുപക്ഷ പ്രതിനിധികളായും പങ്കെടുത്ത് നിങ്ങളെ വാക്കുകൾ കൊണ്ട് പിച്ചിച്ചീന്തുമായിരുന്നു. ഈ തുക പിരിച്ചതുകൊണ്ട് കേരളത്തിനുണ്ടായ ധനക്കമ്മിയെ പറ്റി തോമസ് ഐസക്ക് ധവളപത്രമിറക്കുമായിരുന്നു ... ഒടുവിൽ പിണറായിയുടെ 'മുഖം നോക്കാതെ നടപടി ' എന്ന പ്രസ്താവനയ്ക്ക് ശേഷം നിങ്ങളെ പൊലീസ് കൈയാമം വെച്ച് ലോക്കപ്പിലാക്കും.. നിങ്ങളുടെ ഭാര്യയ്ക്ക് നിരാഹാര സമരമിരിക്കാൻ യോഗമുണ്ടെങ്കിൽ വരാപ്പുഴയ്ക്കും നെടുങ്കണ്ടത്തിനുമൊപ്പം ചേർത്തല കൂടി ഒറ്റപ്പെട്ട സംഭവ പരമ്പരകളുടെ കൂട്ടത്തിൽ എഴുതിച്ചേർക്കപ്പെടും..... ഇല്ലെങ്കിൽ ആത്മാവ് നഷ്ടമായി നിങ്ങൾക്ക് ജീവിക്കാം .... ഓമനക്കുട്ടാ, ക്യാംപിൽ പിരിച്ചാലും നിങ്ങൾ ഭാഗ്യവാനാണ്, കാരണം, ഓമനക്കുട്ടൻ ഒരു സഖാവാണ്......

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP