Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വനത്തിനും വന്യമൃഗങ്ങൾക്കും മുന്നിൽ തോൽക്കാൻ മനസ്സില്ലാതെ തോക്കെടുത്ത് കാടുകയറിയത് ഇരുപത്തഞ്ചാം വയസ്സിൽ; സഹോദരന്റെ ജീവൻ രക്ഷിക്കാൻ ആദ്യം വീഴ്‌ത്തിയത് 800 കിലോ തൂക്കം വരുന്ന കാട്ടുപോത്തിനെ; 'ചൂണ്ടുവിരൽ കൊണ്ട് ഒറ്റയാനെ തളക്കുന്ന' ത്രേസ്യാ തോമസ് എട്ടര പതിറ്റാണ്ടിലധികം നയിച്ചത് അഡ്വഞ്ചറസ് ജീവിതം; ശിക്കാരി കുട്ടിയമ്മ വിടപറഞ്ഞതോടെ തിരശ്ശീല വീഴുന്നത് സമാനതകളില്ലാത്ത ജീവിതത്തിന്

വനത്തിനും വന്യമൃഗങ്ങൾക്കും മുന്നിൽ തോൽക്കാൻ മനസ്സില്ലാതെ തോക്കെടുത്ത് കാടുകയറിയത് ഇരുപത്തഞ്ചാം വയസ്സിൽ; സഹോദരന്റെ ജീവൻ രക്ഷിക്കാൻ ആദ്യം വീഴ്‌ത്തിയത് 800 കിലോ തൂക്കം വരുന്ന കാട്ടുപോത്തിനെ; 'ചൂണ്ടുവിരൽ കൊണ്ട് ഒറ്റയാനെ തളക്കുന്ന' ത്രേസ്യാ തോമസ് എട്ടര പതിറ്റാണ്ടിലധികം നയിച്ചത് അഡ്വഞ്ചറസ് ജീവിതം; ശിക്കാരി കുട്ടിയമ്മ വിടപറഞ്ഞതോടെ തിരശ്ശീല വീഴുന്നത് സമാനതകളില്ലാത്ത ജീവിതത്തിന്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: എൺപത്തിയേഴാം വയസ്സിൽ കുട്ടിയമ്മ വിട പറയുമ്പോൾ തിരശ്ശീല വീഴുന്നത് സമാനതകളില്ലാത്ത ഇതിഹാസ തുല്യമായ ഒരു ജീവിതത്തിനാണ്. കഷ്ടപ്പാടിന് വിരാമമിടാൻ പാലായിൽ നിന്നും ചിന്നാർ വനമേഖലയിലേക്ക് കുടിയേറിയവൾ. സഹോദരന്റെ ജീവന് വേണ്ടി തോക്കെടുത്ത് കാടു കയറിയവൾ. ചൂണ്ടുവിരലിൽ കൊമ്പനെ പോലും നിലയ്ക്കു നിർത്തുന്നവൾ. പറഞ്ഞു പറ്റിച്ച വനംവകുപ്പിനെ നിയമം കൊണ്ട് നേരിട്ട് വിജയം നേടിയവൾ.. വാർദ്ധക്യം പിടിമുറുക്കിയപ്പോഴും പൊതുജന സേവനത്തിനായി മുന്നിൽ നിന്നവൾ. മലയാളികൾ കൊണ്ടാടിയ മഹത് വനിതകളിൽ എന്തുകൊണ്ടും പ്രഥമഗണനീയയാണ് ത്രേസ്യാ തോമസ് എന്ന ശിക്കാരി കുട്ടിയമ്മ. 25-ാം വയസിൽ നാടൻ തോക്കുമായി കാടുകയറിയ ശിക്കാരി കുട്ടിയമ്മ കേരളത്തിലെ ആദ്യ വനിതാശിക്കാരിയാണ്.

പാലാ സ്വദേശിയായ ത്രേസ്യാമ്മ 1964ലാണ് ചിന്നാർ വനമേഖലയിലേക്ക് കുടിയേറിയത്. കഷ്ടപ്പാടിൽ നിന്നും ദുരിതങ്ങളിൽ നിന്നും മോചനം തേടിയാണ് പാലാ ഇടമറ്റത്തുനിന്ന് പിതാവ് തൊമ്മനും സഹോദരങ്ങളായ വക്കച്ചനും പാപ്പച്ചനുമൊപ്പം 1964ൽ കുട്ടിയമ്മ മറയൂരിലേക്ക് കുടിയേറിയത്. ചിന്നാർ മേഖലയിലെ ചുരുളിപ്പെട്ടിയിൽ 20 ഏക്കർ സ്ഥലം വാങ്ങി താമസം തുടങ്ങി. വന്യമൃഗങ്ങളോടും പ്രകൃതിയോടും പടവെട്ടി പുതിയ ജീവിതം ആരംഭിച്ച കുട്ടിയമ്മ പിന്നീട് തന്റെ സ്വപ്‌നമായ കർത്താവിന്റെ മണവാട്ടിയാകാൻ തീരുമാനിച്ചു.

കാലം കരുതിവെച്ചത് മറ്റൊന്നായിരുന്നു

കന്യാസ്ത്രീയാകാൻ തീരുമാനിച്ച കുട്ടിയമ്മ റെയ്ച്ചൂരിലേക്ക് പോയി. റെയ്ച്ചൂരിൽ പഠിക്കുന്നതിനിടയിലാണ് സഹോദരൻ പാപ്പച്ചനെ കാട്ടുപോത്ത് വെട്ടിയ വിവരം അറിയുന്നത്. ചികിത്സ തേടി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പണമടയ്ക്കാൻ കഴിയാതെ വന്നതോടെ പാപ്പച്ചനെ നിർബന്ധപൂർവ്വം ആശുപത്രി അധികൃതർ പുറത്താക്കി. പണം തന്നില്ലെങ്കിൽ വേട്ടയാടി കാട്ടുമൃഗങ്ങളുടെ ഇറച്ചികൊണ്ടുവരണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ ആവശ്യം. സഹോദരനെ രക്ഷിക്കാനായി ആശുപത്രി അധികൃതരുടെ ആവശ്യം നിറവേറ്റാൻ തന്നെ തന്റേടിയായ കുട്ടിയമ്മ തീരുമാനിച്ചു. സഹോദരന്റെ ചികിത്സാ ചെലവിനുവേണ്ടി ഇളയ സഹോദരൻ ടോമിയെയും കൂട്ടി ഒരു നാടൻ തോക്കുമായി കുട്ടിയമ്മ ആദ്യമായി കാടുകയറി. ഉൾവനത്തിൽ കണ്ട കാട്ടുപോത്തിനെ ആദ്യവെടിയിൽ തന്നെ കുട്ടിയമ്മ വീഴ്‌ത്തി. 800 കിലോ തൂക്കം വരുന്ന പോത്തിനെ കഷ്ണങ്ങളാക്കി ആശുപത്രിയിലെത്തിച്ച കുട്ടിയമ്മ പിന്നീട് വേട്ടയാടൽ തന്റെ ദൗത്യമാക്കുകയായിരുന്നു.

കുട്ടിയമ്മയുടെ ശൗര്യത്തിനു മുന്നിൽ പിന്നീട് നൂറുകണക്കിന് കാട്ടുപോത്തുകളും മാനുകളും മ്ലാവുകളും വീണു. അപൂർവം കാട്ടാനകളും കുട്ടിയമ്മയുടെ തോക്കിനിരയായിട്ടുണ്ട്. കുട്ടിയമ്മയുടെ പരുക്കൻ ഭാവവും പെരുമാറ്റവും, തോക്ക് കുത്തി ആരെയും കൂസാതെയുള്ള നിൽപ്പും അടിമാലിയിലെയും മറയൂരിലെയും ആളുകൾക്ക് പ്രത്യേകിച്ച് പുരുഷന്മാർക്ക് കൗതുകമായിരുന്നു. ആ നിൽപ്പും നോട്ടവുംകൊണ്ട് അവരെക്കുറിച്ച് പലരുമുണ്ടാക്കിയ കഥകളിലൂടെ കുട്ടിയമ്മ പോലും അറിയാതെ അവർക്ക് ഒരു വീര പരിവേഷം കിട്ടി. 'ചൂണ്ടു വിരൽ കൊണ്ട് ഒറ്റയാന്മാരെ തളക്കുന്നവൾ'. യഥാർത്ഥത്തിൽ കുട്ടിയമ്മ ആന വേട്ടക്കാരിയായിരുന്നില്ല. നിരവധി കാട്ടുപോത്തുകളും, മാനും, മ്ലാവും ഒക്കെ ആയിരുന്നു കുട്ടിയമ്മയുടെ തോക്കിന്റെ മുൻപിൽ ഇരകളായത്. ആനയെ വേട്ടയാടാൻ അറിയാഞ്ഞിട്ടല്ല. നെറ്റിക്ക് പിന്നിലുള്ള കുഴിയിലേക്ക് കാഞ്ചിവലിച്ചാൽ ഏതു കൊമ്പനും വീഴും. കുട്ടിയമ്മയ്ക്ക് ഉന്നവും തെറ്റാറില്ല. പക്ഷേ ചെയ്തില്ല. മാത്രമല്ല ആനവേട്ടക്കാരുടെ കണ്ണിലെ കരടുമായിരുന്നു അവർ.

കൂട്ടിന് കിട്ടിയത് സഹോദരന്മാരുടെ കൂട്ടുകാരനെ

ഇതിനിടെ ശ്രീലങ്കൻ സ്വദേശിയും സഹോദന്മാരുടെ കൂട്ടുകാരനുമായ തോമസുമായി കുട്ടിയമ്മയുടെ വിവാഹം നടന്നു. പിന്നീട് ഇരുവരും ചേർന്നായിരുന്നു വേട്ടയാടൽ. ചിന്നാർ ഉൾവനങ്ങളിലെ കാട്ടാനയുടെ ശല്യത്തിൽ നിന്ന് കുട്ടിയമ്മയുടെ സംരക്ഷണം ലഭിക്കുമെന്ന് മനസിലാക്കി ചിന്നാർ വനത്തിലേക്ക് കൂടുതൽ ആളുകൾ വന്നുതുടങ്ങി. അങ്ങനെ 82 ഏക്കർ സ്ഥലത്ത് 42 കുടുംബങ്ങൾ താമസമുറപ്പിച്ചപ്പോൾ, വനമധ്യത്തിൽ ചിന്നാർ ചുരുളിവെട്ടി എന്ന ഗ്രാമം ഉയർന്നു. മൃഗവേട്ട വ്യാപകമായതോടെ ഇവരെ കുടിയിറക്കാൻ സർക്കാർ തീരുമാനമെടുത്തു. കുട്ടിയമ്മയ്ക്ക് അന്ന് 17 ഏക്കർ സ്ഥലമുണ്ടായിരുന്നു. സ്ഥലത്തിനു പകരമായി പണം നൽകാമെന്ന വ്യവസ്ഥയിൽ സർക്കാർ 1993ൽ സ്ഥലം ഏറ്റെടുത്തു. ഈ സ്ഥലം സംബന്ധിച്ച് ഗസറ്റ് വിജ്ഞാപനത്തിൽ നിലം, പുരയിടം എന്ന് ചേർത്തതിനാൽ പുരയിടത്തിന് മാത്രമേ വില നിശ്ചയിച്ചിരുന്നുള്ളു. പണം ലഭിക്കാൻ വൈകിയതിനാൽ അവിടം വിട്ടുപോകാൻ ആരും തയാറായില്ല.

വനത്തെ കീഴടക്കിയവൾ വനം വകുപ്പിനെയും തോൽപ്പിച്ചു

പ്രകൃതിയോടും വന്യമൃഗങ്ങളോടും പടവെട്ടി പെന്നുവിളയിച്ച മണ്ണ് ഉപേക്ഷിക്കുന്നതിന് നഷ്ടപരിഹാരം ലഭിക്കാതെവന്നതോടെ തോക്ക് താഴെവച്ച് കുട്ടിയമ്മ വനംവകുപ്പുമായി നിയമയുദ്ധത്തിനിറങ്ങി. നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് കാട്ടി 2005ൽ ഹൈക്കോടതിയെ സമീപിച്ചു. പലിശ ഉൾപ്പെടെ 45 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ 2006 ജനുവരിയിൽ കോടതി വിധിയുണ്ടായി. എന്നാൽ 29 ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്. ഇതിനെതിരെ കുട്ടിയമ്മ വീണ്ടും കോടതിയെ സമീപിച്ചു. ഒടുവിൽ 2016ൽ കുട്ടിയമ്മയ്ക്ക് മുഴുവൻ തുകയും ലഭിച്ചു.

കാടിറങ്ങി വാനപ്രസ്ഥം

കാടുവിട്ടിറങ്ങിയ കുട്ടിയമ്മ കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ താമസമാരംഭിച്ചു. സ്വത്തുക്കളെല്ലാം മകനും കുട്ടികൾക്കുമായി നൽകിയ കുട്ടിയമ്മ പൊതുപ്രവർത്തകയായി. വാർദ്ധക്യം കുട്ടിയമ്മയുടെ ധൈര്യത്തിനും നിശ്ചയദാർഢ്യത്തിനും ഒരു കുറവും വരുത്തിയിരുന്നില്ല. ചുരുളിപ്പെട്ടിയിലെ സ്വന്തം ഗ്രാമത്തിലേക്ക് ഇടയ്ക്കിടെ യാത്ര ചെയ്തിരുന്ന കുട്ടിയമ്മ, അവരുടെ ക്ഷേമത്തിനായും പ്രവർത്തിച്ചിരുന്നു. കാഞ്ഞിരപ്പള്ളി ആനക്കല്ലിലെ വീട്ടിൽ വിശ്രമജീവിതം നയിക്കെയാണ് മരണം തേടിയെത്തിയത്. പരേതയുടെ സംസ്‌കാരശുശ്രൂഷ ചൊവ്വാഴ്ച മൂന്നിന് കാപ്പാടുള്ള വീട്ടിൽ ആരംഭിച്ച് തുടർന്ന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ തോമസ് ചാക്കോ. മകൻ: വി.ടി. ജോസഫ് (ബാബു, മാതാ ഓർഗാനിക്). മരുമകൾ: ഷേർളി (മഠത്തിപ്പറമ്പിൽ, മറയൂർ)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP