Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അംഗത്വ കാമ്പൈൻ നാളെ അവസാനിക്കാനിരിക്കെ ലക്ഷ്യം നേടാനാവാതെ കേരളത്തിലെ ബിജെപി നേതൃത്വം; 25 ലക്ഷം എങ്കിലും ആക്കി ഉയർത്തിയില്ലെങ്കിൽ കേന്ദ്ര നേതൃത്വത്തിന്റെ ശകാരം കേൾക്കേണ്ടി വരും; സർവ്വ പോഷക സംഘടനകളും രംഗത്തുണ്ടെങ്കിലും അംഗത്വ കാമ്പൈന് മെല്ലപ്പോക്ക്; ശ്രീധരൻ പിള്ള നേരിടുന്ന വലിയ പ്രതിസന്ധി ഇങ്ങനെ

അംഗത്വ കാമ്പൈൻ നാളെ അവസാനിക്കാനിരിക്കെ ലക്ഷ്യം നേടാനാവാതെ കേരളത്തിലെ ബിജെപി നേതൃത്വം; 25 ലക്ഷം എങ്കിലും ആക്കി ഉയർത്തിയില്ലെങ്കിൽ കേന്ദ്ര നേതൃത്വത്തിന്റെ ശകാരം കേൾക്കേണ്ടി വരും; സർവ്വ പോഷക സംഘടനകളും രംഗത്തുണ്ടെങ്കിലും അംഗത്വ കാമ്പൈന് മെല്ലപ്പോക്ക്; ശ്രീധരൻ പിള്ള നേരിടുന്ന വലിയ പ്രതിസന്ധി ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള നേരിടുന്നത് വമ്പൻ പ്രതിസന്ധി. ബിജെപിയുടെ അംഗത്വ കാമ്പൈൻ ലക്ഷ്യത്തിലെത്താത്തതാണ് ഇതിന് കാരണം. നിലവിൽ 15 ലക്ഷം അംഗങ്ങളാണ് ബിജെപിക്കുള്ളത്. ഇത് ഇരട്ടിയാക്കാനാണ് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടത്. എന്നാൽ മൊത്തം അംഗങ്ങൾ 25 ലക്ഷം പോലുമായില്ലെന്നതാണ് വസ്തുത. ഇതു സംഭവിച്ചാൽ കേന്ദ്ര നേതൃത്വത്തിന്റെ ശാസന ശ്രീധരൻ പിള്ളയെ തേടിയെത്തും. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റുകയും ചെയ്യും. ബിജെപിക്ക് അനുകൂലമായി ലോക്‌സഭയിലേക്ക് വോട്ട് ചെയ്ത മുഴുവൻ പേരെയും അംഗങ്ങളാക്കണമെന്നാണ് കേന്ദ്രത്തിന്റെ നിർദ്ദേശം. എന്നാൽ ഇത് നടപ്പാക്കാൻ സംസ്ഥാന നേതൃത്വത്തിന് കഴിയുന്നില്ല.

നിലവിൽ 15 ലക്ഷം അംഗങ്ങളാണ് ബിജെപി.യിൽ ഉള്ളത്. അതിൽ 20 ശതമാനം വർധന വരുത്തിയാൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്താൻ സാധിക്കും. അംഗത്വം കാൽക്കോടിയെങ്കിലും ആക്കിയാലും നാണക്കേട് ഒഴിവാക്കാം. ഇതിന് കഴിയുമോ എന്ന സംശയവും ഉണ്ട്. വി മുരളീധരനും പികെ കൃഷ്ണദാസുമാണ് കേരളത്തിലെ പ്രബല ഗ്രൂപ്പുകളുടെ നേതാക്കൾ. പി എസ് ശ്രീധരൻ പിള്ള ഈ രണ്ട് ഗ്രൂപ്പിനും പുറത്തുള്ള വ്യക്തിയാണ്. അതുകൊണ്ട് തന്നെ ഗ്രൂപ്പുകളുടെ പിന്തുണ ശ്രീധരൻ പിള്ളയ്ക്ക് ലഭിക്കുന്നുമുണ്ട്. നേരത്തെ വിവാദം കത്തിയപ്പോൾ കേന്ദ്ര നേതൃത്വം ലക്ഷ്യങ്ങളൊന്നും മുന്നോട്ട് വച്ചിട്ടില്ലെന്നായിരുന്നു പിള്ള പറഞ്ഞത്. അഞ്ച് ലക്ഷം പുതിയ അംഗങ്ങളെന്നത് വലിയ നേട്ടമാണെന്നും പറഞ്ഞു. എന്നാൽ അഞ്ച് ലക്ഷം കൊണ്ട് കേന്ദ്ര നേതൃത്വം തൃപ്തരാകില്ലെന്നാണ് സൂചന.

പോഷക സംഘടനകളായ യുവമോർച്ചയും മഹിളാ മോർച്ചയും കർഷക മോർച്ചയും ന്യൂനപക്ഷ മോർച്ചയുമെല്ലാം സ്വന്തം നിലയിൽ ആളുകളെ പാർട്ടിയിലേക്ക് എത്തിക്കാൻ ശ്രമിച്ചു. യുവാക്കൾക്കായി കോളേജ് കാമ്പസിനു പുറത്ത് ബുത്തുകൾ കെട്ടിയാണ് അംഗത്വ ക്യാമ്പയിൻ നടക്കുന്നത്. എന്നാൽ അംഗത്വം പ്രതീക്ഷിച്ച പോലെ ഉയരുന്നില്ല. അംഗത്വം ഇക്കുറി 25 ലക്ഷത്തിനു മുകളിലാക്കാനാണ് ഇപ്പോൾ ബിജെപി നേതൃത്തിന്റെ ശ്രമം. 30 ലക്ഷമാണ് പ്രഖ്യാപിച്ചതെങ്കിലും അതിലേക്ക് എത്താൻ കഴിയില്ലെന്ന് നേതാക്കൾ തന്നെ സമ്മതിക്കുന്നുണ്ട്. ബിജെപി.ക്ക് അനുകൂലമായി വോട്ട് ചെയ്തവരെ മുഴുവൻ പാർട്ടി അംഗങ്ങളാക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നാണ് നേതാക്കൾതന്നെ പറയുന്നത്. ഇത്തരം ന്യായങ്ങളൊന്നും കേന്ദ്ര നേതൃത്വം അംഗീകരിക്കാൻ വഴയില്ല. അതുകൊണ്ട് തന്നെ നടപടികൾക്കും സാധ്യതയുണ്ട്.

മുമ്പ് മിസ്ഡ് കോളടിപ്പിച്ച് മെമ്പറാക്കാൻ കഴിയുമെങ്കിൽ ഇപ്പോൾ അത് പറ്റില്ല. അംഗങ്ങളുടെ ഫോട്ടോ സഹിതം വേണം അപേക്ഷിക്കാൻ. ഒരു ഫോണിൽനിന്ന് ഒരാളുടെ ചിത്രം മാത്രമെ അയയ്ക്കാൻ സാധിക്കുകയുള്ളു. ഒന്നിച്ചുള്ള വലിയ പ്രയത്‌നം ഉണ്ടെങ്കിൽ മാത്രമെ അംഗത്വ വിതരണം ഉദ്ദേശിച്ച നിലയിലേക്ക് എത്തിക്കാൻ സാധിക്കുകയുള്ളു. അപേക്ഷാ ഫോറത്തിൽ വിവരങ്ങൾ ശേഖരിച്ച് പിന്നീട് ഓൺലൈനാക്കുന്ന സംവിധാനവും നടപ്പാക്കുന്നുണ്ട്. ശബരിമല സമരങ്ങളുടെ പശ്ചാത്തലത്തിൽ ഹൈന്ദവ സമൂഹങ്ങൾക്കിടയിൽ ഉണ്ടായ സ്വീകാര്യത മുതലാക്കാനാണ് പാർട്ടി പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. അതേസമയം ന്യൂനപക്ഷങ്ങൾ ഇല്ലാതെ കേരളത്തിൽ ഒരു മാറ്റവുമുണ്ടാക്കാൻ സാധിക്കില്ലെന്ന് കേന്ദ്രം നിർദ്ദേശവും നൽകി.

അതിനാൽ, പ്രത്യേക ചടങ്ങുകൾ തന്നെ സംഘടിപ്പിച്ചാണ് ന്യൂനപക്ഷത്തുനിന്നുള്ള പ്രമുഖരെ പാർട്ടിയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നത്. സാമൂഹ്യ-സാംസ്‌കാരിക മേഖലകളിലെ പ്രമുഖരെയും പാർട്ടിയിലേക്ക് കൊണ്ടുവരാനുള്ള നീക്കവും എങ്ങുമെത്തിയില്ല. 21-ന് അംഗത്വ വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെങ്കിലും നീട്ടേണ്ടി വരും. ചൊവ്വാഴ്ച ചേരുന്ന സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും ചുമതലക്കാരുടെയും യോഗത്തിൽ പ്രവർത്തനങ്ങൾ വിലയിരുത്തും. ബിജെപി.യിൽ സംഘടനാ തിരഞ്ഞെടുപ്പിനുള്ള നീക്കങ്ങളും സജീവമാണ്. സെപ്റ്റംബർ 11 മുതൽ 30 വരെ ബൂത്ത്തല തിരഞ്ഞെടുപ്പുകളും ഒക്ടോബറിൽ മണ്ഡലം തിരഞ്ഞെടുപ്പുകളും നവംബറിൽ ജില്ല-സംസ്ഥാന തിരഞ്ഞെടുപ്പുകളും നടത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

നേരത്തെ കേരളത്തിലെ ബിജെപി മെമ്പർഷിപ്പ് ക്യാമ്പയിൻ വൻ വിജയമെന്ന് ശ്രീധരൻ പിള്ള മറുനാടനോട് പറഞ്ഞിരുന്നു. പുതുതായി അംഗങ്ങളെ ചേർക്കാനുള്ള ബിജെപി ക്യാമ്പയിന് കേരളത്തിൽ വൻ തിരിച്ചടി എന്ന മാധ്യമ വാർത്തകളെക്കുറിച്ച് മറുനാടനോട് പ്രതികരിക്കുകയായിരുന്നു അന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ. അഞ്ചു ലക്ഷം മെമ്പർഷിപ്പ് പുതുതായി വന്നു എന്ന് വരുമ്പോൾ തന്നെ അംഗത്വ പ്രചാരണം വൻ വിജയമാണ്. ഇത് ഞങ്ങളുടെ പ്രതീക്ഷകൾക്ക് തന്നെ അപ്പുറവുമാണ്. ടാർജറ്റ് ഞങ്ങൾ പൂർത്തിയാക്കും. അണികളെ ആവേശഭരിതമാക്കുന്ന സമീപനം തന്നെയാണ് മെമ്പർഷിപ്പ് ക്യാമ്പയിൻ കാര്യത്തിലും ഞങ്ങൾ നടത്തിയത്. ഞങ്ങൾക്ക് എപ്പോഴും ഒരു കണക്കുണ്ടാകും. ആ കണക്കുകൾക്ക് അടുത്ത് വരുന്നുണ്ടോ എന്നാണ് ഞങ്ങൾ ശ്രദ്ധിക്കുന്നത്. മെമ്പർഷിപ്പ് ക്യാമ്പയിനുമായി ബന്ധപ്പെട്ടു ഒരു നിർദ്ദേശവും കേന്ദ്രത്തിൽ നിന്ന് ബിജെപി സംസ്ഥാന നേതൃത്വത്തിനു ലഭിച്ചിട്ടില്ല. ഈ കാര്യത്തിൽ ഒരു തരത്തിലുമുള്ള ഇടപെടൽ വന്നിട്ടില്ലെന്നും പിള്ള പറഞ്ഞിരുന്നു.

മെമ്പർഷിപ്പ് ക്യാമ്പയിനോടു ജനങ്ങൾ നല്ല രീതിയിലുള്ള പ്രതികരണമാണ് നടത്തിയത്. അഞ്ചു ലക്ഷം മെമ്പർഷിപ്പ് പുതുതായി വന്നു എന്നത് തന്നെ അതിനുള്ള തെളിവാണ്. ഇനിയും ധാരാളം സമയം കിടക്കുകയുമാണ്. 15 ലക്ഷം പേരെ പുതുതായി ചേർക്കാൻ ലക്ഷ്യമിട്ട് ബിജെപി കേരളത്തിൽ നടത്തിയ അംഗത്വ പ്രചാരണത്തിനു വൻ തിരിച്ചടി നേരിട്ടു എന്നും പുതുതായി 5 ലക്ഷം അംഗങ്ങളെ മാത്രമേ കേരളത്തിൽ ബിജെപിക്ക് ലഭിച്ചുള്ളൂ എന്നാണ് വാർത്തകൾ വന്നത്. കേരളത്തിൽ ദൃശ്യമാകുന്നത് ബിജെപി മുന്നേറ്റം തന്നെയാണ് എന്നാണ് വാർത്തകളിൽ വന്നത്. അംഗത്വ വിതരണത്തിൽ പാളിച്ചകൾ വരുകയോ തിരിച്ചടി നേരിടുകയോ ചെയ്തിട്ടില്ല-ശ്രീധരൻ പിള്ള പറഞ്ഞു. മെമ്പർഷിപ്പ് ക്യാമ്പയിൻ ആദ്യ ഘട്ടം ആകുന്നതേയുള്ളൂ. ഇനിയും മെമ്പർഷിപ്പ് ക്യാമ്പയിന് സമയമുണ്ട്. ഇപ്പോൾ പറയുന്നു അഞ്ച് ലക്ഷം മെമ്പർഷിപ്പ് ലഭിച്ചു എന്ന്. അത് തന്നെ വളരെ കൂടുതല്ലല്ലേ. ഇനിയും ക്യാമ്പയിന് സമയവുമുണ്ട്. മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തിയപ്പോൾ ഇരുപത് ശതമാനം അധികം മെമ്പർഷിപ്പ് ലഭിച്ചു കഴിഞ്ഞുവെന്നാണ് ബിജെപി വിലയിരുത്തൽ. ഇപ്പോൾ കേരളത്തിലെ വെള്ളപ്പൊക്കം, മഴ കാരണം അംഗത്വ വിതരണം നീട്ടിവെച്ചിരിക്കുകയാണ്. ഈ ഘട്ടത്തിൽ വന്ന വാർത്തകൾ അതുകൊണ്ട് തന്നെ ശരിയുമല്ല-ശ്രീധരൻ പിള്ള പറയുന്നു.

അതേസമയം ജൂലൈ 6 മുതൽ കേരളത്തിൽ നടത്തിയ അംഗത്വ പ്രചാരണത്തിലൂടെ നേടിയത് 5 ലക്ഷം അംഗങ്ങളെ മാത്രമെന്നാണ് പുറത്തു വന്ന കണക്കുകൾ. കൂടുതൽ പുതിയ അംഗങ്ങളെ ചേർത്തതു തിരുവനന്തപുരം ജില്ലയിലാണെന്നാണ് പുറത്തു വന്ന കണക്കുകൾ പറയുന്നത്. 50,000 പേർ തിരുവനന്തപുരത്ത് പുതുതായി എത്തിയപ്പോൾ മലയോര ജില്ലകളിൽ കുറവ് അംഗങ്ങൾ മാത്രമാണെന്നാണ് കണക്കുകൾ പറയുന്നത്. ഇടുക്കി, വയനാട് ജില്ലകളിൽ 10,000 പേർ വീതമാണ് അംഗത്വത്തിലേക്ക് എത്തിയത്. എറണാകുളം ജില്ലയിൽ 17,000 പേർ മാത്രമേ പുതിയ അംഗങ്ങളായി ചേർക്കാനായുള്ളൂ എന്നാണ് കണക്കുകൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP