Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്ലസ്ടുവിൽ കിടിലൻ മാർക്ക് കിട്ടിയ ചിൽഡ്രൻസ് ഹോമിലെ നാല് കുട്ടികളെ കൊച്ചിയിലെ ജെയ്ൻ യൂണിവേഴ്‌സിറ്റിയിൽ ഹയർ സ്റ്റഡീസിന് വിടാമെന്ന് മന്ത്രി കെ.കെ.ഷൈലജ; യൂണിവേഴ്‌സിറ്റിക്ക് യുജിസി അംഗീകാരമില്ലെന്ന് പറഞ്ഞപ്പോൾ 'അയ്യടാ' യെന്നും ടീച്ചർ; മന്ത്രിയെ പോലും തെറ്റിദ്ധരിപ്പിച്ച ജെയിൻ കല്പിത സർവകലാശാലയുടെ ഓഫ് ക്യാമ്പസ് സെന്റർ പ്രവർത്തിക്കുന്നത് അനുമതി ഇല്ലാതെ; ബെംഗളൂരു ആസ്ഥാനമായ സർവകലാശാലയുടെ സെന്റർ തട്ടിപ്പോ?

പ്ലസ്ടുവിൽ കിടിലൻ മാർക്ക് കിട്ടിയ ചിൽഡ്രൻസ് ഹോമിലെ നാല് കുട്ടികളെ കൊച്ചിയിലെ ജെയ്ൻ യൂണിവേഴ്‌സിറ്റിയിൽ ഹയർ സ്റ്റഡീസിന് വിടാമെന്ന് മന്ത്രി കെ.കെ.ഷൈലജ; യൂണിവേഴ്‌സിറ്റിക്ക് യുജിസി അംഗീകാരമില്ലെന്ന് പറഞ്ഞപ്പോൾ 'അയ്യടാ' യെന്നും ടീച്ചർ; മന്ത്രിയെ പോലും തെറ്റിദ്ധരിപ്പിച്ച ജെയിൻ കല്പിത സർവകലാശാലയുടെ ഓഫ് ക്യാമ്പസ് സെന്റർ പ്രവർത്തിക്കുന്നത് അനുമതി ഇല്ലാതെ; ബെംഗളൂരു ആസ്ഥാനമായ സർവകലാശാലയുടെ സെന്റർ തട്ടിപ്പോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ജെയിൻ സർവകലാശാലയുടെ കൊച്ചിയിലെ വിദൂര പഠന കേന്ദ്രം യുജിസി. മാനദണ്ഡങ്ങൾ അനുസരിച്ചല്ല പ്രവർത്തിക്കുന്നതെന്ന് റിപ്പോർട്ട്. കല്പിത സർവ്വകലാശാലകൾ പ്രവർത്തിക്കേണ്ടത് അവരുടെ ആസ്ഥാന കാമ്പസുകളിൽ ആയിരിക്കണമെന്നും വിദൂര വിദ്യാഭ്യാസ കേന്ദ്രം തുടങ്ങണമെങ്കിൽ കേന്ദ്ര സർക്കാർ അനുമതി വേണമെന്നുമുള്ള മാനദണ്ഡമനുസരിച്ച് കൊച്ചിയിലെ ഏതെങ്കിലും കല്പിത സർവകലാശാലക്ക് സ്വന്തമായി വിദൂര വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ അനുമതി നൽകിയിട്ടില്ലെന്ന് യുജിസി ഉദ്യോഗസ്ഥൻ അറിയിച്ചു. വോക്ക് ജേണൽ നടത്തിയ അന്വേഷണത്തിലാണ് മാനദണ്ഡങ്ങൾ അനുസരിച്ചല്ല ജെയ്ൻ യൂണിവേഴ്സിറ്റി കൊച്ചിയിൽ പ്രവർത്തിക്കുന്നതെന്ന് മനസിലായത്.

ചില പ്രത്യേക സാഹചര്യങ്ങളിൽ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന് മാത്രമാണ് കല്പിത സർവകലാശാലകൾക്ക് വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങൾ അനുവദിക്കാനുള്ള അധികാരമുള്ളത്. അത് തന്നെ ഔദ്യോഗിക ഗസറ്റിൽ അത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത് മാത്രമേ അംഗീകാരം ഉണ്ടാകുകയുള്ളൂ. യുജിസിക്ക് പോലും വിദൂരപഠന കേന്ദ്രങ്ങൾ അനുവദിക്കാനുള്ള അധികാരം ഇപ്പോഴത്തെ സാഹചര്യത്തിൽ ഇല്ല. ഇങ്ങനെയുള്ളപ്പോൾ എന്ത് അടിസ്ഥാനത്തിലാണ് ജെയിൻ കല്പിത സർവ്വകലാശാല കൊച്ചിയിൽ പ്രവർത്തിക്കുന്നതെന്ന് അറിയില്ല.

കാറ്റഗറി 2 ഇൽ മാത്രം വരുന്ന ഈ സ്ഥാപനത്തിന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ പോലും ഒരേയൊരു വിദൂര വിദ്യാഭ്യാസ കേന്ദ്രം തുടങ്ങാനുള്ള അംഗീകാരം മാത്രമേയുള്ളു. എന്നാൽ പൂണെയിലും മറ്റൊരു വിദൂര വിദ്യാഭ്യാസ കേന്ദ്രം തുടങ്ങുകയാണെന്നാണ് ജെയിൻ കല്പിത സർവകലാശാലയുടെ കൊച്ചിയിലെ പ്രതിനിധി പറയുന്നത്. എന്നാൽ ഇവിടെ പഠിക്കാൻ പോകുന്നവർക്ക് സർട്ടിഫിക്കറ്റ് കിട്ടുമോ എന്ന് പോലും ആർക്കും അറിയില്ല. എന്നാൽ കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി ഷൈലജ ടീച്ചർ എറണാകുളത്ത് പ്ലസ്ടുവിൽ മികച്ച വിജയം നേടിയ ചിൽഡ്രൻസ് ഹോമിലെ നാല് കുട്ടികൾക്ക് കൊച്ചിയിലെ ഈ ജെയ്ൻ യൂണിവേഴ്സിറ്റിയിൽ ഉപരിപഠനം നൽകുമെന്നും ഇത് സംബന്ധിച്ച് ആ സ്ഥാപനവുമായി ധാരണാപത്രത്തിൽ ഒപ്പിടുമെന്നും പറഞ്ഞു. എന്നാൽ വാർത്ത ശ്രദ്ധയിൽ പെട്ട ഒരു മാധ്യമപ്രവർത്തകൻ യുജിസി അംഗീകാരം ഇല്ലാത്ത യൂണിവേഴ്സിറ്റിയിൽ ആണോ കുട്ടികളെ പഠിപ്പിക്കുന്നതെന്ന് ചോദിച്ചതിനെ തുടർന്ന് കരാറിൽ നിന്ന് പിന്മാറി എന്ന് അറിയിച്ചു. ആകെ മൂന്ന് കൽപിത സർവ്വകലാശാലകൾ മാത്രമാണ് ഇപ്പോൾ കേരളത്തിൽ ഉള്ളത്. എന്നിട്ടും ഇതു പോലൊരു തട്ടിപ്പ് മനസിലാക്കാൻ സാധിക്കാഞ്ഞത് എന്തു കൊണ്ടാണെന്ന് ആൾക്കാർ ചോദിക്കുന്നു.

ഇതു കൂടാതെ ഇപ്പോൾ ജെയ്ൻ യൂണിവേഴ്സിറ്റി പ്രവർത്തിക്കുന്ന കെട്ടിടത്തെപ്പറ്റിയും വിവാദ ആരോപണങ്ങൾ ഉയരുന്നുണ്ട്. 2012 ൽ ഷെയ്ഡ്വെൽ എന്ന പേരിൽ കാക്കനാട് നിർമൽ ഇൻഫോപാർക്കിൽ പ്രവർത്തിച്ചിരുന്ന ഒരു സ്ഥാപനം യു എസിലേക്ക് 34 പേരെ മനുഷ്യക്കടത്ത് നടത്തിയ കേസിൽ അതിന്റെ സി ഇ ഒ ആയിരുന്ന ടോം ബേബി അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. തുടർന്ന് ഈ സ്ഥാപനം പൂട്ടുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഇതേ കെട്ടിടത്തിൽ തന്നെയാണ് ജെയ്ൻ കൽപിത സർവകലാശാല പ്രവർത്തിക്കുന്നത്. കൂടാതെ ഇതിന് പരസ്യം നൽകുന്ന ഐഎസ്ഡിസി എന്ന സ്ഥാപനം ടോം ബേബിയുടേത് തന്നെയാണ്. ഇതിന് പുറമേ ജെയിന്റെ കേരളത്തിലെ മേധാവി കുസാറ്റിന്റെ മുൻ വൈസ് ചാൻസലർ ലതയാണ്‌

നേരത്തേ മറ്റൊരു വിവാദത്തിൽ ജെയ്ൻ കൽപിത സർവകലാശാല പെട്ടിരുന്നു. സർവകലാശാല എന്ന പദവി ലഭിക്കുന്നതിന് മുൻപ് തന്നെ ജെയ്ൻ സർവകലാശാല എന്ന് സ്വയം പ്രഖ്യാപിച്ചതിനായിരുന്നു അത്. തുടർന്ന് യുജിസി യുടെ നിർദ്ദേശ പ്രകാരം ജെയ്ൻ എന്ന പേരിലേക്ക് അത് മാറ്റി. വിദ്യാഭ്യാസ രംഗത്തു മുപ്പതു വർഷത്തിലധികമായി പ്രവർത്തന പാരമ്പര്യമുണ്ടെന്നു അവകാശപ്പെടുന്ന ജെയിൻ കോളേജിനെ കഴിഞ്ഞ വർഷമാണ് യുജിസി കൽപിത സർവ്വകലാശാലയായി അംഗീകരിച്ചത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രമുഖ മലയാള പത്രങ്ങളിൽ ജെയിൻ കല്പിത സർവകലാശാലയുടെ കൊച്ചിയിലെ വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിലെ പുതിയ കോഴ്‌സുകളിലേക്ക് വിദ്യാർത്ഥികളെ ക്ഷണിച്ചുകൊണ്ട് പരസ്യങ്ങൾ വന്നിരുന്നു. കൊമേഴ്‌സ്, ബിസിനസ് സ്റ്റഡീസ്, കമ്പ്യൂട്ടർ സയൻസ്, ലൈഫ് സയൻസ്, അപ്പ്ളൈഡ് സയൻസ്, സോഷ്യൽ സയൻസ് എന്നിങ്ങനെ മുപ്പതോളം കോഴ്‌സുകളിൽ ആയിരുന്നു ജെയിൻ കല്പിത സർവകലാശാല വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചത്.

ഇത്തരത്തിലുള്ള സ്ഥാപനങ്ങളുടെ കടന്ന് വരവ് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തു നിലവാര തകർച്ച ഉണ്ടാക്കുമെന്നും അധികാരികൾ ഇത്തരം വിദ്യാഭ്യാസ മാഫിയകളെ നിയന്ത്രിച്ചില്ലെങ്കിൽ നമ്മുടെ വിദ്യാഭ്യാസരംഗം കൂടുതൽ ഗുരുതരമായ പ്രതിസന്ധി നേരിടേണ്ടി വരുമെന്നുമാണ് വിദഗ്ദ്ധർ പറയുന്നത്്. കേരളത്തിൽ ഇത്തരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രാധാന്യം നേടിയിരുന്നില്ല. സ്വാശ്രയ സ്ഥാപനങ്ങൾ കേരളത്തിൽ നിറഞ്ഞുവെങ്കിലും അവയെല്ലാം കേരളത്തിലെ അംഗീകൃത സർവ്വകലാശാലകളുടെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ കൃത്യമായ മാനദണ്ഡങ്ങളില്ലാതെയുള്ള ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP