Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇന്ത്യയുടെ കയ്യിലുള്ളത് 44 വർഷം പഴക്കമുള്ള മിഗ് 21 യുദ്ധവിമാനങ്ങളെന്ന് വ്യോമസേന തലവൻ; പഴയ യുദ്ധവിമാനങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കുക ഈ വർഷത്തോടെ; പകരക്കാരനാകുക വിംങ് കമാൻഡർ അഭിനന്ദൻ വർത്തമാൻ പറത്തിയിരുന്ന മിഗ് 21 ബയ്‌സൺ വിമാനങ്ങൾ

ഇന്ത്യയുടെ കയ്യിലുള്ളത് 44 വർഷം പഴക്കമുള്ള മിഗ് 21 യുദ്ധവിമാനങ്ങളെന്ന് വ്യോമസേന തലവൻ; പഴയ യുദ്ധവിമാനങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കുക ഈ വർഷത്തോടെ; പകരക്കാരനാകുക വിംങ് കമാൻഡർ അഭിനന്ദൻ വർത്തമാൻ പറത്തിയിരുന്ന മിഗ് 21 ബയ്‌സൺ വിമാനങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: മിഗ് 21 യുദ്ധവിമാനങ്ങൾ ഈ വർഷത്തോടെ ഉപേക്ഷിക്കുമെന്ന് വ്യക്തമാക്കി വ്യോമസേന തലവൻ. നാൽപത്തി നാല് വർഷം പഴക്കമുള്ള മിഗ്-21 യുദ്ധവിമാനമാണ് വ്യോമസേന ഇപ്പോഴും ഉപയോഗിക്കുന്നതെന്ന് എയർ ചീഫ് മാർഷൽ ബി.എസ്. ധനോവ വ്യക്തമാക്കി. വ്യോമസേനയുടെ ആധുനികവത്കരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്രയും പഴക്കമുള്ള കാർ പോലും ഒരാളും ഓടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 1973-74 കാലത്താണ് മിഗ്-21 വ്യോമസേനയുടെ ഭാഗമായത്. ഇന്ത്യൻ നിർമ്മിത വിമാനഭാഗങ്ങൾ ഉപയോഗിച്ച് അറ്റകുറ്റപ്പണികൾ നിർവഹിച്ചാണ് വിമാനങ്ങൾ ഇക്കാലമത്രയും ഉപയോഗിച്ചത്. റഷ്യക്കാർ നിലവിൽ ഈ വിമാനം ഉപയോഗിക്കുന്നില്ല.

അടുത്തിടെ അതിർത്തി കടന്ന് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിലടക്കം ഇന്ത്യ ഉപയോഗിച്ചത് റഷ്യൻ നിർമ്മിത മിഗ്-21 ആയിരുന്നു. അതേസമയം, പാക്കിസ്ഥാൻ എഫ്-16 ജറ്റുകളാണ് പ്രത്യാക്രമണത്തിന് ഉപയോഗിച്ചത്. മിഗ്-21 ഈ വർഷത്തോടുകൂടി ഘട്ടംഘട്ടമായി ഉപേക്ഷിക്കുമെന്ന് ചീഫ് മാർഷൽ പറഞ്ഞു.

ലോകത്തിൽ ഏറ്റവും അധികം നിർമ്മിക്കപ്പെട്ടിട്ടള്ള സൂപ്പർസോണിക് ജെറ്റ് വിമാനങ്ങളിലൊന്നാണ് മിഗ് 21. നാലു ഭൂഖണ്ഡങ്ങളിലായി ഏകദേശം 60 രാജ്യങ്ങൾ ഇതിന്റെ സേവനം ഉപയോഗിക്കുന്നുണ്ട്. സോവിയറ്റ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഈ പോർവിമാനം എച്ച്എഎല്ലാണ് ഇന്ത്യക്കു വേണ്ടി നിർമ്മിക്കുന്നത്. മിഗ് 21 വിമാനങ്ങൾ ഏറ്റവും അധികം ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 1961 ലാണ് മിഗ് 21 വിമാനങ്ങൾ വാങ്ങാൻ ഇന്ത്യൻ വ്യോമസേന തീരുമാനിക്കുന്നത്. വ്യോമസേന സ്വന്തമാക്കിയ ഈ ആദ്യ സൂപ്പർസോണിക് ജെറ്റ് വിമാനം 1963 ൽ സേനയുടെ ഭാഗമായി. 1971ലെ ഇന്ത്യ-പാക്ക് യുദ്ധത്തിലും 1999 കാർഗിൽ യുദ്ധത്തിലും പ്രധാന പങ്കുവഹിക്കുയും ചെയ്തു മിഗ് 21. സർവീസിലെ മിഗിന്റെ 50 വർഷം 2013 ൽ എയർഫോഴ്‌സ് ആഘോഷിച്ചിരുന്നു.

പാക്കിസ്ഥാന്റെ പിടിയിലായ വിങ് കമാൻഡർ അഭിനന്ദൻ വർത്തമാൻ പറത്തിയിരുന്നത് മിഗ് 21 ബയ്സൺ വിമാനമായിരുന്നു. പാക്കിസ്ഥാന്റെ എഫ്-16 വിമാനം വെടിവെച്ചു വീഴ്‌ത്താൻ വർത്തമാന് സാധിച്ചിരുന്നു. മിഗ്-21ന്റെ പരിഷ്‌കരിച്ച പതിപ്പാണ് മിഗ് 21 ബെയ്സൺ. മികച്ച മൾട്ടി മോഡ് റെഡാർ, കൂടുതൽ മികച്ച എവിയോണിക്‌സ്, കമ്യൂണിക്കേഷൻ സിസ്റ്റം എന്നിവയാണ് മിഗ് 21 ബൈസണിൽ ഉപയോഗിക്കുന്നത്. ആർ 73 ഷോർട്ട് റേഞ്ച്, ആർ 77 മീഡിയം റേഞ്ച് ആന്റി എയർക്രാഫ്റ്റ് മിസൈലുകൾ, എയർ ടു സർഫസ് മിസൈലുകൾ, ബോംബുകൾ എന്നിവ വഹിക്കാൻ മിഗ് 21 ബൈസണിനാകും. മിറാഷ് 2000 പോലുള്ള അഡ്വാൻസ്ഡ് യുദ്ധ വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഹെൽമെറ്റ് മൗണ്ടഡ് സൈറ്റ് മിഗ് 21 ലെ പൈലറ്റുമാർക്കുമുണ്ട്.

ഇന്ത്യൻ വ്യോമാതിർത്തി കടന്നെത്തുന്ന ശത്രുയുദ്ധവിമാനങ്ങളെയും നിരീക്ഷണ വിമാനങ്ങളെയും തുരത്താനാണ് വ്യോമസേന മിഗ് 21 ബൈസൺ ഉപയോഗിക്കുന്നത്. ഭാരക്കുറവുള്ള വിമാനമായതിനാൽ അതിവേഗം ശത്രുവിമാനങ്ങളെ ആക്രമിക്കാം. പെട്ടെന്നു ടേക്ക് ഓഫ് ചെയ്യാൻ സാധിക്കും എന്നതും മിഗ് 21 ന്റെ പ്രത്യേകതയാണ്. ഒരു പൈലറ്റ് പറത്തുന്ന വിമാനമാണ് മിഗ് 21 ബൈസൺ. 14.3 മീറ്റർ നീളവും 7.154 മീറ്റർ വിങ്‌സ്പാനും 4 മീറ്റർ നീളവുമുണ്ട് ഈ വിമാനത്തിന്.12675 എൽബി ത്രസ്റ്റുള്ള എൻജിനാണ് ഉപയോഗിക്കുന്നത്. 8825 കിലോഗ്രാം ഭാരം വരെ വഹിച്ച് പറന്നുയരാനാകും. 2230 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാനാവുന്ന വിമാനത്തിന്റെ ഓപ്പറേഷണൽ റേഞ്ച് 1210 കിലോമീറ്ററാണ്. പരമാവധി 57400 അടി ഉയരത്തിൽ വരെ മിഗ് 21 ബൈസണിന് പറക്കാനാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP