Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥി അഖിൽ ചന്ദ്രൻ കൊലപാതക ശ്രമം: അഞ്ചു പ്രതികൾക്കും കർശന ഉപാധികളോടെ ജാമ്യം; പ്രതികൾ വീണ്ടും കലാപമുണ്ടാക്കാൻ കോപ്പുകൂട്ടുമെന്ന് പ്രോസിക്യൂഷൻ

യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥി അഖിൽ ചന്ദ്രൻ  കൊലപാതക ശ്രമം: അഞ്ചു പ്രതികൾക്കും കർശന ഉപാധികളോടെ ജാമ്യം; പ്രതികൾ വീണ്ടും കലാപമുണ്ടാക്കാൻ കോപ്പുകൂട്ടുമെന്ന് പ്രോസിക്യൂഷൻ

അഡ്വ.പി.നാഗ് രാജ്

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജ് മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥി അഖിൽ ചന്ദ്രനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാന്റിൽ കഴിയുന്ന എസ് എഫ് ഐ പ്രവർത്തകരും കോളജ് യൂണിറ്റ് അംഗങ്ങളുമായ 5 പ്രതികൾക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചു. ജാമ്യത്തിൽ വിട്ടയച്ചാൽ പ്രതികൾ വീണ്ടും കലാപത്തിന് കോപ്പുകൂട്ടുമെന്ന പ്രോസിക്യൂഷന്റെ ആശങ്ക കണക്കിലെടുത്ത് കർശന വ്യവസ്ഥകളോടെയാണ് തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി പ്രതികളെ ജാമ്യത്തിൽ വിട്ടയക്കാൻ ഉത്തരവിട്ടത്. ഓരോ പ്രതികളും അമ്പതിനായിരം രൂപയുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാൾ ജാമ്യവും കീഴ്‌ക്കോടതിയിൽ ജാമ്യ ബോണ്ടായി കെട്ടി വയ്ക്കണം. സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്. ആഴ്ചയിലൊരിക്കൽ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം. അന്വേഷണവുമായി സഹകരിക്കണം. തെളിവുകൾ നശിപ്പിക്കരുത്. സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്. വ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കി പ്രതികളെ വീണ്ടും ജയിലിലടയ്ക്കുമെന്നും ജാമ്യ ഉത്തരവിൽ കോടതി വ്യക്തമാക്കി. അഞ്ച് പ്രതികളും ഉപാധി പ്രകാരമുള്ള ജാമ്യ ബോണ്ട് തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി മുമ്പാകെ ഹാജരാക്കുന്ന മുറക്ക് ജാമ്യത്തിൽ വിട്ടയക്കാനാണുത്തരവ്.

കത്തിക്കുത്ത് കേസിൽ ജില്ലാ ജയിലിൽ റിമാന്റിൽ കഴിയുന്ന നാലു മുതൽ ആറ് വരെ പ്രതികളായ കുളത്തുപ്പുഴ സ്വദേശി അദ്വൈത് മണികണ്ഠൻ , നെയ്യാറ്റിൻകര സ്വദേശി ആരോമൽ. എസ്. നായർ , കിളിമാനൂർ സ്വദേശി ആദിൽ മുഹമ്മദ് , എട്ടാം പ്രതി നേമം സ്വദേശി ഇജാബ് , പതിനാലാം പ്രതി ബി എ അറബിക് രണ്ടാം വർഷ വിദ്യാർത്ഥി മുന്നാനക്കുഴി സ്വദേശി സ്വഫ് വാൻ എന്നിവർക്കാണ് ജില്ലാ കോടതി ജാമ്യം നൽകിയത്.

ജൂലൈ മാസം പന്ത്രണ്ടാം തീയതി പട്ടാപ്പകൽ 11.30 മണിക്കാണ് നഗരമധ്യത്തിലെ പാളയം യൂണിവേഴ്സിറ്റി കോളേജ് കാമ്പസിനുള്ളിൽ വച്ച് മുപ്പതോളം വരുന്ന എസ് എഫ് ഐ പ്രവർത്തകരായ വിദ്യാർത്ഥികൾ കലാപമുണ്ടാക്കി എസ് എഫ് ഐ പ്രവർത്തകനായ മൂന്നാം വർഷ ബി എ പൊളിറ്റിക്‌സ് വിദ്യാർത്ഥി അഖിൽ ചന്ദ്രനെ അഞ്ചു പ്രതികൾ തടഞ്ഞുവെച്ച് രണ്ടാം പ്രതി നസീം പിടിച്ചു വച്ച ശേഷം അപകടകരമായ കത്തി കൊണ്ട് ഒന്നാം പ്രതി ശിവരഞ്ജിത്ത് നെഞ്ചിൽ രണ്ടു പ്രാവശ്യം കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ഭരണ സിരാകേന്ദ്രമായ ഗവ: സെക്രട്ടറിയേറ്റിന് തൊട്ടടുത്തുള്ള യൂണിവേഴ്‌സിറ്റി കോളേജിൽ രാവിലെ 10 മണിയോടെ കലാപം പൊട്ടിപ്പുറപ്പെട്ട് 11.30 ഓടെ കത്തിക്കുത്തിൽ കലാശിച്ചത്. ലഹളക്ക് മുന്നോടിയായി എസ്എഫ്‌ഐക്കാർ കോളേജ് കവാടം അകത്തു നിന്നു താഴിട്ടു പൂട്ടി. 10 മണിക്ക് തന്നെ കോളേജധികൃതർ വേണ്ട നടപടികൾ സ്വീകരിച്ചുവെങ്കിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാമായിരുന്നു.

വൈകി പൊലീസെത്തിയെങ്കിലും കോളേജ് വളഞ്ഞ് പ്രതികളെ അറസ്റ്റ് ചെയ്തില്ല. നസീമും ശിവരഞ്ജിത്തും കോളേജ് മതിൽ ചാടിക്കടന്ന് യൂണിവേഴ്‌സിറ്റി കോളേജ് യൂണിയൻ സ്റ്റഡി സെന്ററിലേക്കും തുടർന്ന് ഉന്നതങ്ങളിൽ നിന്നുള്ള നിർദേശത്താൽ മാറി നിന്നതും കന്റോൺ പൊലീസിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഒത്താശയോടെയായിരുന്നു. ഇരുവരും ഒളിവിൽ പോയതായി പൊലീസ് മാധ്യമങ്ങളോടു വിശദീകരിച്ചുവെങ്കിലും ഇവർ നഗരത്തിൽ തന്നെ സ്വൈര വിഹാരം നടത്തുന്നത് അറിയാത്ത മട്ടിൽ കണ്ണടച്ച് ഇരുട്ടാക്കുകയായിരുന്നു.
ഭരണകക്ഷിയിൽ ഉന്നത സ്വാധീനമുള്ള ഇരുവരും ജൂലൈ15 ന് പുലർച്ചെ കേശവദാസപുരത്ത് വെച്ച് പൊലീസുകാരുമായുണ്ടാക്കിയ രഹസ്യ ധാരണ പ്രകാരം പിടികൊടുക്കുകയായിരുന്നു . ആഭ്യന്തര വകുപ്പിൽ ഉന്നത സ്വാധീനമുള്ള ഇരുവരെയും അറസ്റ്റ് ചെയ്യാത്തതിനെതിരെ കടുത്ത വിമർശനം ഉയർന്ന സാഹചര്യത്തിലാണ് പൊലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും മുഖം രക്ഷിക്കാനായി അറസ്റ്റ് നാടകം അരങ്ങേറിയത്.14 ന് എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളും കേസിലെ നാലും അഞ്ചും ആറും പ്രതികളുമായ അദ്വൈത് മണികണ്ഠൻ , ആരോമൽ , ആദിൽ മുഹമ്മദ് എന്നിവർ മുൻ നിശ്ചയ പ്രകാരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ കീഴsങ്ങിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP