Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എസ്‌ബിഐ ഡെബിറ്റ് കാർഡുകൾ ഒഴിവാക്കുന്നു; നടപടി ഡിജിറ്റൽ പേമെന്റ് സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പ്ലാസ്റ്റിക് കാർഡുകൾ നിർത്തലാക്കുന്നതിനുമായി; കാർഡ് ഇല്ലാതെ പണം പിൻവലിക്കാനുള്ള 'യോനോ' രാജ്യം മുഴുവൻ വ്യാപിപ്പിക്കാനും ശ്രമം

എസ്‌ബിഐ ഡെബിറ്റ് കാർഡുകൾ ഒഴിവാക്കുന്നു; നടപടി ഡിജിറ്റൽ പേമെന്റ് സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പ്ലാസ്റ്റിക് കാർഡുകൾ നിർത്തലാക്കുന്നതിനുമായി; കാർഡ് ഇല്ലാതെ പണം പിൻവലിക്കാനുള്ള 'യോനോ' രാജ്യം മുഴുവൻ വ്യാപിപ്പിക്കാനും ശ്രമം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂ ഡൽഹി: ഡിജിറ്റൽ പേമെന്റ് സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പ്ലാസ്റ്റിക് കാർഡുകൾ ഒഴിവാക്കുന്നതിനുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡെബിറ്റ് കാർഡുകൾ ഒഴിവാക്കുന്നു. എസ്.ബി.ഐ.യുടെ 'യോനോ' പ്ലാറ്റ്ഫോം വഴി എ.ടി.എമ്മിൽനിന്ന് പണം പിൻവലിക്കാനും ഇടപാടുകൾ നടത്താനും സാധിക്കും. അതിനാൽ 'യോനോ' രാജ്യം മുഴുവൻ വ്യാപിപ്പിക്കാനാണ് എസ്‌ബിഐ ശ്രമിക്കുന്നത്. എസ്.ബി.ഐ. ഉപഭോക്താക്കളിൽ നിരവധി പേർ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നുണ്ട്. രാജ്യത്ത് ഏകദേശം 90 കോടി ഡെബിറ്റ് കാർഡുകളും മൂന്നു കോടി ക്രെഡിറ്റ് കാർഡുകളുമാണ് ഉള്ളത്. ഈ സാഹചര്യത്തിൽ കാർഡുകൾ ഒഴിവാക്കുന്നത് ഡിജിറ്റൽ പേമെന്റ് സംവിധാനങ്ങൾ കൂടുതൽ പ്രചാരം നേടുന്നതിന് സഹായകമാകും.

ഇപ്പോൾ തന്നെ 68,000 യോനോ കാഷ് പോയിന്റുകൾ ബാങ്ക് സജ്ജമാക്കിയിട്ടുണ്ട്. ഒന്നര വർഷം കൊണ്ട് ഒരു ലക്ഷത്തിലധികം യോനോ കാഷ് പോയിന്റുകൾ സ്ഥാപിക്കാനാണ്് ലക്ഷ്യമിടുന്നത്. അഞ്ച് വർഷം കൊണ്ട് പോക്കറ്റിൽ പ്ലാസ്റ്റിക് കാർഡ് കൊണ്ടുനടക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാകുമെന്നും ബാങ്കിങ് വൃത്തങ്ങൾ അറിയിച്ചു.

യു ഒൺലി നീഡ് വൺ എന്നാണ് യോനോയുടെ പൂർണരൂപം. യോനോ ആപ്ലിക്കേഷൻ കൈയിലുള്ളവർക്ക് കാർഡില്ലാതെ എ.ടി.എം.ഇടപാട് നടത്താം. അതിനായി ആപ്ലിക്കേഷനിൽ കയറി എടുക്കേണ്ട പണമെത്രയെന്ന് കാണിക്കണം. അപേക്ഷകൻ സ്വയം ആറക്ക പാസ്വേഡ് യോനോ ആപ്ലിക്കേഷനിൽ തയ്യാറാക്കണം. ആപ്ലിക്കേഷനിലേക്ക് സെർവറിൽനിന്ന് ആറക്ക പാസ്വേഡ് മൊബൈൽ ഫോണിലേക്ക് അയച്ചുതരും. ഈ രണ്ട് പാസ്വേഡും പിൻ നമ്പറാക്കി എ.ടി.എമ്മിൽ അടിച്ചാൽ പണം കിട്ടും. രണ്ടുമണിക്കൂർ മാത്രമേ പാസ്വേഡിന് ആയുസ്സുണ്ടാകൂ. തൊട്ടടുത്ത് ഈ സൗകര്യമുള്ള എ.ടി.എം.എവിടെയുണ്ടെന്നും ഈ ആപ്പ് പറഞ്ഞുതരും.

ലൈഫ് സ്റ്റൈലുമായി ബന്ധപ്പെട്ട കാര്യങ്ങളും ഉൾപ്പെടുത്തിയാണ് യോനോ വികസിപ്പിച്ചിരിക്കുന്നത്. മ്യൂച്ചൽ ഫണ്ടിലേക്ക് നിക്ഷേപം നടത്തൽ, ഇൻഷുറൻസ് എടുക്കൽ, ഓൺലൈനിൽ സാധനങ്ങൾ വാങ്ങൽ എന്നിവ അനായാസമായി നടത്താമെന്നു മാത്രമല്ല, ഇതിനെല്ലാം സാധാരണയായി കിട്ടുന്ന ഇളവുകളേക്കാൾ യോനോയുള്ളവർക്ക് പ്രത്യേക ആനൂകൂല്യവുമുണ്ട്. ഓൺലൈൻ വ്യാപാരസൈറ്റുകളുമായി ബാങ്കുണ്ടാക്കിയ പ്രത്യേക ഉടമ്പടികാരണമാണിത്. ഭക്ഷണം, സാധനങ്ങൾ, ടിക്കറ്റ് ബുക്കുചെയ്യൽ, മുറി ബുക്കുചെയ്യൽ തുടങ്ങിയവയെല്ലാം യോനോയിലൂടെ ചെയ്താൽ 50 ശതമാനം വരെ ഡിസ്‌കൗണ്ടുണ്ട്. യോനോയിൽ ഇത് ബന്ധിപ്പിച്ചിട്ടുള്ളതിനാൽ വേറെ ലിങ്ക് തേടിപ്പോകേണ്ടതുമില്ല. ഐ.ആർ.സി.ടി.സി.വഴിയുള്ള ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങും യോനോയിലൂടെ നടത്താനാകും

യോനോ അപ്ലിക്കേഷൻവഴി പ്രീ അപ്രൂവ്ഡ് ലോൺ എന്ന അപേക്ഷയില്ലാ വായ്പ ബാങ്ക് നൽകും. എത്ര രൂപയാണ് പരമാവധി അനുവദിച്ചിരിക്കുന്നതെന്ന് ബാങ്ക് യോനോയിലൂടെ അറിയിക്കും. ഇതിൽ എത്രരൂപ വേണമെന്നും എത്ര ഗഡുക്കളായി തിരിച്ചടയ്ക്കുമെന്നും തീരുമാനിക്കാനുള്ള അവകാശം കസ്റ്റമേഴ്സിനുണ്ട്. അതു പൂരിപ്പിച്ച് അയച്ചാൽ ഉടനടി തുക അക്കൗണ്ടിലെത്തും. തിരിച്ചടവുസമയം കൃത്യമായി ആപ്പ് അറിയിച്ചുകൊണ്ടേയിരിക്കും. ഇപ്പോൾ തന്നെ ഇതിന് വലിയ പ്രചാരമാണ് ലഭിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ 1 കോടി പേരാണ് യോനോ ഉപയോഗിക്കുന്നത്. വിവിധ ആപ്പുകളിലായി ചിതറി കിടക്കുന്ന സേവനങ്ങളെല്ലാം ചേർത്ത് ഒരു ഒറ്റ കുടക്കീഴിലാണ് യോനോ അവതരിപ്പിച്ചിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP