Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വേനലവധിക്കാലത്ത് വീട്ടിലേക്ക് പോയ ഭാര്യയും കുട്ടികളും എത്ര വിളിച്ചിട്ടും മടങ്ങിയില്ല; കൂട്ടിക്കൊണ്ട് പോകാൻ എത്തിയപ്പോൾ മക്കളെ മാത്രം കൂടെ വിട്ടു; സണ്ണിയും മക്കളും പോയതിന് പിന്നാലെ സ്റ്റേഷനിലെത്തി ബിൻസി പറഞ്ഞത് കുട്ടികളെ തട്ടിക്കൊണ്ട് പോയെന്ന്; അന്വേഷിച്ച് സ്റ്റേഷനിലെത്തിയ സണ്ണിയുടെ പിതാവ് കണ്ടത് എണീറ്റ് നിൽക്കാൻ ആവതില്ലാത്ത മകനെ; കോട്ടയം മെഡിക്കൽ കോളേജിൽ കഴിയുന്ന സണ്ണിയെ ഏമാന്മാർ കൈകാര്യം ചെയ്തത് ഒരു രാത്രി മുഴുവൻ

വേനലവധിക്കാലത്ത് വീട്ടിലേക്ക് പോയ ഭാര്യയും കുട്ടികളും എത്ര വിളിച്ചിട്ടും മടങ്ങിയില്ല; കൂട്ടിക്കൊണ്ട് പോകാൻ എത്തിയപ്പോൾ മക്കളെ മാത്രം കൂടെ വിട്ടു; സണ്ണിയും മക്കളും പോയതിന് പിന്നാലെ സ്റ്റേഷനിലെത്തി ബിൻസി പറഞ്ഞത് കുട്ടികളെ തട്ടിക്കൊണ്ട് പോയെന്ന്; അന്വേഷിച്ച് സ്റ്റേഷനിലെത്തിയ സണ്ണിയുടെ പിതാവ് കണ്ടത് എണീറ്റ് നിൽക്കാൻ ആവതില്ലാത്ത മകനെ; കോട്ടയം മെഡിക്കൽ കോളേജിൽ കഴിയുന്ന സണ്ണിയെ ഏമാന്മാർ കൈകാര്യം ചെയ്തത് ഒരു രാത്രി മുഴുവൻ

മറുനാടൻ മലയാളി ബ്യൂറോ

കട്ടപ്പന: ഭാര്യ നല്കിയ പരാതിയിൽ പൊലീസ് പിടിച്ചുകൊണ്ടുപോയ യുവാവിന് സ്‌റ്റേഷനിൽ ഏൽക്കേണ്ടിവന്നത് ക്രൂരപീഡനം. കട്ടപ്പന തോക്കുപാറ പുതുവ സണ്ണി തോമസിനെയാണ് പൊലീസുകാർ ക്രൂരമായ ലോക്കപ്പ് മർദ്ദനത്തിന് ഇരയാക്കിയത്. തിങ്കളാഴ്‌ച്ച രാത്രിയിൽ കസ്റ്റഡിയിലെടുത്ത മകനെ കാണാൻ ഇന്നലെ രാവിലെ സ്റ്റേഷനിലെത്തിയ താൻ കണ്ടത് എഴുന്നേറ്റ് നിൽക്കാൻ പോലുമാകാത്ത വിധം മർദ്ദനമേറ്റ് അവശനായ മകനെയാണെന്ന് സണ്ണിയുടെ പിതാവ് തോമസ് മറുനാടനോട് പറഞ്ഞു. ലോക്കപ്പ് മർദ്ദനത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ സണ്ണിയെ പീരുമേട് സബ്ജയിലിൽ നിന്നും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നാണ് അറിയിപ്പ് ലഭിച്ചതെന്നും അദ്ദേഹം പറയുന്നു. ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രികളെ സമീപിച്ചെങ്കിലും അവർ കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു.

ഭാര്യയും മൂന്നു മക്കളുമുള്ള സണ്ണിയെ അറസ്റ്റ് ചെയ്യാൻ എത്തിയപ്പോൾ മുതൽ പൊലീസുകാർ ക്രൂരമായി തല്ലുകയായിരുന്നു. സണ്ണിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് മൂന്ന് മാസം മുമ്പാണ് ഭാര്യ ബിൻസി മൂന്ന് കുട്ടികളുമായി പശുപ്പാറയിലെ തന്റെ വീട്ടിലേക്ക് പോയത്. വേനലവധി കഴിഞ്ഞ് തിരിച്ചെത്താം എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ, സ്‌കൂൾ തുറന്നിട്ടും കുട്ടികളും ഭാര്യയും തിരികെ എത്തിയില്ല. ഇതേതുടർന്നാണ് മക്കളെ കാണാനായി സണ്ണി പശുപ്പാറയിലേക്ക് കഴിഞ്ഞ തിങ്കളാഴ്‌ച്ച പോയത്. കുട്ടികളെ ഒപ്പം കൊണ്ടുപോകാൻ ഭാര്യയും വീട്ടുകാരും സണ്ണിയോട് പറയുകയായിരുന്നു.എന്നാൽ സണ്ണി കുട്ടികളുമായി ഭാര്യവീട്ടിൽ നിന്നും ഇറങ്ങിയതോടെ ഭാര്യ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ബിൻസിയുടെ പരാതിയെ തുടർന്നാണ് കട്ടപ്പന പൊലീസ് സണ്ണിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് വിലങ്ങ് വെച്ചത് മുതൽ സണ്ണിയെ കട്ടപ്പന പൊലീസ് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇന്നലെ രാവിലെ മകനെ അന്വേഷിച്ച് കട്ടപ്പന സ്റ്റേഷനിലെത്തിയ പിതാവ് തോമസ് കണ്ടത് കരൾ നുറുങ്ങുന്ന കാഴ്‌ച്ചയാണ്. എഴുന്നേൽക്കാൻ പോലുമാകാത്ത വിധം അവശനായി സണ്ണി ലോക്കപ്പിൽ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു. ഇന്നലെ പകൽ മുഴുവൻ ആ പാവം പിതാവ് കട്ടപ്പന സ്റ്റേഷന് മുന്നിൽ സ്വന്തം മകന്റെ ജീവന് വേണ്ടി കാവലിരുന്നു. രാത്രി എട്ട് മണിയോടെയാണ് അഞ്ച് പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ കൊണ്ടുപോയത് എന്ന് തോമസ് പറഞ്ഞു. രണ്ടുപേരെ വീതം രണ്ട് തവണയായാണ് കൊണ്ടുപോയത്. അവിടെ എന്താണ് നടന്നതെന്ന് തനിക്കറിയില്ല. ഇന്ന് രാവിലെ മകനെ അന്വേഷിച്ച് പീരുമേട് സബ്ജയിലിൽ എത്തിയപ്പോഴാണ് സണ്ണിയെ മെഡിക്കൽ കോളജിലേക്ക് മാറ്റിയെന്ന് അദ്ദേഹം അറിയുന്നത്.

നെടുങ്കണ്ടം കസ്റ്റഡി മരണത്തെ തുടർന്ന് പൊലീസിന്റെ അക്രമവാസനക്കെതിരെ കർശന നടപടിയുണ്ടാകും എന്ന് മുഖ്യമന്ത്രി ആവർത്തിച്ച് പറയുന്നതിനിടെയാണ് കട്ടപ്പന കസ്റ്റഡി മർദ്ദനം. പൊലീസിന് മാനുഷിക മുഖം വേണമെന്നണ് മുഖ്യമന്ത്രിയുടെ നിലപാട്. ലോക്കപ്പ് മർദ്ദനം, മൂന്നാം മുറ എന്നിവ വെച്ച് പൊറുപ്പിക്കില്ല. ഇത്തരം കേസുകളിൽ അന്വേഷണം നടക്കുന്നു. തെളിഞ്ഞാൽ ശിക്ഷ ലഭിക്കും. ലോക്കപ്പിൽ മനുഷ്യത്വരഹിതമായി ഇടപെടാൻ അനുവദിക്കില്ല എന്നും മുഖ്യമന്ത്രി അടുത്തിടെ വ്യക്തമാക്കിയിരുന്നു. പൊലീസിന്റെ പ്രവർത്തനങ്ങൾ പാർട്ടിക്കും സർക്കാരിനും പൊതുജനത്തിനിടയിൽ അവമതിപ്പുണ്ടാക്കുന്നു എന്ന് സിപിഎമ്മിന്റെ തെറ്റുതിരുത്തൽ രേഖയിലും പരാമർശമുണ്ടായിരുന്നു. എന്നാൽ സർക്കാരിന്റെയും പാർട്ടിയുടെയും നിലപാടുകളെ പാടെ തള്ളിയാണ് കാക്കിക്കുള്ളിലെ ക്രിമിനലുകൾ സാധാരണ ജനത്തെ വേട്ടയാടുന്നത്.

സമീപകാലത്ത് കേരളത്തെ നടുക്കിയ കസ്റ്റഡി മർദ്ദനവും കൊലപാതകവുമായിരുന്നു നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ നടന്നത്. കഴിഞ്ഞ ജൂൺ പതിനഞ്ചിന് രാത്രി 9.30 ന് അറസ്റ്റ് ചെയ്ത രാജ്കുമാറിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നത് പിറ്റേ ദിവസം രാവിലെ 10.40 നാണ്. സാമ്പത്തിക തട്ടിപ്പു കോസിലെ പ്രതിയായ രാജ്കുമാറിനെ ക്രുരമായ മർദ്ദനത്തിനാണ് പൊലീസ് ദിവസങ്ങളോളം ഇരയാക്കിയത്. രണ്ടുദിവസവും നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ രാജ്കുമാർ നേരിട്ടത് കേട്ടുകേൾവിയില്ലാത്ത പീഡനങ്ങളായിരുന്നു. അതിന്റെ തുടർ നടപടികൾ തുടരുന്നതിനിടെയാണ് കേരളത്തെ നടുക്കി അടുത്ത കസ്റ്റഡി മർദ്ദനത്തിന്റെ വിവരങ്ങൾ പുറത്തു വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP