Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ന്യൂനപക്ഷ നേതാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാനൊരുങ്ങി ബിജെപി; നോട്ടമിടുന്നത് കലാ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിലെ ന്യൂനപക്ഷ മുഖങ്ങളെ; കാലിക്കറ്റ് സർവ്വകലാശാല മുൻ വിസിക്കും ലീഗ് സ്ഥാപക നേതാവിന്റെ കൊച്ചുമകനും സ്വീകരണം; ബാഫക്കി തങ്ങളുടെ ചെറുമകൻ ബിജെപിയിൽ ചേർന്നത് ചർച്ചയാക്കി സിപിഎമ്മും എപി സുന്നി വിഭാഗവും

ന്യൂനപക്ഷ നേതാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാനൊരുങ്ങി ബിജെപി; നോട്ടമിടുന്നത് കലാ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിലെ ന്യൂനപക്ഷ മുഖങ്ങളെ; കാലിക്കറ്റ് സർവ്വകലാശാല മുൻ വിസിക്കും ലീഗ് സ്ഥാപക നേതാവിന്റെ കൊച്ചുമകനും സ്വീകരണം; ബാഫക്കി തങ്ങളുടെ ചെറുമകൻ ബിജെപിയിൽ ചേർന്നത് ചർച്ചയാക്കി സിപിഎമ്മും എപി സുന്നി വിഭാഗവും

കെ വി നിരഞ്ജൻ

കോഴിക്കോട്: പ്രമുഖ ന്യൂനപക്ഷ നേതാക്കളെ പാർട്ടിയിലേക്ക് ആകർഷിച്ച് മുന്നോട്ട് പോവുകയാണ് ബിജെപി. രാഷ്ട്രീയ നേതാക്കളും കലാ-സാംസ്കാരിക-വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവരെയുമെല്ലാമാണ് ബിജെപി നോട്ടമിടുന്നത്. ഇത്തരത്തിൽ സമൂഹത്തിൽ ഏറെ ഉയർന്നു നിലയിലുള്ള ചില ന്യൂനപക്ഷ നേതാക്കൾ കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നിരുന്നു. ഇവർക്ക് കോഴിക്കോട് അളകാപുരിയിൽ നടന്ന ചടങ്ങിൽ സ്വീകരണവും നൽകി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ ഡോ. എം. അബ്ദുൾസലാം, മുസ്ലിം ലീഗ് സ്ഥാപക നേതാവായിരുന്ന ബാഫക്കി തങ്ങളുടെ ചെറുമകൻ സയിദ് താഹ ബാഫക്കി തങ്ങൾ എന്നിവരുൾപ്പെടെയുള്ളവർക്കാണ് സ്വീകരണം നൽകിയത്.

മുസ്ലിം ലീഗിന്റെ പ്രമുഖ നേതാവായിരുന്ന ബാഫക്കി തങ്ങളുടെ ചെറുമകൻ ബിജെപിയിൽ ചേർന്നതിനെ ആഘോഷമാക്കിക്കൊണ്ട് സി പി എം രംഗത്ത് വന്നിരിക്കുകയാണ്. തങ്ങളിതെല്ലാം നേരത്തെ പറഞ്ഞതാണെന്നും കോൺഗ്രസ് -ലീഗ് നേതാക്കളെല്ലാം ഇത്തരത്തിൽ ബിജെപിയിലേക്ക് തന്നെ പോകുമെന്നും സി പി എം പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ പ്രചരണവും തുടങ്ങി. ഇതോടെ പ്രതിരോധത്തിലായ മുസ്ലിം ലീഗ് പ്രവർത്തകരും വിശദീകരണവുമായി രംഗത്ത് വന്നിട്ടുണ്ട്. ബാഫക്കി തങ്ങളുടെ ചെറുമക്കൾ ആയതുകൊണ്ട് ലീഗാകണമെന്നില്ലെന്നാണ് ലീഗ് വിശദീകരണം.
ലീഗുമായി ഒരു ബന്ധവും ഇല്ലാത്ത ബാഫക്കി തങ്ങന്മാർ എത്രയോ ഉണ്ടെന്നിരിക്കെ ഈയിടെ ഹിന്ദുത്വം സ്വീകരിച്ച ഒരു ബാഫഖിയെ കുറിച്ച് മുസ്ലിം ലീഗ് നേതാവും ബാഫഖി തങ്ങളുടെ ചെറുമകനുമായ
താഹ ബാഫക്കി തങ്ങൾ ബിജെപിയിലേക്ക് പോയി എന്ന് മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സൈബർ വിഭാഗവും എപി വിഭാഗത്തിൽ പെട്ട ചില ആളുകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. ആള് ബാഫക്കി തങ്ങളുടെ ചെറുമകൻ തന്നെയാണ്. അക്കാര്യത്തിൽ ആർക്കും ഒരു സംശയവും വേണ്ട. പക്ഷെ അദ്ദേഹം തികഞ്ഞ ലക്ഷണമൊത്ത സി പി എം അനുഭാവിയും പിണറായി വിജയനുമായും കോടിയേരി ബാലകൃഷ്ണനുമായും കെ ടി ജലീലുമായും ജില്ലയിലെയും സംസ്ഥാനത്തെയും നിരവധി സി പി എം നേതാക്കളുമായും അടുത്ത ബന്ധമുള്ള ആളുമാണെന്ന് ലീഗ് അനുകൂലികൾ വിശദീകരിക്കുന്നു.

ആരുടെ ചെറുമകൻ എന്നത് നോക്കിയല്ല അദ്ദേഹത്തിന്റെ നിലപാടുകൾ വിലയിരുത്തി ആകണം അദ്ദേഹം ഏത് പാർട്ടിയാണെന്ന് തീരുമാനിക്കേണ്ടത്. പിണറായി വിജയൻ നയിച്ച രാഷ്ട്രീയ നവകേരള യാത്രക്കും
കോടിയേരി ബാലകൃഷ്ണൻ നയിച്ച ജാഥയ്ക്കും കൊയിലാണ്ടിയിൽ നൽകിയ സ്വീകരണങ്ങളിൽ അദ്ദേഹം പങ്കെടുത്തിരുന്നു. ഇദ്ദേഹത്തെയും കുടുംബത്തെയും സി പി എമ്മിലെ ഉത്തരവാദിത്തപ്പെട്ട നേതാക്കളെ സാക്ഷി നിർത്തിയാണ് പൊന്നാടയണിയിച്ച് അവർ സ്വീകരിച്ചത്. അന്ന് ബാഫക്കി തങ്ങളുടെ കുടുംബം ഇടതുപക്ഷത്തേക്ക് എന്നാണ് ദേശാഭിമാനി എഴുതിയത്. അവരാണിപ്പോൾ മുസ്ലിം ലീഗ് നേതാവ് ബിജെപിയിലേക്ക് പോയി എന്ന് പ്രചരിപ്പിക്കുന്നത്. സത്യത്തിൽ ബാഫക്കി തങ്ങളുടെ കമ്മ്യൂണിസ്റ്റുകാരനായ ചെറുമകൻ ബിജെപിയിലേക്ക് പോയി എന്ന് പറയുന്നതാണ് ഉചിതമെന്നും സയ്യിദ് നൗഷാദ് ബാഫക്കി തങ്ങൾ വ്യക്തമാക്കുന്നു.

ത്രിപുരയും ബംഗാളും ഒന്നടങ്കം ഹിന്ദുത്വം സ്വീകരിച്ചെങ്കിൽ ഇടതുപക്ഷക്കാരനായ താഹ ബാഫക്കിക്കും സ്വീകരിക്കാം ഹിന്ദുത്വം. ഇതൊരു ജനാധിപത്യ രാജ്യമല്ലേ സഖാക്കളേ.. നിങ്ങൾ ആഘോഷിക്ക് മതിയാവോളം എന്നെല്ലാം പറഞ്ഞ് രൂക്ഷമായ പരിഹാസവും ലീഗ് അണികൾ ഉയർത്തുന്നുണ്ട്. എല്ലാവർക്കും എപ്പോഴും കടന്നുവരാവുന്ന പാർട്ടിയാണ് ബിജെപിയെന്ന് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പി എസ് ശ്രീധരൻപിള്ള അഭിപ്രായപ്പെട്ടു. ബിജെപി എല്ലാവരെയും ഉൾക്കൊള്ളുന്ന പാർട്ടിയാണെന്ന തിരിച്ചറിവാണ് തന്നെ ബിജെപിയിൽ എത്തിച്ചതെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ ഡോ. എം. അബ്ദുൾസലാം അഭിപ്രായപ്പെട്ടു. മഹാത്മാഗാന്ധിയുടെ വികസന സങ്കൽപ്പങ്ങളാണ് നരേന്ദ്ര മോദി നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച ഡോ. കെ.എസ്. രാധാകൃഷ്ണൻ പറഞ്ഞു.

ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രൻ അദ്ധ്യക്ഷനായി. ഡോ. അബ്ദുൾ സലാമിനും സയിദ് താഹ ബാഫക്കി തങ്ങൾക്കും പുറമെ ഡോ. മുഹമ്മദ് ജാസിം, ഷെയിഖ് ഷാഹിദ്, ഷമീർ വടകര തുടങ്ങിയവർക്കും പുതുതായി ബിജെപിയിൽ ചേർന്ന ഇരുപതോളം പേർക്കുമാണ് സ്വീകരണം നൽകിയത്. മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പരീത് പിള്ളയുടെ സഹോദരൻ അഡ്വ. മായിൻകുട്ടിയും കുടുംബവും ബിജെപിയിൽ ചേരുന്നതായുള്ള കത്തും ചടങ്ങിൽ വായിച്ചു.ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.എം. വേലായുധൻ, കെ. പി. ശ്രീശൻ, ചേറ്റൂർ ബാലകൃഷ്ണൻ, എ.പി. അബ്ദുള്ളക്കുട്ടി, സി.വി. ആനന്ദബോസ്, അഡ്വ. എ.കെ. നസീർ, അഡ്വ. യു.ടി. രാജൻ, അഡ്വ. നോബിൾ മാത്യു, അനൂപ് ആന്റണി, അഡ്വ. കെ.പി. പ്രകാശ് ബാബു, പി. ജിജേന്ദ്രൻ, പി.എം. ശ്യാംപ്രസാദ്, ടി. ചക്രായുധൻ, എൻ.പി. രാമദാസ് തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP