Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരുകോടി ദിർഹം കൊടുക്കാതെ ചെക്ക് കൊടുത്ത് പറ്റിച്ചു; പത്ത് വർഷമായി ചോദിച്ചിട്ടും തിരിച്ച് തന്നില്ല; ചർച്ച ചെയ്ത് പരിഹരിക്കാം എന്ന് പറഞ്ഞ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യിപ്പിച്ചു; ബിഡിജെഎസ് ചെയർമാനും വെള്ളാപ്പള്ളിയുടെ മകനുമായ തുഷാർ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത് അജ്മാൻ പൊലീസ്; തുഷാറിനെ പുറത്തിറക്കാൻ ഗൾഫിലെ പ്രമുഖ മലയാളി വ്യവസായികളെല്ലാം പാഞ്ഞെത്തിയെങ്കിലും പരാതിക്കാരനായ നാസിൽ അബ്ദുള്ള ഉറച്ച് നിന്നതിനാൽ തുഷാറിനെ ഇരുമ്പഴിക്കുള്ളിൽ അടച്ച് യുഎഇ പൊലീസ്

ഒരുകോടി ദിർഹം കൊടുക്കാതെ ചെക്ക് കൊടുത്ത് പറ്റിച്ചു; പത്ത് വർഷമായി ചോദിച്ചിട്ടും തിരിച്ച് തന്നില്ല; ചർച്ച ചെയ്ത് പരിഹരിക്കാം എന്ന് പറഞ്ഞ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യിപ്പിച്ചു; ബിഡിജെഎസ് ചെയർമാനും വെള്ളാപ്പള്ളിയുടെ മകനുമായ തുഷാർ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത് അജ്മാൻ പൊലീസ്; തുഷാറിനെ പുറത്തിറക്കാൻ ഗൾഫിലെ പ്രമുഖ മലയാളി വ്യവസായികളെല്ലാം പാഞ്ഞെത്തിയെങ്കിലും പരാതിക്കാരനായ നാസിൽ അബ്ദുള്ള ഉറച്ച് നിന്നതിനാൽ തുഷാറിനെ ഇരുമ്പഴിക്കുള്ളിൽ അടച്ച് യുഎഇ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

അജ്മാൻ: നാടകീയമായ രംഗങ്ങൾക്കൊടുവിലാണ് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിനടേശന്റെ മകനുമായ തുഷാർ വെള്ളാപ്പള്ളിയെ ചെക്ക് കേസിൽ ഇന്നലെ യുഎഇ പൊലീസ് ജയിലിൽ അടച്ചത്. യുഎഇയിലെ അജ്മാനിലാണ് തുഷാർ അറസ്റ്റിലായത്. പത്ത് വർഷം മുമ്പ് ബിസിനസ് പങ്കാളിക്കു നൽകിയ ഒരു കോടി ദിർഹത്തിന്റെ(19 കോടിയിലേറെ രൂപ) ചെക്ക് മടങ്ങിയ കേസിലാണ് അറസ്റ്റ്. തുഷാറിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇന്ന് കേസ് സംബന്ധിച്ച രേഖകൾ ശരിയാക്കി തുഷാറിനെ മോചിപ്പിക്കുമെന്ന് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങൾ അറിയിച്ചു.

ചെക്ക് കേസിൽ ചൊവ്വാഴ്ചയാണ് അറസ്റ്റിലായതെന്നു ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. തുഷാറിനെ അജ്മാൻ സെൻട്രൽ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. നേരത്തേ തുഷാറിന്റെ പേരിലുണ്ടായിരുന്ന കേസാണിതെന്നാണ് അറിയുന്നത്. മലയാളിയാണ് കേസ് കൊടുത്തിട്ടുള്ളതെന്നും സൂചനകളുണ്ട്. ഇയാൾ ഒത്തുതീർപ്പിനെന്ന പേരിൽ അജ്മാനിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. ഇതിനിടെ നൽകിയ വിവരം അനുസരിച്ച് പൊലീസ് തുഷാറിനെ അറസ്റ്റ് ചെയ്തു. അജ്മാനിൽ ഹോട്ടലിൽ ചർച്ചയ്ക്കിടെ പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നുു. എന്നാൽ ഇതേക്കുറിച്ച് അജ്മാൻ പൊലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

വ്യാഴാഴ്ച തന്നെ ഇതുസംബന്ധിച്ച രേഖകൾ ശരിയാക്കി തുഷാറിനെ മോചിപ്പിക്കുമെന്ന് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങൾ അറിയിച്ചു. യു എ യിലെ മലയാളി അഭിഭാഷകരും സാമൂഹിക പ്രവർത്തകരും തുഷാറിന്റെ ജാമ്യത്തിനായി ഇടപെടലുകൾ നടത്തി. എന്നാൽ പരാതിക്കാർ കേസ് പിൻവലിക്കാത്തതിനാൽ ജാമ്യം ലഭിച്ചില്ല. പത്തുവർഷം മുമ്പ് നൽകിയ ചെക്കിന് ഇപ്പോൾ സാധുത ഇല്ലെന്ന വാദവും തുഷാറിന്റെ കേന്ദ്രങ്ങൾ ഉയർത്തുന്നുണ്ട്. യു.എ.ഇ യിലെ ചില പ്രമുഖ പ്രവാസി വ്യവസായികൾ മുഖേന തുഷാറിനെ വ്യാഴാഴ്ച തന്നെ ജാമ്യത്തിൽ ഇറക്കാനാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ചെക്ക് കേസ് ആയതിനാൽ പാസ്പോർട്ട് ജാമ്യത്തിൽ തന്നെ പുറത്തിറങ്ങാനാവുമെന്ന പ്രതീക്ഷയിലാണ് അവർ.

തൃശൂർ സ്വദേശിയായ നാസിൽ അബ്ദുല്ലയാണ് പരാതിക്കാരൻ. തുഷാറിന്റെ പങ്കാളിത്തത്തിൽ ഉണ്ടായിരുന്നതും ഇപ്പോൾ പ്രവർത്തന രഹിതവുമായ ബോയിങ് കൺസ്ട്രക്ഷൻ എന്ന കമ്പനിയുടെ സബ് കോൺട്രാക്ടർ ആയിരുന്നു പരാതിക്കാരൻ. പത്തു വർഷം മുമ്പ് നടന്ന സംഭവുമായി ബന്ധപ്പെട്ട ഒത്തു തീർപ്പിനായി വിളിച്ചു വരുത്തിയായിരുന്നു അറസ്റ്റ് എന്നാണ് സൂചന.

എൻ.ഡി.എ കേരള ഘടകം നേതാവ് കൂടിയായ തുഷാറിന്റെ അറസ്റ്റ് രാഷ്ട്രീയ കേരളത്തിലും വലിയ വിവാദത്തിനാണ് ഇനി തിരികൊളുത്തുക. പ്രത്യേകിച്ച് അഴിമതി വിരുദ്ധ നടപടിയുടെ ഭാഗമായി മുൻ കേന്ദ്ര മന്ത്രി പി.ചിദംബരത്തെ തന്നെ സിബിഐ അറസ്റ്റ് ചെയ്തതിനാൽ ബിജെപിക്കും ഇനി സൂക്ഷിച്ചേ പ്രതികരിക്കാൻ പറ്റുകയൊള്ളു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെയടക്കം ഇടപെടിവിച്ച് തുഷാറിനെ പുറത്തിറക്കാൻ പറ്റുമോയെന്നാണ് ഇപ്പോൾ ബി.ഡി.ജെ.എസ് നേതാക്കൾ നോക്കുന്നത്. എന്നാൽ ചെക്ക് കേസിൽ യു.എ.ഇ നിയമം കടുത്തതായതിനാൽ പണം നൽകി ഒത്തുതീർപ്പാക്കാതെ യു.എ.ഇ ഭരണകൂടത്തിനും ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല.

അറ്റ്ലസ് രാമചന്ദ്രൻ ഉൾപ്പെടെ നിരവധി പേർ ചെക്ക് കേസുകളിലും വായ്പ തിരിച്ചടക്കാത്തതിലും പെട്ട് ഇവിടെ ജയിലിലായിട്ടുണ്ട്. ഈ സാഹചര്യത്തിൽ പരാതിക്കാരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും തിരക്കിട്ട് നടക്കുന്നുണ്ട്. എസ്.എൻ.ഡി.പി യോഗം ഭാരവാഹി കൂടിയായ തുഷാറിന്റെ അറസ്റ്റ് സംഘടനക്കും മാനക്കേടായിരിക്കുകയാണിപ്പോൾ. തുഷാറിന്റെ പിതാവ് വെള്ളാപ്പള്ളി നടേശൻ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ എൻഡിഎ സ്ഥാനാർത്ഥിയായിരുന്നു തുഷാർ. 78,816 വോട്ടു ലഭിച്ച തുഷാറിന് കെട്ടിവച്ച കാശും നഷ്ടപ്പെട്ടിരുന്നു. കേരളത്തിൽ അടുത്ത് തന്നെ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ തുഷാറിന്റെ ഈ അറസ്റ്റ് എതിരാളികൾക്ക് വലിയ രാഷ്ട്രിയ ആയുധമാകും.

പൊലീസിൽ പരാതി നൽകിയ വിവരം മറച്ചുവെച്ച ഒത്തുതീർപ്പ് ചർച്ചകൾക്കെന്ന വ്യാജേന ഇയാൾ തുഷാറിനെ അജ്മാനിലെ ഒരു ഹോട്ടലിലേത്ത് വിളിച്ചു വരുത്തുകയായിരുന്നു. ഇരുവരും തമ്മിലുള്ള സംസാരത്തിനിടെയാണ് പരാതിക്കാരൻ നൽകിയ വിവരം അനുസരിച്ച് പൊലീസെത്തി തുഷാറിനെ അറസ്റ്റ് ചെയ്യുന്നത്. തുഷാർ വെള്ളാപ്പള്ളിക്ക് നേരത്തെ അജ്മാനിൽ ഒരു ബിസിനസ് സ്ഥാപനം ഉണ്ടായിരുന്നു. നഷ്ടത്തിലായ ഈ ബിസിനസ് കൈമാറുന്നതിനായി നൽകിയ ചെക്കിനെ ചൊല്ലിയായിരുന്നു തർക്കം. തുഷാറിനെ ജാമ്യത്തിലിറക്കാനുള്ള ഇടപെടലുകൾ നടത്തിയെങ്കിലും കേസ് പിൻവലിക്കാൻ പരാതിക്കാരൻ വിസമ്മതിക്കുകയായിരുന്നു.

ഇപ്പോൾ പ്രവർത്തന രഹിതവുമായ ബോയിങ് കൺസ്ട്രക്ഷൻ എന്ന കമ്പനിയുടെ സബ് കോൺട്രാക്ടർ ആയിരുന്നു പരാതിക്കാരൻ. അജ്മാനിൽ നേരത്തെ വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോയിങ് കൺസ്ട്രക്ഷൻസിന്റെ സബ് കോൺട്രാക്ടർമാരായിരുന്നു നാസിൽ അബ്ദുള്ളയുടെ കമ്പനി. എന്നാൽ പത്തുവർഷം മുമ്പ് നഷ്ടത്തിലായ കമ്പനി വെള്ളാപ്പള്ളി കൈമാറി. അതേസമയം സബ് കോൺട്രാക്ടറായിരുന്ന നാസിൽ അബ്ദുള്ളക്ക് കുറച്ച് പണം നൽകാനുണ്ടായിരുന്നു. ഇതിന് പകരമായി നൽകിയ ചെക്കിന്റെ പേരിലായിരുന്നു പരാതി. തിയതി വെക്കാതെ നൽകിയ ചെക്കായിരുന്നു ഇത്.

അരൂർ ഉപതെരഞ്ഞെടുപ്പിൽ തുഷാർ വെള്ളാപ്പള്ളി സ്ഥാനാർത്ഥിയാകണമെന്ന് ബിജെപി സൂചനകൾ നൽകിയിരുന്നു. ഉപതെരഞ്ഞെടുപ്പുകളിൽ പ്രധാന നേതാക്കളെല്ലാം മത്സരത്തിനിറങ്ങു മ്പോൾ തുഷാറും മത്സര രംഗത്ത് ഉണ്ടാകണമെന്നാണ് ബിജെപിയുടെ ആവശ്യം. എന്നാൽ അരൂരിൽ മത്സരിക്കുന്നതിനോട് തുഷാറിന് താൽപര്യമില്ല. അരൂർ സീറ്റ് ബിഡിജെഎസ് നിർബന്ധം പിടിച്ചാണ് നേടിയെടുത്തത്. മറ്റ് അഞ്ചിടങ്ങളിൽ പാർട്ടിയുടെ പ്രമുഖ നേതാക്കൾ സ്ഥാനാർത്ഥികളാകുമെന്നാണ് ബിജെപി ബിഡിജെഎസിനെ അറിയിച്ചത്. ബിഡിജെഎസ്സുമായുള്ള ഉഭയകക്ഷി ചർച്ചയിലാണ് തുഷാർ മത്സരിക്കണമെന്ന ആവശ്യം ബിജെപി മുന്നോട്ട് വച്ചത്. ഈ സാഹചര്യത്തിൽ അരൂരിൽ ശക്തമായ മത്സരത്തിന് തുഷാർ വേണമെന്നായിരുന്നുനിർദ്ദേശം. എസ്എൻഡിപി യോഗത്തിന് മണ്ഡലത്തിലുള്ള സ്വാധീനം കൂടി കണ്ടാണ് ബിജെപി നീക്കം. ഇതിനിടെയാണ് തുഷാർ അറസ്റ്റിലാകുന്നത്. ഇത് ബിജെപിക്കും തിരിച്ചടിയാണ്.

കേന്ദ്രത്തിൽ ബിജെപി ഭരണമുണ്ടായിട്ടും തുഷാറിനെ രക്ഷിക്കാനായില്ല. തുഷാറിന്റെ രാഷ്ട്രീയ ബന്ധങ്ങൾ പോലും അജ്മാൻ പൊലീസിൽ നിന്ന് മറച്ചുവച്ചുവെന്നും സൂചനയുണ്ട്. അങ്ങനെ കൃത്യമായ പദ്ധതിയോടെയായിരുന്നു അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP