Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സൗദിയിലെ വാഹന ഷോറൂം ജീവനക്കാരൻ നാട്ടിലെത്തിയത് നിക്കാഹിന്; കൂട്ടൂകാരുമായി ആഘോഷിക്കാൻ എത്തിയപ്പോൾ കണ്ടത് പൂട്ടിയിട്ട ബാർ; അടിച്ചു പൂസായി എത്തിയവരോട് ഇന്ന് തുറക്കില്ലെന്ന് പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ബിയറു കുപ്പിക്ക് അടിച്ച് കാർ തലയിലൂടെ ഓടിച്ചു കയറ്റി കൊന്നത് പ്രതിശ്രുത വരനെ; കാറിലെ ജിപിഎസ് വഴി കാട്ടിയായപ്പോൾ പ്രതികളെ പിന്തുടർന്ന് പൊലീസ് എത്തിയത് കിളിമാനൂരും; പൊന്തക്കാട്ടിൽ പെട്ട ഗുണ്ടാതലവനെ പൊക്കിയത് കൂട്ടുകാരന്റെ സഹായത്താൽ; ഷിയാസ് കുടുങ്ങിയത് ഇങ്ങനെ

സൗദിയിലെ വാഹന ഷോറൂം ജീവനക്കാരൻ നാട്ടിലെത്തിയത് നിക്കാഹിന്; കൂട്ടൂകാരുമായി ആഘോഷിക്കാൻ എത്തിയപ്പോൾ കണ്ടത് പൂട്ടിയിട്ട ബാർ; അടിച്ചു പൂസായി എത്തിയവരോട് ഇന്ന് തുറക്കില്ലെന്ന് പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ബിയറു കുപ്പിക്ക് അടിച്ച് കാർ തലയിലൂടെ ഓടിച്ചു കയറ്റി കൊന്നത് പ്രതിശ്രുത വരനെ; കാറിലെ ജിപിഎസ് വഴി കാട്ടിയായപ്പോൾ പ്രതികളെ പിന്തുടർന്ന് പൊലീസ് എത്തിയത് കിളിമാനൂരും; പൊന്തക്കാട്ടിൽ പെട്ട ഗുണ്ടാതലവനെ പൊക്കിയത് കൂട്ടുകാരന്റെ സഹായത്താൽ; ഷിയാസ് കുടുങ്ങിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ബാറിനു മുന്നിലുണ്ടായ തർക്കത്തെ തുടർന്നു യുവാവിനെ അടിച്ചു വീഴ്‌ത്തി, തലയിലൂടെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ ആലപ്പുഴയിലെ അധോലോകം തന്നെ. കേസിൽ ഒരാൾ പിടിയിലായതോടെയാണ് മാഫിയാ സംഘമാണ് ഈ കൊലയ്ക്ക് പിന്നിലെന്ന് മനസ്സിലായത്. കരീലക്കുളങ്ങര കരുവറ്റുംകുഴി പുത്തൻപുരയ്ക്കൽ താജുദ്ദീന്റെ (രാജു) മകൻ ഷമീർഖാൻ (25) ആണു ചൊവ്വാഴ്ച രാത്രി പന്ത്രണ്ടോടെ കായംകുളം ദേശീയപാതയ്ക്കടുത്തുള്ള ബാറിനു സമീപം കൊല്ലപ്പെട്ടത്. കേസിൽ ഐക്യജംക്ഷൻ വലിയവീട്ടിൽ ഷിയാസ് (21) ഇന്നലെ പുലർച്ചെ പിടിയിലായി.

കാറിലുണ്ടായിരുന്ന കായംകുളം പുത്തൻകണ്ടത്തിൽ അജ്മൽ (20), കൊറ്റുകുളങ്ങര മേനാന്തറയിൽ സഹിൽ (21) എന്നിവർക്കായി അന്വേഷണം ഊർജിതമാക്കി. അജ്മലാണു കാറോടിച്ചിരുന്നത്. മൂവരും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. കഞ്ചാവ്, ക്വട്ടേഷൻ സംഘങ്ങളുമായും ഇവർക്ക് ബന്ധമുണ്ട്. ഷിയാസിനെ പൊലീസ് കിളിമാനൂരിൽനിന്ന് കസ്റ്റഡിയിലെടുത്തത് സുഹൃത്തിനെക്കൊണ്ടു ഫോണിൽ വിളിച്ചുവരുത്തിയാണ്. കിളിമാനൂർ മഠത്തിൽകുന്നിൽ താമസിക്കുന്ന സുഹൃത്ത് സുഭാഷിന്റെ വീട്ടിൽ അഭയം തേടിയാണ് പ്രതികൾ 3 പേരും എത്തിയത്. കായംകുളം സ്വദേശിയായി സുഭാഷ് 7 വർഷം മുൻപാണ് വീടും സ്ഥലവും വാങ്ങി മഠത്തിൽകുന്നിൽ താമസമാക്കിയത്. കാറിൽ ജിപിഎസ് സംവിധാനം ഉണ്ടായിരുന്നു.

പ്രതികൾ സുഭാഷിനെ നിരന്തരം മൊബൈലിൽ ബന്ധപ്പെട്ടിരുന്നതിനാൽ കായംകുളം പൊലീസ് പ്രതികളുടെ പിന്നാലെ ഉണ്ടായിരുന്നു. പുലർച്ചെ രണ്ടോടെ കിളിമാനൂർ പൊലീസിന് വിവരം കിട്ടിയ സമയത്തുതന്നെ തിരച്ചിൽ തുടങ്ങി. രാത്രി വീട്ടിലെത്തിയ പ്രതികൾക്ക് അഭയം നൽകാൻ സുഭാഷ് വിസമ്മതിച്ചു. സ്ഥലത്ത് പട്രോളിങ് നടത്തിയ പൊലീസ് വാഹനങ്ങൾ കണ്ടതോടെ വീടു വിട്ട് പോകാൻ ആവശ്യപ്പെട്ടു. സമീപത്തെ കുറ്റിക്കാടുകളിൽ അഭയം തേടിയ പ്രതികൾ പലവഴിക്കായി. 2 പേർ രക്ഷപ്പെട്ടു.

അറസ്റ്റിലായ ഷിയാസ് കാനാറ ചെവളക്കോണം, മഠത്തിൽകുന്ന് പ്രദേശങ്ങളിൽ ഉണ്ടായിരുന്നു. സ്ഥലപരിചയം ഇല്ലാത്തതിനാൽ പുലർന്നിട്ടും രക്ഷപ്പെടാനായില്ല. സുഭാഷുമായി ഫോണിൽ നിരന്തരം ബന്ധപ്പെട്ടിരുന്നതിനാൽ ഷിയാസ് സ്ഥലത്തുണ്ടെന്ന് പൊലീസ് ഉറപ്പിച്ചു. രാവിലെ പത്തോടെ സുഭാഷിനെക്കൊണ്ട് പൊലീസ് ഷിയാസിനെ ഫോണിൽ വീട്ടിലേക്ക് വിളിച്ചു വരുത്തി കസ്റ്റഡിയിൽ എടുത്തു. പ്രതികൾ സഞ്ചരിച്ചിരുന്ന കാർ കിളിമാനൂർ മഠത്തിൽകുന്ന് അങ്കണവാടിക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. മറ്റു രണ്ടു പേരും കായംകുളം ഭാഗത്തേക്കു കടന്നിട്ടുണ്ടെന്നാണു വിവരം. ഇവർക്കായും തെരച്ചിൽ ഊർജ്ജിതമാക്കി.

സൗദിയിൽ വാഹനഷോറൂം ജീവനക്കാരനാണു ഷമീർഖാൻ. അടുത്ത മാസം എട്ടിനു നിശ്ചയിച്ചിരുന്ന വിവാഹത്തിന്റെ ഒരുക്കത്തിനായി 20 ദിവസം മുൻപാണു നാട്ടിലെത്തിയത്. വിവാഹം കഴിഞ്ഞു പത്താം ദിവസം തിരിച്ചുപോകേണ്ടിയിരുന്നതാണ്. ഇതിനിടെയാണ് ദുരന്തം ഉണ്ടാകുന്നത്. ചൊവ്വ രാത്രി പതിനൊന്നരയോടെ ബാറിലെത്തിയ ഷമീർഖാനോടും നാലു സുഹൃത്തുക്കളോടും ബാർ അടച്ചെന്നു ജീവനക്കാർ പറഞ്ഞു. ഇതിനടുത്ത വഴിയിൽ കാറിലിരുന്നു മദ്യപിക്കുകയായിരുന്ന അജ്മലും സംഘവും ഇതേ സമയം ബാറിനു മുന്നിലെത്തി. ബാർ അടച്ച വിവരം ഷമീറും സംഘവും പറഞ്ഞത് ഇഷ്ടപ്പെടാത്തതാണ് പ്രശ്‌നമായത്.

സംഘട്ടനത്തിനിടെ ബാറിന്റെ വശത്തെ ഇടറോഡിൽവച്ച് അജ്മൽ ബീയർ കുപ്പി കൊണ്ടു ഷമീറിന്റെ തലയ്ക്കടിച്ചു വീഴ്‌ത്തി. തുടർന്നു കാർ പിന്നോട്ടെടുത്ത് അതിവേഗം മുന്നോട്ടോടിച്ചു ഷമീറിന്റെ തലയിലൂടെ കയറ്റിയിറക്കുകയായിരുന്നു. ഷമീറിന്റെ തല പൂർണമായി തകർന്നു. സുഹൃത്തുക്കളായ സഞ്ജയ്ക്കും സച്ചിനും കാറിന്റെ ടയർ കയറിയിറങ്ങി കാലിനു പരുക്കേറ്റിരുന്നു. ഇവരുടെ മൊഴികളിൽ നിന്ന് കൊലപാതകികൾ ആരെന്ന് പൊലീസിന് മനസ്സിലായിരുന്നു. ഇതിനൊപ്പമാണ് കാർ പിന്തുടർന്നതും.

എരുവ സ്വദേശിനിയുടെതാണ് കാർ. പ്രതികൾ ഇത് വാടകയ്ക്ക് എടുത്തത്തതാണ്. ഷമീറിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം കായംകുളം ഷെഹിദാർ പള്ളി കബർസ്ഥാനിൽ സംസ്‌കരിച്ചു. അമ്മ: നസീമ. സഹോദരൻ: അക്‌ബർ ഷാ (ദുബായ്).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP