Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആമസോൺ മഴക്കാട് ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തത്തിൽ കത്തിയെരിയുന്നു; സാവോപോളോയെ പൂർണമായും ഇരുട്ടിലാഴ്‌ത്തിയ കറുത്ത പുകമറ പടർന്നത് 1,700 മൈൽ അകലേയ്ക്ക്; ബഹിരാകാശത്ത് നിന്ന് പോലും കാണാൻ സാധിക്കുന്ന തരത്തിൽ സ്ഥിതി അതീവ ഗുരുതരം; അപൂർവ ജൈവ സമ്പത്തിന്റെ ഉറവിടം ഇല്ലാതാകുമോ എന്ന ഭയത്തിൽ ലോകം; ആമസോണിയയ്ക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഹാഷ്ടാഗുകളുമായി സമൂഹമാധ്യമങ്ങളും

ആമസോൺ മഴക്കാട് ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തത്തിൽ കത്തിയെരിയുന്നു; സാവോപോളോയെ പൂർണമായും ഇരുട്ടിലാഴ്‌ത്തിയ കറുത്ത പുകമറ പടർന്നത് 1,700 മൈൽ അകലേയ്ക്ക്; ബഹിരാകാശത്ത് നിന്ന് പോലും കാണാൻ സാധിക്കുന്ന തരത്തിൽ സ്ഥിതി അതീവ ഗുരുതരം; അപൂർവ ജൈവ സമ്പത്തിന്റെ ഉറവിടം ഇല്ലാതാകുമോ എന്ന ഭയത്തിൽ ലോകം; ആമസോണിയയ്ക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഹാഷ്ടാഗുകളുമായി സമൂഹമാധ്യമങ്ങളും

മറുനാടൻ മലയാളി ബ്യൂറോ

ബ്രസീൽ: ഉഷ്ണമേഖലാ മഴക്കാടുകളിലെ ഏറ്റവും ജൈവവൈവിധ്യമേറിയതും വലുതുമായ ആമസോൺ മഴക്കാടിൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഗുരുതരമായ തീപിടിത്തമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പേസ് റിസർച്ച് പുറത്തുവിട്ട ഉപഗ്രഹ വിവരങ്ങൾ പ്രകാരം 2018 ൽ ഇതേ കാലയളവിൽ ഉണ്ടായതിനേക്കാൾ 83% വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തീ പിടിത്തത്തിന്റെ ദൃശ്യങ്ങൾ ബഹിരാകാശത്ത് നിന്ന് പോലും കാണാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ചതിന് ശേഷം പറയുന്നത് ബ്രസീലിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള മഴക്കാടുകളിൽ നിന്ന് ആയിരക്കണക്കിന് മൈൽ ദൂരം അറ്റ്‌ലാന്റിക് തീരത്തെ റിയോ ഡി ജനീറോയിലേക്ക് തീ പിടിത്തം മൂലമുണ്ടാകുന്ന പുക ഒഴുകുന്നതായാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ബ്രസീലിലെ ഏറ്റവും വലിയ നഗരമായ സാവോ പോളോ പുക മൂലം ഇരുട്ടിലായതായാണ് ചിത്രങ്ങളിൽ കാണുന്നത്. കറുത്ത നിറത്തിലുള്ള കട്ടിയുള്ള പുക ആമസോൺ കാടുകളിൽ നിന്ന് 1,700 മൈൽ അകലേയ്ക്ക് പടർന്നതിനാൽ നഗരത്തിൽ കൂടി പോയ കാറുകൾക്ക് ഹെഡ്‌ലൈറ്റുകൾ ഓണാക്കാതെ യാത്ര ചെയ്യാൻ പറ്റാതെയായി.

ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ മാത്രം ആമസോൺ മേഖലയിൽ 72,000 ത്തിലധികം തീപിടിത്തങ്ങളാണ് ഉണ്ടായതെന്ന് ഇൻപെ പറയുന്നു. 2013-നു ശേഷം ഉണ്ടായ റെക്കോർഡു തീപിടുത്തമാണിത്. കഴിഞ്ഞ വ്യാഴാഴ്ചമുതൽ 9,500 ലധികം ഇടങ്ങളിൽ കാട്ടുതീ ഉണ്ടായി. ബ്രസീലിലെ വടക്കൻ സംസ്ഥാനമായ റോറൈമ ഇരുണ്ട പുകയിൽ പൊതിഞ്ഞ നിലയിലായിരുന്നുവെന്ന് ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കിയിരുന്നു. ശക്തമായ കാറ്റിനൊപ്പം 2,700 കിലോമീറ്റർ അകലെനിന്നും ആമസോണസ്, റോണ്ടോണിയ എന്നീ സംസ്ഥാനങ്ങളിൽ എത്തിയ കനത്ത പുക ഒരു മണിക്കൂറോളം പ്രദേശത്തെയൊന്നാകെ ഇരുട്ടിലാക്കിയിരുന്നു. തീ പിടിത്തം കാരണം ആമസോണസിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

വനനശീകരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടതിനെ തുടർന്ന് പ്രസിഡന്റ് ജെയർ ബോൾസോനാരോ ഏജൻസിയുടെ തലവനെ പുറത്താക്കി ആഴ്ചകൾ കഴിയും മുൻപെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. ആമസോണിലെ വനങ്ങൾ മുറിച്ചുമാറ്റാൻ മരംവെട്ടുകാരേയും കർഷകരേയും ബോൾസോനാരോ പ്രോത്സാഹിപ്പിക്കുകയാണെന്നാണ് വനസംരക്ഷണ പ്രവർത്തകർ ആരോപിക്കുന്നത്.
വരണ്ട കാലാവസ്ഥയുള്ള സാഹചര്യങ്ങളിൽ സാധാരണ ബ്രസീലിൽ കാട്ടുതീ ഉണ്ടാവാറുണ്ട്. എന്നാൽ വിവിധ ആവശ്യങ്ങൾക്കായി മനപ്പൂർവം വനനശീകരണവും ഇവിടെ നടക്കുന്നുണ്ട്. എല്ലാ ആധികാരിക വിവരങ്ങളേയും തള്ളിക്കളയുന്ന ബോൾസോനാരോ, കർഷകർ ഭൂമി വൃത്തിയാക്കാൻ കാട് വെട്ടിമാറ്റി തീയിടുമ്പോൾ ഉണ്ടാകുന്ന പുകയാണത് എന്നാണ് പറയുന്നത്. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ലെന്നും അസാധാരണമാംവിധം കാട്ടുതീ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണെന്നും ഇൻപെ വ്യക്തമാക്കുന്നു. 'വരണ്ട കാലം കാട്ടുതീ ഉണ്ടാവാനും വ്യാപിക്കാനും അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കും. എന്നാൽ മനപ്പൂർവ്വമോ അല്ലാതെയോ മനുഷ്യരാണ് കാടിന് തീയിടുന്നത്' എന്നാണ് ഇൻപെ പറയുന്നത്.

എന്നാൽ ആമസോൺ കാടുകളിലെ തീപിടുത്തം ഇതിനോടകം ലോകശ്രദ്ധ നേടുകയും സോഷ്യൽ മീഡിയയിൽ പ്രേ ഫോർ ആമസോണിയ എന്ന ഹാഷ്ടാഗ് വൈറലാവുകയും ചെയ്തു. ഇത്രയും വലിയ തീപിടിത്തം ഉണ്ടായിട്ടും മാധ്യമങ്ങൾ ഈ വാർത്ത വേണ്ട രീതിയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് ലോകം മുഴുവൻ ഉയരുന്ന പരാതി. എന്നാൽ സമൂഹമാധ്യമങ്ങൾ ഇത് ഏറ്റെടുത്തതോടെ ലോകത്തിന്റെ പല ഭാഗത്ത് നിന്നുള്ളവർ ആമസോണിയക്ക് വേണ്ടി മുന്നോട്ട് വന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP