Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നഗരസഭാ ഭരണം ഇല്ലാതാക്കിയ പികെ രാഗേഷിനെ പുറത്താക്കാൻ കരുക്കൾ നീക്കി സിപിഎം; ഡെപ്യൂട്ടി മേയർ സ്ഥാനം നൽകിയിട്ടും മറുകണ്ടം ചാടിയ രാഗേഷിനെതിരെ 31ന് അവിശ്വാസ പ്രമേയം; ഇടത് നീക്കം കോൺഗ്രസിലെ രാഗേഷ് വിരുദ്ധരെ കൂട്ടുപിടിച്ച്; സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനത്തിരുന്നപ്പോൾ പുറത്താക്കിയ ലീഗ്കാരും പാലം വലിക്കുമോ എന്ന് കോൺഗ്രസിന് ആശങ്ക; നിർണായകമാവുക ലീഗ് കൗൺസിലർ നസ്രത്തിന്റെ നിലപാട്

നഗരസഭാ ഭരണം ഇല്ലാതാക്കിയ പികെ രാഗേഷിനെ പുറത്താക്കാൻ കരുക്കൾ നീക്കി സിപിഎം; ഡെപ്യൂട്ടി മേയർ സ്ഥാനം നൽകിയിട്ടും മറുകണ്ടം ചാടിയ രാഗേഷിനെതിരെ 31ന് അവിശ്വാസ പ്രമേയം; ഇടത് നീക്കം കോൺഗ്രസിലെ രാഗേഷ് വിരുദ്ധരെ കൂട്ടുപിടിച്ച്; സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനത്തിരുന്നപ്പോൾ പുറത്താക്കിയ ലീഗ്കാരും പാലം വലിക്കുമോ എന്ന് കോൺഗ്രസിന് ആശങ്ക; നിർണായകമാവുക ലീഗ് കൗൺസിലർ നസ്രത്തിന്റെ നിലപാട്

രഞ്ജിത്ത് ബാബു

കണ്ണൂർ: നഗരസഭ ഡപ്യൂട്ടി മേയർ പി.കെ. രാഗേഷിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചക്ക് വരുന്നതിൽ യു.ഡി.എഫിൽ ആശങ്ക. ഈ മാസം 31 ന് രാവിലെയാണ് എൽ.ഡി.എഫ് അവിശ്വാസ പ്രമേയം കൗൺസിലിൽ അവതരിപ്പിക്കുക. ഡപ്യൂട്ടി മേയറായി യു.ഡി.എഫ് പക്ഷത്തുള്ള പി.കെ.രാഗേഷിനെ എന്ത് വിലകൊടുത്തും പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് എൽ.ഡി.എഫ് രംഗത്തുള്ളത്. പി.കെ. രാഗേഷ് പള്ളിക്കുന്ന് സഹകരണ ബാങ്ക് പ്രസിഡണ്ടായിരിക്കുമ്പോൾ ബാങ്കിലെ കോൺഗ്രസ്സ് ,ലീഗ് ജീവനക്കാർക്കെതിരെ നടപടിയെടുക്കുകയും ബാങ്കിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. അനധികൃതമായാണ് രാഗേഷ് ഈ നടപടിയെടുത്തതെന്നായിരുന്നു അന്നത്തെ ആരോപണം.

ലീഗ് മുൻ ജില്ലാ കൗൺസിൽ അംഗം കെ.പി. റാസിഖ്, പള്ളിക്കുന്ന് മേഖല സെക്രട്ടറി ബി.കെ. ഹാരിസ്, ദളിത് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ടും ബാങ്ക് സെക്രട്ടറിയുമായിരുന്ന വസന്ത് പള്ളിയാംമൂല, കെ.സുധാകരന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം കെ.രൂപേഷ്, ഡ്രൈവർ നിനിൽ, എന്നിവരെയായിരുന്നു പിരിച്ചു വിട്ടത്. ഇതിൽ ലീഗ് നേതാവ് വി.കെ. ഹാരിസ് കോർപ്പറേഷൻ കൗൺസിലർ നസ്രത്ത് ചാത്തോത്തിന്റെ ഭർത്താവാണ്. ഈ സംഭവത്തിൽ മുസ്ലിം ലീഗിലേയും കോൺഗ്രസ്സിലേയും ഒരു വിഭാഗം രാഗേഷുമായി ശത്രുതയിൽ തന്നെയാണ്. കോർപ്പറേഷൻ മേയറായിരുന്ന ഇ.പി. ലതയെ അവിശ്വാസം വഴി പുറത്താക്കിയതു പോലെ എളുപ്പമല്ല രാഗേഷിനെ ഡപ്യൂട്ടി മേയർ സ്ഥാനത്ത് നിലനിലർത്താൻ. യു.ഡി.എഫിലെ ആരെങ്കിലും മാറി ചിന്തിച്ചാൽ പി.കെ. രാഗേഷിന്റെ ഡപ്യൂട്ടി മേയർ പദവി ത്രിശങ്കുവിലാകും.

പള്ളിക്കുന്നിലെ കോൺഗ്രസ്സിലേയും മുസ്ലിം ലീഗിലേയും ഒരു വിഭാഗം ജില്ലാ നേതൃത്വങ്ങളോട് നീരസമുള്ളവരാണ്. ഇവരോടൊപ്പം മാനസിക ഐക്യമുള്ള രണ്ടു കൗൺസിലർമാരെങ്കിലും കോർപ്പറേഷനിലുണ്ട്. ഇവർ മാറി ചിന്തിച്ചാൽ യു.ഡി.എഫിന് കനത്ത വില നൽകേണ്ടിവരും. ഡപ്യൂട്ടി മേയർ പി.കെ. രാഗേഷിനെതിരെ കടുത്ത വിമർശനവുമായി സിപിഎം. ജില്ലാ സെക്രട്ടറി എം. വി.ജയരാജനും രംഗത്തുണ്ട്. സ്വതന്ത്രനായി ജയിച്ച പി.കെ. രാഗേഷ് എൽ.ഡി. എഫിന് പിൻതുണ നൽകുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ ഡപ്യൂട്ടി മേയറായി തെരഞ്ഞെടുത്തു. അതോടെ അദ്ദേഹത്തിന്റെ സ്ഥാനം നിരുപാധികമല്ലാതായി. കഴിഞ്ഞ നാല് വർഷത്തെ എൽ.ഡി.എഫ് ഭരണത്തിന്റെ ഗുണഭോക്താവാണ് രാഗേഷെന്നും ജയരാജൻ പറയുന്നു. നിരുപാധിക പിൻതുണയായിരുന്നുവെങ്കിൽ ഭരണത്തിൽ പങ്കാളിയാവാതെ പദവിയും ആനുകൂല്യവും പറ്റാതെ പുറമേ നിന്ന് പിൻതുണക്കുക എന്നതാണെന്ന് ജയരാജൻ കൂട്ടിച്ചേർത്തു. ഒറ്റയാനായ രാഗേഷ് എൽ.ഡി.എഫിലെ 27 അംഗങ്ങളുടെ പിൻതുണയിലാണ് ഡപ്യൂട്ടി മേയറായത്.

എന്നാൽ രാഗേഷ് പറയുന്നത് ഇങ്ങിനെ. തന്റെ ഔദാര്യത്തിലാണ് കണ്ണൂർ കോർപ്പറേഷൻ നാല് വർഷം എൽ.ഡി.എഫ് ഭരിച്ചത്. നിലവിൽ എൽ.ഡി.എഫിന് യു.ഡി.എഫ് പക്ഷത്തു നിന്നും ആരേയും സ്വാധീനിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. എന്നാൽ പുറത്ത് രാഗേഷിനെ അനുകൂലിക്കുന്നവരിൽ ചിലരെങ്കിലും വോട്ടെടുപ്പിൽ മാറി ചിന്തിക്കുമെന്നാണ് എൽ.ഡി.എഫ് കരുതുന്നത്. സിപിഐ യിലെ വെള്ളോറ രാജനെ ഡപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മത്സരിപ്പിക്കാനാണ് എൽ.ഡി.എഫ് ശ്രമിക്കുന്നത്.

വോട്ടു നിലയിൽ 28 അംഗങ്ങളുള്ള യു.ഡി.എഫ് തന്നെയാണ് കൗൺസിലിലിൽ മുന്നിട്ട് നിൽക്കുന്നതെങ്കിലും ഡപ്യൂട്ടി മേയർ സ്ഥാനം പിടിച്ചെടുക്കാനുള്ള തന്ത്രങ്ങൾ എൽ.ഡി.എഫ് മെനയുന്നുണ്ട്. അതേ സമയം കഴിഞ്ഞ ദിവസം ഡപ്യൂട്ടി മേയർ പി.കെ. രാഗേഷിന്റെ വീട്ടുമതിലിൽ രാഗേഷ് പദവി രാജിവെക്കണമെന്നാവശ്യപ്പെട്ട പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതും ദുരൂഹത ഉണർത്തുന്നു. എൽ.ഡി.എഫിന്റെ കെണിയിൽ വീഴാതെ തങ്ങളുടെ കൗൺസിൽ അംഗങ്ങളെ ഒരുമിച്ച് നിർത്താനുള്ള കരുതലിലാണ് യു.ഡി.എഫ് നേതൃത്വം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP