Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാമ്പത്തിക പരാധീനതകൾക്കിടെ ആർക്കിടെക്ചർ പഠിക്കാൻ ദളിത് വിദ്യാർത്ഥിനി എത്തിയത് പ്രതീക്ഷോയോടെ; മുടിയിൽ വലിച്ചും കരണത്തടിച്ചും ചേച്ചിമാരുടെ റാഗിങ്; എല്ലാമറിഞ്ഞ് അച്ഛനും അമ്മയും എത്തിയപ്പോൾ രാത്രി മുഴുവൻ ഗേറ്റിന് പുറത്തു നിർത്തി മാനേജ്‌മെന്റ്; പൊലീസിനെ ഇരുമ്പു വടിയും കല്ലുമായെത്തി കൂകി വിളിച്ച് സ്വീകരിച്ച് സീനിയേഴ്‌സ്; മാപ്പ് പറഞ്ഞതും പീഡിപ്പിക്കപ്പെട്ട പെൺകുട്ടി; മുതലമട സ്നേഹ ആർകിടെക്ട് കോളേജിലേത് സമാനതകളില്ലാത്ത ക്രൂരത; ഒറ്റ ദിവസം കൊണ്ട് പഠിത്തം നിറുത്തിയ യുവതിയുടെ കഥ

സാമ്പത്തിക പരാധീനതകൾക്കിടെ ആർക്കിടെക്ചർ പഠിക്കാൻ ദളിത് വിദ്യാർത്ഥിനി എത്തിയത് പ്രതീക്ഷോയോടെ; മുടിയിൽ വലിച്ചും കരണത്തടിച്ചും ചേച്ചിമാരുടെ റാഗിങ്; എല്ലാമറിഞ്ഞ് അച്ഛനും അമ്മയും എത്തിയപ്പോൾ രാത്രി മുഴുവൻ ഗേറ്റിന് പുറത്തു നിർത്തി മാനേജ്‌മെന്റ്; പൊലീസിനെ ഇരുമ്പു വടിയും കല്ലുമായെത്തി കൂകി വിളിച്ച് സ്വീകരിച്ച് സീനിയേഴ്‌സ്; മാപ്പ് പറഞ്ഞതും പീഡിപ്പിക്കപ്പെട്ട പെൺകുട്ടി; മുതലമട സ്നേഹ ആർകിടെക്ട് കോളേജിലേത് സമാനതകളില്ലാത്ത ക്രൂരത; ഒറ്റ ദിവസം കൊണ്ട് പഠിത്തം നിറുത്തിയ യുവതിയുടെ കഥ

ശിവ പ്രതാപൻ

പാലക്കാട്: സീനിയർ വിദ്യാർത്ഥിനികളുടെ ക്രൂരമായ റാഗിങ്ങ് കാരണം ദളിത് വിദ്യാർത്ഥിനി പഠിപ്പ് നിർത്തിയത് കോഴിക്കോട് സർവകലാശാലയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന മുതലമട ആട്ടയാമ്പതിയിലെ സ്നേഹ ആർകിടെക്ട് കോളേജിൽ. റാഗിങിന് പരാതി കൊടുത്തിട്ടും നടപടി കോളേജ് എടുത്തില്ല. ഇതിനൊപ്പം പൊലീസും നടപടിക്ക് മടിച്ചു. കോളേജ് മാനേജ്‌മെന്റിന്റെ സ്വാധീനമാണ് ഇതിന് കാരണം. മാനേജ്‌മെന്റിന്റെ നിലപാട് തിരിച്ചറിഞ്ഞാണ് വിദ്യാർത്ഥിനി പഠനം നിർത്തിയത്. മുസ്ലിം മാനേജ്‌മെന്റിന്റേതാണ് ഈ കോളേജ്. 

തൃശ്ശൂർ കോട്ടപ്പടി കാവീട് സ്വദേശിയായ വിദ്യാർത്ഥിനിക്കാണ് കോളേജിൽ ചേർന്ന ദിവസം തന്നെ സീനിയർ വിദ്യാർത്ഥികളിൽ നിന്ന് ഈ ദുരനുഭവം ഉണ്ടായത്. ശാരീരികവും മാനസികവുമായി വിദ്യാർത്ഥിനിയെ പീഡിപ്പിക്കുകയും പുറത്ത് പറഞ്ഞാൽ ജീവനോടെ തിരികെ പോകില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ കോളേജ് മാനേജ്‌മെന്റിന് പരാതി നൽകി. ഫലം കണ്ടില്ലെന്ന് മനസ്സിലായപ്പോൾ പൊലീസിനേയും സമീപിച്ചു. എന്നാൽ ശക്തമായ റാഗിങ് നിയമങ്ങളുള്ള സംസ്ഥാനത്ത് പൊലീസും ക്രൂരതകളിൽ കണ്ണടച്ചു. ഇതോടെയാണ് കുട്ടി പഠനം നിർത്തി വീട്ടിലേക്ക് മടങ്ങിയത്. കോളേജ് മാനേജ്മന്റുകളുടെ സ്വാധീനത്തിന് തെളിവാണ് ഇത്.

രണ്ടാഴ്ച മുൻപാണ് വിദ്യാർത്ഥിനി കോളേജിൽ പ്രവേശനം നേടിയത്. മെറിറ്റ് സീറ്റിൽ തന്നെയാണ് പ്രവേശനം ലഭിച്ചത്. തുടർന്ന് ബുധനാഴ്ച ക്ലാസ് തുടങ്ങുന്ന ദിവസം കോളേജിൽ എത്തുകയും ഫീസായി 58000 രൂപ അടയ്ക്കുകയും ചെയ്തു. പിന്നീട് കോളേജ് ഹോസ്റ്റലിലും പ്രവേശനം നേടിയതിന് ശേഷം കുട്ടിയുടെ മാതാപിതാക്കൾ തിരികെ പോയി. അതിന് ശേഷം രാവിലെ മുതൽ സീനിയർ വിദ്യാർത്ഥിനികൾ പെൺകുട്ടിയെ നിരന്തരമായി റാഗ് ചെയ്യാൻ തുടങ്ങി. റാഗിങ്ങിനെ തുടർന്ന് ഭയന്ന പെൺകുട്ടി ക്ലാസ് തുടങ്ങി ഒരു മണിക്കൂറിനുള്ളിൽ വീട്ടിലേക്ക് വിളിക്കുകയും തന്റെ അവസ്ഥ പറയുകയും ചെയ്തു. രക്ഷിതാക്കൾ ഉടൻ തന്നെ കോളേജ് പ്രിൻസിപ്പാളിനെ വിളിക്കുകയും പെൺകുട്ടിയെ റാഗ് ചെയ്യുന്നുണ്ടെന്ന് അറിയിക്കുകയും ചെയ്തു. പരാതി ഒരു പേപ്പറിൽ എഴുതി ഇ മെയിൽ അയക്കാൻ പ്രിൻസിപ്പൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ രക്ഷിതാക്കൾ ഉടൻ തന്നെ അത് മെയിൽ അയച്ചു.

തുടർന്ന് ക്ലാസ് അവസാനിച്ചതോടെ പെൺകുട്ടി ഹോസ്റ്റലിൽ എത്തിയതോടെ ഒരു കൂട്ടം സീനിയർ വിദ്യാർത്ഥിനികൾ റൂമിലേക്കെത്തുകയും രാത്രി അവരുടെ റൂമിലേക്ക് വരണമെന്നും പറഞ്ഞു. പറഞ്ഞ സമയത്ത് വന്നില്ലെങ്കിൽ പിന്നീട് എന്താണ് ഉണ്ടാകാൻ പോകുന്നതെന്ന് കണ്ടറിയാം എന്ന് പറഞ്ഞ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. എന്നാൽ കുട്ടി അവരുടെ റൂമിലേക്ക് പോകാൻ തയ്യാറാകാതിരുന്നതോടെ സീനിയർ വിദ്യാർത്ഥിനികൾ കൂട്ടമായി ഒൻപത് മണിയോടെ പെൺകുട്ടിയുടെ റൂമിലേക്ക് എത്തി.

റൂമിലേക്ക് വരാഞ്ഞത് എന്തുകൊണ്ടാണെന്ന് ആക്രോശിച്ച് കൊണ്ട് പെൺകുട്ടിയുടെ നേരെ പാഞ്ഞടുത്ത അവർ പെൺകുട്ടിയെ പിടിച്ച് തള്ളുകയും അസഭ്യ വാക്കുകൾ പറയുകയും മുടിയിൽ പിടിച്ച് വലിക്കുകയും കരണത്ത് അടിക്കുകയും ചെയ്തു. തളർന്ന് വീണ പെൺകുട്ടിയോട് ദയാദാക്ഷിണ്യമില്ലാതെ വീണ്ടും അവർ അസഭ്യ വാക്കുകൾ പറഞ്ഞ് കൊണ്ടിരുന്നു. റാഗിങ്ങ് വിവരം പുറത്ത് പറഞ്ഞാൽ ഈ ഹോസ്റ്റലിൽ നിന്ന് ജീവനോടെ പോകില്ല എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതോടെ പെൺകുട്ടി ഭയന്ന് വിറച്ച് കതക് അടച്ചു. എന്നിട്ടും എയർഹോളിലൂടെ വടി ഇട്ട് അവർ വീണ്ടും പെൺകുട്ടിയെ ഉപദ്രവിക്കാൻ തുടങ്ങി.

ഹോസ്റ്റലിലെ തന്റെ അവസ്ഥ പെൺകുട്ടി രാത്രി പത്ത് മണിയോടെ വീട്ടിലേക്ക് വിളിച്ച് പറയുകയും ഉടൻ തന്നെ വിദ്യാർത്ഥിനിയുടെ പിതാവും സഹോദരനും ബന്ധുക്കളും കൂടി ഹോസ്റ്റലിൽ എത്തി. എന്നാൽ മകളെ കാണാൻ അധികൃതർ അവരെ അനുവദിച്ചില്ല. ഗേറ്റ് ഈ സമയത്ത് തുറക്കില്ലെന്ന് പറഞ്ഞതോടെ ആറ് മണി വരെ അവർ കാത്തിരുന്നു. എന്നാൽ ആറ് മണിക്ക് തുറക്കുമെന്ന് പറഞ്ഞ ഗേറ്റ് തുറക്കാതിരുന്നതോടെ വീണ്ടും ചോദിച്ചപ്പോൾ 8 മണിക്ക് തുറക്കുമെന്നായി പിന്നീട് അത് 10 മണി ആകുമെന്നായി. അകത്തേക്ക് പ്രവേശിപ്പിക്കില്ല എന്ന് മനസിലായതോടെ അവർ കൊല്ലങ്കോട് പൊലീസിൽ പരാതി നൽകി. പൊലീസ് കോളേജിൽ ബന്ധപ്പെട്ടപ്പോൾ പരാതി തനിക്കും കിട്ടിയെന്ന് പ്രിൻസിപ്പാൾ പറഞ്ഞു. തുടർന്ന് കോളേജിൽ നിന്ന് രക്ഷിതാക്കളെ വിളിപ്പിച്ചതോടെ അവർ കോളേജിലേക്ക് പോകുകയും പുറത്തുള്ള ഓഫീസ് റൂമിൽ കാത്തിരിക്കുകയും ചെയ്തു.

ഇതിനിടയ്ക്ക് റാഗിങ്ങിനിരയായി തളർന്ന പെൺകുട്ടി ചായ വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് സഹോദരനേയും കൂട്ടി കോളേജ് ക്യാന്റീനിലേക്ക് പോയി. തിരിച്ചു വരുന്ന വഴി ഒരു കൂട്ടം സീനിയർ ആൺകുട്ടികളും പെൺകുട്ടികളും അവരെ തടയുകയും ഞങ്ങളെ ചോദ്യം ചെയ്യാൻ വന്നതാണോ നീയൊക്കെ, നിന്റെയൊക്കെ കാർ ഞങ്ങൾ കത്തിക്കും, ഇവിടെ പ്രിൻസിപ്പാളും മാനേജ്മെന്റും തീരുമാനിക്കുന്നതല്ല ഞങ്ങൾ തീരുമാനിക്കുന്നതാണ് എല്ലാം എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇവരുടെ എല്ലാവരുടേയും കൈയിൽ മാരക ആയുധങ്ങളുമുണ്ടായിരുന്നു. ഇരുമ്പുവടികളും കല്ലുകളുമെല്ലാം ഗേറ്റിന് സമീപത്ത് വെച്ച് ഇവർ ഗേറ്റ് പൂട്ടിയതോടെ പെൺകുട്ടിക്കും കുടുംബത്തിനും പുറത്തിറങ്ങാൻ പറ്റാതെയായി.

ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ടും പ്രിൻസിപ്പൾ വിഷയത്തിൽ പ്രതികരിക്കാതെ നിൽക്കുകയാണ് ചെയ്തത്. തുടർന്ന് പൊലീസ് എത്തി ചർച്ച നടത്തിയപ്പോൾ പെൺകുട്ടി അവരോട് മാപ്പ് പറയണമെന്നായി സീനിയർ വിദ്യാർത്ഥികളുടെ ആവശ്യം. അങ്ങനെ ചെയ്തില്ലെങ്കിൽ ഏത് പൊലീസ് വന്നാലും പുറത്തിറങ്ങാൻ പറ്റില്ലെന്ന് പറഞ്ഞു. വേറെ വഴിയില്ലാതെ പെൺകുട്ടി മാപ്പ് പറഞ്ഞതിനെ തുടർന്നാണ് അവർ പുറത്തിറങ്ങിയത്. തിരികെ പോകാൻ തുടങ്ങിയപ്പോൾ കൂക്കി വിളിക്കുകയും അപമാനിക്കുകയും ചെയ്തു. പൊലീസ് ഇടപെട്ടതിനെ തുടർന്നാണ് ടിസി അടക്കമുള്ള പെൺകുട്ടിയുടെ സർട്ടിഫിക്കറ്റുകളും അടച്ച പണവും തിരികെ വാങ്ങി രക്ഷിതാക്കൾ വീട്ടിലേക്ക് മടങ്ങിയത്.

സാമ്പത്തികമായി പിന്നോക്ക അവസ്ഥയിലായിരുന്നിട്ടും പെൺകുട്ടിയുടെ ആഗ്രഹപ്രകാരമാണ് ആർക്കിടെക്ചർ പഠിക്കാനായി സ്നേഹ കോളേജിൽ ചേർത്തത്. എന്നാൽ സീനിയേഴ്സിന്റെ ആക്രമണത്തിൽ മാനസികമായി തളർന്ന പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തേടിയതിന് ശേഷമാണ് രക്ഷിതാക്കൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയത്. ഇതു പോലെ ഒരു അവസ്ഥ ആർക്കും വരരുത് എന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP