Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭവന-വാഹന വായ്പകൾക്ക് പലിശ കുറയും; ജിഎസ്ടി നിരക്കുകൾ ലളിതമാക്കും; നികുതി റിട്ടേൺ കൂടുതൽ ലളിതമാക്കും; ഉദ്യോഗസ്ഥരുടെ ഉപദ്രവമുണ്ടാകില്ല; അതിവേഗ റീഫണ്ടിങ് ഉറപ്പാക്കും; സ്റ്റാർട്ടപ്പുകൾക്കുള്ള ഏഞ്ചൽ ടാക്‌സ് ഒഴിവാക്കി; സംരംഭകർക്ക് ഇളവുകൾ; അതി സമ്പന്നർക്ക് ഏർപ്പെടുത്തിയ സർചാർജിൽ നിന്ന് വിദേശ പോർട്ട് ഫോളിയോ നിക്ഷേപകരെ ഒഴിവാക്കി; ചൈനയേക്കാൾ ഇന്ത്യയുടെ സാമ്പത്തിക വളർച്ച മെച്ചപ്പെട്ട നിലയിൽ; സമ്പദ് വ്യവസ്ഥയെ ഉഷാറാക്കാനുള്ള നിർമല സീതാരാമന്റെ പ്രഖ്യാപനങ്ങൾ

ഭവന-വാഹന വായ്പകൾക്ക് പലിശ കുറയും; ജിഎസ്ടി നിരക്കുകൾ ലളിതമാക്കും; നികുതി റിട്ടേൺ കൂടുതൽ ലളിതമാക്കും; ഉദ്യോഗസ്ഥരുടെ ഉപദ്രവമുണ്ടാകില്ല; അതിവേഗ റീഫണ്ടിങ് ഉറപ്പാക്കും; സ്റ്റാർട്ടപ്പുകൾക്കുള്ള ഏഞ്ചൽ ടാക്‌സ് ഒഴിവാക്കി; സംരംഭകർക്ക് ഇളവുകൾ; അതി സമ്പന്നർക്ക് ഏർപ്പെടുത്തിയ സർചാർജിൽ നിന്ന് വിദേശ പോർട്ട് ഫോളിയോ നിക്ഷേപകരെ ഒഴിവാക്കി; ചൈനയേക്കാൾ ഇന്ത്യയുടെ സാമ്പത്തിക വളർച്ച മെച്ചപ്പെട്ട നിലയിൽ; സമ്പദ് വ്യവസ്ഥയെ ഉഷാറാക്കാനുള്ള നിർമല സീതാരാമന്റെ പ്രഖ്യാപനങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ചരിത്രത്തിൽ ഇതുവരെ നേരിടാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണു രാജ്യം കടന്നു പോകുന്നതെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ പറഞ്ഞതിന് പിന്നാലെ സമ്പദ് വ്യവസ്ഥയെ ഉഷാറാക്കാനുള്ള അടിയന്തര നടപടികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ബാങ്കിങ്-ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ വഴി ഭവന-വാഹന വായ്പകൾ കൂടുതൽ ഉദാരമാക്കാനുള്ള നടപടികളാണ് സർക്കാർ പ്രഖ്യാപിച്ചത്.

പണലഭ്യതയുമായി ബന്ധപ്പെട്ട് കഴിഞ്ഞ 70 വർഷത്തിനുള്ളിൽ ഇത്തരമൊരു സാഹചര്യം ഉണ്ടായിട്ടില്ലെന്നാണ് നീതി ആയോഗ് വൈസ് ചെയർമാൻ പറഞ്ഞത്. സാമ്പത്തികമേഖലയാകെ മുരടിപ്പിലാണ്. സ്വകാര്യ മേഖലയുടെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്രസർക്കാർ കഴിയുന്നതെല്ലാം ചെയ്യണം. ആർക്കും ആരെയും വിശ്വാസമില്ലാത്ത അവസ്ഥയാണെന്നും രാജീവ് കുമാർ പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷമായി സാമ്പത്തിക വളർച്ച വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് രാജീവ് കുമാറിന്റെ പ്രസ്താവന വന്നത്. വാഹന വിൽപ്പന കുറഞ്ഞതും, റിയൽ എസ്റ്റേറ്റ് മേഖല തളർച്ചയെ നേരിട്ടതും സാമ്പത്തിക രംഗത്തെ പിന്നോട്ടടിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ പ്രഖ്യാപനങ്ങൾ വന്നത്.

കേന്ദ്ര ബജറ്റിൽ അതി സമ്പന്നർക്ക് ഏർപ്പെടുത്തിയ സർചാർജിൽ നിന്ന് വിദേശ പോർട്ട് ഫോളിയോ നിക്ഷേപകരെ (എഫ്പിഐ) ഒഴിവാക്കി. സമ്പദ് വ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്താനും, വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് കൂടുതൽ ഒഴുകാനും വേണ്ടിയാണ് വിദേശ പോർട്ട് ഫോളിയോ നിക്ഷേപകരുടെ വരുമാനത്തിന് അധിക നികുതി വേണ്ടെന്ന് കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുള്ളത്. 2 മുതൽ അഞ്ച് കോടി രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് മൂന്ന്ശതമാനം സർചാർജും, അഞ്ചു കോടിക്ക് വരുമാനമുള്ളവർക്ക് ഏഴ് ശതമാനം നികുതിയുമാണ് കേന്ദ്രസർക്കാർ ജൂലൈ അഞ്ചിന് അവതരിപ്പിച്ച സമ്പൂർണ ബജറ്റിൽ പ്രഖ്യാപിച്ചത്. ഇത് മൂലം നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് കൂട്ടത്തോടെ പിന്മാറുന്ന അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്. ഓഹരി വിപണിയിലടക്കം ഭീമമായ ഇടിവും ഉണ്ടായി. വിദേശ നിക്ഷേപകരുടെ സർചാർജ് ഒഴിവാക്കുന്നതോടെ ഓഹരി വിപണിയിൽ കൂടുതൽ ഉണർവാണ് ഇനിയുള്ള ദിവസങ്ങളിലുണ്ടാവുകയെന്നാണ് സാമ്പത്തിക മേഖലയിലുള്ളവരുടെ വിലയിരുത്തൽ.

കേന്ദ്രസർക്കാറിന്റെ നയങ്ങളിൽ മാറ്റം വരുത്തണമെന്ന് നിക്ഷേപകർ ഒന്നടങ്കം ആവശ്യപ്പെട്ടത് മൂലമാണ് ധനമന്ത്രി ബജറ്റ് പ്രഖ്യാപനങ്ങളിൽ തിരുത്തൽ നടത്താൻ തീരുമാനിച്ചിട്ടുള്ളത്. ആഭ്യന്തര വിപണിയിലെ നിക്ഷേപകരുടെ സർചാർജടക്കം ഒഴിവാക്കികൊണ്ടുള്ള പ്രഖ്യാപനമാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇപ്പോൾ നടത്തിയിട്ടുള്ളത്. എഫ്ഫിഐ നിക്ഷേപകരും, ധനമന്ത്രി നിർമ്മല സീതാരമനും ഇക്കഴിഞ്ഞ മാസങ്ങളിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് വിദേശ പോർട്ട് ഫോളിയോ നിക്ഷേകരുടെ വരുമാനത്തിന് മേലുള്ള സർചാർജ് പിൻവലിച്ചത്. അതേസമയം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നില്ലെന്നും, അന്താരാഷ്ട്ര തലത്തിൽ രൂപപ്പെട്ട ചില രാഷ്ട്രീയ പ്രതിസന്ധികളും, യുഎസ്-ചൈന വ്യാപാര തർക്കങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക്കാരണമെന്നും ധനമന്ത്രി വ്യക്തമാക്കി.

ചൈനയടക്കമുള്ള രാജ്യങ്ങളേക്കാൾ ഇന്ത്യയുടെ സാമ്പത്തിക വളർച്ച മെച്ചപ്പെട്ടതാണെന്ന അഭിപ്രായമാണ് ധനമന്ത്രി മുന്നോട്ടുവെച്ചിട്ടുള്ളത്. എന്നാൽ ഇന്ത്യ നടപ്പുസാമ്പത്തിക വർഷം പ്രതീക്ഷിച്ച വളർച്ചാ നിരക്ക് രേഖപ്പെടുത്തില്ലെന്ന അഭിപ്രായമാണ് ക്രിസിൽ അടക്കമുള്ള റേറ്റിങ് ഏജൻസികളുടെ നിരീക്ഷണം. എന്നാൽ എല്ലാ വാദങ്ങളെയും തള്ളിക്കളഞ്ഞാണ് ധമന്ത്രി ഇപ്പോൾ പ്രഖ്യാപനം നടത്തിയിട്ടുള്ളത്.ജിഎസ്ടി നിരക്കുകൾ ലളിതമാക്കും. ഫോമുകളുടെ എണ്ണം കുറയ്ക്കും. ജിഎസ്ടി റീഫണ്ട് വൈകാൻ അനുവദിക്കില്ല. നികുതി റിട്ടേൺ കൂടുതൽ ലളിതമാക്കും. ഉദ്യോഗസ്ഥരുടെ ഉപദ്രവമുണ്ടാകില്ല. അതിവേഗ റീഫണ്ടിങ് ഉറപ്പാക്കും. സാമ്പത്തിക പുനരുജ്ജീവന നടപടികളുമായി രാജ്യം മുന്നോട്ടു പോകുന്നെന്നും നിർമല സീതാരാമൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സംരംഭകർക്ക് ഇളവുകൾ ഏർപ്പെടുത്തും. ഐടി നോട്ടിസുകളും സമൻസുകളും അയക്കാൻ കേന്ദ്രീകൃതസംവിധാനം നടപ്പിലാക്കും. ഒക്ടോബർ ഒന്നുമുതൽ പുതിയ സംവിധാനം നിലവിൽ വരും. എല്ലാ നോട്ടിസുകളും മറുപടി ലഭിച്ച് മൂന്നുമാസത്തിനകം തീർപ്പാക്കണം. സിഎസ്ആർ ഉത്തരവാദിത്തം ലംഘിച്ചാൽ ക്രിമിനൽ നടപടിയില്ല. സിവിൽ ബാധ്യത മാത്രമായിരിക്കും. ഓഹരി അടക്കം വൻകിട നിക്ഷേപങ്ങൾക്ക് അധികസർച്ചാർജ് ഇല്ല. വിദേശനിക്ഷേപകർക്കും ആഭ്യന്തരനിക്ഷേപകർക്കും ഇത് ഗുണകരമാകും. സ്റ്റാർട്ടപ്പുകൾക്കുള്ള ഏയ്ഞ്ചൽ ടാക്‌സ് ഒഴിവാക്കി.

പലിശയിലെ വ്യത്യാസം എല്ലാ വായ്പകൾക്കും ലഭിക്കും. എല്ലാ ബാങ്കുകളും ഇതിന് സമ്മതമറിയിച്ചു. ഭവനവായ്പയ്ക്കും മറ്റ് വായ്പകൾക്കും പലിശ കുറയും. വ്യവസായങ്ങൾക്കുള്ള പ്രവർത്തനമൂലധനവും മെച്ചപ്പെടും. വായ്പ അടച്ചാൽ 15 ദിവസത്തിനകം എല്ലാ രേഖകളും തിരികെ നൽകണം. വായ്പാ അപേക്ഷകളുടെ പുരോഗതി ഓൺലൈനിൽ നിരീക്ഷിക്കാം.ഓഹരി അടക്കം വൻകിട നിക്ഷേപങ്ങൾക്ക് സർചാർജില്ല. എഫ്പിഐ നിക്ഷേപകർക്കും ആഭ്യന്തര നിക്ഷേപകർക്കും ഇതിന്റെ ഗുണം ലഭിക്കുംരാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് (എംഎസ്എംഇ) ജിഎസ്ടി അതിവേഗ റീഫണ്ടിങ് ഉറപ്പാക്കും. കെട്ടിക്കിടക്കുന്ന റീഫണ്ടുകളെല്ലാം ഇന്നു മുതൽ 30 ദിവസത്തിനകം കൊടുത്തുതീർക്കും. ഇനി മുതൽ റീഫണ്ടിങ് 60 ദിവസത്തിനകം കൊടുത്തുതീർക്കും.

*ജിഎസ്ടി പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ഞായറാഴ്ച കേന്ദ്രത്തിന്റെ അടിയന്തര യോഗം

*ജിഎസ്ടി നിരക്കുകൾ ലളിതമാക്കും. ഫോമുകളുടെ എണ്ണം കുറയ്ക്കും

*16 വകുപ്പുകളിൽ പ്രോസിക്യൂഷനു പകരം പിഴ

*ജിഎസ്ടി റിട്ടേൺ കൂടുതൽ ലളിതമാക്കും. ഉദ്യോഗസ്ഥരുടെ ഉപദ്രവമുണ്ടാകില്ല.

* സ്റ്റാർട്ടപ്പുകൾക്കുള്ള ഏഞ്ചൽ ടാക്‌സ് ഒഴിവാക്കി; സംരംഭകർക്ക് ഇളവുകൾ നൽകും

* പലിശയിലെ വ്യത്യാസം എല്ലാ വായ്പകൾക്കും ലഭിക്കും. എല്ലാ ബാങ്കുകളും ഇതിനു സമ്മതിച്ചു.

* ഭവനവായ്പയ്ക്കും മറ്റു വായ്പകൾക്കും പലിശ കുറയും. വായ്പാ അപേക്ഷകളുടെ പുരോഗതി ഓൺലൈനിൽ പരിശോധിക്കാം.

* വ്യവസായങ്ങൾക്കുള്ള പ്രവർത്തന മൂലധനവും മെച്ചപ്പെടും.

* വായ്പ തിരിച്ചടച്ചാൽ 15 ദിവസത്തിനകം എല്ലാ രേഖകളും തിരികെ നൽകണം

* ഐടി നോട്ടിസുകളും സമൻസുകളും അയയ്ക്കാൻ കേന്ദ്രീകൃത സംവിധാനം ഒക്ടോബർ ഒന്നിനു നിലവിൽ വരും

* എല്ലാ നോട്ടിസുകളും മറുപടി ലഭിച്ച് മൂന്നു മാസത്തിനകം തീർപ്പാക്കണം

വളർച്ചാ നിരക്ക് കൂട്ടുക വെല്ലുവിളി

വളർച്ചാനിരക്ക് ഉയർത്തുക എന്നതിൽ തന്നെയാണ് കേന്ദ്രസർക്കാർ ശ്രദ്ധയൂന്നുന്നത്. ഉയർന്ന ജിഎസ്ടി നിരക്ക്, കുറഞ്ഞ തൊഴിൽ സൃഷ്ടി, തുടങ്ങിയവ അടക്കം പല ഘടകങ്ങളാണ് വളർച്ചയെ പുറകോട്ടടിക്കുന്നത്. വാഹന-റിയൽ എസ്റ്റേറ്റ് മേഖല നേരിടുന്ന വെല്ലുവിളികൾ പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ നിർമല സീതാരാമൻ ധരിപ്പിച്ചിരുന്നു. വാഹന വിപണിയിലെ വിൽപ്പന മാന്ദ്യം വലിയ പ്രശ്നം തന്നെ. 50 ലക്ഷത്തിന് മേൽ നികുതി വരുമാനമുള്ളവരിൽ നിന്ന് സർക്കാർ സർചാർജ് പിരിക്കുന്നുണ്ട്. വർഷത്തിൽ രണ്ടുകോടിയിൽ അധികം വരുമാനമുണ്ടെങ്കിൽ ഉയർന്ന സർചാർജ് കൊടുക്കണം. ലക്ഷാധിപതികളിൽ നിന്ന് ഉയർന്ന സർചാർജ് പിരിക്കുന്നതിന്റെ ഫലമായി വിദേശ പോർട്ട്പോളിയോ നിക്ഷേപകർ ഇന്ത്യയിൽ നിന്ന് പണം പിൻവലിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതിന്റെ ഫലമായി ഓഹരി വിപണി കഴിഞ്ഞ രണ്ടാഴ്ച കീഴ്പോട്ട് പോയി.

രണ്ടുപതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം പ്രതിസന്ധിയാണ് വാഹന വിപണി നേരിടുന്നത്. ഓട്ടോമൊബൈലുകളുടെ ജിസ്എടി നിരക്കുകൾ കുറയ്ക്കണമെന്നാണ് വ്യവസായികളുടെ മുഖ്യആവശ്യം.ൃ. യാത്രാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കാറുകളുടെ വിൽപ്പന ജൂലൈയിൽ 35.95 ശതമാനം ഇടിഞ്ഞിരുന്നു. ഇതിന് പുറമേ വാഹന വിപണിയിൽ 2.5 ലക്ഷം തൊഴിൽ നഷ്ടവുമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.

എൻബിഎഫ്സികളുടെ തകർച്ച

ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ തകർച്ചയാണ് കേന്ദ്രസർക്കാരിനെ അലട്ടുന്ന മറ്റൊരു പ്രശ്നം. വാഹനവിപണിയിലേക്ക് പണമൊഴുക്കിയിരുന്നതും ഇത്തരം കമ്പനികളാണ്. അതുകൊണ്ട് എൻബിഎഫ്സികളെ രക്ഷിക്കാനും മാർഗ്ഗങ്ങൾ ആരായേണ്ടി വരും. നോട്ടുനിരോധനത്തെ തുടർന്നാണ് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ തകർച്ചയിലേക്ക് കൂപ്പുകുത്തിയത്.

ധനക്കമ്മി ഈ സാമ്പത്തിക വർഷം 3.4 ശതമാനമായി കൂടി. റവന്യുവരവും പ്രതീക്ഷാവഹമല്ല. സാമ്പത്തിക വളർച്ചാ നിരക്ക് 6.8 ശതമാനമായി കുറഞ്ഞിരിക്കുന്നു. 2014-15 ന് ശേഷമുള്ള ഏറ്റവും മന്ദഗതിയിലുള്ള വളർച്ച. നേരിട്ടുള്ള വിദേശ നിക്ഷേപം കൂപ്പുകുത്തി. അന്താരാഷ്ട്രതലത്തിലുള്ള വ്യാപാര-കറൻസി യുദ്ധവും സ്ഥിതിഗതികൾ കൂടുതൾ മോശമാക്കി. സാമ്പത്തിക മാന്ദ്യം ചാക്രികമാണെന്നും, നാലാം പാദത്തിൽ വളർച്ചാനിരക്ക് കൂടുമെന്നുമാണ് ആർബിഐ ഗവർണർ ഈ മാസമാദ്യം പ്രതീക്ഷ പ്രകടിപ്പിച്ചത്. എന്നാൽ, മാന്ദ്യം കൂടുതൽ വഷളാകുമെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP