Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

യുവതികളെ കയറ്റാൻ സിപിഎം ശ്രമിച്ചിട്ടില്ല.. ശ്രമിക്കുകയുമില്ല; തെറ്റിധാരണ മാറ്റാൻ പാർട്ടി രംഗത്തിറങ്ങും; ക്ഷേത്രങ്ങളിലും കാവുകളിലും പള്ളികളിലും ഇനി പാർട്ടി പ്രവർത്തകർ സജീവമകും; സംസ്ഥാന സമിതി നടത്തിയത് സംശയ ലേശമില്ലാത്ത കണരം മറിച്ചിൽ; പാർട്ടി നിലപാട് തെറ്റിയെന്ന് തുറന്നു സമ്മതിച്ചിട്ടും പിണറായിയെ തള്ളി പറയാതെ ബുദ്ധിപരമായി മലക്കം മറിഞ്ഞ് പാർട്ടി നേതാക്കൾ; നവോത്ഥാനത്തെ സിപിഎം പൂർണ്ണമായും തള്ളി കളയുമ്പോൾ വെട്ടിലാകുന്നത് ഒപ്പം നിന്ന ബുദ്ധി ജീവികളും പുരോഗമന വാദികളും

യുവതികളെ കയറ്റാൻ സിപിഎം ശ്രമിച്ചിട്ടില്ല.. ശ്രമിക്കുകയുമില്ല; തെറ്റിധാരണ മാറ്റാൻ പാർട്ടി രംഗത്തിറങ്ങും; ക്ഷേത്രങ്ങളിലും കാവുകളിലും പള്ളികളിലും ഇനി പാർട്ടി പ്രവർത്തകർ സജീവമകും; സംസ്ഥാന സമിതി നടത്തിയത് സംശയ ലേശമില്ലാത്ത കണരം മറിച്ചിൽ; പാർട്ടി നിലപാട് തെറ്റിയെന്ന് തുറന്നു സമ്മതിച്ചിട്ടും പിണറായിയെ തള്ളി പറയാതെ ബുദ്ധിപരമായി മലക്കം മറിഞ്ഞ് പാർട്ടി നേതാക്കൾ; നവോത്ഥാനത്തെ സിപിഎം പൂർണ്ണമായും തള്ളി കളയുമ്പോൾ വെട്ടിലാകുന്നത് ഒപ്പം നിന്ന ബുദ്ധി ജീവികളും പുരോഗമന വാദികളും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സൈബർ സഖാക്കളുടെ ആവേശം കണ്ട് വിശ്വാസികളെ ഇനി സിപിഎം ചതിക്കില്ല. ഒരു വർഷം കൊണ്ട് ചെയ്തതെല്ലാം തെറ്റാണെന്ന് സിപിഎം തിരിച്ചറിഞ്ഞു. ഇനി തെറ്റിന്റെ വഴിയേ സിപിഎം നടക്കില്ല.... സത്യം.. സത്യം.. സത്യം....-ഇത്തരത്തിൽ പ്രതിജ്ഞ എടുക്കുകയാണ് സിപിഎം സംസ്ഥാന സമിതി. ശബരിമലയിൽ ചെയ്തതെല്ലാം പാഴ് വേലയായി. നവോത്ഥാനം എത്തിയതുമില്ല. വോട്ട് ചോരുകയും ചെയ്തു. ലോക്‌സഭയിൽ 20ൽ 19ലും തോറ്റതിന്റെ കാരണങ്ങളിൽ എല്ലാം വ്യക്തമാണ്. അതുകൊണ്ട് തന്നെ യുവതികളെ കയറ്റാൻ സിപിഎം ശ്രമിച്ചിട്ടില്ല.. ശ്രമിക്കുകയുമില്ല... എന്ന് ആവർത്തിക്കുകയാണ് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അങ്ങനെ പ്രശ്‌ന രഹിതമായ മണ്ഡലകാലത്തേക്ക് കാര്യങ്ങൾ കൊണ്ടു പോകാൻ പിണറായി സർക്കാർ ഇനി മുമ്പിലുണ്ടാകും. സന്നിധാനത്തേക്ക് പോകാൻ ആർക്കും പൊലീസ് ഇനി ആംബുലൻസ് വിട്ടു നൽകില്ലെന്ന് സാരം. കനകദുർഗ്ഗയും ബിന്ദുവും ശബരിമലയിൽ ദർശനത്തിന് എത്തിയത് പാർട്ടിക്ക് തിരിച്ചടിയായതെന്ന് സിപിഎം സമ്മതിക്കുന്നു. ഇതോടെ വെട്ടിലാകുന്നത് നവോത്ഥാനത്തിന് സിപിഎമ്മിന് ഒപ്പം കൂടിയവരാണ്. ബുദ്ധിജീവികളും പുരോഗമന വാദികളും അങ്ങനെ ഒറ്റപ്പെടുകയാണ്.

യുവതികളെ കയറ്റാൻ സിപിഎം ശ്രമിച്ചിട്ടില്ല.. ശ്രമിക്കുകയുമില്ല... തെറ്റിധാരണ മാറ്റാൻ പാർട്ടി ഒന്നാകെ രംഗത്തിറങ്ങുമെന്നാണ് സിപിഎം പറയുന്നത്. ക്ഷേത്രങ്ങളിലും കാവുകളിലും പള്ളികളിലും ഇനി പാർട്ടി പ്രവർത്തകർ സജീവമായി ഇടെപടലുകൾ നടത്തും. വിശ്വാസമാണ് പാർട്ടിക്ക് വലുതെന്ന് പ്രഖ്യാപിക്കുകയാണ് സിപിഎം. അങ്ങനെ സംസ്ഥാന സമിതി നടത്തിയത് സംശയ ലേശമില്ലാത്ത കണരം മറിച്ചിലാണ്. ശബരിമലയിൽ തൊട്ടത് കാരണം കൊട്ട് കിട്ടിയെന്ന് മനസ്സിലാക്കിയുള്ള മാറ്റം. ശബരിമലയിൽ പാർട്ടി നിലപാട് തെറ്റിയെന്ന് എല്ലാവരും തുറന്നു സമ്മതിച്ചിട്ടും പിണറായി വിജയനെന്ന മുഖ്യമന്ത്രിയെ തള്ളി പറയാതെ ബുദ്ധിപരമായി മലക്കം മറിഞ്ഞ് പാർട്ടി നേതാക്കൾ പൊതു സമൂഹത്തിൽ നിറയുകയാണ്. ശബരിമലയിലെ പ്രശ്‌നത്തിന് കാരണം പൊലീസ് മാത്രമാണെന്നാണ് സിപിഎം നേതാക്കൾ പറയുന്നത്. അങ്ങനെ നവോത്ഥാനത്തെ സിപിഎം പൂർണ്ണമായും തള്ളി പറയുമ്പോൾ വെട്ടിലാകുന്നത് ഒപ്പം നിന്ന ബുദ്ധി ജീവികളും പുരോഗമന വാദികളുമാണെന്നും വിലയിരുത്തലെത്തുന്നു. നവോത്ഥാനത്തിന് വേണ്ടി കൂടെ കൂടിയ പുലയ മഹസാസഭയുടെ നേതാവ് പുന്നല ശ്രീകുമാറിനെ പോലുള്ള നേതാക്കളാണ് ആകെ പെട്ടുപോകുന്നത്. ഇനി നവേത്ഥാന സമിതിയുടെ യോഗം ചേരുമോ എന്നതും നിർണ്ണായകമാണ്.

ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ പ്രഖ്യാപനം. മാറേണ്ട ആചാരങ്ങൾ മാറണമെന്നും സ്ത്രീ സമത്വം നടപ്പാക്കുമെന്നും പ്രഖ്യാപിച്ചു. വനിതാ മതിലും കെട്ടി. പുരോഗമന വാദികൾ ലോകത്തെല്ലായിടത്തു നിന്നും പിണറായി സർക്കാരിന് പിന്നിൽ അണിനിരന്നു. ന്യൂനപക്ഷ ഏകീകരണം തങ്ങളിലേക്ക് എത്തുമെന്നും കരുതി. എന്നാൽ ഇതൊന്നും സംഭവിച്ചില്ലെന്ന് മാത്രല്ല. കൂടെയുണ്ടായിരുന്ന വിശ്വാസികളും സിപിഎമ്മിൽ നിന്ന് അകന്നു. ഇത് സിപിഎമ്മും തിരിച്ചറിയുന്നു. പാർട്ടിക്ക് മുൻപ് ഇല്ലാത്തവിധം ബഹുജന സ്വാധീനം കുറഞ്ഞതായി വിലയിരുത്തിയിട്ടുണ്ട്. 2006 ലെ തെരഞ്ഞെടുപ്പിൽ 47 ശതമാനം വോട്ടാണ് ഇടതുമുന്നണിക്ക് ലഭിച്ചത്. അന്ന് ഇടതുപക്ഷ മുന്നണിക്ക് കൈവരിക്കാൻ കഴിഞ്ഞ ബഹുജനസ്വാധീനം വീണ്ടും ഉണ്ടാക്കിക്കൊണ്ടുവരേണ്ടതുണ്ടെന്ന് സംസ്ഥാന സമിതി വിലയിരുത്തി. ഇതിന് വേണ്ടിയാണ് ശബരിമലയിൽ ഇനി തൊടില്ലെന്ന പ്രഖ്യാപനം. പള്ളി തർക്കത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കാത്തതും ശബരിമലയിൽ കാട്ടിയ അമിതാവേശവും തിരിച്ചടിച്ചുവെന്ന് തിരിച്ചറിയുകയാണ് സിപിഎം.

നവോത്ഥാന കേരളം പൊലുള്ള കൂട്ടായ്മയുമായി ഇനി സിപിഎം സഹകരിക്കില്ല. ഈ ഫെയ്‌സ് ബുക്ക് കൂട്ടായ്മയാണ് ശബരിമലയിലേക്ക് യുവതികളെ എത്തിക്കാൻ പരസ്യമായി ആഹ്വാനം ചെയ്തത്. സ്ത്രീ സമത്വമെന്ന മുദ്രാവാക്യവുമായി ഇടതുപക്ഷ നേതാക്കളും ബുദ്ധി ജീവികളും അവർക്കൊപ്പം ചേർന്നു. ഈ പിന്തുണ കണ്ടാണ് സിപിഎം സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചത്. എന്നാൽ ജനകീയ അടിത്തറയിൽ വലിയ കുറവുണ്ടായി. സിപിഎമ്മിന്റെ വോട്ട് ബാങ്ക് തകർന്നു. നവോത്ഥാന കേരളത്തിലെ ആളുകൾ പോലും യുഡിഎഫിനാണ് വോട്ട് ചെയ്തത്. ഇതും വലിയ തോതിൽ ചർച്ചയായി. ഈ സാഹചര്യത്തിലാണ് സിപിഎം തെറ്റുതിരുത്തലിന് തയ്യാറാകുന്നത്. ഇതോടെ ശബരിമലയിൽ യുവതികളെ എത്തിക്കുന്ന പ്രക്രിയയക്ക് സർക്കാർ പിന്തുണ ഇനി കിട്ടില്ലെന്നും ഉറപ്പായി. ഇത് എല്ലാ അർത്ഥത്തിലും നയം മാറ്റമാണ്.

സിപിഎമ്മിന്റെ ജനസ്വാധീനം ചോർന്നെന്നു പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സമ്മതിച്ചത് ഇതിന്റെ ഭാഗമാണ്. മൂന്നു ദിവസം വീതം ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന സമിതി യോഗങ്ങൾക്കുശേഷമാണ് പാർട്ടിയുടെ കുറ്റസമ്മതം വരുന്നത്. ശബരിമല നിലപാടിലെ തെറ്റിദ്ധാരണ മാറ്റാൻ തുടർച്ചയായി ഇടപെടാനും വിശ്വാസികളുടെ വികാരങ്ങൾ മാനിച്ചു മുന്നോട്ടുപോകാനും തീരുമാനിച്ചതായി കോടിയേരി പറഞ്ഞു. ഈ തീരുമാനം സംഘടനാ രേഖയിൽ ഉൾപ്പെടുത്തിയെന്നതും നിർണ്ണായകമാണ്. പാർട്ടി അധികാരകേന്ദ്രങ്ങളായി പ്രവർത്തിക്കാൻ പാടില്ല, പ്രവർത്തകർ അക്രമങ്ങളിൽ പങ്കെടുക്കരുത്, പാർട്ടി ഘടകങ്ങൾ പ്രവർത്തനത്തിൽ മാറ്റംവരുത്തണം, സിപിഎമ്മിനൊപ്പം ഘടകകക്ഷികളും ജനസ്വാധീനം വർധിപ്പിക്കണം, സഖാക്കൾ ജനങ്ങൾക്കൊപ്പം നിൽക്കണം,അവരോടു വിനയത്തോടെ ഇടപെട്ടു വിശ്വാസം വീണ്ടെടുക്കണം, നേതാക്കളുടെ പശ്ചാത്തലം സംശയത്തിന് അതീതമാകണമെന്നും കോടിയേരി പറഞ്ഞു.

പാർട്ടിക്ക് അടിമുടി മാറ്റം ആവശ്യമണ്. പുതിയ രാഷ്ട്രീയ സാഹചര്യങ്ങളേയും വെല്ലുവിളികളേയും നേരിടാൻ സിപിഎമ്മിനേയും അതിന്റെ പ്രവർത്തകരേയും സജ്ജമാക്കുന്ന രീതിയിലാവും ഇനിയുള്ള പ്രവർത്തനം. 2006 ലെ തെരഞ്ഞെടുപ്പിൽ 47% വോട്ടാണ് ഇടതുമുന്നണിക്കു ലഭിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 35%മായി കുറഞ്ഞു. 2006-ൽ ഇടതുമുന്നണിക്കു കൈവരിക്കാൻ കഴിഞ്ഞ ബഹുജനസ്വാധീനം വീണ്ടും ഉണ്ടാക്കാനാണ് സിപിഎം. പ്രവർത്തന ശൈലിയിൽ ഉൾപ്പെടെ സമഗ്രമാറ്റത്തിന് തീരുമാനമെടുത്തതെന്നും കോടിയേരി പറഞ്ഞു. ജനങ്ങൾക്കിടയിൽ മതിപ്പുണ്ടാക്കുന്ന പ്രവർത്തനങ്ങളാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ നടത്തുന്നത്. വികസനപ്രവർത്തനങ്ങളിൽ സമീപകാലത്തൊന്നും കാണാത്ത തരത്തിലുള്ള മുന്നേറ്റം ഉണ്ടായി. ഇനിയുള്ള സമയം സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടണം. വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിനുണ്ടാകുന്ന കാലതാമസം ഇല്ലാതാക്കാനും സർക്കാർ ശ്രമിക്കേണ്ടതുണ്ടെന്നും സിപിഎം വിലയിരുത്തുന്നു.

പണ്ടുമുതലേ നമ്മുടെ സംസ്ഥാനത്ത് വലതുപക്ഷ ശക്തികൾ പ്രവർത്തിച്ചിരുന്നു എന്നുള്ളത് വസ്തുതയാണ്. എപ്പോളെല്ലാം ഇടതുപക്ഷം ശക്തിപ്പെടാൻ ശ്രമിക്കുന്നുണ്ടോ അപ്പോഴെല്ലാം വലതുപക്ഷം ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ ഇത് മുൻപ് ഇല്ലാത്തവിധം വർദ്ധിച്ചിട്ടുണ്ട്. ഇടതുപക്ഷത്തിന് എതിരായ വികാരം ഉണ്ടാക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ട്. ഇത് പ്രതിരോധിക്കണം. ആശയ പ്രചരണം ശക്തിപ്പെടുത്തണം. ഇതിനായി സാംസ്‌കാരിക, ശാസ്ത്രീയ രംഗത്ത് കൂടുതൽ ഇടപെടൽ ആവശ്യമാണ്. സംസ്ഥാന കമ്മിറ്റി മുതൽ ബ്രാഞ്ച് വരെയുള്ളവരെ പ്രവർത്തകരെ കൂടുതൽ കഴിവുറ്റവരാക്കി മാറ്റണം. ബഹുജന നേതാക്കന്മാരായി ഓരോ കേഡറേയും വളർത്തിയെടുക്കുക എന്നത് അടിയന്തിര കടമയായി കണ്ടുവേണം മുന്നോട്ടുപോകാൻ. നേരത്തെ ഇടതുപക്ഷത്തിന്റെ പ്രവർത്തനം സംസ്ഥാനത്ത് കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയെ നേരിട്ടുകൊണ്ടായിരുന്നു. സാധാരണ യുഡിഎഫ് സംഘടനാരൂപം തെരഞ്ഞെടുപ്പ് ഘട്ടത്തിലാണ് പുറത്തുവരാറുള്ളത്. എന്നാൽ ഇന്ന് യുഡിഎഫ് മാത്രമല്ല. ആർഎസ്എസ്നേതൃത്വത്തിലുള്ള ബിജെപി കേന്ദ്രഭരണം ഉപയോഗിച്ച് ഇടതുപക്ഷത്തിനെതിരെ പ്രവർത്തിക്കുന്നു. ഈ വെല്ലുവിളി നേരിടുന്ന തരത്തിലായിരിക്കണം പ്രവർത്തനം മാറ്റേണ്ടത്.

ആർഎസ്എസിന്റെ ജനവിരുദ്ധ ഭരണത്തെ എതിർക്കാൻ കഴിയാതെ കേന്ദ്രത്തിൽ കോൺഗ്രസ് വിറങ്ങലിച്ച് നിൽക്കുന്നതാണ് കാണുന്നത്. അവരുടെ നേതാക്കന്മാരെത്തന്നെ ഭയപ്പെടുത്തി കീഴ്പ്പെടുത്താൻ ശ്രമിക്കുകയാണ്. കോൺഗ്രസിന്റെ രാജ്യസഭയിലെ ചീഫ് വിപ്പ്തന്നെ രാജിവച്ച് പോയ സ്ഥിതി ഉണ്ടായി. അമിത്ഷായുടെ വാഗ്ദാനങ്ങൾക്ക് ശക്തമായ മറുപടി കൊടുത്ത തൃപുരയിലെ സിപിഐ എം എംപി ത്സർണാ ദാസിനെയാണ് ഇത്തരത്തിലുള്ളവർ മാതൃകയാക്കേണ്ടത്. ആർഎസ്എസിന് മുമ്പിൽ കീഴടങ്ങാത്ത രാഷ്ട്രീയം. അതാണ് രാജ്യത്ത് വളർന്നുവരാൻ പോകുന്നത്. ബംഗാൾ, തൃപുര സംസ്ഥാനങ്ങളിൽ ആർഎസ്എസ് നടത്തിയ വിഭജന രാഷ്ട്രീയം ഒർമവേണം. ഈ വെല്ലുവിളി കണക്കിലെടുത്ത് വേണം സിപിഐ എം പ്രവർത്തിക്കാൻ. പതിവില്ലാത്തവിധം കേരളത്തിൽ ഭിന്നിപ്പുണ്ടാക്കാൻ മതജാതി കക്ഷികൾ ശ്രമിക്കുന്നുണ്ട്. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും കേരളത്തിൽ ശക്തിപ്പെട്ടുവരുന്നു. ജമാ അത്തെ ഇസ്ലാമി, പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ എന്നീ സംഘടനകൾ ന്യൂനപക്ഷ വർഗീയത വളർത്താൻ ശക്തമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ആർഎസ്എസിന് ശക്തമായ സംഘടനാ രൂപം കേരളത്തിലുണ്ട്. ആർ.എസ്.എസിന്റെ കൂടുതൽ ശാഖകൾ പ്രവർത്തിക്കുന്ന സംസ്ഥാനമാണ് കേരളം. ഇന്ന് ആർ.എസ്.എസ് സംഘടനാ ശക്തിക്കൊപ്പം കേന്ദ്ര ഭരണം കൂടി ഉപയോഗിച്ചുകൊണ്ടുള്ള പ്രവർത്തനം സംസ്ഥാനത്ത് നടത്തുന്നുണ്ട്. ഈ വെല്ലുവിളികൂടി ഏറ്റെടുത്തുകൊണ്ടാവണം പാർട്ടിയുടെ സംഘടനാ പ്രവർത്തനം കാലോചിതമായി മാറ്റേണ്ടതെന്നും സിപിഎം തിരിച്ചറിയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP