Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കശ്മീരിലെ സ്ഥിതിഗതികൾ സാധാരണ നിലയിലല്ലെന്ന് തെളിഞ്ഞു; സംസ്ഥാനത്തെ സാഹചര്യങ്ങളും ജനങ്ങളുടെ അവസ്ഥയും മനസ്സിലാക്കാനാണ് പോയത്; വിമാനത്താവളത്തിൽ തടഞ്ഞുവെന്ന് മാത്രമല്ല മാധ്യമപ്രവർത്തകരെ അവർ മർദ്ദിക്കുകയും ചെയ്തുവെന്ന് രാഹുൽ ഗാന്ധി; നേതാക്കളുടെ സന്ദർശനം ജനങ്ങൾക്ക് ബുദ്ധിമുട്ടാകുമെന്ന വാദം കെട്ടിച്ചമച്ചതാണെന്ന് യെച്ചൂരി; ശ്രീനഗറിൽ തടഞ്ഞതിനെ തുടർന്ന് മടങ്ങിയ പ്രതിപക്ഷസംഘത്തിന് കടുത്ത പ്രതിഷേധം

കശ്മീരിലെ സ്ഥിതിഗതികൾ സാധാരണ നിലയിലല്ലെന്ന് തെളിഞ്ഞു; സംസ്ഥാനത്തെ സാഹചര്യങ്ങളും ജനങ്ങളുടെ അവസ്ഥയും മനസ്സിലാക്കാനാണ് പോയത്; വിമാനത്താവളത്തിൽ തടഞ്ഞുവെന്ന് മാത്രമല്ല മാധ്യമപ്രവർത്തകരെ അവർ മർദ്ദിക്കുകയും ചെയ്തുവെന്ന് രാഹുൽ ഗാന്ധി; നേതാക്കളുടെ സന്ദർശനം ജനങ്ങൾക്ക് ബുദ്ധിമുട്ടാകുമെന്ന വാദം കെട്ടിച്ചമച്ചതാണെന്ന് യെച്ചൂരി; ശ്രീനഗറിൽ തടഞ്ഞതിനെ തുടർന്ന് മടങ്ങിയ പ്രതിപക്ഷസംഘത്തിന് കടുത്ത പ്രതിഷേധം

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: കശ്മീരിലെ സ്ഥിതിഗതികൾ സാധാരണനിലയിൽ അല്ലെന്ന് വ്യക്തമായതായി കോൺഗ്രസിന്റെ മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. കുറച്ചുദിവസങ്ങൾക്ക് മുമ്പ് ഗവർണർ സത്യപാൽ മാലിക് സംസ്ഥാനം സന്ദർശിക്കാൻ തന്നെ ക്ഷണിച്ചിരുന്നുവെന്ന് രാഹുൽ പറഞ്ഞു. 

'ക്ഷണം സ്വീകരിച്ചു. ജനങ്ങളുടെ അവസ്ഥ എന്തെന്നും സാഹചര്യങ്ങൾ എങ്ങനെയെന്നും മനസിലാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, വിമാനത്താവളത്തിൽ ഞങ്ങളെ തടഞ്ഞു. മാധ്യമപ്രവർത്തകരെ അവർ കൈകാര്യം ചെയ്തു. ജമ്മു-കശ്മീരിൽ സ്ഥിതിഗതികൾ സാധാരണനിലയിലല്ലെന്ന് വ്യക്തമാണ്',

തങ്ങളെ തടഞ്ഞ് വച്ചത് ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് പ്രതിപക്ഷ പ്രതിനിധി സംഘം പ്രതികരിച്ചു. ബഡ്ഗാം ജില്ലാ മജിസ്‌ട്രേറ്റിനയച്ച കത്തിലും ഇക്കാര്യങ്ങളാണ് സംഘം വ്യക്തമാക്കിയത്. ഞങ്ങൾ ഉത്തരവാദിത്വമുള്ള രാഷ്ട്രീയ നേതാക്കളും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമാണ്. ഞങ്ങളുടെ സന്ദർശനലക്ഷ്യം തികച്ചും സമാധാനപരവും മനുഷ്യത്വപരവുമായിരുന്നു. ജമ്മു-കശ്മീരിലെയും ലഡാക്കിലെയും ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും, സ്ഥിതിഗതികൾ സാധാരണനിലയിലേക്ക് മടങ്ങുന്നത് വേഗത്തിലാക്കാനുമാായിരുന്നു സന്ദർശനം, കത്തിൽ പറഞ്ഞു.

കശ്്മീരിൽ സന്ദർശനം പാടില്ല എന്ന് ഉത്തരവ് ഉണ്ട് എന്നാണ് തങ്ങളെ അറിയിച്ചതെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ആ ഉത്തരവിന്റെ പകർപ്പ് പക്ഷേ തങ്ങൾക്ക് നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയാറായില്ലെന്നും കൂട്ടിച്ചേർത്തു. നേതാക്കളുടെ സന്ദർശനം ജനങ്ങൾക്ക് ബുദ്ധിമുട്ടാക്കും എന്നൊക്കെയുള്ള വാദങ്ങൾ വെറുതെ കെട്ടിച്ചമച്ചവയാണെന്നും യെച്ചൂരി പറഞ്ഞു.

വൈകിട്ട് 5.50ഓടെയാണ് രാഹുലും സംഘവും ഡൽഹിയിൽ മടങ്ങിയെത്തിയത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ, തിരുച്ചി ശിവ (ഡിഎംകെ), മനോജ് ഝാ (ആർജെഡി), ദിനേഷ് ത്രിവേദി(എൻസിപി) എന്നിവരാണു രാഹുലിനൊപ്പമുണ്ടായിരുന്ന മറ്റു പ്രതിപക്ഷ പാർട്ടി നേതാക്കൾ.

രാഹുൽ ഗാന്ധിയും സീതാറാം യെച്ചൂരിയും അടങ്ങുന്ന സംഘത്തെ ശ്രീനഗർ വിമാനത്താവളത്തിൽ തടയുകയായിരുന്നു. സംഘം മാധ്യമപ്രവർത്തകരെ കാണുന്നതിനും അനുവാദം നൽകിയില്ല.ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ശേഷം ആദ്യമായാണ് രാഹുൽ ഗന്ധി ജമ്മു കശ്മീരിലെത്തിയത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ് , ആനന്ദ് ശർമ്മ , കെ സി വേണുഗോപാൽ ഉൾപ്പടെ പന്ത്രണ്ട് പേരാണ് രാഹുലിനൊപ്പമുണ്ടായിരുന്നത്. നേതാക്കളുടെ സന്ദർശനം സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികളെ ബാധിക്കുമെന്ന് അറിയിച്ചാണ് ജമ്മു കശ്മീർ ഭരണകൂടം പ്രതിപക്ഷ സംഘത്തെ തിരിച്ചയച്ചത്.

സംസ്ഥാനത്തിന്റെ സ്ഥിതി നേരിട്ടെത്തി വിലയിരുത്താൻ ഗവർണർ സത്യപാലിക് മാലിക്ക് നേരത്തെ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഈ നിർദ്ദേശം ഗവർണർ പിൻവലിക്കുകയും ചെയ്തിരുന്നു. ജനങ്ങൾക്ക് അസൗകര്യമുണ്ടാകുമെന്നതിനാൽ നേതാക്കൾ സന്ദർശനത്തിൽ നിന്നു പിന്മാറണമെന്നു ജമ്മു കശ്മീർ ഇൻഫോർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപാർട്ട്മെന്റ് നേരത്തേ അറിയിച്ചിരുന്നു. അതിർത്തി കടന്നുള്ള ഭീകരവാദവും ആക്രമണങ്ങളും തടയാനാണ് സർക്കാർ ഇപ്പോൾ ശ്രദ്ധചെലുത്തുന്നതെന്നും അതുകൊണ്ടുതന്നെ നേതാക്കളുടെ വരവ് അതിനു തടസ്സമാകുമെന്നും അവർ ട്വീറ്റ് ചെയ്തു.

പ്രത്യേക പദവി റദ്ദാക്കുന്നതിനു മുന്നോടിയായി പൊലീസ് കസ്റ്റഡിയിലെടുത്ത നേതാക്കളെ സന്ദർശിക്കാനായി കശ്മീരിലെത്തിയ ഇടത് നേതാക്കളായ സീതാറാം യെച്ചൂരി, ഡി. രാജ, ഗുലാം നബി ആസാദ് എന്നിവരെ ക്രമസമാധാന പ്രശ്നം പറഞ്ഞ് നേരത്തെ തടയുകയും തിരിച്ചയക്കുകയും ചെയ്തിരുന്നു. തങ്ങളെല്ലാവരും ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതാക്കളാണെന്നും നിയമലംഘനം നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ഗുലാം നബി ആസാദ് വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനു മുൻപു മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ജമ്മു കശ്മീരിലെ സ്ഥിതി ആശങ്കാജനകമാണ്. 20 ദിവസമായി അവിടെ നിന്നു യാതൊരു വാർത്തകളും പുറത്തുവരുന്നില്ല. സ്ഥിതിഗതികൾ സാധാരണമാണെന്നു സർക്കാർ പറയുന്നുണ്ടെങ്കിലും നിരവധി രാഷ്ട്രീയ നേതാക്കളാണ് തടവിൽ കിടക്കുന്നത്. എന്തുകൊണ്ടാണ് അവരെ മോചിപ്പിക്കാത്തത് എന്നും ഗുലാംനബി ആസാദ് ചോദിച്ചു.

പാർട്ടി സമ്മേളനത്തിനെത്തിയ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി കൂടിയായ ഗുലാം നബി ആസാദിനെ നേരത്തേ രണ്ടു തവണ സുരക്ഷാ ഉദ്യോഗസ്ഥർ ജമ്മു വിമാനത്താവളത്തിൽ തടഞ്ഞിരുന്നു. കേന്ദ്ര നീക്കത്തിനു ശേഷം ഒരു രാഷ്ട്രീയ നേതാവും ജമ്മു കശ്മീർ സന്ദർശിക്കാൻ സർക്കാർ അനുവദിച്ചിട്ടില്ല. പ്രത്യേക പദവി നീക്കുന്ന കേന്ദ്ര നീക്കത്തോട് അനുബന്ധിച്ച് മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുല്ല, മെഹബുബ മുഫ്തി എന്നിവരുൾപ്പെടെ നിരവധി രാഷ്ട്രീയ നേതാക്കളാണ് ജമ്മു കശ്മീരിൽ അറസ്റ്റിലാകുകയോ വീട്ടുതടങ്കലിൽ ആകുകയോ ചെയ്തിട്ടുള്ളത്.

ഒമർ അബ്ദുല്ലയും മെഹബൂബയും വിവിധ ഗസ്റ്റ് ഹൗസുകളിലാണു തടവിലുള്ളത്. മറ്റൊരു മുന്മുഖ്യമന്ത്രിയായ ഫാറൂഖ് അബ്ദുല്ല വീട്ടുതടങ്കലിലാണ്. കഴിഞ്ഞ 5 മുതൽ രണ്ടായിരത്തിലേറെ നേതാക്കൾ കരുതൽ തടങ്കലിലാണെന്നാണ് അനൗദ്യോഗിക കണക്ക്. ഇവരെ മോചിപ്പിക്കുന്ന കൃത്യമായ തീയതി ഇപ്പോൾ പറയാനാവില്ലെന്ന് അധികൃതർ സൂചിപ്പിച്ചു.

അതിനിടെ, വീട്ടു തടങ്കലിലാക്കപ്പെട്ട സിപിഎം കേന്ദ്രകമ്മിറ്റിയംഗവും കുൽഗാം എംഎൽഎയുമായ മുഹമ്മദ് യൂസഫ് തരിഗാമിക്ക് വേണ്ടി സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി സുപ്രീം കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചു. ദിവസങ്ങളായി കസ്റ്റിഡിയിൽ തുടരുന്ന തരിഗാമിക്ക് ഇന്ത്യ ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുകയാണെന്നും സീതാറാം ചെയ്യൂരി സമർപ്പിച്ച ഹേബിയസ് കോർപ്പസ് ആരോപിക്കുന്നു. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ള, മെഹബൂബ മുഫ്തി, പ്രമുഖ നേതാവായ സാജിദ് ലോൺ, കോൺഗ്രസ് നേതാവ് ഉസ്മാൻ മജീദ് എന്നിവക്കെതിരായി നടപടിക്ക് പിന്നാലെയാണ് യുസഫ് തരിഗാമിയെയും കസ്റ്റഡിയിലെടുത്തത്.

കാശ്മീരിലെ മുഖ്യാധാരാ രാഷ്ട്രീയ കക്ഷി നേതാക്കളെ ഉടൻ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയി ഡിഎംകെയുടെ നേതൃത്വത്തിൽ പ്രതിഷേധം ഉൾപ്പെടെ അരങ്ങേറിയതിന് പിന്നാലെയാണ് സിപിഎമ്മിന്റെ നീക്കം. ജമ്മു- കാശ്മീരിലെ കുൽഗാം മണ്ഡലത്തിൽ നിന്നും കഴിഞ്ഞ 22 വർഷം തുടർച്ചയായി നിയമസഭയിലെത്തുന്ന സിപിഎം പ്രതിനിധിയാണ്, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ മുഹമ്മദ് യൂസഫ് തരിഗാമി. കശ്മീരിലെ സകല തീവ്രവാദ ഗ്രൂപ്പുകളുടെയും കണ്ണിലെ കരടാണ് അദ്ദേഹമെന്നാണ് പൊതുവെയുള്ള റിപ്പോർട്ട്. ഏതു സമയവും ഒരാക്രമണം, ഒരു വെടിയുണ്ട തനിക്ക് നേരെ ചീറിപ്പാഞ്ഞു വരുമെന്ന് ഉറപ്പുള്ള വ്യക്തിയെന്നും വിശേഷണമുണ്ട്. സ്വരക്ഷയ്ക്കായി റിവോൾവറും കൈവശ വയ്ക്കാൻ അനുമതിയുള്ള ചുരുക്കം നേതാക്കളിൽ ഒരാൾ കൂടിയാണ് മുഹമ്മദ് യൂസഫ് തരിഗാമി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP