Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെനിയയിലെ ഡാൻസ് ബാറുകളിലേക്ക് നടക്കുന്നത് വൻ മനുഷ്യക്കടത്ത്; ഇരകളാകുന്നത് ഇന്ത്യ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീകൾ; പാസ്‌പോർട്ടും രേഖകളും വാങ്ങിവെച്ച് കൊണ്ട് പോകുന്നത് വൻ ചതിക്കുഴിയിലേക്ക്; ഒരു വർഷത്തിനുള്ളിൽ പൊലീസും മനുഷ്യാവകാശപ്രവർത്തകരും ചേർന്ന് രക്ഷപ്പെടുത്തിയത് 43 സ്ത്രീകളെ

കെനിയയിലെ ഡാൻസ് ബാറുകളിലേക്ക് നടക്കുന്നത് വൻ മനുഷ്യക്കടത്ത്; ഇരകളാകുന്നത് ഇന്ത്യ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീകൾ; പാസ്‌പോർട്ടും രേഖകളും വാങ്ങിവെച്ച് കൊണ്ട് പോകുന്നത് വൻ ചതിക്കുഴിയിലേക്ക്; ഒരു വർഷത്തിനുള്ളിൽ പൊലീസും മനുഷ്യാവകാശപ്രവർത്തകരും ചേർന്ന് രക്ഷപ്പെടുത്തിയത് 43 സ്ത്രീകളെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നേപ്പാൾ, ഇന്ത്യ, പാക്കിസ്ഥാൻ തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്ന് കെനിയയിലെ ഡാൻസ് ബാറുകളിലേക്ക് വ്യാപകമായി മനുഷ്യക്കടത്ത് നടക്കുന്നുണ്ട്. ഇപ്പോൾ ഇതിന് ഇരകളാകുന്ന പെൺകുട്ടികളുടെയും സ്ത്രീകളുടെയും എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇത് തെളിയിക്കുന്നതിനാവശ്യമായ ഔദ്യോഗിക കണക്കുകളോ രേഖകളോ ഒന്നും ആരുടേയും കൈയിൽ ഇല്ല. പൊലീസ് നടത്തിയ റെയ്ഡുകളെ തുടർന്ന് നിരവധി സ്ത്രീകളെ നിശാക്ലബുകളിൽ നിന്ന് മോചിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ പലപ്പോഴും രക്ഷിക്കാൻ സാധിക്കാത്തവരും ഉണ്ടാകാറുണ്ട്. അങ്ങനെയുള്ളപ്പോൾ ഇത്തരത്തിൽ ഇരയാക്കപ്പെടുന്നവരുടെ എണ്ണം കൂടുകയേ ഉള്ളൂ. പക്ഷേ രക്ഷപ്പെടുന്നവർ പരാതിപ്പെടാനായി മുന്നോട്ട് വരാത്തിടത്തോളം കാലം മനുഷ്യക്കടത്ത് നടത്തുന്നവർ പുറത്ത് സ്വൈര്യ ജീവിതം നയിച്ച് കൊണ്ടേയിരിക്കും.

2016-2017 കാലഘട്ടത്തിൽ സ്ത്രീകളും പെൺകുട്ടികളും അടക്കം 43 പേരെ കെനിയയിലെയും ടാൻസാനിയയിലെയും ഡാൻസ് ബാറുകളിൽ നിന്ന് മോചിപ്പിക്കാൻ സാധിച്ചതായി നേപ്പാൾ ദേശീയ മനുഷ്യാവകാശ കമ്മീഷൻ പറയുന്നുണ്ട്. കൽച്ചറൽ ഡാൻസ് എന്ന പേരിലാണ് യുവതികൾക്ക് ജോലി വാഗ്ദാനം ചെയ്യുന്നത്. ആദ്യമാസ ശമ്പളം മുൻകൂറായി നൽകി ഇവർ ജോലിക്കാരെ ഉറപ്പിക്കുകയും ചെയ്യും. എന്നാൽ അവിടെ എത്തുന്നതോടെ നൃത്തരൂപങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ഇടപാടുകാർക്കൊപ്പം ലൈംഗിക ചേഷ്ടകൾ പ്രകടിപ്പിച്ചുകൊണ്ട് നൃത്തം ചെയ്യാനും അവരുമായി കിടപ്പറ പങ്കിടാനും നിർബന്ധിക്കും. മൂന്നുമാസത്തെ ടൂറിസ്റ്റ് വിസയിലാണ് കടത്തുന്നത്. കൈയിൽ ഹാൻഡ് ബാഗ് മാത്രമായി സുഹൃത്തുക്കളെയോ ബന്ധുക്കളെയോ സന്ദർശിക്കാൻ പോകുന്നു എന്ന വ്യാജേനയാണ് സ്ത്രീകളും പെൺകുട്ടികളും എയർപോർട്ടിലെത്തുക. അതല്ലെങ്കിൽ താല്ക്കാലിക വർക്ക് പെർമിറ്റിലായിരിക്കും കൊണ്ട് വരുന്നത്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള പലരും ശമ്പളത്തെക്കുറിച്ച് ആലോചിച്ച് ഈ പണിക്ക് ഇറങ്ങിപ്പുറപ്പെടുന്നത് പിന്നിലെ ചതിക്കുഴികൾ അറിയാതെയാണ്.

കെനിയയിലെ ബോളിവുഡ് സ്റ്റൈൽ ഡാൻസ് ബാറിലേക്ക് ഷീല എന്ന യുവതിയെ ശമ്പളത്തിന്റെ ഏഴിരട്ടിയോളം അധിക തുക വാഗ്ദാനം ചെയ്താണ് ക്ഷണിച്ചത്. നേപ്പാളിൽ ബ്യൂട്ടീഷനായി ജോലി നോക്കിയിരുന്ന ഷീല വീട്ടിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് ആലോചിച്ചാണ് ഈ ജോലിക്ക് പോകാൻ തീരുമാനിച്ചത്. ജോലി ചെയ്യാൻ പോകുന്ന ക്ലബിന്റെ ഉടമസ്ഥനെ പരിചയമില്ലെന്നോ, ജോലിയുമായി ബന്ധപ്പെട്ട കോൺട്രാക്ട് ക്ഷണിച്ചവർ കാണിച്ചില്ലെന്നോ ഒന്നും അവർ ആലോചിച്ചില്ല. പറഞ്ഞത് പോലെ എത്തിയപ്പോൾ ഡ്രൈവർ എല്ലായ്‌പ്പോഴും കൂടെയുണ്ടാകുകയും പാസ്‌പോർട്ടും ഫോണും വാങ്ങി വെക്കുന്നത് സുരക്ഷയ്ക്ക് വേണ്ടിയാണ് എന്ന പറയുകയും ചെയ്തു. എന്നാൽ കാര്യങ്ങളെല്ലാം പറഞ്ഞത് പോലെ ആയിരുന്നില്ല. പിന്നെയാണ് ചതിയിൽ പെടുകയാണെന്ന് മനസിലായത്. ഷീലയുൾപ്പടെ പതിനൊന്ന് നേപ്പാൾ സ്ത്രീകളെയാണ് കെനിയയിലെ തീരദേശ നഗരമായ മൊംബാസയിൽ നിന്ന് കഴിഞ്ഞ ഏപ്രിലിൽ പൊലീസും മനുഷ്യാവകാശപ്രവർത്തകരും ചേർന്ന് രക്ഷപ്പെടുത്തിയത്.

ഇവരെ കൊണ്ട് വന്ന നിശാ ക്ലബ് ഉടമ ആസിഫ് അമിറലി അലിഭായ് ജെത്തക്കെതിരെ പൊലീസ് കേസെടുക്കുകയുണ്ടായി. അനധികൃതമായി യുവതികളുടെ പാസ്പോർട്ട് പിടിച്ചുവെക്കൽ, വഞ്ചനാക്കുറ്റം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങളാണ് ഇയാൾക്ക് നേരെ ആരോപിക്കപ്പെട്ടത്. എന്നാൽ യുവതികളെല്ലാം സ്വന്തം ഇഷ്ടപ്രകാരം ജോലി ചെയ്തതാണെന്നാണ് ഇയാൾ നൽകുന്ന വിശദീകരണം. ക്ലബുകളിൽ യുവതികളെ നിയോഗിച്ചിരിക്കുന്നത് സാംസ്‌കാരിക നൃത്തരൂപങ്ങൾക്ക് വേണ്ടിയാണെന്നും സ്ത്രീകൾ ലൈംഗിക ചൂഷണം നേരിടേണ്ടി വരുന്നില്ലെന്നും, ലൈംഗിക ചേഷ്ടകൾ പ്രകടിപ്പിക്കുന്ന രീതിയിൽ ഇവർക്ക് നൃത്തം ചെയ്യേണ്ടി വരുന്നില്ലെന്നും അയാൾ പറയുന്നു. എന്നാൽ ഇത്തരം ക്ലബുകളിൽ ലൈംഗിക അടിമത്വം നടക്കുന്നുണ്ടെന്നാണ് മനുഷ്യാവകാശ പ്രവർത്തകരും ക്ഷേമപ്രവർത്തകരും പറയുന്നത്.

ഒമ്പതുമാസത്തിനിടയിലാണ് മൊംബാസയിലെ ക്ലബിലേക്ക് പതിനൊന്നുപേർ എത്തുന്നത്. ഇവരിൽ 16 വയസ്സുമുതൽ 34 വയസ്സുവരെ പ്രായമുള്ളവരുണ്ട്. അവിടെയെത്തിയതും പാസ്പോർട്ട് ക്ലബ് ഉടമ വാങ്ങിവെച്ചതായി ഇവർ പറയുന്നു. തങ്ങൾ ജോലി ചെയ്തിരുന്ന സ്ഥലത്തിന്റെ പേര് പോലും ഇവർക്ക് അറിയുമായിരുന്നില്ല. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ സ്ത്രീകളെ ജോലിക്കെത്തിച്ചതും, അവരുടെ സ്വാതന്ത്ര്യങ്ങളിൽ നിയന്ത്രണമേർപ്പെടുത്തിയിരുന്നതും പാസ്പോർട്ട് വാങ്ങിവെച്ചതുമെല്ലാം മനുഷ്യക്കടത്തിന്റെ കൃത്യമായ സൂചനകളാണ് നൽകുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP