Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

20 ദിവസമായി കാശ്മീരിലെ ജനങ്ങൾക്ക് മൗലിക അവകാശങ്ങൾ അനുവദിക്കുന്നില്ല; ആർട്ടിക്കിൾ 370 റദ്ദാക്കിയത് തന്റെ വിഷയമല്ല, എന്നാൽ പൗരന്മാർക്ക് അവകാശങ്ങൾ നിഷേധിക്കുന്നതിനോട് യോജിക്കാനാകില്ല; ഇതാണ് പ്രശ്നം, പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ സ്വാഗതം ചെയ്യാനോ പ്രതിഷേധിക്കാനോ കശ്മീരികൾക്ക് അവകാശമുണ്ട്; കണ്ണൻ ഗോപിനാഥ് ഐഎഎസ് രാജിവെച്ചത് കാശ്മീർ വിഷയം എടുത്തു പറഞ്ഞു കൊണ്ട്; മോദിയുടെ വിശ്വസ്തന്റെ കണ്ണിലെ കരടായതും ഈ കോട്ടയത്തുകാരന്റെ രാജിക്ക് പ്രേരണയായി

20 ദിവസമായി കാശ്മീരിലെ ജനങ്ങൾക്ക് മൗലിക അവകാശങ്ങൾ അനുവദിക്കുന്നില്ല; ആർട്ടിക്കിൾ 370 റദ്ദാക്കിയത് തന്റെ വിഷയമല്ല, എന്നാൽ പൗരന്മാർക്ക് അവകാശങ്ങൾ നിഷേധിക്കുന്നതിനോട് യോജിക്കാനാകില്ല; ഇതാണ് പ്രശ്നം, പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ സ്വാഗതം ചെയ്യാനോ പ്രതിഷേധിക്കാനോ കശ്മീരികൾക്ക് അവകാശമുണ്ട്; കണ്ണൻ ഗോപിനാഥ് ഐഎഎസ് രാജിവെച്ചത് കാശ്മീർ വിഷയം എടുത്തു പറഞ്ഞു കൊണ്ട്; മോദിയുടെ വിശ്വസ്തന്റെ കണ്ണിലെ കരടായതും ഈ കോട്ടയത്തുകാരന്റെ രാജിക്ക് പ്രേരണയായി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: 20 ദിവസമായി കശ്മീരിലെ ജനങ്ങൾക്ക് മൗലിക അവകാശങ്ങൾ അനുവദിക്കുന്നില്ല. ഒട്ടേറെ ഇന്ത്യക്കാർ ഇതിനോട് യോജിക്കുന്നു. 2019ലെ ഇന്ത്യയിലാണ് ഇത് നടക്കുന്നത്. കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയത് തന്റെ വിഷയമല്ല. എന്നാൽ പൗരന്മാർക്ക് അവകാശങ്ങൾ നിഷേധിക്കുന്നതിനോട് യോജിക്കാനാകില്ല. ഇതാണ് പ്രശ്നം. പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ സ്വാഗതം ചെയ്യാനോ പ്രതിഷേധിക്കാനോ കശ്മീരികൾക്ക് അവകാശമുണ്ട്- അഭിപ്രായ സ്വാതന്ത്ര്യത്തിന് സിവിൽ സർവീസ് തടസ്സമാകുന്നു എന്നു പറഞ്ഞു കൊണ്ട് സ്ഥാനം രാജിവെച്ചൊഴിഞ്ഞ കണ്ണൻ ഗോപിനാഥൻ രാജിക്കത്തിൽ കുറിച്ച വാക്കുകളാണ് ഇത്.

കോട്ടയത്തുകാരനായ മലയാളി സിവിൽ സർവീസുകാരൻ അഭിപ്രായസ്വാതന്ത്ര്യത്തിന് എത്രത്തോളം പ്രധാന്യം നൽകുന്നുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ രാജിക്കത്തിലെ വാക്കുകൾ. സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്നതാണ് തന്റെ നിലപാടെന്ന് പറഞ്ഞ കണ്ണൻ ഭാവി പരിപാടി എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാൽ, കാശ്മീരിൽ വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു എന്ന് മറ്റുള്ളവരെ ഓർമ്മപ്പെടുത്തുക കൂടിയാണ് ഈ ഉദ്യോഗസ്ഥൻ ചെയ്തത്.

അധികാരത്തിലിരുന്ന വേളയിൽ രാഷ്ട്രീയപ്രഭുക്കന്മാരുടെ ഇംഗിതത്തിന് വഴങ്ങാൻ തയ്യാറുള്ള വ്യക്തിയല്ല, താനെന്ന് കണ്ണൻ പലതവണ തെളിയിച്ച വ്യക്തിയാണ് അദ്ദേഹം. 'എനിക്കെന്റെ അഭിപ്രായ സ്വാതന്ത്ര്യം തിരികെ വേണം. മറ്റുള്ളവർക്കുവേണ്ടി ശബ്ദിക്കാമെന്നു വിശ്വസിച്ചുകൊണ്ടാണ് ഞാൻ സർവ്വീസിൽ കയറിയത്. പക്ഷേ എനിക്ക് എന്റെ ശബ്ദം ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്. രാജിയിലൂടെ എനിക്ക് അഭിപ്രായ സ്വാതന്ത്ര്യം തിരികെ ലഭിക്കും.' രാജിക്കത്ത് സമർപ്പിച്ച ശേഷം കണ്ണൻ പറഞ്ഞത് ഇങ്ങനെയാണ്.

ദാദ്ര നഗർ ഹവേലി ഊർജ സെക്രട്ടറി സ്ഥാനം വഹിച്ചു വരവെയാണ് കണ്ണൻ ഗോപിനാഥ് സിവിൽ സർവീസിൽ നിന്ന് രാജിവെക്കുന്നത്. വെള്ളിയാഴ്ച ഇതു സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകി. രാജി അംഗീകരിക്കുന്നതു വരെ അവധിയിൽ തുടരും. എന്നാൽ, സർക്കാർ ഇതുവരെ അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചിട്ടില്ല. സർവീസിലിരുന്ന് അഭിപ്രായപ്രകടനം നടത്തുന്നതു ചട്ടലംഘനമായതിനാലാണു രാജിവയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കലക്ടറായാണ് കണ്ണൻ രണ്ടുവർഷം മുൻപ് ദാദ്രനാഗർ ഹവേലിയിലെത്തുന്നത്. ഇതിനു പുറമേ അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ അധിക ചുമതലയുമുണ്ടായിരുന്നു. അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഘോഡാഭായി പട്ടേലുമായി നാളുകളായുള്ള അഭിപ്രായവ്യത്യാസവും രാജിയിലേക്കു നയിച്ചതായാണു സൂചന. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ആഭ്യന്തര മന്ത്രിയായിരുന്നു പ്രഫുൽ ഘോഡാഭായി പട്ടേൽ.

ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് റിട്ടേണിങ് ഓഫിസർ കൂടിയായിരുന്ന കണ്ണന് പട്ടേൽ കാരണം കാണിക്കൽ നോട്ടിസ് നൽകി. തനിക്കു സമ്മർദമുണ്ടെന്നു ചൂണ്ടിക്കാട്ടി കണ്ണൻ തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചു. തുടർന്ന് നോട്ടിസ് പിൻവലിക്കണമെന്നു പട്ടേലിനോട് കമ്മിഷൻ ആവശ്യപ്പെടുകയായിരുന്നു. തിരഞ്ഞെടുപ്പിനു ശേഷം കലക്ടർ സ്ഥാനത്തു നിന്ന് കണ്ണനെ മാറ്റി. 2018ലെ പ്രളയശേഷം 10 ദിവസത്തോളമാണു കേരളത്തിലെ വിവിധ കലക്ഷൻ സെന്ററുകളിലും ക്യാംപുകളിലും സാധാരണക്കാരനായി കണ്ണൻ പ്രവർത്തനത്തിനെത്തിയത്. ഒടുവിൽ കൊച്ചി കെബിപിഎസ് പ്രസിലെ കലക്ഷൻ സെന്ററിൽ അന്ന് കലക്ടറായിരുന്ന വൈ.സഫിറുള്ള സന്ദർശനം നടത്തിയപ്പോഴാണു ചുമടെടുത്തുകൊണ്ടിരുന്ന കണ്ണനെ തിരിച്ചറിഞ്ഞത്. കോട്ടയം പുതുപ്പള്ളി സ്വദേശിയായി.

മിസോറമിന്റെ തലസ്ഥാനമായ ഐസോളിൽ കലക്ടറായിരുന്നപ്പോൾ വിദ്യാഭ്യാസരംഗത്ത് കണ്ണൻ നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ വ്യക്തി കൂടിയാണ് കണ്ണൻ ഗോപിനാഥൻ. 2012 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് കണ്ണൻ ഗോപിനാഥൻ. മിസോറാമിൽ ഇദ്ദേഹം കളക്ടറായിരുന്ന വേളയിൽ കായിക മേഖലയിൽ നടപ്പാക്കിയ പരിഷ്‌കാരങ്ങൾ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. എന്നാൽ പ്രളയകാലത്ത് കേരളത്തിൽ ചുമടെടുത്ത സംഭവത്തിൽ ഇദ്ദേഹത്തിന് നോട്ടീസ് ലഭിച്ചു. ഔദ്യോഗിക പദവിയും ചട്ടങ്ങളും സ്വതന്ത്രമായി അഭിപ്രായം പറയുന്നതിന് തടസമാകുന്നുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

രാജിവച്ചതോടെ തനിക്ക് മറ്റു ഉത്തരവാദിത്തങ്ങളില്ല. ഒട്ടേറെ കാര്യങ്ങളിൽ ഇടപെടാൻ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശിക്കുന്നു. ഐഎഎസ് ലഭിക്കുന്നതിന് മുമ്പ് സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ക്ലാസുകൾ എടുക്കുമായിരുന്നു കണ്ണൻ ഗോപിനാഥൻ. രാജിക്കത്ത് സമർപ്പിച്ചിട്ടുണ്ടെങ്കിലും മൂന്ന് മാസം വരെ സർവീസിൽ തുടരേണ്ടിവരും. കേന്ദ്രത്തിന്റെ അനുമതിയോടെ മാത്രമേ സർവീസിൽ നിന്നും പിരിഞ്ഞു പോകാൻ സാധിക്കുകയുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP