Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗൂഗിൾ മാപ്പ് ഉപയോഗിച്ച് യാത്ര ചെയ്യുന്നവർ ഇടവഴികളിലേക്ക് കയറുമ്പോൾ കൂടുതൽ ശ്രദ്ധയോടെ വണ്ടി ഓടിക്കണം; രാത്രി ആയാൽ ഗൂഗിൾ മാപ്പ് വേണ്ട എന്ന് വെക്കുന്നതാണ് കൂടുതൽ ബുദ്ധി; ദുരന്തം ഉണ്ടാക്കുന്ന ഗൂഗിൾ മാപ്പിനെ കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു

ഗൂഗിൾ മാപ്പ് ഉപയോഗിച്ച് യാത്ര ചെയ്യുന്നവർ ഇടവഴികളിലേക്ക് കയറുമ്പോൾ കൂടുതൽ ശ്രദ്ധയോടെ വണ്ടി ഓടിക്കണം; രാത്രി ആയാൽ ഗൂഗിൾ മാപ്പ് വേണ്ട എന്ന് വെക്കുന്നതാണ് കൂടുതൽ ബുദ്ധി; ദുരന്തം ഉണ്ടാക്കുന്ന ഗൂഗിൾ മാപ്പിനെ കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

പെരുമ്പാവൂർ നഗരത്തിലെ തിരക്കിൽ നിന്നൊക്കെ മാറിയാണ് ഞാൻ വീട് വച്ചിരിക്കുന്നത്. ചെറിയൊരു വഴിയാണ് അങ്ങോട്ട് ഉള്ളത്. അവിടെ ജീവിക്കുന്നവർ ബഹുഭൂരിപക്ഷവും സാധാരണക്കാർ ആണ്, പത്തിലൊരു വീട്ടിൽ പോലും കാറില്ല. യാതൊരു തിരക്കുമില്ലാതെ നടക്കാനും സൈക്കിൾ ഓടിക്കാനും ഒക്കെ പറ്റുന്ന സ്ഥലം. അതൊക്കെ കണ്ടാണ് അവിടെ വീട് വച്ചതും.

പക്ഷെ കഴിഞ്ഞ ഒരു വർഷമായി ഈ സ്ഥിതി മാറി, ഞങ്ങളുടെ വഴിയിൽ വാഹങ്ങങ്ങളുടെ വലിയ തിരക്കാണ്. അവിടെ താമസിക്കുന്നവരുടെ എണ്ണമോ സാമ്പത്തിക ശേഷിയോ കൂടിയിട്ടില്ല, പിന്നെ ഇതെങ്ങനെ സംഭവിക്കുന്നു ?

അന്വേഷണം എത്തി നിൽക്കുന്നത് ഗൂഗിൾ മാപ്പിൽ ആണ്. ആലുവ മൂന്നാർ റോഡും മെയിൻ സെൻട്രൽ റോഡും (എം സി റോഡും) സന്ധിക്കുന്ന നഗരമാണ് പെരുമ്പാവൂർ. അവിടെ നഗരത്തിൽ ഒരു ബൈപാസ്സ് റോഡോ ഈ രണ്ടു പ്രധാന പാതകൾ സന്ധിക്കുന്നിടത്ത് ഒരു ഫ്‌ളൈ ഓവറോ ഇല്ല. പെരുമ്പാവൂർ നഗര ഹൃദയം ആയ ഒരു കിലോമീറ്റർ കടന്നു കിട്ടാൻ ഒരു മണിക്കൂർ എടുക്കുന്നത് ഇപ്പോൾ അസാധാരണം അല്ല.

എന്തുകൊണ്ടാണ് പെരുമ്പാവൂരിന് വേണ്ടി പദ്ധതികൾ ഉണ്ടേക്കേണ്ടവർ ഈ നഗരത്തെ ട്രാഫിക്കിൽ മുക്കി കൊല്ലുന്നതെന്ന് പിന്നെ പറയാം. ഇന്നത്തെ വിഷയം അതല്ല. നഗര ഹൃദയം ട്രാഫിക്കിൽ മുങ്ങിക്കിടക്കുന്നതിനാൽ ആളുകൾ ഇടവഴികൾ തേടുകയാണ്, പ്രത്യേകിച്ചും വിമാനത്താവളത്തിലേക്ക് പോകേണ്ടവർ ഒക്കെ. ഗൂഗിൾ മാപ്പ് ആ പണി എളുപ്പമാക്കുന്നു. അങ്ങനെയാണ് ഞങ്ങളുടെ വഴി അപ്രഖ്യാപിത ബൈപാസ്സ് ആയിരിക്കുന്നത്.

ഏതു വഴിയും ആരും ഉപയോഗിക്കുന്നതിൽ നിയമപരമായി ഒരു തെറ്റുമില്ല. പക്ഷെ ഒട്ടും പരിചയമില്ലാത്ത വഴികളിൽ കൂടി ആളുകൾ ഗൂഗിളിന്റെ സഹായത്തോടെ വണ്ടി ഓടിച്ചു വരുമ്പോൾ അപകട സാധ്യത കൂടുന്നു. വഴിയോട് ഡ്രൈവർ മാരും കൂടി വരുന്ന ട്രാഫിക്കിനോട് നാട്ടുകാരും പരിചയപ്പെട്ടിട്ടില്ല. തൽക്കാലം എങ്കിലും കാറുകൾ മാത്രമാണ് ഗൂഗിലേക്ക് തിരിഞ്ഞിരിക്കുന്നത്. വലിയ വാഹനങ്ങൾ കൂടി ഗൂഗിൾ മാപ്പിൽ എത്തുന്നതോടെ അപകട സാധ്യത പലമടങ്ങാവും. ഇത് വരെ ഒരു മേജർ അപകടവും നടന്നിട്ടില്ലാത്ത ഞങ്ങളുടെ വഴിയിൽ അപകട മരണം സംഭവിക്കാൻ ഇനി അധികം സമയം വേണ്ട. ആ വഴിയുള്ള നടപ്പൊക്കെ ഞാൻ ഇത്തവണ കൊണ്ട് നിറുത്തി. സൈക്കിളിന്റെ കാര്യം ചിന്തിക്കുക കൂടി വേണ്ട. പക്ഷെ ഭൂരിഭാഗം നാട്ടുകാരുടെ കാര്യം അതല്ലല്ലോ.

ഇത് പെരുമ്പാവൂരിലെ മാത്രം കാര്യമല്ല. കേരളത്തിൽ അങ്ങോളം ഇങ്ങോളം ഗൂഗിൾ മാപ്പ് പുതിയ ബൈ പാസ്സുകളും കുറുക്കു വഴികളും ഉണ്ടാക്കിക്കൊണ്ടിരിക്കയാണ്. ആ വഴിയിൽ ഉള്ളവരും വാഹനം ഓടിക്കുന്നവരും ഈ മാറ്റം മനസ്സിലാക്കിയിട്ടില്ല. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എങ്കിലും ഇക്കാര്യം ശ്രദ്ധിക്കണം, കൂടുതൽ വാഹനങ്ങൾ ഒരു വഴി വരുന്നുണ്ടെങ്കിൽ കൂടുതൽ സൈൻ ബോർഡുകൾ വക്കണം, വളവും തിരിവും തിരിച്ചറിയാൻ ഉള്ള റിഫ്‌ളെക്ടറുകൾ ഉണ്ടാകണം, വഴി അവസാനിക്കുന്ന സ്ഥലം ഉണ്ടെങ്കിൽ അവിടെ എന്തെങ്കിലും പ്രതിരോധം ഉണ്ടാക്കി വക്കണം. ഇല്ലെങ്കിൽ അപകടങ്ങൾ ഉണ്ടാകും, വാഹനങ്ങൾ പാടത്തും തോട്ടിലും വീഴും, ആളുകളുടെ ജീവൻ പോകും.

ഗൂഗിൾ മാപ്പ് ഉപയോഗിച്ച് യാത്ര ചെയ്യുന്നവർ ഇടവഴികളിലേക്ക് കയറുമ്പോൾ കൂടുതൽ ശ്രദ്ധയോടെ വണ്ടി ഓടിക്കണം. രാത്രി ആയാൽ ഗൂഗിൾ മാപ്പ് വേണ്ട എന്ന് വെക്കുന്നതാണ് കൂടുതൽ ബുദ്ധി.

ഇതൊന്നും സാങ്കേതിക വിദ്യയുടെ കുറ്റം അല്ല കേട്ടോ. നേരിട്ടുള്ള വഴികളിൽ ഗതാഗതം സുഗമമാക്കുകയാണ് ശരിക്കും ചെയ്യേണ്ടത്. പക്ഷെ വഴി വാണിഭക്കാരുടെ ചിന്താഗതിയാണ് നമ്മുടെ നമ്മുടെ നഗരങ്ങളിലെ പ്രമുഖ കച്ചവടക്കാർക്ക് പോലും. പരമാവധി വാഹനങ്ങൾ അവരുടെ മുൻപിൽ കൂടെ കടന്നു പോകുന്നതാണ് ശരിയായ ബിസിനസ്സ് തന്ത്രം എന്നാണ് അവരുടെ ചിന്ത. അതുകൊണ്ട് തന്നെ കടക്ക് മുന്നിലൂടെ ട്രാഫിക്ക് കുറയുന്ന എല്ലാ പരിഷ്‌കാരങ്ങളും അവർ എതിർത്ത് തോൽപ്പിക്കുന്നു. ലോക്കൽ രാഷ്ട്രീയത്തിലെ മൂവേഴ്സും ഷെക്കേഴ്‌സും ഒക്കെ തന്നെ ഇത്തരം കച്ചവടക്കാരായതിനാൽ അതിനെതിരെ ശക്തമായ സ്റ്റാൻഡ് എടുക്കാൻ ലോക്കൽ രാഷ്ട്രീയക്കാർക്കോ ഉദ്യോഗസ്ഥർക്കോ കഴിയുന്നുമില്ല. ഇതും ഒരു പെരുമ്പാവൂർ സ്റ്റോറി അല്ല, കേരളത്തിലെ നഗര വികസനത്തിന്റെ ട്രാജഡി ആണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP