Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും മുമ്പ് പ്രചരണം തുടങ്ങി മാണി സി കാപ്പൻ; ഷോൺ ജോർജ്ജിന്റെ മോഹം തള്ളി പി സി തോമസിനെ തന്നെ സ്ഥാനാർത്ഥിയാക്കാൻ ബിജെപി; നിഷ ജോസ് കെ മാണിയുടെ പേരു യുഡിഎഫ് കേന്ദ്രങ്ങൾ ഒരുപോലെ ഉയർത്തുമ്പോഴും ജോസ് കെ മാണി തന്നെ മത്സരിക്കണമെന്ന വാശിയിൽ കേരളാ കോൺഗ്രസ് പ്രവർത്തകർ; ജോസഫ് എത്ര കിണഞ്ഞു പരിശ്രമിച്ചാലും യുഡിഎഫ് സ്ഥാനാർത്ഥിയെ നിശ്ചയിക്കുക ജോസ് കെ മാണി തന്നെ

സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും മുമ്പ് പ്രചരണം തുടങ്ങി മാണി സി കാപ്പൻ; ഷോൺ ജോർജ്ജിന്റെ മോഹം തള്ളി പി സി തോമസിനെ തന്നെ സ്ഥാനാർത്ഥിയാക്കാൻ ബിജെപി; നിഷ ജോസ് കെ മാണിയുടെ പേരു യുഡിഎഫ് കേന്ദ്രങ്ങൾ ഒരുപോലെ ഉയർത്തുമ്പോഴും ജോസ് കെ മാണി തന്നെ മത്സരിക്കണമെന്ന വാശിയിൽ കേരളാ കോൺഗ്രസ് പ്രവർത്തകർ; ജോസഫ് എത്ര കിണഞ്ഞു പരിശ്രമിച്ചാലും യുഡിഎഫ് സ്ഥാനാർത്ഥിയെ നിശ്ചയിക്കുക ജോസ് കെ മാണി തന്നെ

മറുനാടൻ മലയാളി ബ്യൂറോ

 കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ സ്ഥാനാർത്ഥി ആരാണെന്ന കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലു എൻസിപിയിൽ നിന്നുമുള്ള മാണി സി കാപ്പന് തന്നെയാകും താരമെന്ന കാര്യത്തിൽ ഏതാണ്ട് എല്ലാവർക്കും വ്യക്തയുണ്ട്. അതുകൊണ്ട് തന്നെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പ് മാണി സി കാപ്പൻ പ്രചരണം തുടങ്ങിക്കഴിഞ്ഞു. നാലാം വട്ടമാണു മാണി സി. കാപ്പൻ പാലായിൽ മത്സരിക്കുന്നത്. സീറ്റ് എൻസിപിക്കാണെന്ന് എൽഡിഎഫ് നേതാക്കൾ നേരത്തെ പറഞ്ഞിരുന്നു. എൻസിപിയിലെ ഒരു വിഭാഗം മാണി സി. കാപ്പന്റെ പേര് നേരത്തേ പ്രഖ്യാപിച്ചതോടെ ചർച്ച അപ്രസക്തമായി. മാണി സി. കാപ്പൻ പ്രവർത്തനത്തിനു തുടക്കമിട്ടു. മണ്ഡലത്തിൽ സജീവമായ വ്യക്തിയെന്ന നിലയിൽ മാണി സി കാപ്പൻ ശക്തനായ എതിരാളി തതന്നെയാകും എന്ന് ഉറപ്പാണ്.

അതേസമയം പാലാ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി ജോസ് കെ. മാണിയോ നിഷയോ വരുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. കെ.എം. മാണിയുടെ പിൻഗാമിയെ കുറിച്ച് കേരള കോൺഗ്രസിൽ (എം) ചർച്ച ആരംഭിച്ചിട്ടു നാളുകളായി. ചർച്ചയുടെ വിവരങ്ങൾ പുറത്തു വരുന്നില്ലെന്നു മാത്രം. 54 വർഷം കെ.എം. മാണി വിജയിച്ച പാലായിലെ സ്ഥാനാർത്ഥി തീരുമാനം കരിങ്ങോഴയ്ക്കൽ വീട്ടിൽ നിന്നുതന്നെയെന്നു പാർട്ടിക്കാർക്കും അറിയാം.

മാണിയും പാലായും തമ്മിലുള്ള ബന്ധം തന്നെയാണു പിൻഗാമിയെ കണ്ടെത്താനുള്ള ചർച്ച ദുഷ്‌കരമാക്കുന്നത്. പ്രഫ. ഇ.ജെ. ആഗസ്തിയുടേത് അടക്കം പല പേരുകളും ചർച്ച ചെയ്‌തെങ്കിലും പ്രവർത്തകർക്കു പൂർണ തൃപ്തിയില്ല. മാണിയുടെ പിൻഗാമി കരിങ്ങോഴയ്ക്കൽ വീട്ടിൽ നിന്നു തന്നെ വേണമെന്ന അഭിപ്രായ ഐക്യം വന്നതോടെ സ്ഥാനാർത്ഥി സാധ്യതാ പട്ടിക വീണ്ടും ചുരുങ്ങി. ജോസ് കെ. മാണിയുടെ പത്‌നി നിഷ ജോസ് കെ. മാണിക്കാണു ചർച്ചകളിൽ മുൻതൂക്കം. സാമുഹിക പ്രവർത്തന രംഗത്തു നിഷ സജീവമാണ്. മാണിയുടെ മരണ ശേഷം നിഷ പാലായിലും പൊതുരംഗത്തുണ്ട്. ജോസ് കെ. മാണി മത്സരിക്കണമെന്ന ചർച്ചയും ഉയർന്നു.

രാജ്യസഭാ സീറ്റാണ് ജോസ് കെ. മാണിക്കു വിലങ്ങുതടി. ഇനി 5 വർഷം രാജ്യസഭയിൽ ഉണ്ട്. രാജി വച്ചാൽ ആ സീറ്റ് എൽഡിഎഫിനു ലഭിക്കും. അതു യുഡിഎഫിൽ തർക്കത്തിന് ഇടയാകുമെന്നതാണ് പ്രശ്‌നം. എന്നാൽ, അച്ഛന്റെ സീറ്റിൽ മത്സരിക്കുന്നതിൽ നിന്നും ജോസ് കെ മാണിയെ ആരും തടയേണ്ട കാര്യമല്ലെന്ന വികാരം ഉണ്ടായാൽ ജോസ് തന്നെ മത്സര രംഗത്തിറങ്ങും. മാണിയുടെ മരണത്തോടെ ജോസ് കെ. മാണി കേരള രാഷ്ട്രീയത്തിൽ സജീവമാകണമെന്ന അഭിപ്രായമുള്ളവരുണ്ട്. കേരള കോൺഗ്രസിലെ തർക്കത്തിന്റെ പശ്ചാത്തലത്തിൽ ജോസ് കെ. മാണിയാകും നല്ല സ്ഥാനാർത്ഥിയെന്നും ഈ വിഭാഗം പറയുന്നു. യുഡിഎഫ് നിലപാട് ഇക്കാര്യത്തിൽ നിർണായകം.

ഏതു മുന്നണിയിൽ നിന്നാലും ഇന്നുവരെ മാണിയും കേരള കോൺഗ്രസും മാത്രം ജയിച്ചിട്ടുള്ള മണ്ഡലത്തിൽ ഇക്കുറി അഭിമാനപ്പോരാട്ടമാണ്. 1965 ൽ കോൺഗ്രസ് വിട്ടു കേരള കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച കെ.എം. മാണി പിന്നെ സീറ്റു വിട്ടു കൊടുത്തിട്ടില്ല. യുഡിഎഫ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്നു കഴിഞ്ഞ ദിവസം പറഞ്ഞ പി.ജെ. ജോസഫ് ഇന്നലെ നിലപാട് മാറ്റി താൻ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നാക്കി. കേരള കോൺഗ്രസുകൾക്കു മാത്രമല്ല, 3 മുന്നണികൾക്കും പാലാ അഗ്‌നിപരീക്ഷയാണ്. മറ്റ് ഉപതിരഞ്ഞെടുപ്പുകളും തദ്ദേശ തിരഞ്ഞെടുപ്പും വരാനിരിക്കെ മുന്നണികൾക്ക് പാലാ ക്വാർട്ടർ ഫൈനലാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മിന്നുന്ന പ്രകടനം നിലനിർത്തുകയാണു യുഡിഎഫിന്റെ വെല്ലുവിളി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വൻ തോൽവിക്കു ശേഷം ശബരിമലയിൽ തെറ്റു തിരുത്തിയാണ് സിപിഎം പാലായ്ക്കു വരുന്നത്. കേന്ദ്ര ഭരണം നിലനിർത്തിയ ശേഷം മികവു കാണിക്കാൻ സംസ്ഥാന ബിജെപിക്കുള്ള അവസരമാണ് പാലാ. ഉപതിരഞ്ഞെടുപ്പു പാലായിൽ മാത്രമായതിനാൽ സർവ ശക്തിയും ഉപയോഗിച്ചു പ്രവർത്തിക്കാൻ മുന്നണികൾക്ക് അവസരമുണ്ട്.

യുഡിഎഫിന്റെ ഉറച്ച മണ്ഡലമാണു പാലാ. 1980 ൽ കെ.എം. മാണി എൽഡിഎഫിലേക്കു മാറിയപ്പോൾ പാലായും മനസ്സു മാറ്റി. 1965, 1967, 1970 തിരഞ്ഞെടുപ്പുകളിൽ ത്രികോണ, ചതുഷ്‌കോണ മത്സരങ്ങളിലും പാലാ കെ.എം. മാണിക്കൊപ്പം നിന്നു. 2016 ൽ മാണിയുടെ ഭൂരിപക്ഷം 4703 ആക്കി കുറച്ചതിലാണ് എൽഡിഎഫിന്റെ പ്രതീക്ഷ. ബിജെപിക്കു കാൽ ലക്ഷത്തിലേറെ വോട്ടുള്ള മണ്ഡലത്തിൽ കേരള കോൺഗ്രസ് കളരിയിൽ പയറ്റിത്തെളിഞ്ഞ പി.സി. തോമസും പി.സി. ജോർജും ഒപ്പമുണ്ടെന്നതിലാണ് എൻഡിഎയുടെ പ്രതീക്ഷ.

സ്ഥാനാർത്ഥി നിർണയത്തിനു യുഡിഎഫും കേരള കോൺഗ്രസും (എം) കാതോർക്കുന്നത് കെ.എം. മാണിയുടെ കരിങ്ങോഴയ്ക്കൽ വീട്ടിൽ നിന്നുള്ള സൂചനകൾക്കാണ്. കെ.എം. മാണിയുടെ പിൻഗാമി കരിങ്ങോഴയ്ക്കൽ വീട്ടിലുള്ളവരാകണമെന്നു പാർട്ടി പ്രവർത്തകരിൽ ഒരു വിഭാഗം ആഗ്രഹിക്കുന്നു. കേരള കോൺഗ്രസ് (എം) നടത്തിയ പ്രാഥമിക ചർച്ചയിലും ഈ വികാരം പ്രതിഫലിച്ചു. പല നേതാക്കളുടെയും പേര് ചർച്ച ചെയ്‌തെങ്കിലും ജോസ് കെ. മാണിയുടെ ഭാര്യ നിഷയോ, ജോസ് കെ. മാണി തന്നെയോ മത്സരിക്കണമെന്ന ആവശ്യം ഉയർന്നു.

എൽഡിഎഫിൽ സീറ്റ് എൻസിപിക്കാണ്. 3 വട്ടം മത്സരിച്ച സിനിമാ നിർമ്മാതാവ് മാണി സി. കാപ്പനെ എൻസിപി അനൗദ്യോഗികമായി പ്രഖ്യാപിച്ചു. എൽഡിഎഫ് 28നു സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും. സിപിഎം സീറ്റ് തിരിച്ചെടുക്കാൻ സാധ്യതയില്ല. എൻഡിഎയിൽ ബിജെപിയാണ് ഇതുവരെ മത്സരിച്ചത്. എൻഡിഎയിലുള്ള പി.സി. തോമസ് മത്സരിക്കാൻ താൽപര്യം അറിയിച്ചിട്ടുണ്ട്. മത്സരിക്കണമെന്നുണ്ടെങ്കിലും പി.സി. ജോർജ് നിലപാട് പറഞ്ഞിട്ടില്ല. ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരി, ദേശീയ ന്യൂനപക്ഷ കമ്മിഷൻ ഉപാധ്യക്ഷൻ ജോർജ് കുര്യൻ, കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് എസ്. ജയസൂര്യൻ, ശബരിമല കർമസമിതി താലൂക്ക് പ്രസിഡന്റ് രാജേഷ് പല്ലാട്ട് എന്നിവരാണ് ബിജെപി പട്ടികയിലുള്ളത്.

ഇന്നു ചേരുന്ന എൻഡിഎ യോഗം സ്ഥാനാർത്ഥി ചർച്ച നടത്തും. ബിജെപിക്കാണ് സീറ്റ്. പി.സി. ജോർജിന്റെ ജനപക്ഷത്തിനു സീറ്റു മോഹമുണ്ട്. കേരള കോൺഗ്രസിലെ തർക്കത്തിന്റെ ഗതിക്കനുസരിച്ച് തീരുമാനമെടുക്കാനാണു പി.സി. ജോർജിന്റെ നീക്കം. ജോസഫ് വിഭാഗം ഇടഞ്ഞു നിന്നാൽ മത്സരിക്കുന്നതു നല്ലതാണെന്നു ജോർജ് ചിന്തിക്കുന്നുണ്ട്. വൈക്കം, ഏറ്റുമാനൂർ, കടുത്തുരുത്തി സീറ്റുകൾ എൻഡിഎയിൽ ഘടക കക്ഷികൾക്കാണ്. പാലായിൽ മത്സരിക്കാൻ പി.സി. തോമസ് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനവും വ്യക്തി ബന്ധങ്ങളും തുണയാകുമെന്നാണു പി.സി. തോമസിന്റെ കണക്കുകൂട്ടൽ. എന്നാൽ വിട്ടു കൊടുക്കില്ലെന്നാണു ബിജെപി നേതൃത്വത്തിന്റെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP