Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അദ്ധ്യാപക ജോലിയിൽ പ്രവേശിക്കാൻ ഡിപ്പോസിറ്റായി ഐരാപുരം സി.ഇ.റ്റി കോളേജ് അധികൃതർ വാങ്ങിയത് ലക്ഷങ്ങൾ; ജോലിയിൽ നിന്നും പിരിഞ്ഞു പോയിട്ടും വാങ്ങിയ തുക മടക്കി നൽകിയതുമില്ല; നൂറോളം ജീവനക്കാരിൽ നിന്നായി പോൾ തോമസും കൂട്ടരും പിരിച്ചെടുത്തത് എട്ടു കോടിയോളം രൂപയെന്ന് ആരോപണം; പണം ലഭിക്കാനായി ഗത്യന്തരമില്ലാതെ പ്രത്യക്ഷ സമരത്തിന് ഇറങ്ങി ജീവനക്കാർ

അദ്ധ്യാപക ജോലിയിൽ പ്രവേശിക്കാൻ ഡിപ്പോസിറ്റായി ഐരാപുരം സി.ഇ.റ്റി കോളേജ് അധികൃതർ വാങ്ങിയത് ലക്ഷങ്ങൾ; ജോലിയിൽ നിന്നും പിരിഞ്ഞു പോയിട്ടും വാങ്ങിയ തുക മടക്കി നൽകിയതുമില്ല; നൂറോളം ജീവനക്കാരിൽ നിന്നായി പോൾ തോമസും കൂട്ടരും പിരിച്ചെടുത്തത് എട്ടു കോടിയോളം രൂപയെന്ന് ആരോപണം; പണം ലഭിക്കാനായി ഗത്യന്തരമില്ലാതെ പ്രത്യക്ഷ സമരത്തിന് ഇറങ്ങി ജീവനക്കാർ

പ്രകാശ് ചന്ദ്രശേഖർ

കോലഞ്ചേരി: നിയമനം നൽകിയപ്പോൾ ഡിപ്പോസിറ്റായി വാങ്ങിയ ലക്ഷങ്ങൾ ജോലിയിൽ നിന്നും പിന്മാറിയിട്ടും നൽകാത്ത മാനേജ്‌മെന്റ് നടപടിയ്‌ക്കെതിരെ ഐരാപുരം സി.ഇ.റ്റി കോളജിന് മുന്നിൽ മുൻ ജീവനക്കാരും കുടുംബാംഗങ്ങളും സത്യാഗ്രഹം തുടങ്ങി. ഇന്ന് രാവിലെയാണ് 100 ളം വരുന്ന മുൻ ജീവനക്കാരും ഇവരുടെ ബന്ധുക്കളും കോളേജ് കവാടത്തിന് മുന്നിൽ മുദ്രാവാക്യം വിളികളുമായി നിലയുറപ്പിച്ചിട്ടുള്ളത്. പണം തിരിച്ചുനൽകുന്നത് സംബന്ധിച്ച് ഉറപ്പു ലഭിയ്യാതെ പിരിഞ്ഞു പോവില്ലന്നാണ് പ്രതിഷേധക്കാർ വ്യക്തമാക്കുന്നത്.

മാനേജ്‌മെന്റ് തങ്ങളിൽ നിന്നും 8 കോടിയിലേറെ രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് കണക്കുകൾ നിരത്തി സമരക്കാർ വ്യക്തമാക്കുന്നത്. കോളജിൽ  അസി. പ്രൊഫസർ അടക്കമുള്ള വിവിധ തസ്തികകളിലേക്ക് നിയമനം വാഗ്ദാനം ചെയ്താണ് നൂറോളം പേരിൽ നിന്നായി എട്ട് കോടിയോളം രൂപ കോളജ് മാനേജ്‌മെന്റ് തട്ടിയെടുത്തിട്ടുള്ളത്. കഴിഞ്ഞ രണ്ട് വർഷമായി കോളജിനകത്ത് പുകഞ്ഞ് നിന്ന പ്രശ്‌നങ്ങൾ കഴിഞ്ഞ ദിവസം പണം ലഭിക്കാനുള്ള മുൻ അദ്ധ്യാപികയും ഭർത്താവും കോളജിലെത്തി ആത്മഹത്യാ ശ്രമം നടത്തിയതോടെയാണ് പുറം ലോകമറിഞ്ഞത്.

കേരളത്തിലെ ഏറ്റവും വലിയ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനം എന്ന വാഗ്ദാനത്തോടെ പരസ്യം നൽകിയാണ് മാനേജ്‌മെന്റ് കോളജിലേക്ക് ജീവനക്കാരെ ക്ഷണിച്ചത്. പ്രതാപകാലത്ത് 23 ബിരുദ കോഴ്‌സുകളും 14 ബിരുദാന്തര കോഴ്‌സുകളുമാണ് ഇവിടെ നടത്തിയിരുന്നത്. ഇതിന്റെ പേരിൽ പരസ്യം നൽകിയാണ് ജീവനക്കാരെ നിയമിച്ചിരുന്നത്. അസി. പ്രൊഫസർ തസ്തികകളിലേക്ക് 10 ലക്ഷത്തിന് മുകളിലും മറ്റ് തസ്തികകളിലേക്ക് അഞ്ച് ലക്ഷം തൊട്ട് മുകളിലേക്കുമാണ് തലവരി വാങ്ങിയിരുന്നത്. ഇങ്ങനെ നിയമനം ലഭിച്ചവർക്ക് 2016 ജൂൺ മുതൽ ശമ്പളം മുടങ്ങുകയായിരുന്നു.

കാരണം തിരക്കിയവരോട് എം.ബി.എ അഫിലിയേഷനുമായി ബന്ധപ്പെട്ട് പണച്ചെലവ് വന്നതാണ് കാരണമെന്നും വിശദീകരിച്ചു. 2017 ജനുവരിയൊടെ അദ്ധ്യാപകർ പരസ്യ പ്രതിഷേധത്തിനിറങ്ങി. ഇവരോട് പിരിഞ്ഞ് പോകാനും നൽകാനുള്ള പണം നിശ്ചിത മാസത്തിനുള്ളിൽ നൽകാമെന്നും മാനേജ്‌മെന്റ്‌റ് അറിയിച്ചു. ഇതിനെ തുടർന്ന് അദ്ധ്യാപകരിൽ ഭൂരിഭാഗവും മാർച്ച് മാസത്തിൽ രാജിവച്ചു. മാസങ്ങൾ പിന്നിട്ടിട്ടും തലവരി പണവും ശമ്പളവും ലഭിക്കാതെ വന്നതോടെ ജീവനക്കാരിൽ പലരും അത് ചോദിച്ച് കോളജിലും മാനേജറുടെ വീട്ടിലുമെത്തി. എന്നാൽ ഇവർക്കെതിരെ പൊലീസിലും കോടതിയിലും പരാതി നൽകുകയാണ് മാനേജ്‌മെന്റ് ചെയ്തത്.

ഇതിനിടെ കോളജ് വിൽപന റെഡിയായതായും പണം ഉടനെ നൽകാമെന്നും പലവട്ടം ഉറപ്പുകളും നൽകി. ഇതൊന്നും നടക്കാതെ വന്നതോടെയാണ് കഴിഞ്ഞ ദിവസം പണം നഷ്ടമായ ദമ്പതികൾ കോളജിലെത്തി ആത്മഹത്യാ ശ്രമം നടത്തിയത്. ഇവർക്ക് ബുധനാഴ്ച രണ്ട് ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞെങ്കിലും അതും പാലിച്ചിട്ടില്ല. കോലഞ്ചേരി ആസ്ഥാനമായുള്ള ക്രിസ്ത്യൻ എജ്യൂക്കേഷൻ ട്രസ്റ്റിന് കീഴിൽ 2006 ലാണ് മുഴുവന്നുർ പഞ്ചായത്തിലെ ഐരാപുരത്ത് സി.ഇ.റ്റി. കോളജ് ആരംഭിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP