Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശബരിമലയിൽ കുറ്റം എൽക്കുന്നതും കുമ്പസരിക്കുന്നതും കുമ്പസാര രഹസ്യം വെളിപ്പെടുത്തുന്നതുമൊക്കെ സിപിഎം മാത്രം; ശബരിമല നവോത്ഥാനത്തിന്റെ പ്രയോക്താവിന് തെല്ലും പശ്ചാത്താപമില്ല; പാർട്ടി എന്തു പറഞ്ഞാലും തന്റെ നിലപാടിന് മാറ്റമില്ലെന്ന് സൂചിപ്പിച്ച് പിണറായി രംഗത്ത്; ഇതുവരെ നവോത്ഥാനത്തെ തള്ളി പറയാത്ത പിണറായി ശബരിമല ഇടപെടലിന്റെ പേരിൽ പൊലീസിനെ അഭിനന്ദിക്കുമ്പോൾ തെളിയുന്നത് സിപിഎമ്മും പിണറായിയും സഞ്ചരിക്കുന്നത് വിപരീത ദിശയിലെന്ന് തന്നെ

ശബരിമലയിൽ കുറ്റം എൽക്കുന്നതും കുമ്പസരിക്കുന്നതും കുമ്പസാര രഹസ്യം വെളിപ്പെടുത്തുന്നതുമൊക്കെ സിപിഎം മാത്രം; ശബരിമല നവോത്ഥാനത്തിന്റെ പ്രയോക്താവിന് തെല്ലും പശ്ചാത്താപമില്ല; പാർട്ടി എന്തു പറഞ്ഞാലും തന്റെ നിലപാടിന് മാറ്റമില്ലെന്ന് സൂചിപ്പിച്ച് പിണറായി രംഗത്ത്; ഇതുവരെ നവോത്ഥാനത്തെ തള്ളി പറയാത്ത പിണറായി ശബരിമല ഇടപെടലിന്റെ പേരിൽ പൊലീസിനെ അഭിനന്ദിക്കുമ്പോൾ തെളിയുന്നത് സിപിഎമ്മും പിണറായിയും സഞ്ചരിക്കുന്നത് വിപരീത ദിശയിലെന്ന് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ശബരിമലയിലെ വിവാദം ഒഴിവാക്കാനാണ് സിപിഎം ശ്രമം. ശബരിമലയിൽ പറ്റിയതെല്ലാം തെറ്റായിരുന്നുവെന്ന് സിപിഎം കോടിയേരി ബാലകൃഷ്ണൻ സമ്മതിച്ചു കഴിഞ്ഞു. തെറ്റു തിരുത്താൻ വിശ്വാസികളെ ഒപ്പം നിർത്താനാണ് നീക്കം. എന്നാൽ ഇതൊന്നും മുഖ്യമന്ത്രി പിണറായി വിജയന് ബാധകമല്ല. സംസ്ഥാന പൊലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വരികയാണ്. ശബരിമലയിൽ കലാപമുണ്ടാക്കാനുള്ള വർഗീയ കോമരങ്ങളുടെ ശ്രമം പൊലീസിന്റെ സമയോചിതമായ ഇടപെടൽ കൊണ്ട് പരാജയപ്പെട്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതായത് മുഖ്യമന്ത്രി നവോത്ഥാനത്തിന് ഒപ്പമാണ്.

കലാപത്തിന് ഒരുങ്ങിപ്പുറപ്പെട്ട് വന്നവരെ ആകെ ഫലപ്രദമായി നിയന്ത്രിക്കാൻ കേരളാ പൊലീസിന് കഴിഞ്ഞു. അക്കാര്യത്തിൽ നാട് നിങ്ങളോട് കടപ്പെട്ടിരിക്കുകയാണ്- മുഖ്യമന്ത്രി പറഞ്ഞു. ഇതേ കേട്ട് ഞെട്ടുന്നത് സിപിഎം അണികളാണ്. കോടിയേരി പറയുന്നതാണോ മുഖ്യമന്ത്രി പറയുന്നതാണോ വിശ്വസിക്കേണ്ടതെന്ന് അറിയാത്ത അവസ്ഥ. സിപിഎം എന്നാൽ കേഡർ സംവിധാനമാണ്. സെക്രട്ടറി പറഞ്ഞാൽ കേൾക്കുന്ന അണികളുള്ള പാർട്ടി. എന്നാൽ സെക്രട്ടറിയെ പിണറായി അനുസരിക്കില്ല. പ്രത്യേകിച്ച് നവോത്ഥാനത്തിന്റെ പേരിൽ. അതുകൊണ്ട് തന്നെ ശബരിമലയിൽ കുറ്റം എൽക്കുന്നതും കുംമ്പസരിക്കുന്നതും കുമ്പസാര രഹസ്യം വെളിപ്പെടുത്തുന്നതുമൊക്കെ സിപിഎം മാത്രമാണ്. ശബരിമല നവോത്ഥാനത്തിന്റെ പ്രയോക്താവിന് തെല്ലും പശ്ചാത്താപമില്ലെന്നാണ് തെളിയുന്നത്.

പാർട്ടി എന്തു പറഞ്ഞാലും തന്റെ നിലപാടിന് മാറ്റമില്ലെന്ന് സൂചിപ്പിച്ച് പിണറായി രംഗത്ത് എത്തുമ്പോൾ അത് സിപിഎമ്മിന്റെ കേഡർ സ്വഭാവത്തിന് കടുത്ത വെല്ലുവിളിയാകുന്നു. ഇതുവരെ നവോത്ഥാനത്തെ തള്ളി പറയാത്ത പിണറായി ശബരിമല ഇടപെടലിന്റെ പേരിൽ പൊലീസിനെ അഭിനന്ദിക്കുമ്പോൾ തെളിയുന്നത് സിപിഎമ്മും പിണറായിയും സഞ്ചരിക്കുന്നത് വിപരീത ദിശയിലെന്ന സൂചനയാണ് ലഭിക്കുന്നത്. ഇത് പാർട്ടിക്ക് ഗുണകരമാകില്ല. മുഖ്യമന്ത്രിയുടെ നിലപാട് തന്നെയാകും വീണ്ടും ചർച്ചയാകുക. ഇത് തെരഞ്ഞെടുപ്പിലും പ്രതിഫലിക്കും. എങ്ങനെ മുഖ്യമന്ത്രിയെ നിയന്ത്രിക്കുമെന്ന് പാർട്ടിയിൽ ആർക്കും അറിയില്ല.

ശബരിമല യുവതീപ്രവേശ വിഷയത്തിൽ സർക്കാർ തിടുക്കം കാട്ടിയെന്ന് സംഘടനാശൈലിയിലെ തിരുത്തൽ നടപടി ചർച്ച ചെയ്യാൻ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. പൊലീസ് സർക്കാരിനു ക്ഷീണമുണ്ടാക്കുന്നുവെന്നും ഇതു മറികടക്കാനുള്ള നീക്കങ്ങൾ ആവശ്യമാണെന്നും സംസ്ഥാന ഭരണം സംബന്ധിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. സംസ്ഥാന നേതാക്കളുടെ കൂടി പങ്കാളിത്തത്തോടെ കഴിഞ്ഞ മാസം സിപിഎം നടത്തിയ ഭവനസന്ദർശനങ്ങളിൽ ലഭിച്ച അഭിപ്രായങ്ങൾ ജില്ലകളിൽ ക്രോഡീകരിച്ചു തയാറാക്കിയ റിപ്പോർട്ട് സെക്രട്ടേറിയറ്റിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ചു. ഇത് സംസ്ഥാന സമിതിയും അംഗീകരിച്ചു. ഇതിനെയാണ് പരസ്യമായി മുഖ്യമന്ത്രി തന്നെ പൊലീസിനെ പുകഴ്‌ത്തി തള്ളി പറയുന്നത്. എന്തുവന്നാലും തനിക്ക് തന്റെ വഴി എന്ന് പറഞ്ഞു വയ്ക്കുകയാണ് മുഖ്യമന്ത്രി.

സംഘടനയുടെയും സർക്കാരിന്റെയും പ്രവർത്തനശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ ആലോചിക്കാനുള്ള ചർച്ചകൾ ഉൾപ്പെടെ 'മാരത്തൺ' സംസ്ഥാനതല നേതൃയോഗങ്ങൾക്കാണ് ഈയിടെ നടന്നത്. ജനങ്ങളോടു മാന്യമായി പെരുമാറാതെ ഒരു തെറ്റു തിരുത്തലും പ്രാവർത്തികമാവില്ലെന്ന് സിപിഎം ജില്ലാ ഘടകങ്ങൾ. നേതാക്കളുടെ പ്രവർത്തനശൈലി മാറാതെ ജനങ്ങളുമായി അടുക്കുക സാധ്യമല്ലെന്ന വിലയിരുത്തലും എത്തി. എന്നാൽ കണ്ണൂർ കളക്ടറേറ്റിൽ വയസായ സ്ത്രീയോട് മുഖ്യമന്ത്രി തന്നെ തട്ടിക്കയറി. ഇത്തരം ഇടപെടലുകൾ പാർട്ടിയെ തകർക്കുമെന്നാണ് സിപിഎമ്മിലെ ഒരു വിഭാഗം പറയുന്നത്. എന്നാൽ തെറ്റുകൾ തിരുത്താൻ മുഖ്യമന്ത്രി തയ്യാറല്ല. ഇത് ചൂണ്ടിക്കാട്ടാൻ നേതാക്കൾക്കും പേടിയാണ്.

ശബരിമല വിഷയത്തിൽ സിപിഎമ്മിന്റെ നിലപാട് മാറ്റത്തിനെതിരേ പുന്നല ശ്രീകുമാർ രംഗത്ത് വന്നിരുന്നു. തീവ്ര ഹിന്ദുത്വത്തെ മൃദു ഹിന്ദുത്വം കൊണ്ട് ചെറുക്കാൻ ശ്രമിക്കുന്നത്. സാമൂഹ്യ വിപ്ലവം ലക്ഷ്യമിടുന്ന പ്രസ്ഥാനത്തിന് ആശയ വ്യക്തത വേണം. യാഥാസ്ഥിതികത്വത്തെ കൂടെ നിർത്താനുള്ള വ്യഗ്രത സമൂഹത്തിനും ഇത്തരം പ്രസ്ഥാനങ്ങൾക്കും ഭാവിയിൽ ദോഷം ചെയ്യുമെന്നും അദ്ദേഹം് പറഞ്ഞു. ആവർത്തിച്ചുള്ള നയവ്യതിയാനവും അഭിപ്രായ പ്രകടനങ്ങളും പരിഷ്‌കരണം മുന്നോട്ട് വെയ്ക്കുന്ന നവോത്ഥാന സമിതിയുടെ തുടർ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തും. വിശ്വാസികളെ തിരിച്ചെത്തിക്കാനുള്ള പദ്ധതിയും നവോത്ഥാന പരിഷ്‌കരണവും പൊരുത്തപ്പെടുമോയെന്നതാണ് മുന്നിലുള്ള ചോദ്യം. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരാണ് അതിന് ഉത്തരം പറയേണ്ടതെന്നും പുന്നല ശ്രീകുമാർ കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പിന് ശേഷം ശബരിമല മുഖ്യപ്രചരാണായുധമാക്കിയ രാഷ്ട്രീയ ചേരികൾ പോലും അത് ഗുണം ചെയ്തില്ലെന്ന് വിലയിരുത്തുമ്പോഴാണ് പരാജയത്തിന് കാരണം ഇതാണെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി പറയുന്നത്. അങ്ങനെ വിലയിരുത്തേണ്ടതില്ല. തിരഞ്ഞെടുപ്പിന് ശേഷമുള്ള ചർച്ചകളിൽ വിശ്വാസികളെ പാർട്ടിയിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയപ്പോൾ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ബാധ്യത സർക്കാറിനുണ്ടായിരുന്നു. ഇപ്പോൾ വിശ്വാസികളെ കൂടെ നിർത്താനുള്ള ശ്രമമാണ് നടത്തുന്നത്.

അത് പരിഷ്‌കരണത്തിനുള്ള പ്ലാറ്റ്ഫോമുകൾക്കും ആശയം മുന്നോട്ട് വെയ്ക്കുന്ന വ്യക്തികൾക്കും ആശങ്കയുണ്ടാക്കുന്നു. നവോത്ഥാന സമിതി മുൻനിശ്ചയിച്ച പ്രകാരമുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും പുന്നല ശ്രീകുമാർ വ്യക്തമാക്കി. ഇവർക്കൊപ്പം ചേർന്ന് പോകാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP