Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിശ്വാസ്യത പിടിച്ചു പറ്റാൻ ഉപയോഗിച്ചത് മോഹൻലാലിനും നിർമ്മാതാവ് സുരേഷ് കുമാറിനുമൊപ്പം നിൽക്കുന്ന ചിത്രങ്ങൾ; ഭർത്താവ് സിനിമാ പ്രൊഡക്ഷൻ വണ്ടി ഓടിക്കുന്നയാളായത് കാര്യങ്ങൾ എളുപ്പമായി; വ്യാജപ്രൊഫൈൽ ഉപയോഗിച്ച് രണ്ടു ഫേസ്‌ബുക്ക് ഗ്രൂപ്പുകളിൽ തട്ടിപ്പ് നടത്തി; കുന്നന്താനം കവല ഗ്രൂപ്പിലെ സാമ്പത്തിക തട്ടിപ്പിൽ രണ്ടു പ്രതികൾ; ജാമ്യമില്ലാ വകുപ്പിട്ട് പൊലീസ് കേസെടുത്തു: മുഖ്യപ്രതി സീമ സജി ഒളിവിൽ

വിശ്വാസ്യത പിടിച്ചു പറ്റാൻ ഉപയോഗിച്ചത് മോഹൻലാലിനും നിർമ്മാതാവ് സുരേഷ് കുമാറിനുമൊപ്പം നിൽക്കുന്ന ചിത്രങ്ങൾ; ഭർത്താവ് സിനിമാ പ്രൊഡക്ഷൻ വണ്ടി ഓടിക്കുന്നയാളായത് കാര്യങ്ങൾ എളുപ്പമായി; വ്യാജപ്രൊഫൈൽ ഉപയോഗിച്ച് രണ്ടു ഫേസ്‌ബുക്ക് ഗ്രൂപ്പുകളിൽ തട്ടിപ്പ് നടത്തി; കുന്നന്താനം കവല ഗ്രൂപ്പിലെ സാമ്പത്തിക തട്ടിപ്പിൽ രണ്ടു പ്രതികൾ; ജാമ്യമില്ലാ വകുപ്പിട്ട് പൊലീസ് കേസെടുത്തു: മുഖ്യപ്രതി സീമ സജി ഒളിവിൽ

ശ്രീലാൽ വാസുദേവൻ

മല്ലപ്പള്ളി: കുന്നന്താനം കവല എന്ന ഫേസ് ബുക്ക് ഗ്രൂപ്പിൽ അംഗമാവുകയും പിന്നീട് വ്യാജപ്രൊഫൈൽ നിർമ്മിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുകയും ചെയ്തുവെന്ന പ്രവാസികളുടെ പരാതിയിൽ രണ്ടു യുവതികൾക്കെതിരേ കീഴ്‌വായ്പൂർ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പും ഐടി ആക്ടും ചേർത്ത് കേസ് എടുത്തതിന് പിന്നാലെ മുഖ്യപ്രതി സീമ സജി ഒളിവിൽപ്പോയി. രണ്ടാം പ്രതി നീരജ ശരത് സ്ഥലത്തുണ്ടെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. സീമയുമായി ഇവരെ ബന്ധിപ്പിക്കുന്ന തെളിവുകൾ കിട്ടിയാലുടൻ അറസ്റ്റ് ഉണ്ടാകുമെന്ന് കീഴ്‌വായ്പൂർ പൊലീസ് ഇൻസ്പെക്ടർ സിടി സഞ്ജയ് പറഞ്ഞു.

കുന്നന്താനം കേന്ദ്രമാക്കി നവീന ആശയമുള്ള ഒരു പറ്റം യുവാക്കൾ രൂപം കൊടുത്ത ഫേസ് ബുക്ക് കൂട്ടായ്മ ആയിരുന്നു കവല. ഇരുപത്തഞ്ചോളം യുവതി-യുവാക്കളാണ് കൂട്ടായ്മയിൽ ഉണ്ടായിരുന്നത്. ഇതിൽ ഉൾപ്പെട്ട സീമ സജി എന്ന യുവതിയാണ് ഗ്രൂപ്പിൽ തന്നെയുള്ള യുവാക്കളിൽ നിന്ന് വ്യാജ ഫേസ്‌ബുക്ക് പ്രൊഫൈൽ ഉപയോഗിച്ച് പണം തട്ടിയത്. ഗ്രൂപ്പിൽ അംഗമായ ശേഷം എല്ലാവരുടെയും വിശ്വസ്തത നേടാൻ സീമയ്ക്ക് കഴിഞ്ഞിരുന്നു. ഇവരുടെ ഭർത്താവ് സജി സിനിമയിൽ പ്രൊഡക്ഷൻ വാഹനം ഓടിക്കുന്നയാളാണ്. ആ പരിചയം ഉപയോഗിച്ച് സിനിമ സെറ്റുകളിൽ സ്ഥിരം സാന്നിധ്യമാണ് സീമ.

ഒട്ടുമിക്ക താരങ്ങൾക്കൊപ്പവും നിന്ന് ചിത്രമെടുത്ത് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നത് ഇവരുടെ പതിവായിരുന്നു. മോഹൻലാലും നിർമ്മാതാവ് സുരേഷ്‌കുമാറും തന്റെ ഉറ്റചങ്ങാതിമാരാണ് എന്ന് ഇവർ ഗ്രൂപ്പിലുള്ളവരെ വിശ്വസിപ്പിച്ചു. അത്തരം ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരുന്നത്. ഗ്രൂപ്പിലെ ചെറുപ്പക്കാരുടെ വിശ്വാസം ആർജിച്ചു കഴിഞ്ഞാണ് സീമ തട്ടിപ്പിന് കരുക്കൾ നീക്കിയത് എന്ന് പൊലീസ് പറയുന്നു. അയൽവാസിയും അടുത്ത സുഹൃത്തുമായ നീരജ ശരത് എന്ന യുവതിയുടെ ചിത്രം ഉപയോഗിച്ച് സ്മിത മേനോൻ എന്ന വ്യാജപ്രൊഫൈൽ നിർമ്മിക്കുകയാണ് സീമ ആദ്യം ചെയ്തത്. അതിന് ശേഷം ഈ പ്രൊഫൈൽ മുഖേനെ ഗ്രൂപ്പിലുള്ള, സ്വദേശത്തും വിദേശത്തുമായി ജോലി ചെയ്യുന്ന യുവാക്കളുമായി സൗഹൃദം സ്ഥാപിച്ചു. സ്മിത മേനോൻ എന്ന യുവതി തന്റെ അടുത്ത സുഹൃത്താണെന്നും അവൾക്ക് ഗുരുതരമായ കരൾരോഗം ബാധിച്ച് ചികിൽസയിലാണെന്നും സീമ തന്നെ യുവാക്കളെ ധരിപ്പിക്കുകയും ചെയ്തു.

പഴ്സണൽ ചാറ്റിലൂടെയായിരുന്നു ഇത്.അവൾക്ക് ചികിൽസാ സഹായം നൽകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ഇതിന് ശേഷം സ്മിത മേനോൻ ഓരോ യുവാക്കളുടെയും മെസഞ്ചറിലെത്തി സഹായം അഭ്യർത്ഥിച്ചു. കാലുപിടിച്ച് കരയുന്ന സ്മിത മേനോന് വേണ്ടി പണം നൽകാൻ തങ്ങൾ തയാറായി എന്നാണ് യുവാക്കൾ പറയുന്നത്. സ്വന്തമായി ഒരു ജീവിത സാഹചര്യം പോലുമില്ലാത്ത യുവാക്കൾ കൈയിലുള്ള പണം സ്മിത മേനോന് നൽകാൻ തയാറായി. പണം കൈമാറാൻ നൽകിയത് സീമ സജിയുടെ അക്കൗണ്ട് നമ്പരായിരുന്നു. താൻ പണം അവൾക്ക് കൊടുത്തു കൊള്ളാമെന്ന് സീമ യുവാക്കൾക്ക് ഉറപ്പും നൽകി. ഇതിൻ പ്രകാരം നാലുപേരിൽ നിന്നായി 57,000 രൂപ സീമ സജി കൈപ്പറ്റി. ഇതിനിടെ വിശ്വാസ്യത ഉറപ്പിക്കാനായി സ്മിത മേനോൻ യുവാക്കളെ നേരിട്ട് ഫോണിൽ വിളിക്കുകയും ചെയ്തു.

ഇതു കൂടി ആയതോടെ പണം നൽകുന്നതിന് ഒരു തടസവും പിന്നീട് ഉണ്ടായില്ല. ഒരേ സമയം തങ്ങൾ നാലുപേരുമായി സ്മിത മേനോൻ ചാറ്റ് ചെയ്യുന്ന വിവരം യുവാക്കൾ പരസ്പരം അറിയുന്നുണ്ടായിരുന്നില്ല. ഒരാളുടെ പണം പോവുകയും അയാൾക്ക് സംശയം തോന്നി വിവരം പങ്കു വയ്ക്കുകയും ചെയ്തപ്പോൾ മാത്രമാണ് തട്ടിപ്പാണ് ഇതെന്ന് മനസിലായത്. തുടർന്ന് ഇവർ നടത്തിയ അന്വേഷണത്തിലാണ് സ്മിത മേനോൻ വ്യാജപ്രൊഫൈലാണെന്നും നീരജ ശരത് എന്ന യുവതിയുടെ പടമാണ് പ്രൊഫൈലിൽ ഉപയോഗിച്ചിരിക്കുന്നതെന്നും കണ്ടെത്തി. ഇതിനിടെ പണി കിട്ടുമെന്ന് മനസിലാക്കിയ നീരജ ശരത് തന്റെ ചിത്രം ദുർവിനിയോഗം ചെയ്തുവെന്ന് കാട്ടി സീമ സജിക്കെതിരേ തിരുവല്ല പൊലീസിൽ പരാതി നൽകി. താൻ നിരപാധിയും എല്ലാം ചെയ്തത് സീമയുമാണെന്ന് വരുത്തുന്ന വിധത്തിലുള്ള പരാതിയിൽ തിരുവല്ല സിഐ എടുത്തത് ജാമ്യം ലഭിക്കാവുന്ന നിസാര വകുപ്പുകളായിരുന്നു.

വിവരം അറിഞ്ഞ ജില്ലാ പൊലീസ് മേധാവി തിരുവല്ല സിഐക്ക് കണക്കിന് കൊടുത്തു. ഏതു വകുപ്പിട്ട് കേസെടുക്കണമെന്ന് അറിയാതെ നിന്ന സിഐയെ രക്ഷിക്കത് പരാതിക്കാരായ യുവാക്കളാണ്. ഇവർ മുഖ്യമന്ത്രിക്ക് നൽകിയ പരാതി പ്രകാരം കീഴ്‌വായ്പൂർ പൊലീസ് കേസെടുത്തു. തട്ടിപ്പിന്റെ ഗൗരവം മനസിലാക്കിയ കീഴ്‌വായ്പൂർ എസ്എച്ച്ഓ 420 ഇട്ടാണ് കേസെടുത്തത്. ഇതോടെ മാപ്പുസാക്ഷിയാകാൻ വന്ന നീരജ ശരത് പ്രതിയായി. സിനിമാ താരങ്ങളെ കാണിച്ചാണ് തന്നെയും വലയിൽ വീഴ്‌ത്തിയത് എന്നാണ് നീരജ പൊലീസിനോട് പറഞ്ഞത്. മോഹൻലാലിന്റെ സെറ്റിൽ തന്നെയും കുടുംബാംഗങ്ങളെയും എല്ലാം കൊണ്ടുപോയത് സീമ സജിയാണ്. അങ്ങനെ വിശ്വാസം നേടി എടുത്ത ശേഷം തന്റെ പടം ഉപയോഗിച്ച് തട്ടിപ്പ് നടത്തുകയായിരുന്നുവെന്നാണ് നീരജയുടെ വാദം. എന്നാൽ, ഈ വിശദീകരണം മുഖവിലയ്ക്ക് എടുക്കാൻ പൊലീസ് തയാറായിട്ടില്ല. ഫോണിൽ യുവാക്കളെ വിളിച്ചത് അടക്കമുള്ള കാര്യങ്ങൾ ചെയ്യുകയും തട്ടിപ്പിന് കുട്ടുനിൽക്കുകയും ചെയ്തത് നീരജയാണെന്ന് പൊലീസിന് വ്യക്തമായ സൂചന കിട്ടിയിട്ടുണ്ട്.

സീമ സജി ഒളിവിലാണ്. ഇവർക്ക് വേണ്ടി അന്വേഷണം നടക്കുന്നു. അതിനിടെ ചങ്ങനാശേരി കേന്ദ്രീകരിച്ചുള്ള മറ്റൊരു സോഷ്യൽ മീഡിയ ഗ്രൂപ്പിലും സീമ സജി തട്ടിപ്പ് നടത്തിയെന്ന് പരാതി ഉയർന്നിട്ടുണ്ട്. നിരവധി കേസുകളിൽ പ്രതിയായ ഒരു അഭിഭാഷകനാണ് ഇവർക്ക് ഒത്താശ ചെയ്യുന്നത് എന്നാണ് പുറത്തു വരുന്ന വിവരം. സിനിമബന്ധങ്ങൾ ഉപയോഗിച്ച് സീമ പൊലീസിനെ സ്വാധീനിക്കാനും ശ്രമിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP