Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിനയായത് ദുബായിലെ ഇമാറാ ഹെൽത്ത് കെയർ കമ്പനി വാങ്ങിയ ഇടപാടിലെ കരാർ ലംഘനം; പഴയ ബിസിനസ് പങ്കാളിക്കെതിരെ ചെന്നൈയിൽ 25 കോടിക്കെതിരെ കേസ് കൊടുത്തതിന്റെ പ്രതികാരം; യുഎഇയിലെ ക്ലീനിക് വാങ്ങാൻ നൽകിയ ചെക്കുകളിൽ ഒന്ന് ബൗൺസായത് പ്രശ്‌നമായി; പാസ്‌പോർട്ടിലെ കൃത്രിമം കാട്ടൽ ഗൾഫിൽ രാജ്യദ്രോഹ കുറ്റം; ചെക്ക് കേസ് ഒത്തുതീർപ്പായാലും രക്ഷയില്ല; ബൈജു ഗോപാലൻ പെട്ടത് ഊരാക്കുടുക്കിൽ; പ്രതീക്ഷ കൈവിട്ട് അച്ഛൻ ഗോകുലം ഗോപാലൻ നാട്ടിലേക്കും

വിനയായത് ദുബായിലെ ഇമാറാ ഹെൽത്ത് കെയർ കമ്പനി വാങ്ങിയ ഇടപാടിലെ കരാർ ലംഘനം; പഴയ ബിസിനസ് പങ്കാളിക്കെതിരെ ചെന്നൈയിൽ 25 കോടിക്കെതിരെ കേസ് കൊടുത്തതിന്റെ പ്രതികാരം; യുഎഇയിലെ ക്ലീനിക് വാങ്ങാൻ നൽകിയ ചെക്കുകളിൽ ഒന്ന് ബൗൺസായത് പ്രശ്‌നമായി; പാസ്‌പോർട്ടിലെ കൃത്രിമം കാട്ടൽ ഗൾഫിൽ രാജ്യദ്രോഹ കുറ്റം; ചെക്ക് കേസ് ഒത്തുതീർപ്പായാലും രക്ഷയില്ല; ബൈജു ഗോപാലൻ പെട്ടത് ഊരാക്കുടുക്കിൽ; പ്രതീക്ഷ കൈവിട്ട് അച്ഛൻ ഗോകുലം ഗോപാലൻ നാട്ടിലേക്കും

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: യു.എ.ഇ.യിൽ അറസ്റ്റിലായ ഗോകുലം ഗ്രൂപ്പ് ഡയറക്ടർ ബൈജു ഗോപാലനെ ജയിലിൽനിന്ന് ഇറക്കാനുള്ള ശ്രമങ്ങൾ തുടരുന്നുവെങ്കിലും അത് അത്ര എളുപ്പമാകില്ലെന്ന് സൂചന. ഏറെ സങ്കീർണ്ണമാണ് ബൈജു ഗോപാലന്റെ കേസ്. മകൻ യു.എ.ഇ.യിൽ അറസ്റ്റിലായതിനുപിന്നിൽ കൊടുംചതിയാണെന്ന് ഗോകുലം ഗ്രൂപ്പ് ചെയർമാനും എം.ഡി.യുമായ ഗോകുലം ഗോപാലൻ പറഞ്ഞു.

തമിഴ്‌നാട് സ്വദേശിയായ മുൻ ബിസിനസ് പങ്കാളി രമണിയാണ് ബൈജുവിനെതിരേ യു.എ.ഇ.യിൽ പരാതി നൽകിയത്. രമണിയുടെ ഹോട്ടൽശൃംഖലയും യു.എ.ഇ.യിലെ ക്ലിനിക്കും വാങ്ങുന്നതുമായി ബന്ധപ്പെട്ട ഇടപാടുകളാണ് കേസിനാധാരം. ഹോട്ടലിന്റെ വിലയായി പണവും ചെക്കുകളും ബൈജു നൽകിയിരുന്നു. ഇതിൽ, രണ്ടുകോടി ദിർഹത്തിന്റെ (ഏതാണ്ട് 39.5 കോടി ഇന്ത്യൻ രൂപ) ചെക്ക് മടങ്ങിയെന്നുകാണിച്ച് രമണി പരാതി നൽകുകയായിരുന്നു. രമണിക്കെതിരേ തങ്ങൾ ചെന്നൈയിൽ പരാതി നൽകിയതിനു പ്രതികാരമായി അയാൾ തിരിച്ചടിക്കുകയാണെന്ന് ഗോകുലം ഗോപാലൻ കുറ്റപ്പെടുത്തി.

ചെക്കുകേസിൽ യാത്രാവിലക്ക് നിലനിൽക്കേ വ്യാജരേഖ ചമച്ചു നാട്ടിലേക്ക് കടക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് യു.എ.ഇ.-ഒമാൻ അതിർത്തിയായ ഹത്തയിൽവെച്ച് ഒമാൻ പൊലീസ് ബൈജുവിനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് യു.എ.ഇ.യ്ക്കു കൈമാറുകയായിരുന്നു. ചെക്കുകേസ് സംബന്ധിച്ച ഒത്തുതീർപ്പുചർച്ച ദുബായിലും ചെന്നൈയിലുമായി നടക്കുന്നുണ്ട്. ഇപ്പോൾ അൽ ഐൻ ജയിലിലാണ് ബൈജുവുള്ളത്. വെള്ളിയാഴ്ചമുതൽ മൂന്നുദിവസം യു.എ.ഇ.യിൽ അവധിയായതിനാൽ ഇനി സെപ്റ്റംബർ രണ്ടിനോ മൂന്നിനോ മാത്രമേ വിഷയം കോടതിയുടെ പരിഗണനയിൽ എത്തൂ. അതുവരെ ജയിലിൽ കിടക്കേണ്ടി വരും.

അതിനിടെ പാസ്പോർട്ടിൽ കൃത്രിമംകാട്ടി രാജ്യം വിടാൻ ശ്രമിച്ച ബൈജു ഗോകുലം ഗോപാലന്റെ ജയിൽ മോചനം എളുപ്പമാവില്ലെന്ന് സൂചനയാണ് മറുനാടന് ലഭിക്കുന്നത്. സാമ്പത്തിക തട്ടിപ്പ് കേസിൽനിന്നു ഒഴിവാകാനാണ് ബൈജു പാസ്പോർട്ടിൽ കൃത്രിമംകാട്ടിയത് നാട്ടിലേക്ക് കടക്കാൻ ശ്രമിച്ചത്. ദുബയിലെ വൻ തുകയുടെ ചെക്ക് കേസിൽനിന്ന് രക്ഷപ്പെടാൻ അനധികൃതമായി ഒമാനിലെത്തി അവിടെനിന്ന് നാട്ടിലേക്ക് കടക്കാനായിരുന്നു ബൈജുവിന്റെ പദ്ധതി. ചെക്ക് കേസിലെ അറസ്റ്റ് ഒഴിവാക്കാൻ യുഎഇ അതിർത്തി കടക്കുമ്പോൾ പാസ്പോർട്ടിൽ പതിക്കുന്ന യുഎഇയുടെ എമിഗ്രേഷൻ എക്സിറ്റ് സീൽ വ്യാജമായി നിർമ്മിച്ച് പാസ്പോർട്ടിൽ പതിക്കുകയായിരുന്നുവെന്നാണ് സൂചന. തുടർന്ന് റോഡ് മാർഗം ദുബയിൽ നിന്നും ഒമാനിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ചെക് പോസ്റ്റിൽ അറസ്റ്റിലായത്.

പാസ്പോർട്ടിൽ കൃത്രിമം കാട്ടിയതിന് രാജ്യദ്രോഹമാണ് ബൈജുവിനെതിരേ ചുമത്തിയിട്ടുള്ളത്. ചെക്ക് കേസിനേക്കാൾ കടുത്ത ശിക്ഷയാണ് ഗൾഫ് രാജ്യങ്ങളിൽ ഇത്തരം കുറ്റകൃത്യങ്ങൾക്ക് ലഭിക്കുക. മാത്രമല്ല, ചെക്ക് കേസിൽ ലഭിക്കുന്ന ഒത്തുതീർപ്പ് സാധ്യതകളും ഇത്തരം കേസുകൾക്കുണ്ടാവില്ല. വ്യാജ രേഖ ചമക്കൽ രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധിയിൽ വരുന്നതിനാൽ അൽ ഐൻ മഖാമിലെ എമിഗ്രേഷൻ ജയിലിലുള്ള ബൈജുവിന്റെ ജയിൽ മോചനം നീളുമെന്നാണ് സൂചന. ദിവസങ്ങൾക്കു മുമ്പ് ചെക്ക് കേസിൽ പൊലീസ് പിടികൂടിയ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മകൻ തുഷാർ വെള്ളാപ്പള്ളി ജാമ്യത്തിൽ ഇറങ്ങിയെങ്കിലും കേസ് തീരാതെ നാട്ടിലേക്ക് പോകാനാവില്ല. ഇപ്പോൾ അറസ്റ്റിലായ ബൈജുവിന്റെ പിതാവ് ഗോകുലം ഗോപാലനും എസ്എൻഡിപിയുടെ മുൻകാല നേതാവാണ്. ഇരുവരും ഏതാനും വർഷങ്ങളായി കടുത്ത ശത്രുതയിലാണ്.

ദുബായിലെ ഇമാറാ ഹെൽത്ത് കെയർ കമ്പനി വാങ്ങിയ ഇടപാടിൽ കരാർ ലംഘനം ആരോപിച്ചാണ് രമണി നൽകിയ കേസിൽ ബൈജു രാജ്യം വിടുന്നത് വിലക്കിയിരുന്നു. എന്നിട്ടും, റോഡ് മാർഗം ഒമാനിലേക്കു പോകാൻ ശ്രമിച്ചപ്പോഴാണ് ചെക്‌പോസ്റ്റിൽ പിടിയിലായത്. ബൈജുവിനെ അൽഐൻ മഖാമിലെ എമിഗ്രേഷൻ ജയിലിലേക്ക് മാറ്റി. രാജ്യം വിടാൻ ശ്രമിച്ചതുൾപ്പടെ രണ്ടുകേസുകളാണ് ഉള്ളത്. ഇവ മൂന്നിന് പരിഗണിക്കും. ചെന്നൈ ടി നഗറിലെ ഹോട്ടൽ ഇടപാടിൽ കബളിപ്പിക്കപ്പെട്ടതിനെതിരെ ഗോകുലം ഗോപാലൻ നൽകിയ കേസിന് പകരം വീട്ടാൻ ദുബായിൽ എതിർപക്ഷവും കേസ് നൽകിയെന്നാണ് ബൈജുവിനോട് അടുത്ത കേന്ദ്രങ്ങൾ പറയുന്നത്. ചെന്നൈയിൽ 25 കോടി രൂപ നഷ്ടപ്പെട്ടെന്നാണ് ഗോകുലം ഗോപാലന്റെ പരാതി. ദുബായിൽ 20 കോടി രൂപയ്ക്കാണ് എതിർവിഭാഗത്തിന്റെ കേസ്. കേസ് നടത്തിപ്പിന് ദുബായിലെത്തിയ ഗോകുലം ഗോപാലൻ ഇന്നലെ മടങ്ങി.

മകൻ വിദേശത്ത് ജയിലിൽ ആയിരുന്നു എന്ന ആരോപണം ഉയരുമ്പോൽ മൗനം പാലിക്കുകയായിരുന്നു ഗോകുലം ഗോപാലൻ ചെയ്തത്. കേരളത്തിലെ ബിസിനസ് ഐക്കൺ ആയി തുടരുമ്പോഴും കള്ളപ്പണത്തിന്റെ ദുരൂഹമായ ഇടപാടുകളും ഗോകുലം ഗോപാലന് ഒപ്പമുള്ളതായി ആരോപണം വന്നിരുന്നു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ നിർദ്ദേശ പ്രകാരം ബിഡിജെഎസ് രൂപീകരിക്കുകയും ബിജെപിയുമായി അടുക്കുകയും ചെയ്തപ്പോൾ വെള്ളാപ്പള്ളിയുടെ നിതാന്ത ശത്രുവായി തുടരുന്ന ഗോകുലം ഗോപാലന്റെ സ്ഥാപങ്ങളിലാണ് പൊടുന്നനെ ആദായനികുതി വകുപ്പിന്റെ റെയിഡ് നടന്നത്.

ഗോകുലത്തിന്റെ ചിട്ടിയുടെ ഓഫീസുകളിലും മറ്റു ഓഫീസുകളിലും ഒരേ സമയമാണ് റെയ്ഡ് നടന്നത്. 1400 കോടി രൂപയുടെ കള്ളപ്പണത്തിന്റെ കണക്കുകൾ ഗോകുലം ഗോപാലന്റെ കയ്യിൽ നിന്ന് കണ്ടെടുക്കപ്പെട്ടു എന്നാണ് ഇത് സംബന്ധമായി പുറത്തു വരുന്ന വാർത്തകളിൽ പറഞ്ഞിരുന്നത്. വെള്ളാപ്പള്ളിയുമായുള്ള ശത്രുതയുടെ പേരിൽ നിസ്സഹായതയുടെ ആൾരൂപമായി ഗോകുലം ഗോപാലൻ മാറുന്നതാണ് ആ ഘട്ടങ്ങളിൽ കേരളം കണ്ടത്. ഈ പണത്തിനു ഫൈൻ അടയ്ക്കുകയോ ആദായനികുതി വകുപ്പ് പറയുന്നത് പോലെ ചെയ്യുകയോ ചെയ്യാം എന്നാണ് ഗോകുലം ഗോപാലൻ പറഞ്ഞതായി വാർത്തകൾ വന്നത്. അതിനു ശേഷമാണ് ഇപ്പോൾ മകന്റെ അറസ്റ്റുമായി ബന്ധപ്പെട്ടു ഗോകുലം ഗോപാലൻ വീണ്ടും വാർത്തകളിൽ നിറയുന്നത്.

ഇന്ത്യയിലെ അറിയപ്പെടുന്ന വ്യവസായ സ്ഥാപനമായ ശ്രീഗോകുലം ഗ്രൂപ്പിന്റെ സാരഥിയാണ് ഗോകുലം ഗോപാലൻ. ചിട്ടി ഫണ്ട്, മെഡിക്കൽ കോളേജ്, സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽസ്, സിനിമ നിർമ്മാണം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മിനറൽ വാട്ടർ കമ്പനി, നക്ഷത്ര ഹോട്ടലുകൾ, ജ്യുവല്ലറിസ്, കൺവെൻഷൻ സെന്റർ തുടങ്ങി രാജ്യത്തിനകത്തും പുറത്തുമായി പടർന്നുപന്തലിച്ചു കിടക്കുന്ന ഗോകുലം ഗ്രൂപ്സ് ഓഫ് കമ്പനീസിന്റെ അമരക്കാരനാണ് ഗോപാലൻ. ബി.എസ്.സി മാത്തമാറ്റിക്സ് കഴിഞ്ഞു ഒരു മെഡിക്കൽ റെപ്പായി തുടങ്ങി ചിട്ടി കമ്പനിയുടെ അധിപനായ ചരിത്രമാണ് ഗോകുലത്തിനുള്ളത്. ബിഗ് ബജറ്റ് സിനിമകൾ നിർമ്മിക്കുന്ന നിർമ്മാതാവ് അഭിനേതാവായും സിനിമയിൽ മുഖം കാട്ടിയിട്ടുണ്ട്.

ലോകം കണ്ടതിൽ വെച്ചേറ്റവും ഉന്നതരായ രാഷ്ട്രീയ നേതാക്കളിലൊരാളായിരുന്ന സുഭാഷ് ചന്ദ്ര ബോസിന്റെ കഥപറയുന്ന ബിഗ് ബഡ്ജറ്റ് ചലച്ചിത്രമായ നേതാജിയിൽ കേന്ദ്രകഥാപാത്രമായ സുഭാഷ് ബോസിനെ അവതരിപ്പിച്ചതിലൂടെയാണ് ഗോകുലം ഗോപാലൻ ഗിന്നസ് ബുക്കിൽ ഇടം നേടുകയും ചെയ്തു. മലയാളത്തിലെ വൻ ബജറ്റ് ചിത്രങ്ങളായ പഴശ്ശിരാജ ,കായംകുളം കൊച്ചുണ്ണി തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാണനിർവ്വഹണവും ഗോകുലം ഗോപാലനായിരുന്നു. ശ്രീ ഗോകുലം മൂവീസ് ബാനറിൽ അമ്പതോളം മലയാള ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്.കേരളവർമ്മ പഴശ്‌സിരാജ, കമ്മാര സംഭവം, കായംകുളം കൊച്ചുണ്ണി, പുഴയമ്മ തുടങ്ങിയവ തിയേറ്ററുകളിൽ നിന്നും മികച്ച വിജയമാണ് നേടിയത്. ഗോകുലം ശ്രീ എന്ന മാസ്സികയുടെ ചീഫ് എഡിറ്റർ കൂടിയാണ് ഇദ്ദേഹം. ഗോകുലം ഗോപാലന് സ്വന്തമായി ഫുട്ബോൾ ക്ലബ്ബുമുണ്ട്. ഫ്ളവേഴ്സ് ടിവിയുടെ ചെയർമാനും ഗോകുലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP