Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിസ്റ്റർ ലൂസിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡബ്ലിനിൽ സീറോ മലബാർ വിശ്വാസികൾ; ഒത്തുകൂടിയത് നൂറു കണക്കിനു പേർ; സഭയിൽ നിന്നും അനീതി നേരിടുന്നവരെ പിന്തുണയ്ക്കാൻ തീരുമാനം

സിസ്റ്റർ ലൂസിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡബ്ലിനിൽ സീറോ മലബാർ വിശ്വാസികൾ; ഒത്തുകൂടിയത് നൂറു കണക്കിനു പേർ; സഭയിൽ നിന്നും അനീതി നേരിടുന്നവരെ പിന്തുണയ്ക്കാൻ തീരുമാനം

സ്വന്തം ലേഖകൻ

വ്യാഴാഴ്ച ഡബ്ലിനിൽ ചേർന്ന സീറോമലബാർ മൈഗ്രന്റ്സ് കമ്മ്യൂണിറ്റി അയർലൻഡ് (SMMCI)- ന്റെ ആദ്യ യോഗത്തിൽ വിശ്വാസികൾ സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ഭാവിയിലും ഇതു പോലുള്ള വിവേചനങ്ങളും അനീതികളും സഭയിൽനിന്ന് നേരിടേണ്ടിവരുന്ന സന്യസ്തരേയും അൽമായരേയും പിന്തുണയ്ക്കാനും യോഗം തീരുമാനിച്ചു.

ഡബ്ലിനിലെ സീറോമലബാർ വിശ്വാസികൾ നേരിടുന്ന വിഷമതകളും യോഗം ചർച്ച ചെയ്യുകയുണ്ടായി. പൊതുയോഗത്തിന്റെ സമ്മതം വാങ്ങാതെ വൈദികരും കമ്മിറ്റിഅംഗങ്ങളും തീരുമാനങ്ങളെടുത്തു വിശ്വാസികളിൽ അടിച്ചേൽപ്പിക്കുന്ന പ്രവണത ഒരുതരത്തിലും വച്ചുപൊറുപ്പിക്കില്ലെന്നു യോഗം വ്യക്തമാക്കി. കണക്കുകൾ ചോദിക്കുന്നവരെ ഒറ്റപ്പെടുത്തുക, ചോദ്യങ്ങൾ ഉന്നയിക്കുന്നവരെ അവഹേളിച്ചിരുത്തുക തുടങ്ങിയ പ്രവണതകൾക്കെതിരെ യോഗം മുന്നറിയിപ്പു നൽകി.

സീറോ മലബാർ സഭയുടെ 9 മാസ്സ് സെന്ററുകളിലും യൂണിറ്റുകൾ സ്ഥാപിക്കുവാനും അവിടങ്ങളിൽ നടക്കുന്ന ജനാധിപത്യവിരുദ്ധമായ പ്രവണതകളെ ചെറുക്കുവാനും തീരുമാനിച്ചു.

ഡെത്ത് റിലീസ് ഫണ്ടിനായി 50 യൂറോ വീതം ധാരാളം ആളുകളിൽ നിന്ന് പിരിച്ചെങ്കിലും, അത് നടപ്പിലാക്കാൻ കഴിയാത്തതിനെ തുടർന്ന് വളരെ കുറച്ചു പേർക്കേ പണം തിരിച്ചു നൽകിയിട്ടുള്ളൂ. തിരികെ നൽകാത്ത പണം എത്രയുണ്ടെന്നു ബന്ധപ്പെട്ടവർ ഇതുവരെ വിശ്വാസികളെ അറിയിച്ചിട്ടില്ല എന്നതിൽ യോഗം ആശങ്ക രേഖപ്പെടുത്തി.

അസംതൃപ്തരായ കൂടുതൽ വിശ്വാസികളെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ പൊതുയോഗം വിളിക്കുവാനും തീരുമാനമായി. ഭാവി കാര്യങ്ങൾ രൂപീകരിക്കുന്നതിനായി 10 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.

ഇത് സഭാവിരുദ്ധ പ്രവർത്തനങ്ങൾ അല്ലെന്നും നാട്ടിലെ തെറ്റായ രീതികൾ അയർലൻഡിന്റെ മണ്ണിൽ ഒരു കാരണവശാലും അനുവദിക്കില്ലെന്നും ക്രൈസ്തവ ചൈതന്യം സഭയിൽ നിലനിന്ന കാണാനാണ് ആഗ്രഹിക്കുന്നതെന്നും അംഗങ്ങൾ വ്യക്തമാക്കി.

സഭയുടെ രീതികളിൽ അനിഷ്ടം ഉള്ള പലരും മറ്റുള്ളവരുടെ അപ്രിയം ഭയന്നു മൗനം പാലിക്കുകയാണ് എന്നു പല അംഗങ്ങളും അഭിപ്രായപ്പെട്ടു. സഭയുടെ അനീതികളെ ചോദ്യം ചെയ്യുന്നതിന്റെ പേരിൽ ഒറ്റപ്പെടുന്ന എല്ലാ വിശ്വാസികൾക്കും പരിപൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. അസംതൃപ്തരായ വിശ്വാസികൾ ധാരാളമുണ്ടെന്ന് പ്രഥമ യോഗത്തിൽ തന്നെ വ്യക്തമായി.

ഐറിഷ് സഭയുടെ കീഴിൽ നിൽക്കുമ്പോഴും അയർലൻഡിലെ സഭയെ കുറച്ചു കാണിക്കുന്ന പ്രവണത സീറോ മലബാർ വൈദികർക്ക് ഉണ്ടെന്ന് യോഗം വിലയിരുത്തി. മനുഷ്യത്വ വിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ പ്രവണതകൾ സഭ അധികാരികൾ തുടർന്നാൽ വേണ്ടിവന്നാൽ ഡബ്ലിൻ ആർച്ച് ബിഷപ്പിന് നിവേദനം നൽകാനും തീരുമാനിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : [email protected]

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP