Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെഎം മാണിയുടെ വിശ്വസ്തനായ യുവ നേതാവായി തുടക്കം; നിയമസഭ തെരഞ്ഞെടുപ്പിൽ മാണിയുടെ മണ്ഡലത്തിന്റെ ചുമതല വഹിച്ച് വോട്ടർമാരുമായും അടുത്ത ബന്ധം; മീനച്ചലിൽ പഞ്ചായത്തംഗമായി പ്രവർത്തിച്ചത് പത്ത് വർഷം; സഹകരണ ബാങ്ക് പ്രസിഡന്റായി 26ാം വർഷവും; പാലയിൽ ചിഹ്നം `മാണി` എന്ന് പ്രഖ്യാപിച്ച് സഹതാപ തരംഗം ആയുധമാക്കി തുടക്കം; അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ പാലയിൽ അങ്കത്തിനൊരുങ്ങി ജോസ് ടോം പുലിക്കുന്നേൽ

കെഎം മാണിയുടെ വിശ്വസ്തനായ യുവ നേതാവായി തുടക്കം; നിയമസഭ തെരഞ്ഞെടുപ്പിൽ മാണിയുടെ മണ്ഡലത്തിന്റെ ചുമതല വഹിച്ച് വോട്ടർമാരുമായും അടുത്ത ബന്ധം; മീനച്ചലിൽ പഞ്ചായത്തംഗമായി പ്രവർത്തിച്ചത് പത്ത് വർഷം; സഹകരണ ബാങ്ക് പ്രസിഡന്റായി 26ാം വർഷവും; പാലയിൽ ചിഹ്നം `മാണി` എന്ന് പ്രഖ്യാപിച്ച് സഹതാപ തരംഗം ആയുധമാക്കി തുടക്കം; അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ പാലയിൽ അങ്കത്തിനൊരുങ്ങി ജോസ് ടോം പുലിക്കുന്നേൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മുൻ ധനകാര്യമന്ത്രിയും കേരള കോൺഗ്രസ് നേതാവുമായിരുന്ന കെഎം മാണിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന പാല നിയോചക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ജോസ് ടോം പുലിക്കുന്നേൽ എത്തുന്നത് ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും അഭ്യൂഹങ്ങൾക്കും ഒടുവിലാണ്. നിഷ ജോസ് കെ മാണിയെ രംഗത്തിറക്കാനുള്ള തീരുമാനത്തിന് ജയസാധ്യത ഇല്ല എന്ന് പറഞ്ഞ് പി ജെ ജോസഫ് തടയിട്ടപ്പോൾ ആണ് പാലാക്കാരനായ ജോസ് ടോമിന് നറുക്ക് വീണത്. ഈ സ്ഥാനാർത്ഥിത്വവും ജോസഫ് ആദ്യം എതിർത്തത് അച്ചടക്ക നടപടി നേരിടുന്ന ആളാണ് എന്ന വാദം ഉയർത്തിയാണ്. എന്നാൽ സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നത് സ്റ്റിയറിങ് കമ്മിറ്റി ആണ് എന്ന പാർട്ടി ഭരണഘടന നിയമം ജോസഫിന്റെ വാദങ്ങളെ പൊളിക്കുകയായിരുന്നു

ദീർഘകാലത്തെ രാഷ്ട്രീയ പ്രവർത്തനം കൊണ്ട് പാലായുടെ സാമൂഹ്യരംഗത്ത് നിറസാന്നിധ്യമാണ് കേരളാ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോസ് ടോം പുലിക്കുന്നേൽ. 1969 ൽ 8-ാം ക്ലാസ്സ് വിദ്യാത്ഥിയായിരിക്കുമ്പോൾ കെ.എം മാണി സാറാണ് ജോസ് ടോമിനെ കെ.എസ്.സിയിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരുന്നത്. അരുവിത്തുറ സെന്റ് ജോർജ് കോളേജ് യൂണിയൻ ചെയർമാൻ, പാലാ സെന്റ് തോമസ് കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി, 1980 ൽ അവിഭക്ത കേരള സർവ്വകലാശായ യൂണിയൻ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്..

കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന ജനൽ സെക്രട്ടറിയായിരുന്ന ജോസ് ടോം വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളുടെ സംസ്ഥാന നേതൃനിരയിൽ ശ്രദ്ധേയനായിരുന്നു. കാലടി കോളേജിൽ നിന്നും നിന്നും എ.കോം പാസ്സായ ജോസ് ടോം തിരുവനന്തപുരം ലോ കോളേജിൽ നിന്നും നിയമപഠനവും പൂർത്തിയാക്കി 1991 ൽ കോട്ടയം ജില്ലാ കൗൺസിലിൽ പാലാ ഡിവിഷനെ പ്രതിനിധീകരിച്ച് മെമ്പറായി. 1984 മുതൽ 1992 വരെ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറായിരുന്നു. മീനച്ചിൽ ഗ്രാമപഞ്ചായത്ത് അംഗം, മീനച്ചിൽ സർവ്വീസ് സഹകരണ ബാങ്ക്, കോട്ടയം ജില്ലാ സഹകണ ബാങ്ക് ഭരണസമിതി അംഗം എന്നീ നിലകളിൽ പാലായുടെ പൊതുരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ് ജോസ് ടോം.

സ്റ്റിയറിങ് കമ്മിറ്റിയിൽ 96ൽ 64 പേരുടെ പിന്തുണ ജോസ് കെ മാണി വിഭാഗത്തിന് ആയിരുന്നു. എന്നിട്ടും എതിർപ്പുമായി വന്നാൽ അത് മുന്നണിക്കുള്ളിൽ ഒറ്റപ്പെടുമെന്ന തിരിച്ചറിവ് ആണ് ജോസഫിന് വഴങ്ങുന്നതിലേക്ക് എത്തിച്ചത്. ഇതോടെ ജോസ് ടോം പുലിക്കുന്നേൽ ഔദ്യോഗിക സ്ഥാനാർത്ഥിയായി മാറി. തന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് എതിർപ്പുകൾ ഉയർന്നെങ്കിലും പാല ലോക്‌സഭ മണ്ഡലത്തിൽ തികഞ്ഞ വിജയപ്രതീക്ഷയിലാണ് ജോസ് ടോം. ചിഹ്നം രണ്ടില ആയിരിക്കുമോ എന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഇപ്പോഴും ആയിട്ടില്ല. എന്നാൽ പാലയിൽ വിജയിക്കാൻ ചിഹ്നം ഒരു ഘടകമേ അല്ലെന്നും കെഎം മാണി എന്ന നേതാവിന്റെ ചിത്രം മാത്രം മതി എന്നുമാണ് ജോസ് ടോമിന്റെ പ്രസ്താവന.

നിഷ മത്സരിക്കേണ്ട എന്ന തീരുമാനത്തിൽ എത്തിയതിന് പിന്നാലെ കുടുംബത്തിൽ നിന്നും ആരും മത്സരിക്കേണ്ട എന്ന തീരുമാനം ജോസ് കെ മാണി കൈക്കൊള്ളുകയും സ്ഥാനാർത്ഥിയെ നിർണയിക്കേണ്ട ഏഴംഗ സമിതിയിൽ ജോസ് ടോമിന്റെ പേര് നിർദ്ദേശിക്കുകയുമായിരുന്നു. കെഎം മാമിയുടെ ഏറ്റവും വിശ്വസ്തനും അടുപ്പക്കാരനുമാണ് ജോസ് ടോം പുലിക്കുന്നേൽ. പാർട്ടി സംസ്ഥാന സെക്രട്ടറിയാണ് അദ്ദേഹം. മീനച്ചിൽ പഞ്ചായത്ത് മുൻ അംഗമായ ജോസ് ടോം ഇടമറ്റം പുലിക്കുന്നേൽ കുടുംബാംഗമാണ്. 10 വർഷം മീനച്ചിൽ പഞ്ചായത്ത് അംഗമായിരുന്നു. 26 വർഷമായി മീനച്ചിൽ സഹകരണ ബാങ്ക് പ്രസിഡന്റാണ്.ജില്ല കൗൺസിൽ മെംബർ, മീനച്ചിൽ റബർ മാർക്കറ്റിങ് സൊസൈറ്റി മെംബർ, യൂത്ത്ഫ്രണ്ട് സംസ്ഥാന സെക്രട്ടറി, തിരുവനന്തപുരം ലോ കോളജ് സെനറ്റ് മെംബർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. യൂ്ത്ത് ഫ്രണ്ട് മുൻ സംസ്ഥാന നേതാവ് കൂടിയായിരുന്നു അദ്ദേഹം.

പാലയിൽ കഴിഞ്ഞ തവണ കെഎം മാണി ജനവിധി തേടിയപ്പോൾ ജോസ് ടോം പുലിക്കുന്നേൽ ആയിരുന്നു തെരഞ്ഞെടുപ്പ് ചുമതല വഹിച്ചിരുന്നു. അത്‌കൊണ്ട് തന്നെ മണ്ഡലത്തിലെ വോട്ടർമാരെ കെഎം മാണിയെ പോലെ തന്നെ അറിയുന്ന നേതാവാണ് പുലിക്കുന്നേൽ. ഒപ്പം കെഎം മാണി മരിച്ചതിന്റെ സഹതാപ തരംഗവും സംസ്ഥാനത്ത് നിലനിൽക്കുന്ന യുഡിഎഫ് അനുകൂല വികാരവും തനിക്ക് തുണയാകും എന്ന് ഈ നേതാവ് പ്രതീകഷിക്കുന്നു. മറു വശത്ത് ഇടത്പക്ഷം പ്രചാരണത്തിൽ വളരെ മുന്നിലാണ്. നാളെ മുതൽ പ്രചാരണത്തിന് ഇറങ്ങു്‌മ്പോൾ തെരഞ്ഞെടുപ്പിന് മുമ്പ് 22 ദിവസത്തെ സമയമാണ് ജോസിന് പ്രചാരണ രംഗത്ത് ഉള്ളത്.

മറുവശത്ത് ഇടത് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എൻസിപി നേതാവ് മാണി സി കാപ്പനെ ചെറുതായി കാണാൻ യുഡിഎഫ് തയ്യാറാകില്ല. സാക്ഷാൽ കെഎം മാണിയുടെ എതിരാളിയായി 2006 മുതൽ മത്സരിക്കുന്ന കാപ്പന് ഇത് നാലാം അങ്കമാണ്. മൂന്ന് തവണ കെഎം മാണി എന്ന അതികായന് മുന്നിൽ അടിതെറ്റിയെങ്കിലും ഓരോ തവണയും കെഎം മാണിയുടെ ഭൂരിപക്ഷം കുറച്ച് കൊണ്ട് വന്ന നേതാവാണ് മാണി സി കാപ്പൻ. പാലാക്കാരൻ തന്നെയായ കാപ്പൻ മറു വശത്ത് നിൽക്കുമ്പോൾ യുഡിഎഫിനും കേരള കോൺഗ്രസിനും പാല ഒരു ഈസി വാക്കോവറാവില്ല. മാണിയെ വിറപ്പിച്ച കാപ്പന് പുലിക്കുന്നേലിനെ വീഴ്‌ത്താനാകും എന്നാണ് ഇടത് ക്യാമ്പ് പ്രതീക്ഷിക്കുന്നത്.

2001ൽ എൻസിപി നേതാവ് ഉഴവൂർ വിജയനെ 22301 വോ്ടടുകൾക്ക് കെട്ടുകെട്ടിച്ച മാണിക്ക് പക്ഷേ 2006ൽ മാണി സികാപ്പന് മേൽ ഉള്ള ഭൂരിപക്ഷം 7759 ആയി കുറഞ്ഞു. 2011ൽ ഇത് 5259 ആയും 2016ൽ 4703 ആയും കുറഞ്ഞിരുന്നു. അതിനാൽ തന്നെ മാണിക്ക് പകരം ഒരാൾ എത്തുമ്പോൾ കാപ്പന് വിജയം ഉറപ്പാണ് എന്ന് വിശ്വസിക്കുന്നവരുടെ എണ്ണം കുറവല്ല. എന്നാൽ മാണിയുടെ മരണത്തിന് ശേഷം നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോട്ടയം ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ തോമസ് ചാഴിക്കാടന് പാലക്കാർ നൽകിയത് 33472 വോട്ടുകളുടെ മേൽക്കൈ ആണ്. എന്നാൽ നാട്ടുകാരനായ കാപ്പൻ രംഗത്ത് വരുമ്പോൾ ഈ കണക്കുകൾ അപ്രസക്തമാകും എന്നും എൽഡിഎഫ് കണക്ക് കൂട്ടുന്നു.

നാളെ ഉച്ചയ്ക്ക് എൻഡിഎ സ്ഥാനാർത്ഥിയെ കൂടി പ്രഖ്യാപിക്കുന്നതോടെ മണ്ഡലത്തിൽ അന്തിമ ചിത്രം പുറത്ത് വരുകയുള്ളു. ലോക്‌സഭയിൽ പിസി തോമസ് 26533 വോട്ടുകൾ നേടിയ മണ്ഡലത്തിൽ ആരാകും സ്ഥാനാർത്ഥി എന്ന് നാളെ മാത്രമെ വ്യക്തമാവുകയുള്ളു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ നിന്ന് 24,821 വോട്ടുകൾ നേടിയ എൻ ഹരിയുടെ പേരാണ് സജീവമായി കേൾക്കുന്നത്. ഘടകകക്ഷിക്ക് ആണ് സീറ്റെങ്കിൽ പിസി തോമസിന് നറുക്ക് വീഴും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP