Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചെയർമാന്റെ അഭാവത്തിൽ ചിഹ്നം അനുവദിക്കേണ്ടത് വർക്കിങ് ചെയർമാൻ എന്നായതോടെ ജോസഫ് കനിയാതെ പാലയിലെ സ്ഥാനാർത്ഥിക്ക് രണ്ടിലയില്ല; മാണിയുടെ പിന്തുടർച്ചക്കാരന് രണ്ടില പോലും നിഷേധിക്കപ്പെട്ടാൽ ജോസഫ് വിരുദ്ധ വികാരം വളർത്താൻ ആകുമെന്നറിഞ്ഞ് സ്വതന്ത്രനാകാൻ ഉറച്ചു മാണി വിഭാഗം; തർക്കത്തിലേക്ക് പോയി ചിഹ്നം മരവിപ്പിക്കുന്നത് ഒഴിവാക്കാൻ അവകാശവാദം ഉന്നയിച്ചു ജോസ് കെ മാണി; പണ്ട് മാണിയുടേതായിരുന്ന കുതിര ജോസഫ് കൊണ്ടു പോയപ്പോൾ പകരം കിട്ടിയ രണ്ടിലയും ജോസഫ് തന്നെ കൊണ്ടു പോകുമോ?

ചെയർമാന്റെ അഭാവത്തിൽ ചിഹ്നം അനുവദിക്കേണ്ടത് വർക്കിങ് ചെയർമാൻ എന്നായതോടെ ജോസഫ് കനിയാതെ പാലയിലെ സ്ഥാനാർത്ഥിക്ക് രണ്ടിലയില്ല; മാണിയുടെ പിന്തുടർച്ചക്കാരന് രണ്ടില പോലും നിഷേധിക്കപ്പെട്ടാൽ ജോസഫ് വിരുദ്ധ വികാരം വളർത്താൻ ആകുമെന്നറിഞ്ഞ് സ്വതന്ത്രനാകാൻ ഉറച്ചു മാണി വിഭാഗം; തർക്കത്തിലേക്ക് പോയി ചിഹ്നം മരവിപ്പിക്കുന്നത് ഒഴിവാക്കാൻ അവകാശവാദം ഉന്നയിച്ചു ജോസ് കെ മാണി; പണ്ട് മാണിയുടേതായിരുന്ന കുതിര ജോസഫ് കൊണ്ടു പോയപ്പോൾ പകരം കിട്ടിയ രണ്ടിലയും ജോസഫ് തന്നെ കൊണ്ടു പോകുമോ?

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പാലായിലെ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ചിഹ്നം കിട്ടാനുള്ള സാധ്യത കുറവാണ്. കേരളാ കോൺഗ്രസിനുള്ളിൽ നടക്കുന്ന തർക്കങ്ങളുമായി ബന്ധപ്പെട്ട് വിവാദങ്ങൾ മുറുകുന്ന ഘട്ടത്തിൽ പി ജെ ജോസഫ് കത്തു നൽകാതെ ചിഹ്നം അനുവദിക്കാൻ തെരഞ്ഞെടുപ്പു കമ്മിഷൻ തയ്യാറേയിക്കില്ല. ചിഹ്നത്തിനായി കത്തു നൽകേണ്ടത് വർക്കിങ് ചെയർമാനായ പി.ജെ. ജോസഫാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയത്തിൽ അനുരഞ്ജന വഴി ഇതുവരെ തെളിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ചിഹ്നം അനുവദിക്കാനുള്ള സാധ്യ ടോമിന് മങ്ങുകയാണ്.

അതേസമയംചിഹ്നം അനുവദിക്കാൻ ജോസഫ് കത്ത് നൽകിയാലും പരിമിതമായ ദിവസങ്ങൾക്കുള്ളിൽ അതിന്റെ നടപടികൾ പൂർത്തിയാകില്ല. പാലായിലെ ചിഹ്നം കെ.എം. മാണിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത് ഈ സാഹചര്യത്തിലാണ്. സഹതാപ തരംഗം മുതലെടുക്കുക എന്നതാണ് ഇതിലൂടെ പ്രധാനമായും യുഡിഎഫ് ലക്ഷ്യമിടുന്നത്. ഇപ്പോൾ സ്ഥാനാർത്ഥിയായ ജോസ് ടോം പുലിക്കുന്നേലിനെതിരേ പി.ജെ. ജോസഫ് നടപടിയെടുത്തിരുന്നു. പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന ജോസ് ടോമിനെ അച്ചടക്കലംഘനത്തിനാണ് പുറത്താക്കിയത്. അച്ചടക്കനടപടി നേരിട്ട വ്യക്തി പാർട്ടി സ്ഥാനാർത്ഥിയാകണമെങ്കിൽ ചെയർമാനോ ചുമതല വഹിക്കുന്ന വ്യക്തിക്കോ കത്ത് നൽകണമെന്ന് കേരള കോൺഗ്രസ് ഭരണഘടനയിൽ പറയുന്നുണ്ട്.

ചെയർമാന് ഒറ്റയ്ക്ക് തുടർനടപടി സ്വീകരിക്കാനാവില്ല. അതിന് സ്റ്റിയറിങ് കമ്മിറ്റി ചേരണം. മൂന്നുദിവസം ഇടവേള നൽകി നോട്ടീസ് കൊടുക്കണം. ഇതിനൊന്നും ഇനി സമയമില്ല. ചിഹ്നം വേണ്ടെന്ന് സ്ഥാനാർത്ഥി പറഞ്ഞതും ജോസഫിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. എന്നാൽ, അങ്ങനെ പ്രസ്താവന നടത്തിയിട്ടില്ലെന്ന് ജോസ് ടോം തിങ്കളാഴ്ച വ്യക്തമാക്കി. പാലായിൽ ബദൽ സ്ഥാനാർത്ഥിയെ നിർത്തില്ലെന്ന് ജോസഫ് വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, പ്രവർത്തനം എങ്ങനെയായിരിക്കുമെന്ന് പറഞ്ഞിട്ടില്ല. യു.ഡി.എഫ്. തീരുമാനം അനുസരിക്കുന്ന രീതി ഇക്കുറിയും പാലിക്കുമെന്നും അവർ വ്യക്തമാക്കി.

മാണിയുടെ കുതിരയെ കൊണ്ടുപോയ ജോസഫ് രണ്ടിലയും കൊണ്ടു പോകുമോ?

അതേസമയം പാലായിലെ ഉടക്കിന്റെ പേരിൽ പി ജെ ജോസഫ് സ്ഥാനാർത്ഥിക്ക് രണ്ടില ചിഹ്നം അനുവദിക്കാതിരിക്കുമ്പോൾ ജോസ് കെ മാണി വിഭാഗം ശരിക്കും ആശങ്കപ്പെടേണ്ട ഘട്ടമുണ്ട്. ചരിത്രത്തിൽ മുമ്പ് മാണി വിഭാഗത്തിന്റെ ചിഹ്നമായ കുതിരയെ ജോസഫ് കൊണ്ടുപോയത് ആവർത്തിക്കപ്പെടുമോ എന്നതാണ് ആശങ്ക. വർഷങ്ങളായി കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ പ്രതീകമായിരുന്ന രണ്ടില ചിഹ്നം പാലായിൽ കണ്ടില്ലെങ്കിൽ തർക്കങ്ങളെ തുടർന്ന് ചിഹ്നം മരവിപ്പിക്കപ്പെടാനും സാധ്യതയുണ്ട്. 1987-ലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ഇതിന് ഏറെ സമാനതകളുണ്ടന്നതാണ് പ്രത്യേകത.

കേരള കോൺഗ്രസ് രൂപംകൊണ്ടശേഷം 1965-ൽ കെ.എം. മാണി ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ മത്സരിച്ചതു മുതൽ 1987 വരെ കുതിരച്ചിഹ്നത്തിലാണ് ജനവിധി തേടിയത്. ഇതിനുശേഷം കെ.എം. മാണിയുടെ രാഷ്ട്രീയ പടയോട്ടത്തിന്റെ പ്രതീകമായി കരുതിയിരുന്ന കുതിര ജോസഫ് വിഭാഗത്തിന്റേതായി. പിന്നീട് മാണിവിഭാഗത്തിന് രണ്ടിലയായി ചിഹ്നം. അന്ന് കുതിരച്ചിഹ്നം മാണി വിഭാഗത്തിന് കൈവിട്ടുപോയത് 84 മുതൽ പാർട്ടിയിൽ അരങ്ങേറിയ ലയന, പിളർപ്പ് നാടകങ്ങളുടെ അന്ത്യത്തിലായിരുന്നു.

1982-ൽ ജോസഫ്, മാണി വിഭാഗങ്ങൾ കെ. കരുണാകരൻ രൂപംനൽകിയ ഐക്യ ജനാധിപത്യ മുന്നണിയുടെ ഭാഗമായി. അന്ന് രണ്ടുവിഭാഗങ്ങളും ഇരു പാർട്ടികളായി മുന്നണിയിൽ ഭരണത്തിൽ പങ്കാളിയായി. 1984-ൽ ഇന്ദിരാഗാന്ധിയുടെ മരണത്തെത്തുടർന്ന് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പോടെ രാഷ്ട്രീയസാഹചര്യങ്ങൾ പുതിയ തലത്തിലേക്കു മാറി. മാണിവിഭാഗത്തിന് കോട്ടയം ലോക്സഭാ മണ്ഡലവും ജോസഫ് വിഭാഗത്തിന് മൂവാറ്റുപുഴയും കോൺഗ്രസ് നേതൃത്വം അനുവദിച്ചു. മാണിവിഭാഗം ആ തീരുമാനത്തിൽ സംതൃപ്തരായിരുന്നു.

എന്നാൽ, ജോസഫ് വിഭാഗം മുകുന്ദപുരംകൂടി ആവശ്യപ്പെട്ടു. തർക്കത്തിനൊടുവിൽ ഇരുവിഭാഗവും ഒന്നായെന്ന് കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വത്തെ ബോധ്യപ്പെടുത്തിയാണ് മുകുന്ദപുരംകൂടി കേരള കോൺഗ്രസിനു നൽകിയത്. മാണിയും ഈ നീക്കത്തെ പിന്തുണച്ചു. ജോസഫ് ഗ്രൂപ്പിൽപ്പെട്ടവർ ആനച്ചിഹ്നത്തിൽ മുകുന്ദപുരത്തും മൂവാറ്റുപുഴയിലും മത്സരിച്ച് വിജയിച്ചു. കോട്ടയം സീറ്റിൽ മാണിവിഭാഗത്തിലെ സ്‌കറിയാ തോമസ് കുതിരച്ചിഹ്നത്തിൽ മത്സരിച്ച് സിപിഎമ്മിലെ സുരേഷ് കുറുപ്പിനോട് പരാജപ്പെട്ടു. പിന്നീട് ഇരു കേരള കോൺഗ്രസുകളും എറണാകുളത്ത് നടന്ന സമ്മേളനത്തിൽ ലയിച്ചു. എന്നാൽ, യോജിപ്പിന് ഏതാനും വർഷങ്ങൾമാത്രമാണ് ആയുസ്സുണ്ടായത്

1987-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പാർട്ടി പിളർന്നു. ടി.എം. ജേക്കബ് മാണിയുടെ കൂടെയും ബാലകൃഷ്ണപിള്ള ജോസഫിനൊപ്പവും നിലകൊണ്ടു. തിരഞ്ഞെടുപ്പ് സമയത്ത് കുതിരച്ചിഹ്നം തങ്ങൾക്കാണെന്ന് ഇരുവിഭാഗവും അവകാശമുന്നയിച്ചു. രണ്ട് എംപി.മാരുണ്ടായിരുന്ന ജോസഫ് വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ കുതിരച്ചിഹ്നം അനുവദിച്ചു. അതുവരെ മാണിയുടെ രാഷ്ട്രീയപ്രതീകമായിരുന്ന കുതിര നഷ്ടമായി. അന്ന് പകരമായി അനുവദിച്ചുകിട്ടിയ രണ്ടിലയായിരുന്നു പിന്നീട് മാണിവിഭാഗത്തിന്റെ കൊടിയടയാളം. പിന്നീട് ജോസഫ് വിഭാഗം കേരള കോൺഗ്രസ് എമ്മിൽ ലയിച്ചപ്പോഴും ചിഹ്നമായി രണ്ടില തുടർന്നു.

ജോസഫ് രണ്ടില കൊണ്ടു പോകുമോ എന്ന ഭയത്തിലാണ് രണ്ടില ചിഹ്നം വേണമെന്നു കേരള കോൺഗ്രസ് ജോസ് വിഭാഗം മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചിഹ്നം നൽകാൻ ജനറൽ സെക്രട്ടറിയെ സ്റ്റിയറിങ് കമ്മിറ്റി ചുമതലപ്പെടുത്തിയ കാര്യവും അറിയിച്ചു. എന്നാൽ സ്റ്റിയറിങ് കമ്മിറ്റിയല്ല ചിഹ്നം അനുവദിക്കുന്നതെന്നു ടിക്കാറാം മീണ പറഞ്ഞതോടയാണ് സാധ്യത മങ്ങിയത്. കേരള കോൺഗ്രസ് (എം) പിളർപ്പു സംബന്ധിച്ചു കേസുള്ളതിനാൽ പാലായിലെ ഉപതിരഞ്ഞെടുപ്പ് ചിഹ്നം സംബന്ധിച്ച് നിയമോപദേശം തേടിയാവും തീരുമാനമെടുക്കുക. രണ്ടില തന്നെ വേണമെന്ന് നിർബന്ധമില്ല. നിയമപരമായി എന്താണ് പ്രായോഗികമെന്ന് പരിശോധിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP