Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

2002ൽ ദേശ്മുഖിനെ രക്ഷിച്ച റിസോർട്ട് നയതന്ത്രം; 2017ൽ അഹമ്മദ് പട്ടേലിനെ രാജ്യസഭയിലെത്തിച്ച് കണ്ണിലെ കരടായി; യദൂരിയപ്പ മുഖ്യമന്ത്രി ആകാതിരിക്കാൻ കുമാരസ്വാമിയെ ഇറക്കി കളിച്ചും ബിജെപിയെ ഏറെക്കാലം നിരാശരാക്കി; 'ഗുജറാത്തിലെ ഇടപെടലിൽ' തുടങ്ങിയ പ്രതികാരം ചർച്ചയാക്കി ഒടുവിൽ അറസ്റ്റ്; എല്ലാത്തിനും കരുക്കൾ നീക്കിയത് അമിത് ഷാ; ശിവകുമാറിനെ ഡൽഹിയിൽ വിളിച്ചു വരുത്തിയതും തന്ത്രങ്ങളുടെ ഭാഗം; കർണ്ണാടകയിൽ ഉയരുന്നത് സമാനതകളില്ലാത്ത പ്രതിഷേധം

2002ൽ ദേശ്മുഖിനെ രക്ഷിച്ച റിസോർട്ട് നയതന്ത്രം; 2017ൽ അഹമ്മദ് പട്ടേലിനെ രാജ്യസഭയിലെത്തിച്ച് കണ്ണിലെ കരടായി; യദൂരിയപ്പ മുഖ്യമന്ത്രി ആകാതിരിക്കാൻ കുമാരസ്വാമിയെ ഇറക്കി കളിച്ചും ബിജെപിയെ ഏറെക്കാലം നിരാശരാക്കി; 'ഗുജറാത്തിലെ ഇടപെടലിൽ' തുടങ്ങിയ പ്രതികാരം ചർച്ചയാക്കി ഒടുവിൽ അറസ്റ്റ്; എല്ലാത്തിനും കരുക്കൾ നീക്കിയത് അമിത് ഷാ; ശിവകുമാറിനെ ഡൽഹിയിൽ വിളിച്ചു വരുത്തിയതും തന്ത്രങ്ങളുടെ ഭാഗം; കർണ്ണാടകയിൽ ഉയരുന്നത് സമാനതകളില്ലാത്ത പ്രതിഷേധം

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: പ്രിയ നേതാവിന്റെ അറസ്റ്റിനെ തുടർന്ന് കർണ്ണാടകയിൽ വ്യാപക പ്രതിഷേധം. ഡി.കെ. ശിവകുമാറിന്റെ അറസ്റ്റിൽ പ്രതിഷേധവുമായി ബെംഗളൂരു ഉൾപ്പെടെയുള്ള പ്രധാന മേഖലകളിലെല്ലാം കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങി. ഇന്ന് കർണ്ണാടകയിൽ ബന്ദും പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കനകാപുരയിൽ കർണാടക ആർ.ടി.സി. ബസുകൾക്ക് നേരേ കല്ലേറുണ്ടായി. ഒരു ബസ് അടിച്ചുതകർത്തതായും മറ്റൊരു ബസിന്റെ ചില്ലുകൾ തകർന്നതായും കർണാടക ആർ.ടി.സി. പി.ആർ.ഒ. അറിയിച്ചു. അതിനിടെ ശിവകുമാറിനെ കർണ്ണാടകയിൽ നിന്നും ഡൽഹിക്ക് വളിച്ചു വരുത്തി അറസ്റ്റ് ചെയ്തതും ഇഡിയുടെ കരുതലുകളുടെ ഭാഗമായിരുന്നു. ശിവകുമാറിനെ ബംഗളൂരുവിൽ പോയി അറസ്റ്റ് ചെയ്യുന്നത് നടക്കുന്ന കാര്യമല്ലെന്ന് അവർക്ക് അറിയാമായിരുന്നു.

കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലാണ് ശിവകുമാറിന്റെ അറസ്റ്റ്. നാലു ദിവസമായി ശിവകുമാറിനെ എൻഫോഴ്സ്മെന്റ് ചോദ്യംചെയ്ത് വരികയായിരുന്നു. അദ്ദേഹം ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. എന്നാൽ നാലു ദിവസമായി ചോദ്യം ചെയ്യലിന് എത്തിയ വ്യക്തി സഹകരിക്കുന്നില്ലെന്ന് എങ്ങനെ പറയാനാകുമെന്ന ചോദ്യവും സജീവമാണ്. അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ഡി.കെ ശിവകുമാർ സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി തള്ളിയിരുന്നു. കേസ് റദ്ദാക്കണമെന്ന ആവശ്യവും കോടതി നിരാകരിച്ചു. ഇതിനെത്തുടർന്ന് അദ്ദേഹത്തെ ചോദ്യം ചെയ്യലിനായി ന്യൂഡൽഹിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടർന്നാണ് അറസ്റ്റ്. ഇത് അറിഞ്ഞതോടെ പ്രവർത്തകർ പ്രതിഷേധവും തുടങ്ങി. ബിജെപി. നേതാവും കർണാടക മുഖ്യമന്ത്രിയുമായ ബി.എസ്. യെദ്യൂരപ്പയുടെ അടുത്ത സുഹൃത്തുകൂടിയാണ് ശിവകുമാർ. അതുകൊണ്ട് തന്നെ അറസ്റ്റ് ചെയ്യാനാണ് ഡൽഹിയിലേക്ക് വിളിപ്പിക്കുന്നതെന്ന കാര്യം കർണ്ണാടക മുഖ്യമന്ത്രി പോലും അറിഞ്ഞില്ല. എല്ലാം അമിത് ഷാ നേരിട്ടാണ് കൈകാര്യം ചെയ്തത്.

കർണ്ണാടകയിലെ കോൺഗ്രസിന്റെ ട്രബിൾ ഷൂട്ടറാണ് ശിവകുമാർ. കോൺഗ്രസിന്റെ യഥാർത്ഥ രക്ഷകൻ. ബിജെപിയിലേക്ക് അടുപ്പിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ല. ഇതിന്റെ പ്രതികാരം ബിജെപി തീർക്കുന്നുവെന്നാണ് പരാതി. 2017ൽ രാജ്യസഭാ തിരഞ്ഞെടുപ്പിലെ വോട്ടുചോർച്ച നടയാൻ ഗുജറാത്തിൽനിന്നുള്ള 44 കോൺഗ്രസ് എംഎ‍ൽഎ.മാരെ കർണാടക ബിഡദിയിലെ റിസോർട്ടിൽ പാർപ്പിച്ചതിനുപിന്നാലെയാണ് ശിവകുമാറിനെ തേടി ആദ്യം ആദായനികുതി ഉദ്യോഗസ്ഥരെത്തിയത്. അന്ന് ഡൽഹിയിലെ ശിവകുമാറിന്റെ ഫ്‌ളാറ്റിലും എംഎ‍ൽഎ.മാരെ പാർപ്പിച്ച ബിഡദിയിലെ റിസോർട്ടിലും ബെംഗളൂരുവിലെ വീട്ടിലും റെയ്ഡ് നടന്നു. ഗുജറാത്തിൽ അഹമ്മദ് പട്ടേലിന് രാജ്യസഭയിലേക്ക് വിജയമൊരുക്കാൻ ചരട് വലിച്ചതും ശിവകുമാറായിരുന്നു. കെ കുമാരസ്വാമിയുടെ ജെഡിഎസ് സർക്കാരിനെ താങ്ങി നിർത്താനും ശ്രമിച്ചു. അങ്ങനെ ബിജെപിയുടെ കണ്ണിലെ കരടായിരുന്നു ശിവകുമാർ. അതുകൊണ്ട് കൂടിയാണ് ശിവകുമാറിന്റെ അറസറ്റിൽ പ്രതിഷേധം ഇരമ്പുന്നത്.

അദ്ദേഹത്തെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന് എൻഫോഴ്സ്മെന്റ് കോടതിയിൽ ആവശ്യപ്പെട്ടേക്കും. നിലവിൽ ആശുപത്രിയിൽ ചികിൽസയിലാണ് ശിവകുമാർ. കർണാടകത്തിലെ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിലും എച്ച്.ഡി കുമാരസ്വാമി നേതൃത്വം നൽകിയ കോൺഗ്രസ് -ജെ.ഡി.എസ് സർക്കാരിലും ശിവകുമാർ മന്ത്രിയായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ കുമാരസ്വാമി സർക്കാരിനെ നിലനിർത്താൻ മുൻനിരയിൽനിന്ന് പ്രവർത്തിച്ചത് അദ്ദേഹമാണ്. എന്നാൽ, പിന്നീട് സർക്കാർ വീണു. തന്നെ അറസ്റ്റ് ചെയ്യുന്നതിനുള്ള ഉദ്യമത്തിൽ ഒടുവിൽ വിജയിച്ച തന്റെ ബിജെപി സുഹൃത്തുക്കളെ അഭിനന്ദിക്കുന്നുവെന്ന് അറസ്റ്റിന് തൊട്ടുപിന്നാലെ ശിവകുമാർ ട്വീറ്റ് ചെയ്തു. തനിക്കെതിരായ ആദായ നികുതി വകുപ്പിന്റെയും ഇ.ഡിയുടേയും കേസുകൾ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും താൻ ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിന്റെ ഇരയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ശിവകുമാർ കുറ്റകൃത്യങ്ങളൊന്നും ചെയ്തിട്ടില്ലെന്ന വാദവുമായി കോൺഗ്രസും രംഗത്തെത്തി. പ്രതികാര രാഷ്ട്രീയത്തിന്റെ ഇരയാണ് അദ്ദേഹമെന്ന് കോൺഗ്രസ് വക്താവ് വി എസ് ഉഗ്രപ്പ ആരോപിച്ചു.

വൈദ്യപരിശോധനക്ക് ഡൽഹി ആർഎംഎൽ ആശുപത്രിയിൽ എത്തിച്ച ശിവകുമാർ ആശുപത്രിയിൽ തുടരുകയാണ്. ശിവകുമാറിന് നെഞ്ചുവേദന അനുഭവപ്പെട്ടെന്ന് ഡോക്ടർമാർ പറഞ്ഞു. അറസ്റ്റിൽ കർണാടകയിൽ വ്യാപക പ്രതിഷേധമാണ് ഇന്നലെ രാത്രി മുതൽ ഉയരുന്നത്. ശിവകുമാറിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കർണാടകത്തിൽ സംസ്ഥാനവ്യാപകമായി കോൺഗ്രസ് ഇന്നും പ്രതിഷേധം നടത്തും.ശിവകുമാറിന് പിന്തുണയുമായി ജനതാദൾ എസും രംഗത്തെത്തി. ഭീഷണിയാകും എന്ന് കരുതുന്നവരെ വേട്ടയാടുകയാണ് ബിജെപിയെന്ന് എച് ഡി കുമാരസ്വാമി കുറ്റപ്പെടുത്തി. വൊക്കലിഗ സമുദായ സംഘടനകളും പ്രതിഷേധ പരിപാടികൾ നടത്തും. ഇന്നലെ രാത്രി തെരുവിലിറങ്ങിയ കോൺഗ്രസ് പ്രവർത്തകർ ബെംഗളൂരു മൈസൂരു പാതയടക്കം മണിക്കൂറുകളോളം ഉപരോധിച്ചു. കർണാടക ആർടിസി ബസുകൾക്ക് നേരെ കല്ലേറിഞ്ഞു.

സാഹചര്യങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും വിവിധയിടങ്ങളിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് ബസ് സർവീസുകൾ നിർത്തിവെയ്ക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ അതത് ഡിവിഷണൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മൈസൂരു-ബെംഗളൂരു റൂട്ടിൽ ബസ് സർവീസുകൾ നിർത്തിവെച്ചതായും മൈസൂരു-ബെംഗളൂരു ദേശീയപാത കോൺഗ്രസ് പ്രവർത്തകർ ഉപരോധിക്കുകയാണെന്നും ടെലിവിഷൻ ചാനലുകൾ റിപ്പോർട്ട് ചെയ്തു. 2017 ഓഗസ്റ്റിൽ അന്ന് കർണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്റെ ഡൽഹിയിലെ വസതിയിൽ നിന്നും കണ്ടെടുത്ത എട്ടു കോടിയിലധികം രൂപയിൽ ഏഴു കോടി കള്ളപ്പണം എന്നാണ് എൻഫോഴ്സ്മെന്റിന്റെ കണ്ടെത്തൽ. ഡൽഹിയിലെ ഫ്‌ളാറ്റിൽനിന്ന് ഏഴ് കോടി രൂപ കണ്ടെടുത്തതിനാൽ 2018 സെപ്റ്റംബറിൽ ഇ.ഡി. കേസെടുത്തു. ഇതിനെതിരേ ഏറെ നിയമപോരാട്ടങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

കഴിഞ്ഞവർഷം ഡിസംബറിൽ ചോദ്യംചെയ്യാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് ഇ.ഡി. സമൻസ് അയച്ചെങ്കിലും ശിവകുമാർ കർണാടക ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ സമൻസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. പിന്നാലെ സമർപ്പിച്ച അറസ്റ്റ് തടയണമെന്ന ഹർജിയും തള്ളി. ഇതോടെ ചോദ്യംചെയ്യലിന് ഡൽഹിയിൽ ശിവകുമാർ ഹാജരായി. തുടർന്ന് അറസ്റ്റും.

പ്രതിസന്ധികളിലെ സൂപ്പർ നേതാവ്

കോൺഗ്രസ് പ്രതിസന്ധിയിലായപ്പോഴൊക്കെ രക്ഷകനായി എത്തിയ നേതാവാണ് ശിവകുമാർ. കർണാടകത്തിൽ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും ദേശീയ തലത്തിലും കുതിരക്കച്ചവടങ്ങളിൽ കോൺഗ്രസ് അംഗങ്ങളെ എതിർപക്ഷം തട്ടിയെടുക്കാതെ സൂക്ഷിക്കാൻ അസാധാരണ പാടവമാണ് ശിവകുമാർ കാട്ടിയിട്ടുള്ളത്. 2002 ൽ മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖ് അവിശ്വാസപ്രമേയത്തെ നേരിട്ടപ്പോൾ കോൺഗ്രസ് അംഗങ്ങളെ റാഞ്ചാൻ ബിജെ.പി-ശിവസേന സഖ്യം നടത്തിയ ശ്രമങ്ങൾക്ക് തടയിടാൻ കോൺഗ്രസ് നേതൃത്വം പ്രധാനമായും നിയോഗിച്ചത് ശിവകുമാറിനെയാണ്. ഒരാഴ്ച മഹാരാഷ്ട്ര എംഎൽഎമാരെ ഈഗിൾടൺ റിസോർട്ടിൽ താമസിപ്പിച്ചതിനുശേഷം അവിശ്വാസപ്രമേയം ചർച്ചയ്‌ക്കെടുക്കുന്ന ദിവസമാണ് ശിവകുമാർ മുംബൈയിലെത്തിച്ചത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് എംഎൽഎമാരെ ബംഗളുരുവിന് സമീപത്തുള്ള ഈഗിൾടൺ റിസോർട്ടിൽ താമസിപ്പിച്ച് ബിജെപി-ശിവസേന തന്ത്രങ്ങൾ പൊളിച്ചടുക്കി.

2017 ൽ ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ അഹമ്മദ് പട്ടേലിനെ തോല്പിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് അമിത്ഷാ ഉയർത്തിയ വെല്ലുവിളിയെ നേരിട്ടതും ഡികെയാണ്. 44 കോൺഗ്രസ് എംഎൽഎമാരെയും ബംഗളുരുവിലെ ഗോൾഫ് റിസോർട്ടിൽ താമസിപ്പിച്ച ശിവകുമാർ, ഒരു എംഎൽഎയെപ്പോലും വശത്താക്കാൻ ബിജെപിക്ക് അവസരം നൽകിയില്ല. അഹമ്മദ് പട്ടേലിന്റെ വിജയം ഉറപ്പിച്ചു. ആദായ നികുതി റെയ്ഡിനേയും ഭയന്നില്ല. 2018 ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ 225 അംഗ സഭയിൽ 105 സീറ്റുകളോടെ ബിജെപി ഏറ്റവും വലിയ ഒറ്റപ്പാർട്ടിയായി. കോൺഗ്രസിന് 79, ജെ.ഡി.എസിന് 37 സീറ്റുകൾ വീതം. 8 എംഎൽഎമാരുടെ പിന്തുണകൂടി ലഭിച്ചെങ്കിൽ ബിജെപിക്ക് മന്ത്രിസഭ രൂപീകരിക്കാൻ കഴിയുമായിരുന്നു. കോൺഗ്രസിൽനിന്നോ ജെഡിഎസ്സിൽനിന്നോ എംഎൽഎമാരെ അടർത്തിയെടുക്കാൻ ബിജെപി പഠിച്ച പണി പതിനെട്ടും നോക്കി. അന്നും രക്ഷകൻ ഡികെയായിരുന്നു.

അന്ന് ബിജെപി പ്രതീക്ഷയെ തകർത്ത് കോൺഗ്രസ്- ജെഡിഎസ് മന്ത്രിസഭയ്ക്ക് വഴി തെളിച്ചത് ശിവകുമാറാണ്. തനിക്ക് അവകാശപ്പെടാൻ കഴിയുമായിരുന്ന മുഖ്യമന്ത്രിസ്ഥാനം ബദ്ധശത്രുവായ കുമാരസ്വാമിക്ക് നൽകി. 2013 ൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സ്ഥാനമേറ്റപ്പോൾ ശിവകുമാറിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരുന്നില്ല. പക്ഷേ, ഒരു പ്രശ്‌നവുമുണ്ടാക്കാതെ പാർട്ടി തീരുമാനം അനുസരിച്ച ശിവകുമാറിനെ 2014 ൽ സിദ്ധരാമയ്യ മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയായിരുന്നു. വിമത പ്രവർത്തനത്തിനും ശ്രമിച്ചില്ല. നിയമവിരുദ്ധഖനനം, ഭൂമി തട്ടിപ്പ് തുടങ്ങി നിരവധി ആരോപണങ്ങൾ ശിവകുമാർ നേരിട്ടിട്ടുണ്ടെങ്കിലും അവയൊന്നും കോടതിയിൽ ശിവകുമാറിന് പ്രശ്നമായില്ല. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ നൽകിയ സത്യവാങ്മൂലം അനുസരിച്ച് ശിവകുമാറിന് 840 കോടി രൂപയുടെ ആസ്തിയാണുള്ളത്. കോൺഗ്രസ് കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുമ്പോൾ ശിവകുമാറിനെപ്പോലെ നല്ല സാമ്പത്തികശേഷിയും പണം സമാഹരിക്കാൻ ശേഷിയുമുള്ള ശേഷിയുള്ള നേതാവാണ് കർണ്ണാടകയിൽ പാർട്ടിയെ പിടിച്ചു നിർത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കർണാടകത്തിൽ ബിജെപി വൻവിജയം നേടിയപ്പോഴും ശിവകുമാറിന്റെ സഹോദരൻ ഡി.കെ.സുരേഷ് വിജയിച്ചു. ഇതിന് പിന്നിലും ഡികെയുടെ ചാണക്യ ബുദ്ധിയായിരുന്നു.

കർണാടകയിൽ ഖനി മുതലാളിമാരുടെയും വൻകിട ഭൂമാഫിയമാരുടെയും പണക്കൊഴുപ്പായിരുന്നു ബിജെപിയുടെ കരുത്തെങ്കിൽ അതിനെ വെല്ലിവുളിക്കാൻ പോന്ന കരുത്തായിരുന്നു ഡി കെ ശിവകുമാറിന്റേത്. ശിവകുമാറിന്റെ ചാണക്യ ബുദ്ധിക്ക് മുമ്പിൽ പല തവണ അമിത് ഷായും കൂട്ടരും പരാജയം സമ്മതിച്ചു. അമിത്ഷായുടെ തന്ത്രങ്ങളെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ കഴിയുന്ന നേതാവായി ഡികെ മാറിക്കഴിഞ്ഞിരുന്നു. 57 വയസു മാത്രമുള്ള അദ്ദേഹത്തിൽ ഭാവിക കർണാടക മുഖ്യമന്ത്രിയെ ആളുകൾ കാണുകയും ചെയ്തു. ഇതെല്ലാം മനസ്സിലാക്കിയാണ് ഡികെയെ രണ്ടാം മോദി സർക്കാരിന്റെ തുടക്കത്തിൽ തിന്നെ ഇഡി അഴിക്കൂള്ളിൽ അടച്ചതെന്നാണ് ആരോപണം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP