Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം; ആറ്‌സീറ്റ് പിടിച്ചെടുത്ത് വൻനേട്ടം; 15 സീറ്റിൽ യുഡിഎഫ് ജയിച്ചുകയറിയപ്പോൾ 10 സീറ്റ് നേടിയ എൽഡിഎഫിന് കൈമോശം വന്നത് രണ്ടുസീറ്റുകൾ; തിരുവനന്തപുരം ജില്ലയിലെ കാരോട് പഞ്ചായത്തിലെ കാന്തള്ളൂർ വാർഡിൽ സിപിഎം സിറ്റിങ് സീറ്റ് കൈക്കലാക്കി ബിജെപി; തലസ്ഥാനത്ത് യുഡിഎഫ് മുന്നേറിയപ്പോൾ പാലക്കാട് നേട്ടം കൊയ്തത് എൽഡിഎഫ്

തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം; ആറ്‌സീറ്റ് പിടിച്ചെടുത്ത് വൻനേട്ടം; 15 സീറ്റിൽ യുഡിഎഫ് ജയിച്ചുകയറിയപ്പോൾ 10 സീറ്റ് നേടിയ എൽഡിഎഫിന് കൈമോശം വന്നത് രണ്ടുസീറ്റുകൾ; തിരുവനന്തപുരം ജില്ലയിലെ കാരോട് പഞ്ചായത്തിലെ കാന്തള്ളൂർ വാർഡിൽ സിപിഎം സിറ്റിങ് സീറ്റ് കൈക്കലാക്കി ബിജെപി; തലസ്ഥാനത്ത് യുഡിഎഫ് മുന്നേറിയപ്പോൾ പാലക്കാട് നേട്ടം കൊയ്തത് എൽഡിഎഫ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 27 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ, യുഡിഎഫിന് നേട്ടം. 15 സീറ്റിൽ യുഡിഎഫ് ജയിച്ചുകയറിയപ്പോൾ എൽഡിഎഫിന് കഴിഞ്ഞവട്ടത്തെ അപേക്ഷിച്ച് രണ്ടുസീറ്റുകൾ നഷ്ടമായി. ആറ് സീറ്റുകളാണ് യുഡിഎഫ് അധികമായി നേടിയെടുത്തത്. ബിജെപി ഒരുസീറ്റിലും നേട്ടം കൊയ്തു.

കക്ഷി നില: യുഡിഎഫ്-15 എൽഡിഎഫ്-10 ബിജെപി-1 യുഡിഎഫ് പിടിച്ചെടുത്തത് -6 നഷ്ടം-2

പഴയ നില-യുഡിഎഫ്-11, എൽഡിഎഫ്-12 സ്വതന്ത്രർ-4

തിരഞ്ഞെടുപ്പ് ഫലം ഇങ്ങനെ

തിരുവനന്തപുരം

ജില്ലാ പഞ്ചായത്ത് മണമ്പൂർ സിവിഷൻ ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥി സിപിഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. എസ് ഷാജഹാൻ വിജയിച്ചു.1921 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം.. ജില്ലാ പഞ്ചായത്തംഗമായിരുന്ന സിപിഐ എമ്മിലെ എസ് കൃഷ്ണൻകുട്ടിയുടെ നിര്യാണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് . കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 1520 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയായി കോൺഗ്രസ് ഐയിലെ ഇ റിഹാസും എൻഡിഎ സ്ഥാനാർത്ഥിയായി ബിജെപിക്കു തോട്ടയ്ക്കാട് ശശിയും മത്സരിച്ചു. എൽഡിഫ് ഭരിക്കുന്ന 26 അംഗം ജില്ലാ പഞ്ചായത്തിൽ നിലവിൽ എൽഡിഎഫ്-- 19, യുഡിഎഫ്-- 5, ബിജെപി--1 എന്നിങ്ങനെയാണ് കക്ഷിനില.

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ കണിയാപുരം ഡിവിഷൻ യുഡിഎഫ് നിലനിർത്തി. കോൺഗ്രസിലെ കുന്നുപുറം വാഹിദ് 1056 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. വഹിദിന് 2439 വോട്ടുലഭിച്ചു. അഡ്വ. ചന്ദ്രചൂഡൻ (ബിജെപി)-1383,- ബി മഹേഷ് (എൽഡിഎഫ്)--1353. എൽഡിഎഫ്-- 6, യുഡിഎഫ് -5 എന്നിങ്ങനെയാണ് കക്ഷിനില. 2 വാർഡുകളിലെ അംഗങ്ങളൈ അയോഗ്യരാക്കിയിട്ടുണ്ട്. ഇവിടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല.

ചെങ്കൽ പഞ്ചായത്തിലെ മര്യാപുരം വാർഡിൽ എൻഡിഎ സ്ഥാനാർത്ഥി ഫ്രാൻസിസ് വിജയിച്ചു. സ്വതന്ത്ര നായി 36 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച എം തോമസ് മരിച്ചതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. തച്ചക്കുടി ഡി ഷാജിയായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി.യു ഡി എഫ് സ്ഥാനാർത്ഥി സാം രാജും .എൽഡിഎഫ് ഭരിക്കുന്ന ചെങ്കൽ പഞ്ചായത്തിൽ ആകെ 21 വാർഡുകളുണ്ട്. നിലവിലെ കക്ഷിനില: എൽഡിഎഫ്-8, യുഡിഎഫ്-8, ബിജെപി- 2, സ്വതന്ത്രർ-2.

കാരോട് പഞ്ചായത്തിലെ കാന്തള്ളൂർ വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസ്‌ഐയുടെ ടി സത്യരാജ് വിജയിച്ചു. കഴിഞ്ഞതവണ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽ ഡിഎഫ് വിജയിച്ച വാർഡാണ്.സിപിഐ എം ന്റെ വി സൗമ്യയായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി. ബിജെപിക്കുവേണ്ടി പ്രമോദും മൽസരിച്ചു. സിപിഐ എം ന്റെ സി ബി ബിനു ജോലി കിട്ടിയതിനാലാണ് ഉപതെരഞ്ഞെടുപ്പ്. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ ആകെ 19 വാർഡുകളുണ്ട്. നിലവിലെ കക്ഷിനില: എൽഡിഎഫ്- 9, യുഡിഎഫ്-8, ബിജെപി-1

അമ്പൂരി പഞ്ചായത്തിലെ തുടിയംകോണത്ത് യുഡിഎഫ് വിജയിച്ചു. കോൺഗ്രസ് ഐയിലെ പി രാജു 149 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. രാജുവിന് 443 വോട്ടുലഭിച്ചു. നിലവിൽ എൽഡിഎഫ് അംഗമായിരുന്ന വാർഡിൽ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയെ നിർത്താതെ യുഡിഎഫിനെ സഹായിക്കുകയായിരുന്നു. എൽഡിഎഫിലെ കെ ശ്രീജകുമാരിക്ക് 294 വോട്ടുലഭിച്ചു. എൽഡിഎഫ്--6, യുഡിഎഫ്--5, ബിജെപി--2 എന്നിങ്ങനെയാണ് കക്ഷി നില.

കുന്നത്തുകാൽ പഞ്ചായത്തിലെ നിലമാംമൂട് വാർഡിൽ യുഡിഎഫ് വിജയിച്ചു. കോൺഗ്രസ് ഐയിലെ എസ് ഷിബുകുമാർ 169 വോട്ടിന്റെ ഭൂരിപക്ഷം നേടി. ഷിബുവിന് 717 വോട്ടും ടി ആൽബിൻ (എൽഡിഎഫ്)-- 548, വി ധന്യ (ബിജെപി)-- 383 വോട്ടും നേടി. എൽഡിഎഫ്--10, യുഡിഎഫ്--8, ബിജെപി--3 എന്നിങ്ങനെയാണ് പഞ്ചായത്ത് കക്ഷിനില.

പാങ്ങോട് പഞ്ചായത്തിലെ അടപ്പുപാറ വാർഡിൽ യുഡിഎഫ് വിജയിച്ചു. കോൺഗ്രസിലെ അശ്വതി പ്രദീപ് ആണ് വിജയിച്ചത്. വാർഡംഗമായിരുന്ന സിപിഐ എമ്മിലെ ചിത്രകുമാരിക്ക് ജോലി ലഭിച്ചതിനെ തുടർന്ന് രാജിവച്ചതിനാലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. സിപിഐ എമ്മിലെ വി പി വിശാഖ് ആയിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി. ദീപ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചു. 19 അംഗ ഭരണസമിതിയിൽ നിലവിൽ സിപിഐ എം 5, കോൺഗ്രസ് 5, ബിജെപി 4, എസ്ഡിപിഐ 3, വെൽഫയർ പാർട്ടി - 1 എന്നിങ്ങനെയാണ് കക്ഷിനില.

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ മണലകം വാർഡിൽ എൽഡിഎഫ് വീണ്ടും വെന്നിക്കൊടി പാറിച്ചു സിപിഐയിലെ എൻ രാജേന്ദ്രൻ 27 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. രാജേന്ദ്രന് 360 വോട്ടുലഭിച്ചു. കെ പി പുരുഷോത്തമൻ (യുഡിഎഫ്) - 333 സുജിത്ത് (ബിജെപി)- 94 വോട്ടും ലഭിച്ചു. പഞ്ചായത്ത് കക്ഷിനില എൽഡിഎഫ്9, യുഡിഎഫ്-2, ബിജെപി-7.

കൊല്ലം

കൊല്ലം ജില്ലയിൽ കുണ്ടറ, കുളക്കട പഞ്ചായത്തുകളിലെ രണ്ടു വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും വിജയിച്ചു. കുളക്കട പഞ്ചായത്ത് മലപ്പാറ വാർഡ് യുഡിഎഫിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. കുണ്ടറ പഞ്ചായത്തിലെ റോഡുകടവ് വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു.

കുളക്കട മലപ്പാറ വാർഡിൽ സിപിഐ എം മലപ്പാറ ബ്രാഞ്ച് അംഗം സുനിൽകുമാറാണ് വിജയിച്ചത്. 198 വോട്ടിന്റ ഭൂരിപക്ഷത്തിലാണ് വാർഡ് പിടിച്ചെടുത്തത്. സുനിൽ കുമാറിന് 566 വോട്ടും യുഡിഎഫ് സ്ഥാനാർത്ഥി തങ്കമ്മയ്ക്ക് 368 വോട്ടും ലഭിച്ചു. പഞ്ചായത്ത് അംഗമായിരുന്ന കോൺഗ്രസിലെ ഗോപിയുടെ മരണത്തെത്തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. ഗോപിയുടെ ഭാര്യയാണ് തങ്കമ്മ. ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച സിന്ധുവിന് 129 വോട്ട് ലഭിച്ചു.

കുണ്ടറ പഞ്ചായത്തിലെ റോഡുകടവ് പത്താംവാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി ആർഎസ്‌പിയിലെ അനിൽകുമാർ വിജയിച്ചു. 104 വോട്ടാണ് ഭൂരിപക്ഷം. എൽഡിഎഫ് സ്ഥാനാർത്ഥി സിപിഐ എമ്മിലെ ജിജി റോയിക്ക് 191 വോട്ടും സ്വതന്ത്ര സ്ഥാനാർത്ഥി റാബുജിക്ക് 184 വോട്ടും ലഭിച്ചു.

പത്തനംതിട്ട

പത്തനംതിട്ട നാറാണംമൂഴി പഞ്ചായത്ത് 12 -ാം വാർഡ് യുഡിഎഫ് നിലനിർത്തി. ആനിയമ്മയാണ് വിജയി. എൽഡിഎഫ് സ്ഥാനാർത്ഥിയായി ലിസിയും ബിജെപി സ്ഥാനാർത്ഥിയായി ജോളി ബിജുവും മത്സരിച്ചു. മെമ്പറായിരുന്ന കോൺഗ്രസിന്റെ ലീലഭായിയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. നാറാണംമൂഴി പഞ്ചായത്ത് ഭരണം എൽഡിഎഫ് ആണ്.

ഇടുക്കി

അടിമാലി ബ്ലോക്ക് പഞ്ചായത്തുകൊന്നത്തടി ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു. അമ്പിളി സലീലൻ 522 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി അമ്പിളി സലീലന് 1833 വോട്ടും എൽഡിഎഫിലെ സിന്ധു ബോസിന് 1311വോട്ടുമാണ് ലഭിച്ചത്. എൽഡിഎഫ് അംഗമായിരുന്ന സിന്ധു ഷാജി സർക്കാർ ജോലി ലഭിച്ചതിനാൽ രാജിവച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.

എറണാകുളം

മുളന്തുരുത്തി പഞ്ചായത്ത് 13-ാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി ജോളി ജോർജ് വിജയിച്ചു. എൽഡിഎഫിലെ സുജാത മനോഹരനെ 161 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ വിജയിച്ച യുഡിഎഫിന്റെ സിബി തങ്കച്ചൻ രാജി വച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.72 വോട്ടുകൾക്കാണ് കഴിഞ്ഞ തവണ സിബി തങ്കച്ചൻ ആയച്ചത്.16 ഭരണ സമിതിൽ യുഡിഎഫ് ന് 14 അംഗങ്ങൾ ഉണ്ടായിരുന്നു. 2 പേരാണ് എൽഡിഎഫ് അംഗങ്ങൾ. അതുകൊണ്ട് ഉപതിരഞ്ഞെടുപ്പ് ഫലം ഭരണത്തെ ബാധിക്കില്ല.

കളമശേരി 32-ാം വാർഡിൽ (ഉണിച്ചിറ വാർഡ്) യുഡിഎഫ് വിജയിച്ചു. യുഡിഎഫ് കൗൺസിലറായിരുന്ന ടി ആർ ബിജു മരിച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മുൻ കൗൺസിലർ ബിജുവിന്റെ സഹോദര ടി ആർ വിനോദ് ആണ് വിജയി. സിബിൻ ആയിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി.

തൃശൂർ

കുഴൂർ ഉപതൈരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചു. കോൺഗ്രസിലെ നിത കൃഷ്ണയാണ് വിജയി. ജെസ്സി പോളി ആയിരുന്നു എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി പഞ്ചായത്ത് പ്രസിഡണ്ട് പി ശാന്തകുമാരി മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഭരണസമിതിയിൽ നിലവിൽ കോൺഗ്രസിന് ആറും സിപിഐഎമ്മിന് അഞ്ചും അംഗങ്ങളുണ്ട്. രണ്ട് ബിജെപി അംഗങ്ങളുമുണ്ട്.

പാലക്കാട്

തദ്ദേശഭരണ ഉപതെരെഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ രണ്ട് വാർഡുകൾ എൽഡിഎഫ് പിടിച്ചെടുത്തു. പല്ലശന മഠത്തിൽക്കളം ആറാം വാർഡ് യുഡിഎഫിൽ നിന്നും തെങ്കര പഞ്ചായത്ത് 12--ാം വാർഡ് സ്വതന്ത്രനിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തു. പല്ലശനയിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ യശോദയാണ് വിജയിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി എ സുനിലിനെയാണ് പരാജയപ്പെടുത്തിയത്, യുഡിഎഫ് അംഗം മരിച്ചതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.

തെങ്കര പഞ്ചായത്ത് 12--ാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സി എച്ച് ഷനോബാണ് സീറ്റ് പിടിച്ചെടുത്തത്. സ്വതന്ത്രനായിരുന്ന സി എച്ച് മുഹമ്മദ് മരിച്ചതിനെത്തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. ഇദ്ദേഹത്തിന്റെ മകനാണ് നിലവിലെ എൽഡിഎഫ് സ്ഥാനാർത്ഥി.യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൾ റഷീദ്, കെ ഉണ്ണിക്കൃഷ്ണൻ എന്നിവർ പരാജയപ്പെട്ടു.

നെല്ലിയാമ്പതിയിലെ പുലയമ്പാറ ഒന്നാം വാർഡിലും എൽഡിഎഫ് വിജയിച്ചു. പട്ടികവർഗ വനിതാ സംവരണ വാർഡായ ഇവിടെ വി മീനയാണ് വിജയി. പഞ്ചായത്ത് പ്രസിഡന്റായിരുന്ന എൽഡിഎഫിലെ ജിൻസി സർക്കാർ സർവീസിൽ പ്രവേശിച്ചതിനെത്തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.

പൂക്കോട്ടുകാവ് പഞ്ചായത്തിലെ 12---ാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചു. രതിമോളാണ് വിജയി. പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന എൽഡിഎഫിലെ പി സിജിക്ക് സർക്കാർ ജോലി ലഭിച്ചതിനെത്തുടർന്നുള്ള ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ബിജെപിക്കും യുഡിഎഫിനും ഇവിടെ സ്ഥാനാർത്ഥിയുണ്ടായില്ല. സ്വതന്ത്ര അംഗം പി പി മാലതിയായിരുന്നു എതിർ സ്ഥാനാർത്ഥി.

പാലക്കാട് നഗരസഭയിലെ 17--ാം വാർഡ് നരികുത്തി യുഡിഎഫ് നിലനിർത്തി. റിസ്വാനയാണ് വിജയി, എച്ച് ഫൗസിയാബി, എം എസ് ജസീന എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. ബിജെപിക്ക് സ്ഥാനാർത്ഥിയുണ്ടായില്ല. യുഡിഎഫിന്റെ കൗൺസിലറായ എ എം ഫാസില സർക്കാർ ജോലി ലഭിച്ചതിനെത്തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്വതന്ത്രസ്ഥാനാർത്ഥിയായി എം വഹീദയാണ് മത്സരിച്ചത്.

ഷൊർണൂർ നഗരസഭ 17--ാം വാർഡിൽ (ടൗൺ വാർഡ്) യുഡിഎഫ് സ്ഥാനാർത്ഥി പി ആർ പ്രവീൺ വിജയിച്ചു. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി സി രാധാകൃഷ്ണനാണ് പരാജയപ്പെട്ടത്. എംപി ആയി തെരെഞ്ഞെടുക്കപ്പെട്ട യുഡിഎഫിലെ വി കെ ശ്രീകണ്ഠൻ രാജിവച്ച ഒഴിവിലായിരുന്നു ഉപതെരഞ്ഞെടുപ്പ്.

മലപ്പുറം

മങ്കട പഞ്ചായത്ത് കോഴിക്കോട്ട് പറമ്പ് വാർഡിൽ 357 വോട്ടിന് എൽഡിഎഫിലെ സി പി നസീറ വിജയിച്ചു. എൽഡിഎഫ് അംഗം സിപിഐയിലെ ജാസ്മിൻ ആലങ്ങാടൻ സർക്കാർ ജോലി ലഭിച്ചതിനെത്തുടർന്ന് രാജിവച്ചതിനാലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കഴിഞ്ഞതവണ 99 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം. എൽഡിഎഫ് സ്ഥാനാർത്ഥി സിപിഐയിലെ സി പി നസീറയും യുഡിഎഫ് സ്വതന്ത്ര നസീമ വാപ്പുവും തമ്മിലാണ് മത്സരം. ബിജെപി സ്വതന്ത്ര നളിനിയും മത്സരിക്കുന്നു. എൽഡിഎഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. എൽഡിഎഫിന് ഒമ്പതും യുഡിഎഫിന് എട്ടും സീറ്റുണ്ട്.

നന്നംമുക്ക് പഞ്ചായത്തിലെ പെരുമ്പാൾ വാർഡ് യൂഡിഎഫ് നിലനിർത്തി. യുഡിഎഫ് സ്ഥാനാർത്ഥി സാഹിറ 23 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കഴിഞ്ഞ തവണ 167 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യൂഡിഎഫ് വിജയിച്ച വാർഡാണിത്. എതിർ സ്ഥാനാർത്ഥിയായ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഹസീന മുസ്തഫക്ക് 570 വോട്ടും യൂഡിഎഫ് സ്ഥാനാർത്ഥി സാഹിറക്ക് 593 വോട്ടും ബിജെപി സ്ഥാനാർത്ഥി ഷീല വടക്കേപുരക്കലിന് 126 വോട്ടും ലഭിച്ചു. ആകെ 1773 വോട്ടാണ് വാർഡിലുള്ളത്. ഇതിൽ പോൾ ചെയ്തത് 1289 വോട്ടാണ്. ബൂത്ത് ഒന്നിൽ എൽഡിഎഫ് അഞ്ചുവോട്ടിന് ലീഡാണ്. 342 വോട്ട് യൂഡിഎഫിന് ലഭിച്ചപ്പോൾ എൽഡിഎഫിന് 347 വോട്ടുലഭിച്ചു. ബിജെപിക്ക് 119 വോട്ടും ലഭിച്ചു. ബൂത്ത് രണ്ടിൽ യൂഡിഎഫിന് 251 വോട്ട് ലഭിച്ചു. എൽഡിഎഫിന് 223 വോട്ടും കിട്ടി. ബിജെപി ഈ ബൂത്തിൽ ആകെ ലഭിച്ചത് 7 വോട്ടാണ്. കഴിഞ്ഞ തവണ രണ്ടുബൂത്തിലും കൂടി ബിജെപിക്ക് 167 വോട്ട് ലഭിച്ചിരുന്നു. ഇത്തവണ 126 വോട്ടായി ആയി ചുരുങ്ങി.

കോഴിക്കോട്

കോഴിക്കോട് ജില്ലയിൽ ഉപതെരെഞ്ഞെടുപ്പ് നടന്ന മൂന്നിൽ രണ്ടിടത്തും എൽഡിഎഫിന് വിജയം.മേലടി ബ്ലോക്ക് പഞ്ചായത്ത് തിക്കോടി ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ വി എം സുനിത (സിപിഐ എം) വിജയിച്ചു. സുനിതയ്ക്ക് 1895 വോട്ടും കോൺഗ്രസ് സ്ഥാനാർത്ഥി ശാന്തകുറ്റിയിലിന് 1195 വോട്ടും ലഭിച്ചു. ഭൂരിപക്ഷം 700 വോട്ട്. എൽഡിഎഫ് വിജയിച്ച വാർഡാണ്.

നിലവിലെ അംഗമായിരുന്ന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വി കൈരളിക്ക് സർക്കാർജോലി ലഭിച്ചതിനാൽ രാജിവച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. 2015ൽ സ്ഥാനാർത്ഥിയെ നിർത്തി 346 വോട്ടു നേടിയ ബിജെപി ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർത്തിയില്ല.

കോട്ടൂർ പഞ്ചായത്ത് 17ാം വാർഡ് (പടിയക്കണ്ടി) ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സിപിഐ എമ്മിലെ വി കെ അനിത വിജയിച്ചു. 255 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫിന്റെ വിജയം.

പോൾ ചെയ്ത 1114 വോട്ടിൽ അനിതയ്ക്ക് 668 വോട്ടും യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി സുജ പറക്കുന്നത്തിന് 413 വോട്ടും ലഭിച്ചു. ബിജെപി സ്ഥാനാർത്ഥി കണ്ടപ്പാട്ടിൽശോഭനയ്ക്ക് 33 വോട്ടും ലഭിച്ചു. ബിജെപിയുടെ വോട്ട് കഴിഞ്ഞതിനെക്കാളും കുറഞ്ഞു. 2015ലെ തെരഞ്ഞെടുപ്പിൽ 269 വോട്ടിനാണ് സിപിഐ എം ഈ വാർഡിൽ വിജയിച്ചത്.

കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പുവ്വാട്ടുപറമ്പ് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വാർഡ് നിലനിർത്തി. എം പിയായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ ഹരിദാസ് രാജിവെച്ചതിനെ തുടർന്നായിരുന്നു ഉപ തെരഞ്ഞെടുപ്പ് .യുഡിഎഫിലെ നസീബാറാ യി യാണ് വിജയി.

ഭൂരിപക്ഷം പകുതിയായി കുറഞ്ഞു. ബീജെപിക്കും യൂ ഡി എഫിനും വോട്ട് കുറഞ്ഞു. ആകെ വോട്ട് - 13930 . ആകെ പോൾ ചെയ്ത വോട്ട് - 9799 _ ശതമാനം - 74. 3 . എൽ ഡി എഫിലെ ദീപ - 3889 , യൂ ഡി എഫിലെ നസീബാ റായ് - 4794, ബിജെപിയിലെ കെ ടി ജയ- 995 , നസീബ സ്വതന്ത്ര - 121 , ലീഡ് - 905 . മുൻ വർഷം രമ്യാ ഹരിദാസിന് ലഭിച്ച ഭൂരിപക്ഷം 1536 വോട്ടായിരുന്നു. നാല് മാസങ്ങൾക്ക് മുമ്പ് നടന്ന ലോക സഭാ തെരഞ്ഞെടുപ്പിൽ രണ്ടായിരത്തിലധികമായിരുന്നു യൂ ഡി എഫ് ഭൂരിപക്ഷം. മുൻ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 1654 വോട്ടാണ് ലഭിച്ചത്. ഈ തെരഞ്ഞെടുപ്പിൽ അത് 995 ആയി കുറഞ്ഞു.

കാസർകോഡ്

കാസർകോട് ബേഡകം പഞ്ചായത്തിൽ നാലാം വാർഡ് എൽഡിഎഫ് വിജയിച്ചു. ബിജെപി സ്ഥാനാർത്ഥി കവിതയെ 399 വോട്ടിനാണ് എൽഡിഎഫ് സ്ഥാനാർത്ഥി എ ടി സരസ്വതി തോൽപിച്ചത്. യുഡിഎഫ് ഇവിടെ സ്ഥാനാർത്ഥിയെ നിർത്തിയില്ല. കഴിഞ്ഞതവണത്തെ വിജയി എൽഡിഎഫിലെ കൃപാജ്യോതി സർക്കാർ ജോലി കിട്ടി രാജിവെച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP