Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോഷണ കേസിൽ സൗദി മലയാളിയുടെ കൈപ്പത്തി മുറിച്ചു മാറ്റാനുള്ള വിധി റദ്ദാക്കി; പകരം നാലു വർഷം തടവും 400 അടിയും ശിക്ഷ; ഒൻപത് മാസമായി ജയിലിൽ കഴിയുന്ന ആലപ്പുഴ സ്വദേശി യുവാവിന് ശരിഅത്ത് നിയമ പ്രകാരമുള്ള ശിക്ഷയിൽ ഇളവ് ലഭിച്ചത് ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെ ഇടപെടൽ കൊണ്ട്; സുഹൃത്തിനെ സഹായിക്കാൻ ജാമ്യം നിന്ന് ഒടുവിൽ ചതിക്കപ്പെട്ട് തുറുങ്കിലായ മലയാളി യുവാവിന് ആശ്വാസമായി ശിക്ഷാ ഇളവ്

മോഷണ കേസിൽ സൗദി മലയാളിയുടെ കൈപ്പത്തി മുറിച്ചു മാറ്റാനുള്ള വിധി റദ്ദാക്കി; പകരം നാലു വർഷം തടവും 400 അടിയും ശിക്ഷ; ഒൻപത് മാസമായി ജയിലിൽ കഴിയുന്ന ആലപ്പുഴ സ്വദേശി യുവാവിന് ശരിഅത്ത് നിയമ പ്രകാരമുള്ള ശിക്ഷയിൽ ഇളവ് ലഭിച്ചത് ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെ ഇടപെടൽ കൊണ്ട്; സുഹൃത്തിനെ സഹായിക്കാൻ ജാമ്യം നിന്ന് ഒടുവിൽ ചതിക്കപ്പെട്ട് തുറുങ്കിലായ മലയാളി യുവാവിന് ആശ്വാസമായി ശിക്ഷാ ഇളവ്

മറുനാടൻ ഡെസ്‌ക്‌

റിയാദ്: സൗദി അറേബ്യയിൽ മോഷണ കേസിൽ ശിക്ഷിക്കപ്പെട്ട് ഒമ്പത് മാസമായി ജയിലിൽ കഴിയുന്ന മലയാളി യുവാവിന്റെ കൈപ്പത്തി മുറിച്ചു മാറ്റാനുള്ള വിധി കോടതി റദ്ദാക്കി. ആലപ്പുഴ സ്വദേശിയായ യുവാവിനാണ് ആശ്വാസമായി വിധി എത്തിയത്. സൗദിയിലെ തെക്കൻ നഗരമായ ഖമീസ് മുഷയ്ത്തിലെ ക്രിമിനൽ കോടതിയാണ് കഴിഞ്ഞ ഏപ്രിലിൽ മലയാളി യുവാവിന്റെ വലതു കൈപ്പത്തി മുറിച്ച് മാറ്റാൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. ക്രൂരമായ ഈ ശിക്ഷാ വിധിക്കെതിരെ ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെയും ജിദ്ദ കോൺസുലേറ്റിന്റെയും സഹായത്തോടെ അപ്പീൽ നൽകിയിരുന്നു.

ഇത് പരിഗണിച്ചാണ് അബഹയിലെ മൂന്നംഗ അപ്പീൽ കോടതി കൈപ്പത്തി മുറിച്ചുമാറ്റാനുള്ള വിധി റദ്ദാക്കിയത്. കൈപ്പത്തി മുറിച്ചു മാറ്റുന്നതിന് പകരം നാലു വർഷം തടവും 400 അടിയും ശിക്ഷയായി നേരിടേണ്ടി വരും. അബഹയിലും ഖമീസ് മുഷയ്ത്തിലും ശാഖകളുള്ള ഒരു പ്രമുഖ സൗദി റസ്റ്ററന്റിലെ ലോക്കറിൽ നിന്ന് ഒരു ലക്ഷത്തി പതിനായിരം റിയാൽ നഷ്ടപ്പെട്ട സംഭവമാണ് മലയാളി യുവാവിന് കരുക്കായി മാറിയത്. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ അതേ സ്ഥാപനത്തിൽ ആറു വർഷമായി ജോലിചെയ്തിരുന്ന മലയാളി യുവാവ് പിടിയിലായത്. നഷ്ടപ്പെട്ട മുഴുവൻ തുകയും അന്വേഷണ ഉദ്യോഗസ്ഥർ കുളിമുറിയിൽ നിന്ന് കണ്ടെടുത്തതോടെയാണ് യുവാവിന്റെ കഷ്ടകാലം തുടങ്ങിയത്.

ഇതിന്റെ അടിസ്ഥാനത്തിൽ ശരീഅത്ത് നിയമം അനുസരിച്ചുള്ള പരമാവധി ശിക്ഷ കോടതി അന്ന് വിധിക്കുകയായിരുന്നു. സ്‌പോൺസറുമായി സാമ്പത്തിക ബാധ്യത ഉണ്ടായിരുന്ന ഇതേ റസ്റ്ററന്റിൽ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശിയായ മറ്റൊരു സുഹൃത്ത് അയാളുടെ മാതാവിന്റെ ചികിത്സാർഥം നാട്ടിൽ പോകേണ്ടിവന്നപ്പോൾ സ്‌പോൺസർക്ക് നൽകാനുള്ള തുകയ്ക്ക് ഇദ്ദേഹം ജാമ്യം നിൽക്കുകയും അയാൾ തിരിച്ച് വരാതിരുന്നപ്പോൾ സ്‌പോൺസർ ഇയാളിൽ നിന്ന് ഇരുപത്തിനാലായിരം റിയാൽ (മൂന്നര ലക്ഷം രൂപ) ഈടാക്കുകയും ചെയ്തിരുന്നു. ഇതാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു.

കുടുംബവും സുഹൃത്തുക്കളും ആവശ്യപ്പെട്ടത് പ്രകാരം സോഷ്യൽ ഫോറം എക്‌സിക്യൂട്ടീവ് അംഗവും സിസിഡബ്ല്യുഎ മെമ്പറുമായ സൈദ് മൗലവി ഖമീസ് മുഷയ്ത്ത് ക്രിമിനൽ കോടതിൽ നിന്ന് വിധിയുടെ പകർപ്പ് കൈ പറ്റുകയും കഴിഞ്ഞ റമസാൻ പതിനേഴിനകം അപ്പീലിന് പോകാൻ കോടതി ഇതിൽ അനുവാദം നൽകുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജിദ്ദ കോൺസൽ വെൽഫയർ ഡോ. മുഹമ്മദ് അലീമും ഉദ്യോസ്ഥൻ ഫൈസലും അടിയന്തരമായി അബഹയിൽ എത്തുകയും സൈദ് മൗലവിയോടൊപ്പം ജയിലിൽ യുവാവിനെ സന്ദർശിക്കുകയും ജയിൽ മേധാവിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അബഹ അസിസ്റ്റന്റ് ഗവർണറെ സന്ദർശിച്ച് കോൺസുലർ സംഘം നിവേദനവും നൽകി. തുടർന്ന് നടത്തിയ അപ്പീൽ ശ്രമങ്ങളാണ് വിജയിച്ചത്.

കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്ന ഇദ്ദേഹം നാട്ടിൽ നിന്ന് കടം വാങ്ങിയും പലതും വിറ്റ് പെറുക്കിയാണ് സ്പോൺസർക്ക് ഈ സംഖ്യ കൊടുത്ത് വീട്ടിയത്. ഭാഷ വശമില്ലത്തതിനാലും ഭയം മൂലവും കാര്യങ്ങൾ കോടതിയെ വേണ്ട രീതിയിൽ ബോധ്യപ്പെടുത്താൻ തനിക്ക് കഴിഞ്ഞില്ലെന്നു ഇദ്ദേഹം പറഞ്ഞിരുന്നു. വലത് കൈപ്പത്തി മുറിച്ച് മാറ്റാൻ വന്ന കോടതി വിധിയിൽ ആകെ തകർന്നിരിക്കുകയായിരുന്നു ഇയാളുടെ നാട്ടിലുള്ള കുടുംബം. കൈ മുറിക്കാനുള്ള വിധി എങ്ങിനെയെങ്കിലും മാറ്റി രക്ഷപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ച് നാട്ടിലുള്ള മാതാവും അസീറിലെ സുഹൃത്തുക്കളും ഇന്ത്യൻ സോഷ്യൽ ഫോറം അബഹ നേതൃത്വത്തെ സമീപിച്ചിരുന്നു.

അത് പ്രകാരം സോഷ്യൽ ഫോറം എക്സിക്യൂട്ടീവ് മെമ്പറും സി സി ഡബ്ല്യൂ എ മെമ്പറുമായ സൈദ് മൗലവി ഖമീസ് മുശൈത്ത് ക്രിമിനൽ കോടതിൽ പോയി ജഡ്ജിയുടെ ചേമ്പറിൽ നിന്ന് വിധിയുടെ പകർപ്പ് കൈ പറ്റി. റമദാൻ പതിനേഴിനകം അപ്പീലിന് പോകാൻ കോടതി ഇതിൽ അനുവാദം നൽകുന്നതായി കണ്ടെത്തിയിരുന്നു. നിയമ വിദഗ്ദരുമായും സൗദി അഡ്വക്കേറ്റുമായും സൈദ് മൗലവി കൂടിക്കാഴ്ച നടത്തി അപ്പീൽ തയ്യാറാക്കി ജിദ്ദ കോൺസുലേറ്റിനെ അറിയിച്ചു.

അതിന്റെ അടിസ്ഥാനത്തിൽ ജിദ്ദയിലെ കോൺസുൽ വെൽഫയർ ഡോക്ടർ മുഹമ്മദ് അലീമും മറ്റൊരു ഉദ്യോഗസ്ഥനായ ഫൈസലും അടിയന്തിരമായി അബഹയിൽ എത്തുകയും സൈദ് മൗലവിയോടൊപ്പം ജയിലിൽ പോയി യുവാവിനെ സന്ദർശിക്കുകയും ജയിൽ മേധാവിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. മകന്റെ കൈ മുറിച്ചുമാറ്റാനുള്ള വിധി റദ്ദായതിൽ ഏറെ സന്തോഷമുണ്ടെന്നും ഇതിനായി പ്രവർത്തിച്ച ഇന്ത്യൻ സോഷ്യൽ ഫോറത്തിനും ജിദ്ദ ഇന്ത്യൻ കോൺസലേറ്റിനും മകന്റെ സുഹൃത്തുക്കൾക്കും യുവാവിന്റെ മാതാവ് തന്റെ നന്ദിയും കടപ്പാടും അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP