Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബസിലെ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് കർശനമെന്ന് മോട്ടോർ വാഹന നിയമം; യാത്രക്കാരൻ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ ആയിരം രൂപ പിഴ; ഒരു സീറ്റിന് ബെൽറ്റ് ബെൽറ്റ് ഇല്ലെങ്കിൽ ആർസി ഓണറും പിഴയടക്കണം; സിറ്റിങ് കപ്പാസിറ്റിയിൽ കൂടുതൽ ആളുകൾ നിന്നാലും പിഴ ഈടാക്കും; നിയമം നടപ്പിലാക്കിയാൽ കെഎസ്ആർടിസി അടക്കമുള്ള ബസുകൾ പ്രതിസന്ധിയിലാകും; കാറുകളിൽ സീറ്റ്‌ബെൽറ്റ് നിർബന്ധമാക്കിയതിന് പിന്നാലെ ബസ് സീറ്റ് ബൽറ്റ് നിർബന്ധമാക്കുന്നത് നടപ്പിലാക്കാൻ ബുദ്ധിമുട്ടുള്ള കാര്യം

ബസിലെ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് കർശനമെന്ന് മോട്ടോർ വാഹന നിയമം; യാത്രക്കാരൻ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ ആയിരം രൂപ പിഴ; ഒരു സീറ്റിന് ബെൽറ്റ് ബെൽറ്റ് ഇല്ലെങ്കിൽ ആർസി ഓണറും പിഴയടക്കണം; സിറ്റിങ് കപ്പാസിറ്റിയിൽ കൂടുതൽ ആളുകൾ നിന്നാലും പിഴ ഈടാക്കും; നിയമം നടപ്പിലാക്കിയാൽ കെഎസ്ആർടിസി അടക്കമുള്ള ബസുകൾ പ്രതിസന്ധിയിലാകും; കാറുകളിൽ സീറ്റ്‌ബെൽറ്റ് നിർബന്ധമാക്കിയതിന് പിന്നാലെ ബസ് സീറ്റ് ബൽറ്റ് നിർബന്ധമാക്കുന്നത് നടപ്പിലാക്കാൻ ബുദ്ധിമുട്ടുള്ള കാര്യം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാറുകളിൽ സീറ്റ്‌ബെൽറ്റും ബൈക്കുകളിൽ ഹെൽമെറ്റും നിർബന്ധമാക്കുകയും പിഴ ഉയർത്തുകയും ചെയ്ത സാഹചര്യത്തിൽ ആളുകളുടെ സുരക്ഷ സംബന്ധിച്ച വിവിധ ചോദ്യങ്ങൾ ഉയർന്നിരുന്നു. അതേസമയം പിഴ ഉയർത്തിയത് ഉദ്യോഗസ്ഥർക്ക് മെനക്കേടാകുന്ന സാഹചര്യവുമാണ് നിലവിൽ കേരളത്തിലുള്ളത്. എന്നാൽ, ഇതിനിടെ മോട്ടോർ വാഹന നിയമത്തിൽ അപ്രായോഗികമായ നിർദ്ദേശങ്ങളും നിരവധിയാണ്. അത്തമൊരു നിർദ്ദേശം കർശനമാക്കാനുള്ള സാധ്യതയാണ് വർദ്ധിക്കുകയാണ്. ബസുകളിൽ സീറ്റ് ബെൽറ്റ് വേണമെന്ന വ്യവസ്ഥ പുതുക്കിയ മോട്ടോർ വാഹന നിയമത്തിൽ കർശനമാക്കാനാണ് നീക്കം.

മോട്ടോർവാഹന നിയമഭേദഗതിയിലെ 194-എ എന്ന വകുപ്പിലാണ് ഈ വ്യവസ്ഥ. യാത്രക്കാരൻ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ ആയിരം രൂപയാണ് പിഴ. ബസുകൾക്ക് സീറ്റ് ബെൽറ്റ് ഇല്ലെങ്കിൽ ആർ.സി. ബുക്കിന്റെ ഉടമ ആയിരംരൂപ അടയ്ക്കണം. ഒരു സീറ്റിന് ബെൽറ്റില്ലെങ്കിലും എല്ലാ സീറ്റിനും ബെൽറ്റില്ലെങ്കിലും 1000 രൂപ തന്നെയാണ് പിഴ നൽകേണ്ടി വരിക. 14 വയസ്സിൽ താഴെയുള്ള കുട്ടികളെ കൊണ്ടുപോകുന്ന യാത്രാവാഹനങ്ങളിൽ സീറ്റ് ബെൽറ്റോ കുട്ടികൾക്കുള്ള മറ്റു സുരക്ഷാസംവിധാനങ്ങളോ ഇല്ലെങ്കിലും ഈ തുക ഒടുക്കണം. സീറ്റ് ബെൽറ്റ് ലംഘനത്തിന് പിഴ കർശനമാക്കുകയാണെങ്കിൽ സംസ്ഥാനത്തെ എല്ലാ ബസുകളും ആ ഗണത്തിൽപ്പെടും. ഇതിൽ സ്‌കൂൾ ബസുകളും ഉണ്ടാവും.

ബസുകളിൽ സീറ്റ് ബെൽറ്റ് എങ്ങനെ നിർബന്ധമാക്കുമെന്ന ചോദ്യവും ഇതോടെ ഉയരുന്നുണ്ട്. നിയമം കർക്കശമാക്കിയാൽ കെഎസ്ആർടിസി അടക്കം എല്ലാ ബസ് സർവീസുകളും നിലയ്ക്കുന്ന അവസ്ഥ പോലുമുണ്ടാകും. കെഎസ്ആർടിസിയുടെ വോൾവോയിൽ പോലും സീറ്റ് ബെൽറ്റ് ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇതാണ് അവസ്ഥ എന്നിരിക്കെ എങ്ങനെ ബസ് യാത്രക്കാർക്ക് സീറ്റ്‌ബെൽറ്റ് നിർബന്ധമാക്കുമെന്നതാണ് ഉയരുന്ന ചോദ്യം.

അതേസമയം ബസുകളിലെ യാത്രക്കാരുടെ കപ്പാസിറ്റിയും പാലിക്കപ്പെടാൻ സാധ്യത കുറവുള്ള കാര്യമാണ്. ബസുകളിലെ സീറ്റിങ് കപ്പാസിറ്റിയിൽനിന്ന് രണ്ടുസീറ്റ് കുറച്ചശേഷം (ഡ്രൈവറും കണ്ടക്ടറും) ഉള്ള എണ്ണത്തിന്റെ നാലിലൊന്നുപേരെയാണ് നിന്ന് യാത്രചെയ്യാൻ അനുവദിക്കുക എന്നതാണ് നിർദ്ദേശം. ദാഹരണത്തിന്, 48 സീറ്റുള്ള ബസിൽ 11 പേർക്കാണ് അനുമതി. ബസിന് പെർമിറ്റ് കൊടുക്കുമ്പോഴുള്ള വ്യവസ്ഥയാണിത്. സീറ്റൊന്നിന് 600 രൂപയും നിൽക്കുന്ന ഒരു യാത്രക്കാരന് 210 രൂപയുമാണ് ബസിന്റെ രജിസ്‌ട്രേഷൻ സമയത്ത് പെർമിറ്റ് ഇനത്തിൽ ഈടാക്കുന്നത്.

ഒരു ബസിന്റെ പെർമിറ്റിനുള്ള മാനദണ്ഡത്തിൽ കൂടുതൽ യാത്രക്കാരെ കയറ്റിയാൽ ഓരോ അധിക ആളിനും 200 രൂപ വീതം പിഴയടയ്ക്കണം. എങ്കിലും തുടർയാത്ര അനുവദിക്കില്ല. യാത്രക്കാരെ അവിടെയിറക്കി ബസ് കസ്റ്റഡിയിലെടുക്കണം. യാത്രക്കാർക്ക് തുടർയാത്രയ്ക്കുള്ള അവസരമൊരുക്കിയശേഷം വേണം ഇങ്ങനെചെയ്യാൻ. എന്നാൽ, കാലങ്ങളായി ഇത്തരമൊരു നിയമം ഉണ്ടെങ്കിലും അതൊന്നും ആരും പാലിക്കാറില്ലെന്നതാണ് വാസ്തവം.

നിൽക്കുന്ന യാത്രക്കാരെ ഒഴിവാക്കണമെങ്കിൽ സംസ്ഥാനസർക്കാർ പ്രത്യേകം ഉത്തരവിറക്കണം. ഉത്തരവ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുകയുംവേണം. ഈ ഉത്തരവിറക്കുന്നതിനെക്കുറിച്ച് സംസ്ഥാന മോട്ടോർവാഹന വകുപ്പ് ചിന്തിച്ചിട്ടുപോലുമില്ല. ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നതിലെ പ്രായോഗിക വശങ്ങൾ പരിശോധിക്കുമെന്നാണ മോട്ടോർ വാഹന വകുപ്പ് അധികൃതരും പറയുന്നത്.

മോട്ടോർ വാഹന നിയമഭേദഗതിയുടെ അടിസ്ഥാനത്തിൽ ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെ വാഹനം ഓടിച്ചാൽ 1,000 രൂപ പിഴ നൽകണം. ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റിലിരിക്കുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കി. മദ്യപിച്ച് വാഹനമോടിച്ചാൽ ആറ് മാസം തടവും 10,000 രൂപ പിഴയും ഒടുക്കേണ്ടി വരും. ഇതേ കുറ്റം ആവർത്തിച്ചാൽ 15,000 രൂപ പിഴയും രണ്ട് വർഷം തടവുമാണ് ശിക്ഷ. ചുവപ്പ് ലൈറ്റ് മറികടക്കൽ, സ്റ്റോപ്പ് സൈൻ അനുസരിക്കാതിരിക്കുക, വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക, അപകടകരമായ രീതിയിൽ ഓവർടേക്ക് ചെയ്യുക, വൺവേ തെറ്റിച്ചുള്ള യാത്ര എന്നിവയ്ക്ക് ആറ് മാസത്തിൽ കുറയാതെ ഒരു വർഷം വരെ തടവോ അല്ലെങ്കിൽ 5000 രൂപ പിഴയോ രണ്ടും കൂടെയോ ലഭിക്കും.

ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനമോടിച്ചാൽ 5,000 രൂപ പിഴയും ലൈസൻസില്ലാത്തവർക്ക് വാഹനമോടിക്കാൻ നൽകുന്നതിന് വാഹന ഉടമ 5,000 രൂപ പിഴയും നൽകണം. നിയമാനുസൃതം നിലവിലില്ലാത്ത ലൈസൻസിൽ വാഹനം ഓടിച്ചാലും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, രജിസ്‌ട്രേഷൻ വാലിഡിറ്റി എന്നിവയില്ലെങ്കിലും 10,000 രൂപയാണ് പിഴ. ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ 2,000 രൂപയും കുറ്റം ആവർത്തിച്ചാൽ മൂന്ന് മാസം തടവും 4,000 രൂപ പിഴയുമടയ്ക്കണം.

ചരക്കുവാഹനത്തിൽ അമിതഭാരം കയറ്റിയാൽ 20,000 രൂപയും വാഹനത്തിൽ അനധികൃതമായി രൂപമാറ്റം വരുത്തുന്നതിന് 5000 രൂപയും പിഴ നൽകണം. ട്രാൻസ്‌പോർട്ട് വാഹനങ്ങളിൽ അനുവദനീയമായതിലും കൂടുതൽ യാത്രക്കാരെ കയറ്റിയാൽ വാഹന ഉടമ അധികമുള്ള ഓരോ യാത്രക്കാരനും 200 രൂപ വീതം പിഴ ഒടുക്കണം. അമിതവേഗതയ്ക്ക് ലൈറ്റ് മോട്ടാർ വാഹനങ്ങൾക്ക് 2,000 രൂപയും മീഡിയം ഹെവി വാഹനങ്ങൾക്ക് 4,000 രൂപയുമാണ് പിഴ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP