Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മലയാളിയായ ആശുപത്രി ഉടമ സ്ഥലംവിട്ടതോടെ യുഎഇയിൽ ദുരിതത്തിലായത് 50 ഡോക്ടർമാരും നൂറ്റമ്പതോളം നഴ്‌സുമാരും അതിലേറെ മറ്റ് ജീവനക്കാരും; അബുദാബിയിലെയും അൽഐനിലെയും യൂണിവേഴ്‌സൽ ആശുപത്രികളിൽ ശമ്പളം നൽകാതായിട്ട് എട്ട് മാസം; ആരോടും പറയാതെ മുതലാളി മുങ്ങിയതോടെ ദുരിതത്തിലായത് മലയാളികൾ ഉൾപ്പെടെയുള്ള ജീവനക്കാരും

മലയാളിയായ ആശുപത്രി ഉടമ സ്ഥലംവിട്ടതോടെ യുഎഇയിൽ ദുരിതത്തിലായത് 50 ഡോക്ടർമാരും നൂറ്റമ്പതോളം നഴ്‌സുമാരും അതിലേറെ മറ്റ് ജീവനക്കാരും; അബുദാബിയിലെയും അൽഐനിലെയും യൂണിവേഴ്‌സൽ ആശുപത്രികളിൽ ശമ്പളം നൽകാതായിട്ട് എട്ട് മാസം; ആരോടും പറയാതെ മുതലാളി മുങ്ങിയതോടെ ദുരിതത്തിലായത് മലയാളികൾ ഉൾപ്പെടെയുള്ള ജീവനക്കാരും

മറുനാടൻ മലയാളി ബ്യൂറോ

അബുദാബി: യുഎഇയിൽ രണ്ടു സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരെ വഴിയാധാരമാക്കി മുങ്ങി ആശുപത്രി ഉടമയായ മലയാളി. അബുദാബിയിലെയും അൽഐനിലെയും യൂണിവേഴ്‌സൽ ആശുപത്രികളുടെ ഉടമ സ്ഥലം വിട്ടതോടെ ഇവിടെ ജോലി ചെയ്തിരുന്ന മലയാളികൾ ഉൾപെടെയുള്ള ഡോക്ടർമാരും നേഴ്‌സുമാരും ഇതര ജീവനക്കാരും മാസങ്ങളായി വേതനം കിട്ടാതെ ദുരിതമനുഭവിക്കുകയാണ്. ന്യുറോളജി സ്‌പെഷ്യലിസ്റ്റായ ഡോ. ഷബീർ നെല്ലിക്കോടിന്റെ ഉടമസ്ഥതയിലുള്ളതാണ് രണ്ട് ആശുപത്രികളും. യു.എ.യിലെ പ്രമുഖ മലയാളി വ്യവസായിയുടെ സഹോദരൻ കൂടിയായ ഇയാൾ നാട്ടിലേക്ക് കടന്നതായാണ് വിവരം.

എട്ടു മാസം മുമ്പാണ് ആശുപത്രി ജീവനക്കാർക്ക് ശമ്പളം മുടങ്ങി തുടങ്ങിയത്. ഇടയ്ക്ക് 2500 ദിർഹം അടിസ്ഥാന വേതനമുള്ളവർക്ക് 800 ദിർഹമായി വെട്ടിക്കുറച്ചിരുന്നെങ്കിലും ആരും കാര്യമായി പരാതിപ്പെട്ടിരുന്നില്ല. പിന്നീട്, മുഴുവൻ ശമ്പളത്തിന് പകരം ചെറിയ സംഖ്യകൾ പലർക്കും കൊടുത്തുതുടങ്ങി. ഒടുവിൽ ഇതും മുടങ്ങാൻ തുടങ്ങിയതോടെ പ്രശ്‌നങ്ങൾ ആരംഭിച്ചത്. ശമ്പളം മുടങ്ങിയതോടെ തങ്ങളും കുടുംബവും നിത്യച്ചെലവിന് വഴിയില്ലാതെ ദുരിതത്തിലായതായി മലയാളി ഡോക്ടർമാരും നഴ്‌സുമാരും പരാതിപ്പെട്ടു.

മാസങ്ങളായി വേതനം ലഭിക്കാത്തതിനാൽ നാട്ടിലുള്ള മാതാപിതാക്കൾ ഉൾപെടെ അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ച് ഉടമയോട് പല തവണ പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ലെന്ന് ഇവർ പറയുന്നു. ഡോക്ടർമാരിൽ പലർക്കും ഭീമമായ തുക ശമ്പള കുടിശിക ഇനത്തിൽ കിട്ടാനുണ്ട്. ഇതിനിടയ്ക്ക് മൂന്നാഴ്ച മുൻപാണ് ഉടമ സ്ഥലം വിട്ടത്. 50 ഡോക്ടർമാരും നൂറ്റമ്പതോളം നഴ്‌സുമാരും 170 ലേറെ മറ്റു ജീവനക്കാരും വർഷങ്ങളായി ഈ ആശുപത്രിയിൽ ജോലി ചെയ്യുന്നുണ്ട്.

മൂന്ന് മുതൽ എട്ട് മാസത്തോളം ശമ്പള കുടിശ്ശിക നൽകാതെ രണ്ടാഴ്ച മുൻപ് ആശുപത്രി ഉടമ നാട്ടിലേക്ക് പോയെന്നും ഇദ്ദേഹം തിരിച്ചു വരുമെന്ന് പ്രതീക്ഷയില്ലെന്നും കാണിച്ച് ആശുപത്രിയിലെ ഡോക്ടർമാരും നഴ്‌സുമാരും മറ്റു ജീവനക്കാരും അധികൃതർക്ക് പരാതി നൽകി. ഡോക്ടർമാരിൽ കൂടുതലും മലയാളികളാണ്. നഴ്‌സുമാരിൽ മുപ്പതോളം പേർ മലയാളികളും ബാക്കിയുള്ളവർ അറബ്, ഫിലിപ്പീൻസ് സ്വദേശികളുമാണ്. അൽ ഐനിലെ യൂണിവേഴ്സൽ ആശുപത്രിയിൽ ഹെഡ് നേഴ്‌സായിരുന്ന സുജ സിങ് കഴിഞ്ഞ വർഷം ഏപ്രിലിൽ ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തിരുന്നു.

തങ്ങൾ നിസ്സഹായരാണെന്നും തങ്ങൾക്കും ശമ്പളം ലഭിക്കാനുണ്ടെന്നുമായിരുന്നു മാനേജർമാരെ സമീപിച്ചപ്പോൾ ഇവർക്ക് ലഭിച്ച മറുപടി. തുടർന്നാണ് എല്ലാവരും ചേർന്ന് ലേബർ കോടതിയെ സമീപിച്ചത്. പരാതിപ്രകാരം കഴിഞ്ഞ ദിവസം പൊലീസും ലേബർ വിഭാഗം ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തി അന്വേഷണം നടത്തിയിരുന്നു. എന്നാൽ, ശമ്പള കുടിശ്ശികയെക്കുറിച്ച് ആരിൽ നിന്നും കൃത്യമായ മറുപടി ലഭിക്കാത്തതിൽ ജീവനക്കാർ ആശങ്കയിലാണ്. ഇന്ത്യക്കാരുടെ ശമ്പള കുടിശ്ശിക കാര്യത്തിൽ ഇന്ത്യൻ എംബസി ഇടപെടണമെന്നാണ് മലയാളികൾ ഉൾപെടെയുള്ള ജീവനക്കാർ ആവശ്യപ്പെടുന്നത്.

ഉടമയുടെ ആവശ്യപ്രകാരം ആശുപത്രി അടച്ചുപൂട്ടാൻ അനുമതി നൽകിയതായി യുഎഇ ആരോഗ്യ മന്ത്രാലയം(ഡിഓഎച്ച്) അറിയിച്ചിട്ടുണ്ട്. ആശുപത്രിയിലെ മുഴുവൻ രോഗികളെയും മറ്റ് ആശുപത്രികളിലേക്ക് മാറ്റുമെന്നും തുടർ ചികിത്സയ്ക്കാവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നും ഡിഓഎച്ച് അറിയിച്ചു. 200 കിടക്കകളുള്ള ആശുപതിയിൽ രോഗികളെ പ്രവേശിപ്പിക്കുന്നത് ദിവസങ്ങൾക്ക് മുമ്പ് നിർത്തി വെച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP